ad
Deshabhimani

അവൾ വീട്ടിൽ 'നെ​ഗറ്റിവ് എനർജി' കൊണ്ടുവരുന്നു; വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

Delhi murder.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 20, 2026, 10:57 AM | 2 min read

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മൗണ്ട് കൈലാഷിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ വീട്ടുടമസ്ഥനായ ഡോക്ടർ അറസ്റ്റിൽ. മീനാ ഹൽദാർ (45) എന്ന സ്ത്രീയാണ് മരിച്ചത്. പ്രമുഖ ചർമ്മരോഗ വിദഗ്ദ്ധനായ ഡോ. മനീഷ് ഗുപ്തയാണ് (50) പിടിയിലായത്. കഴുത്തിലേറ്റ ഗുരുതരമായ പരിക്കാണ് മീനയുടെ മരണകാരണമെന്ന് സ്ഥിരീകരിച്ചു.


കൊലപാതകം നടന്ന വ്യാഴാഴ്ച രാവിലെ 10.15ഓടെ ഡോക്ടറുടെ ഭാര്യയും ഡോക്ടറുമായ ടീന ഗുപ്ത ജോലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം ഡോക്ടറും മകനും മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. പത്തരയോടെ ജോലിക്കെത്തിയ മീന, വസ്ത്രങ്ങൾ കഴുകിയ ശേഷം അവ ഉണക്കാനിടാനായി ടെറസിലേക്ക് പോയി.


രാവിലെ 11.15നും 11.30നും ഇടയിൽ ടെറസിലേക്ക് മീനയെ പിന്തുടർന്നു ചെന്ന ഡോ മനീഷ് ഗുപ്ത, കൈയിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് അവരുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടികൊണ്ട് മീന നിലത്തുവീണതിന് പിന്നാലെ, മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം താഴെയെത്തിയ ഇയാൾ രക്തം പുരണ്ട ബാറ്റും കത്തിയും ഗോവണിയുടെ അരികിൽ ഉപേക്ഷിച്ചു. ഈ ആയുധങ്ങൾ പിന്നീട് പൊലീസ് കണ്ടെടുത്തു.


അറസ്റ്റിലായ ശേഷമുള്ള തുടർച്ചയായ ചോദ്യം ചെയ്യലിൽ വിചിത്രമായ വാദങ്ങളാണ് ഡോക്ടർ ആദ്യം ഉന്നയിച്ചത്. മീന വീട്ടിൽ 'ബാഡ് എനർജി' കൊണ്ടുവരുന്നുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. "മീന വീട്ടിൽ കൊണ്ടുവരുന്ന നെഗറ്റീവ് എനർജി എന്റെ മകന്റെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് അവളെ കൊന്നത്," എന്നായിരുന്നു ഡോക്ടർ മനീഷ് ഗുപ്ത പൊലീസിനോട് പറഞ്ഞത്.


എന്നാൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ നൽകുന്ന വിവരങ്ങൾ പ്രകാരം കുടുംബത്തിനുള്ളിലെ തർക്കങ്ങളും മാനസിക അസംതൃപ്തിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. "മീനയെ ജോലിയിൽ നിന്ന് മാറ്റണമെന്ന് ഡോക്ടർ ഗുപ്ത വീട്ടിൽ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അത് ആരും കേട്ടിരുന്നില്ല. മീനയെ മാറ്റണമെന്ന തന്റെ ആവശ്യത്തിന് വീട്ടിൽ ആരും വില കൽപ്പിക്കാത്തതുകൊണ്ട് സ്വന്തം കുടുംബത്തിൽ തനിക്ക് യാതൊരു പദവിയുമില്ലെന്ന് ഇയാൾക്ക് തോന്നി. ഈ ചിന്ത ഇയാളിൽ വലിയ ദേഷ്യമുണ്ടാക്കി. ഇതൊരു മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല, ആ ദേഷ്യത്തിൽ മീനയെ ആക്രമിക്കുകയായിരുന്നു എന്നാണ് ഗുപ്ത മൊഴി നൽകിയിട്ടുള്ളത്." പൊലീസ് പറഞ്ഞു.


പൊലീസ് ഡോക്ടറുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്തപ്പോൾ അവരും ഇത് ശരിവെച്ചു. "മീനയുടെ കാര്യത്തിൽ ഞങ്ങൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. അവളെ ജോലിയിൽ നിന്ന് മാറ്റണമെന്ന് മനീഷ് ആവശ്യപ്പെട്ടിരുന്നു എന്നത് ശരിയാണ്. എന്നാൽ ഞാൻ അതിനോട് വിയോജിച്ചപ്പോൾ പിന്നീട് വീട്ടിൽ വലിയ വഴക്കുകളോ തർക്കങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല." മനീഷിന്റെ ഭാര്യ പറഞ്ഞു. "അച്ഛൻ ഇങ്ങനെ ഒരു കാര്യം ചെയ്തതിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല," എന്നായിരുന്നു ഇയാളുടെ മകനെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്.


ഡോ. മനീഷ് ഗുപ്ത കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി കേസന്വേഷിക്കുന്ന മറ്റൊരു ഉദ്യോ​ഗസ്ഥൻ പറയുന്നു. "മനീഷ് ഗുപ്ത കഴിഞ്ഞ 10 വർഷമായി കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ആന്റിഡിപ്രസന്റ് ഗുളികകൾ സ്ഥിരമായി കഴിക്കാറുണ്ടായിരുന്നുവെന്നും ഭാര്യയും മകനും ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഇയാൾ എവിടെയാണ് ചികിത്സ തേടിയത് എന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ ഞങ്ങൾ പരിശോധിച്ച് വരികയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ കാരണം വ്യക്തമാകാൻ ഇയാളെ ചികിത്സിച്ച ഡോക്ടർമാരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും," എന്ന് ഓഫീസർ വ്യക്തമാക്കി.


അതേസമയം, വർഷങ്ങളായി തങ്ങളോട് ഇത്രയും നന്നായി പെരുമാറിയ ഡോക്ടർ എന്തിനാണ് മീനയെ കൊന്നതെന്ന ഞെട്ടലിലാണ് മീനയുടെ കുടുംബം.


"എന്റെ അച്ഛനും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലുള്ള എല്ലാവരും ഇപ്പോഴും ഈ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. ഡോക്ടർ ഗുപ്ത ഒറ്റയ്ക്കാണോ ഇത് ചെയ്തത്, അതോ മകനും ഇതിൽ പങ്കുണ്ടോ എന്ന് ഞങ്ങൾക്ക് അറിയണം. ഞങ്ങളെ ജീവിപ്പിക്കാൻ വേണ്ടിയാണ് എന്റെ അമ്മ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്തിരുന്നത്. ഗുപ്തയുടെ കുടുംബത്തെക്കുറിച്ച് അമ്മ എപ്പോഴും പുകഴ്ത്തി മാത്രമേ പറയാറുള്ളൂ. എന്നിട്ടും അവർ എന്തിനാണ് എന്റെ അമ്മയോട് ഇത് ചെയ്തത്? ഞങ്ങൾക്ക് നീതിപൂർവ്വമായ അന്വേഷണം വേണം. മീനയുടെ മകൻ റോബിൻ കണ്ണീരോടെ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home