നീറ്റ് പരീക്ഷയെഴുതാൻ നാഗ്പൂരിലെ വിദ്യാർത്ഥിക്ക് അബുദാബിയിൽ കേന്ദ്രം; പരീക്ഷയ്ക്ക് മുൻപേ എൻടിഎയുടെ വീഴ്ച

നാഗ്പൂർ: ജൂൺ 21-ന് നടക്കാനിരിക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഗുരുതര വീഴ്ച. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥിക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രം യുഎഇയിലെ അബുദാബിയിൽ.
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പുറത്തുവന്ന ഈ വിവരം വിദ്യാർത്ഥിയെയും കുടുംബത്തെയും ആശങ്കയിലാഴ്ത്തി. നാഗ്പൂർ സ്വദേശിയായ അബ്ദുള്ള മുഹമ്മദ് ത്വാലിബ് എന്ന 18 കാരനാണ് എൻടിഎയുടെ സാങ്കേതിക പിഴവ് മൂലം ദുരിതത്തിലായത്.
ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീറ്റ് പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് തന്റെ പരീക്ഷാ കേന്ദ്രം നാഗ്പൂരിന് പകരം 'അബുദാബി ഇന്ത്യൻ സ്കൂൾ' ആണെന്ന് അബ്ദുള്ള കണ്ടെത്തിയത്. ആദ്യമായി നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയപ്പോൾ അബ്ദുള്ളയ്ക്ക് നാഗ്പൂരിലെ സരസ്വതി വിദ്യാലയത്തിലായിരുന്നു പരീക്ഷാ കേന്ദ്രം.
എന്നാൽ പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വന്നപ്പോൾ കേന്ദ്രം 2,500 കിലോമീറ്റർ അകലെയുള്ള വിദേശരാജ്യത്തായി മാറി. പരീക്ഷാ കേന്ദ്രങ്ങളുടെ മുൻഗണനാ പട്ടികയിൽ ഒന്നാമതായി നാഗ്പൂരും തുടര്‍ന്ന് വാർധ, ഭണ്ഡാര എന്നീ സമീപ ജില്ലകളുമായിരുന്നു അബ്ദുള്ള നൽകിയിരുന്നത്.
വിദേശത്ത് പോയി പരീക്ഷയെഴുതാൻ തക്ക സാമ്പത്തിക ചുറ്റുപാട് കുടുംബത്തിനില്ലെന്ന് മാത്രമല്ല, വിദ്യാർത്ഥിക്ക് സ്വന്തമായി പാസ്‌പോർട്ട് പോലുമില്ലായിരുന്നു. വിഷയം വിവാദമായതോടെ കുടുംബം ഉടനടി എൻടിഎ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു.
സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് ഈ തെറ്റായ അലോട്ട്മെന്റിലേക്ക് നയിച്ചതെന്നാണ് എൻടിഎയുടെ വാദം. അടിയന്തരമായി ഇടപെട്ട എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, വിദ്യാർത്ഥിയുടെ പരാതി പരിഹരിച്ചതായും അബ്ദുള്ളയ്ക്ക് സ്വന്തം നാട്ടിൽ തന്നെയുള്ള പരീക്ഷാ കേന്ദ്രം അനുവദിച്ച് പുതിയ അഡ്മിറ്റ് കാർഡ് നൽകിയതായും ഔദ്യോഗികമായി വ്യക്തമാക്കി.










0 comments