ad
Deshabhimani

കവർസ്റ്റോറി

ക്യാമറയുടെ കാഴ്‌ചയും കാഴ്‌ചപ്പാടും

ദിവാൻ മന്ന
വെബ് ഡെസ്ക്

Published on Jun 20, 2026, 11:44 AM | 16 min read

ദിവാൻ മന്നദിവാൻ മന്ന

തുളസി സ്വർണലക്ഷ്‌മി: നമുക്ക് തുടക്കം തൊട്ട് പറയാം. എപ്പോൾ, എങ്ങനെയാണ് താങ്കൾ ഫോട്ടോഗ്രഫിയിലേക്ക് എത്തുന്നത്?

ദിവാൻ മന്ന: ചണ്ഡീഗഢ്‌ കോളേജ് ഓഫ് ആർട്ടിലെ വിദ്യാർഥിയായിരുന്നു ഞാൻ. പെയിന്റിങ്ങിൽ അഞ്ചുവർഷത്തെ ഡിപ്ലോമ കോഴ്സിന് 1977-ൽ ചേർന്ന് 82-ൽ പൂർത്തിയാക്കി. പെയിന്റിങ്ങും പ്രിന്റ്മേക്കിങ്ങും പഠിക്കുമ്പോൾ ഫോട്ടോഗ്രഫിയും ഒരു പഠനവിഷയമായിരുന്നു. ആ സമയത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനം വളരെ സജീവമായിരുന്നു. ചണ്ഡീഗഢ്‌ ഫിലിം സൊസൈറ്റി വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു. അതിൽ അംഗത്വം എടുക്കുവാനുള്ള യോഗ്യതയൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷെ, അവർ എന്നെ കൂടെക്കൂട്ടി. ഗൗരവമായ സിനിമകളിലേക്ക് ഞാൻ ആകർഷിക്കപ്പെടുന്നത് അങ്ങനെയാണ്.

ബൊറോബുദൂർ ഫോട്ടോ: ദിവാൻ മന്നബൊറോബുദൂർ ഫോട്ടോ: ദിവാൻ മന്ന

എന്റെ ആദ്യ വർഷത്തിൽ തന്നെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നും ഗുരുചരൺ ചന്നി വന്നെത്തി. അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ചണ്ഡീഗഢിൽ ഒരു തെരുവുനാടകസംഘം തുടങ്ങി. മറ്റുള്ള കോളേജിൽ നിന്നുള്ള വിദ്യാർഥികൾക്കും യഥാർഥ നടന്മാർക്കുമൊപ്പം കോളേജ് ഓഫ് ആർട്ടിൽനിന്ന് ഞങ്ങളെ കുറച്ചുപേരെയും അഭിനേതാക്കളായി തെരഞ്ഞെടുത്തു. പ്രധാനമായും എതിർപ്പിന്റെ തിയറ്ററായിരുന്നു (theater of protest) അത്.

അങ്ങനെ ഞങ്ങൾ നാടകസംഘത്തിന്റെ ഭാഗമായി. ഈ തിയറ്റർ സംഘത്തിനൊപ്പം പ്രവർത്തിച്ചത് വലിയൊരു രൂപാന്തരപ്പെടലായിരുന്നു. ഒരടിത്തറ എനിക്ക് ആദ്യമേ ഉണ്ടായിരുന്നു ‐ സ്‌കൂൾ കാലംമുതൽ തുടങ്ങിയ സാഹിത്യവായനയും രാമലീലയിലും ചെറുനാടകങ്ങളിലും അഭിനയിച്ച പരിചയവും; എന്റെ സ്വത്വത്തിന്റെ ഭാഗമായി എന്റെ സിരകളിൽ ഇതൊക്കെയുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ കീഴിൽ വെറും അഭിനയത്തിനുമപ്പുറം ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ശരീരത്തിന്റെ അംഗവിന്യാസത്തെക്കുറിച്ച്, സിനിമയെ ആഴത്തിൽ മനസ്സിലാക്കുന്നതിനെക്കുറിച്ച്, നമ്മുടെ ലോകം വികസിപ്പിക്കുന്നതിനെക്കുറിച്ച്... ഞങ്ങൾ സ്ഥിരമായി യാത്ര ചെയ്‌തുകൊണ്ടിരുന്നു. അദ്ദേഹം ഞങ്ങളെ ഡൽഹിയിൽ കൊണ്ടുപോയി. ബോംബെയിൽ പോയി സിനിമാമേഖലയിലെ കൊലക്കൊമ്പന്മാരെ കണ്ടുമുട്ടി.

പുറത്തുനിന്നുള്ള ഇത്തരം അനുഭവങ്ങൾ സിനിമയെ ഗൗരവമായി കാണാൻ എന്നെ പ്രേരിപ്പിച്ചു. എനിക്കൊരു സിനിമാറ്റോഗ്രാഫർ ആകാൻ ആഗ്രഹമുദിച്ചു. അതിനായി ഞാൻ പ്രയാസപ്പെട്ടു ശ്രമിക്കുന്നുമുണ്ടായിരുന്നു. ഒരു കൂട്ടുകാരന്റെ സഹായത്തോടെ ജർമനിയിൽ പോയി സിനിമാറ്റോഗ്രഫി പഠിക്കുവാനുള്ള പദ്ധതിയൊക്കെ തയ്യാറാക്കിയിരുന്നു. അതിനിടയിൽ എന്റെ അവസാനവർഷ പരീക്ഷാസമയത്ത് അച്ഛൻ തീരെ സുഖമില്ലാതെ കിടപ്പിലായി. എനിക്ക് പുറത്തേക്ക് പോകാനും പറ്റിയില്ല. അതിനുപകരം, കോളേജ് ഓഫ് ആർട്ടിൽ പഠിച്ചുകൊണ്ടിരിക്കെത്തന്നെ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. വളരെ ഗൗരവമായിത്തന്നെ. പെയിന്റിങ്‌ പ്രിന്റ് മേക്കിങ് എന്നിവയൊക്കെ രണ്ടാം സ്ഥാനത്തായി. ഫോട്ടോഗ്രഫി പ്രധാന വിഷയമായി. പക്ഷെ, ഒന്നറിയണം-, ഫോട്ടോഗ്രഫി മാത്രമായിരുന്നില്ല എന്റെ ശ്രദ്ധാവിഷയം. പ്രധാന താൽപ്പര്യം സിനിമയോടായിരുന്നു. ഫിലിം സ്‌കൂളിൽ പോകാത്തതുകൊണ്ട് ഫോട്ടോഗ്രഫി എന്റെ വഴിയായി. പഠനം കഴിഞ്ഞും ജർമനിയിൽ പോകാതെ ചണ്ഡീഗഡിൽ തുടർന്നു. ഇങ്ങനെയാണ് യഥാർഥത്തിൽ എന്റെ ഫോട്ടോഗ്രഫിയിലൂടെയുള്ള യാത്ര തുടങ്ങുന്നത്.

വീൽ ഓഫ്‌ ടൈം ഫോട്ടോ: ദിവാൻ മന്നവീൽ ഓഫ്‌ ടൈം ഫോട്ടോ: ദിവാൻ മന്ന

? ഈ പശ്ചാത്തലം എന്നെ അടുത്ത ചോദ്യത്തിലേക്ക് നയിക്കുന്നുണ്ട്. ആ കാലത്ത് ഡോക്യുമെന്ററി ഫോട്ടോഗ്രഫിയും ചിത്രാത്മക (pictorial) ഫോട്ടോഗ്രഫിയും ആയിരുന്നു ഇന്ത്യയിൽ പ്രബലമായിരുന്നത്. റിയലിസം മുഖ്യപ്രവണതയായിരുന്നപ്പോൾ നിങ്ങൾ തെരഞ്ഞെടുത്തത് കൺസെപ്‌ച്വൽ ഫോട്ടോഗ്രഫി. ‘അന്യവൽക്കരണം’ (Alienation) എന്ന പരമ്പരയുടെ തുടക്കം എങ്ങനെയായിരുന്നു. എന്തായിരുന്നു അതിന്റെ പ്രചോദനം.


= ഒരു ചിത്രകാരൻ ബ്രഷ് ഉപയോഗിക്കും പോലെ എനിക്ക്‌ ക്യാമറ ഉപയോഗിക്കണമായിരുന്നു. ഫോട്ടോഗ്രഫിയിലേക്കുള്ള എന്റെ പ്രവേശനം പ്രധാനമായും സിനിമയിലൂടെയായിരുന്നു; പിന്നെ കുറച്ചൊക്കെ ലൈബ്രറിയിൽ കിട്ടുമായിരുന്ന ചില മാസികകളിലൂടെയും. ഉള്ള ഒന്നിനെ അതേപടി പകർത്തിവയ്‌ക്കലായിരുന്നില്ല എന്റെ താൽപ്പര്യം. ആശയങ്ങൾ വിനിമയം നടത്താൻ ചിത്രബിംബങ്ങളെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും, മനസ്സിലുള്ളതിനെ ചിത്രങ്ങളിലേക്ക് പരാവർത്തനം ചെയ്യാനുള്ള സാധ്യതയുമാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്. ചിന്തയുടെ ലോകത്തേക്ക് ഫോട്ടോഗ്രഫിക്ക് എങ്ങനെ കടന്നുകയറാം എന്നന്വേഷിക്കുന്നതിലായിരുന്നു പ്രത്യക്ഷമായ ഒന്നിനെ പകർത്തിവയ്‌ക്കുന്നതിനേക്കാൾ എനിക്ക് താൽപ്പര്യം.

മറ്റൊരു കാരണം വായനയിലൂടെ കടന്നുവന്നതാണ്. നാടകങ്ങൾ ചെയ്യുമ്പോൾ ഞങ്ങൾ ബ്രെഹ്ത്, റിച്ചാർഡ് സ്‌കീഷ്‌ണർ, സാർത്ര്, കാമു എന്നിവരെയൊക്കെ വായിക്കുന്നുണ്ട്. അസ്‌തിത്വവാദം, അന്യവൽക്കരണ സിദ്ധാന്തം എന്നിവയൊക്കെ പരിചയപ്പെടുന്നുണ്ട്. പഞ്ചാബ് സർവകലാശാലയിലെ തത്വശാസ്‌ത്ര അധ്യാപകനായിരുന്ന എന്റെ സുഹൃത്ത് സത്യപാൽ ഗൗതവുമായി ഇതിനെക്കുറിച്ചൊക്കെ നീണ്ട ചർച്ചകൾ നടത്താറുണ്ട്. വായനയിലൂടെയും ചർച്ചകളിലൂടെയും നാടകപ്രവർത്തനങ്ങളിലൂടെയും അന്യവൽക്കരണ സിദ്ധാന്തം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. പക്ഷെ, യഥാർഥ പ്രേരണ സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു. പഞ്ചാബിലെ വളരെ ചെറിയ ഒരു പട്ടണത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഗ്രാമത്തെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരിടം. പെട്ടെന്ന് ഞാൻ ചണ്ഡീഗഢിൽ വന്നുപെടുന്നു. ലോകപ്രശസ്‌ത വാസ്‌തുശിൽപ്പി ലെ കോബുസിയെ (Le Corbusier) ആസൂത്രിതമായി രൂപകൽപ്പന ചെയ്‌ത ഒരു നഗരം; ഇന്ത്യയിലെ മറ്റൊരു നഗരത്തെയും പോലെയല്ലാത്തത്. പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നിന്നു മാത്രമല്ല, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നു വരുന്നവർക്ക് പോലും ഈ നഗരം അപരിചിതമായി അനുഭവപ്പെടും.


നമ്മുടെ കൊളോണിയൽ അനുഭവം വച്ചുകൊണ്ട് മിക്കവാറും ആളുകൾക്ക് അവരല്ലാത്ത മറ്റൊരാൾ ആകാനാണ് താൽപ്പര്യം. ഗ്രാമീണനാണെന്നോ അല്ലെങ്കിൽ പഞ്ചാബി സംസാരിക്കുന്നവനാണെന്നോ തിരിച്ചറിയപ്പെടുന്നത് അവരെ പാരവശ്യപ്പെടുത്തും. അതിനാൽ അവർ (ഞാനുൾപ്പെടെ) മറ്റൊരു വ്യത്യസ്‌തസ്വത്വരൂപം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കും. ഭാഷ ഒരു നല്ല ഉദാഹരണമാണ്. പ്രാദേശികനാണെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ അവർ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ ശ്രമിക്കും. എന്റെ മാതൃഭാഷ പഞ്ചാബിയാണ്. ഒരു സാധാരണ സ്‌കൂളിൽ ആറാം ക്ലാസിലാണ് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുന്നത്. ഭാഷയുടെയും വ്യക്തിത്വത്തിന്റെയും സാമൂഹ്യാവസ്ഥയുടെയും ഇടയിലുള്ള സംഘർഷമാണ് എനിക്ക് ചുറ്റിലും.ഇവയൊക്കെയാണ് ഞാൻ അറിഞ്ഞ അന്യവൽക്കരണത്തിന്റെ പ്രധാന കാരണമെന്ന് തോന്നുന്നു.

കോളേജ് ഓഫ് ആർട്ടിൽ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാഴ്‌ചയുണ്ട്. പ്രിൻസിപ്പലിന്റെ മുറിക്കുപുറത്ത് മരബെഞ്ചിൽ നിരന്നിരിക്കുന്ന ഒരു കൂട്ടം പരിചാരകർ. പിന്നീട് ‘അന്യവൽക്കരണ’ത്തിൽ പ്രത്യക്ഷപ്പെട്ട അതേ ബെഞ്ച്. അവർ ദിവസം മുഴുവൻ അവിടെ ഇരിക്കും, മണി അടിക്കുന്നതും നിർദേശങ്ങൾ ലഭിക്കുന്നതും കാത്ത്. അവർ ഓരോരുത്തരും അവരുടേതായ സ്വകാര്യലോകത്താണ്. ദേഹം അവിടെയാണെങ്കിലും, ചിന്തകൾ കൊണ്ടും വേവലാതികൾ കൊണ്ടും അവർ വേർപെട്ടിരിക്കുന്നു. ഒന്നിച്ചിരിക്കുമ്പോഴും അകൽച്ചയും ഒറ്റപ്പെടലും അനുഭവിക്കുന്നവർ. നഗരജീവിതത്തെക്കുറിച്ചുള്ള ഒരു പരമ്പര എന്ന ആശയത്തിന് ആ കാഴ്‌ച നിമിത്തമായി. 1980-ൽ ആയിരുന്നു അത്; കോളേജിൽ എന്റെ മൂന്നാം വർഷം. ഞാൻ ക്യാമറയുമെടുത്ത്‌ പണി തുടങ്ങി.

ഷോഴ്‌സ്‌ ഓഫ്‌ അൺനോൺ      ഫോട്ടോ: ദിവാൻ മന്നഷോഴ്‌സ്‌ ഓഫ്‌ അൺനോൺ ഫോട്ടോ: ദിവാൻ മന്ന

? അപ്പോൾ ആദ്യത്തെ നിങ്ങളുടെ പ്രധാന ഉദ്യമം അതായിരുന്നു!


= അതേ. എന്റെ ആദ്യ കൃതി. കോളേജിൽ പഠിക്കുമ്പോൾ ചെയ്‌തത്.

? ഇതെപ്പോഴാണ് പ്രദർശിപ്പിച്ചത്. ഏറ്റവും ജനപ്രീതി നേടിയ നിങ്ങളുടെ പരമ്പരകളിൽ ഒന്നാണിതെന്ന് ഞാൻ വിചാരിക്കുന്നു. ശരിയല്ലേ.

= ഒരുതരത്തിൽ ശരിയാണ്. ഈ രചനയുമായി നിരവധിപേർ സഹകരിച്ചിട്ടുണ്ട്. കൺസെപ്‌ച്വൽ ഫോട്ടോഗ്രഫി അന്ന് ഒരു പുതിയ സങ്കേതമായിരുന്നു. ശരിക്കും പറഞ്ഞാൽ എനിക്കു പോലും അറിയില്ലായിരുന്നു കൺസെപ്‌ച്വൽ ഫോട്ടോഗ്രഫി എന്താണെന്ന്. ഞാൻ ആ പേര് കേട്ടിട്ടു പോലുമില്ലായിരുന്നു. വർഷങ്ങൾക്കുശേഷം 93-ൽ ഇംഗ്ലണ്ടിൽ വച്ചാണ് ആളുകൾ എന്നോട് പറയുന്നത്: ‘ഇതാണ് കൺസെപ്‌ച്വൽ ഫോട്ടോഗ്രഫി.’

ഇതിന്റെ ആദ്യ പ്രദർശനം മിക്കവാറും 1986-ൽ ആയിരുന്നിരിക്കും. എനിക്കത്ര ഉറപ്പില്ല. ആദ്യത്തെ ഏകാംഗ പ്രദർശനത്തിൽ- പഞ്ചാബ് യൂണിവേഴ്‌സിറ്റി ഫൈൻ ആർട്ട്‌ മ്യൂസിയത്തിൽ. ഇത് രൂപപ്പെടുത്തിയതിനു ശേഷം വളരെക്കാലം എവിടെയും പ്രദർശിപ്പിച്ചിരുന്നില്ല. എനിക്ക് ഓർമ വരുന്നില്ല, അത് അന്നോ, അല്ല കാലങ്ങൾ കഴിഞ്ഞ് മറ്റു ചില സൃഷ്ടികളുടെ കൂടെയാണോ പ്രദർശിപ്പിച്ചത് എന്ന്.


? ഈ രചനയിൽ ഒരു ആത്മകഥാംശം ഉണ്ടെന്നു തോന്നുന്നു. ശരിയല്ലേ. പ്രവാസത്തെക്കുറിച്ചും നഗരജീവിതത്തെക്കുറിച്ചുമൊക്കെ നിങ്ങൾ പറയുന്നുണ്ടെങ്കിലും വ്യക്തിപരമായ അനുഭവങ്ങൾകൂടി അതിന്റെ പിന്നിലുണ്ട്. ആത്മാനുഭവങ്ങൾ നിങ്ങളുടെ മറ്റു പരമ്പരകളിലും ഉൾച്ചേർന്നിട്ടുള്ള ഒരു പ്രമേയമാണോ അതോ, അവ മറ്റു രീതികളിലാണോ വിഭാവനം ചെയ്‌തിരിക്കുന്നത്.

വയലൻസ്‌      ഫോട്ടോ: ദിവാൻ മന്നവയലൻസ്‌ ഫോട്ടോ: ദിവാൻ മന്ന

= അതൊരു മിശ്രിതമാണെന്ന് പറയാം. ചിലപ്പോൾ ഭാഗികമായ ആത്മകഥാംശങ്ങൾ ഉണ്ടാകാം. 1985-ൽ ചെയ്‌ത ‘ലഹള' (Violence) എന്ന പരമ്പരയിൽ ഉള്ളതുപോലെ. പഞ്ചാബ് വലിയ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന സമയം. എങ്ങും സംഘർഷവും അശാന്തിയും. പട്ടാളവാഴ്‌ച അതിന്റെ ഏറ്റവും ഭയാനകമായ രൂപത്തിൽ നാട് മുഴുവൻ അടക്കിവാഴുന്ന കാലം. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ, മറ്റുള്ളവർ എല്ലാവരെയും പോലെത്തന്നെ ഞാനും അസ്വസ്ഥനായിരുന്നു; പഞ്ചാബിൽ എന്താണ് സംഭവിക്കുന്നത് എന്നാലോചിച്ച്. പക്ഷെ, അതിന്റെ വ്യക്തിപരമായ വശം എന്റെ കുടുംബചരിത്രത്തിൽനിന്നും വന്നുചേർന്നതാണ്. എനിക്കൊരു അമ്മാവൻ ഉണ്ടായിരുന്നു, അമ്മയുടെ മുതിർന്ന ജ്യേഷ്ഠൻ, ബീർബൽ. ഭാര്യ നേരത്തെ മരിച്ചുപോയിരുന്നു. മുത്തച്ഛൻ ഗ്രാമമുഖ്യൻ ഒക്കെ ആയിരുന്നതുകൊണ്ട് അത്യാവശ്യം നല്ല സാമ്പത്തികനിലയൊക്കെയുണ്ട്. അദ്ദേഹം അമാനുഷിക സിദ്ധികൾ കൈവരിക്കാനായി മന്ത്ര-തന്ത്ര വിദ്യകൾ പരിശീലിക്കാൻ തുടങ്ങി. അദ്ദേഹം ധാരാളം കഥകൾ പറഞ്ഞുതരും. അമ്മയുടെ ഭാഗത്തു നിന്നു നോക്കിയാൽ, അവർ ഏഴു സഹോദരിമാരാണ്. വിധിയുടെ ക്രൂരവിനോദം എന്നുപറയാം, ഏഴുപേരും വിധവകളായി. ഒരമ്മാവൻ മരിച്ചു. മറ്റൊരാൾ രോഗാതുരനായി മരണപ്പെട്ടു. എന്റെ അച്ഛനും ചെറുപ്രായത്തിൽ, അമ്പത് വയസ്സിൽ ഇവിടം വിട്ടുപോയി. കുടുംബത്തിലെ ആണുങ്ങൾ മുഴുവൻ ഇങ്ങനെ മരിച്ചു തീർന്നു; ഒരുപാട് വിധവകൾ ബാക്കിയായി. ഞാൻ ഇങ്ങനെ ഒരന്തരീക്ഷത്തിലാണ് വളർന്നുവരുന്നത്. നിരവധി വിധവകളെ കണ്ടും പുരുഷന്മാരില്ലാത്ത അവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞും. ആൺകേന്ദ്രീകൃതമായ എന്റെ സമൂഹത്തിൽ പെണ്ണിന് പുരുഷനെ ആശ്രയിച്ചേ നിലനിൽപ്പുള്ളൂ. സാമ്പത്തികമായും വൈകാരികമായും മാത്രമല്ല, സുരക്ഷാപരമായും.

അതിനാൽ, പഞ്ചാബിൽ നടക്കുന്ന കലാപത്തെ അഭിമുഖീകരിക്കുമ്പോൾ എനിക്കറിയാമായിരുന്നു, ഒരു ഫോട്ടോജേർണലിസ്റ്റ് എന്ന നിലയിൽ ഞാനത് ചെയ്യാൻ പോകുന്നില്ല എന്ന്. സംഭവങ്ങൾ അതേപടി പകർത്തിവയ്‌ക്കുകയല്ല എന്റെ പണിയെന്ന്. എന്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു സ്‌ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ. ഇപ്പോൾ അത് എന്റെ ചിത്രങ്ങളുടെ മുന്നിലേക്ക് വന്നു. സ്‌ത്രീകൾ മാത്രമുള്ള ചിത്രങ്ങൾ. എന്റെ പെയിന്റിങ്‌ അധ്യാപകനും നല്ലൊരു മനുഷ്യനുമായ പ്രൊഫ. രാജ് ജയിനാണ് (അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ല) ഈ നിർദേശം തന്നത്. അദ്ദേഹം തന്റെ പെയിന്റിങ്ങുകളിൽ ഇംപ്രഷനിസ്റ്റ് രീതിയിൽ ചുമരുകളുടെ ചിത്രങ്ങൾ വരയ്‌ക്കാറുണ്ടായിരുന്നു. വെറും ഇഷ്ടികകളും ചുമരുകളും. ഇത് എന്റെ ചിത്രങ്ങൾക്ക് വളരെ യോജിച്ച പശ്ചാത്തലമായി തോന്നി. മോഡലുകളുടെയും നടന്മാരുടെയും സഹായത്തോടെ പൊട്ടിയ ചുമരുകളുടെ ആ ചിത്രങ്ങൾ ഞാൻ ചിത്രങ്ങളുടെ പശ്ചാത്തലമായി ഉപയോഗിക്കാൻ തുടങ്ങി. കോളേജ് ഓഫ് ആർട്ടിലെ ചില കുട്ടികളെക്കൂടാതെ ഒരു സിനിമ-‐ടിവി‐നാടക നടിയും സഹായിക്കാനായി മുന്നോട്ടുവന്നു. ഞാൻ അവരുടെ ദേഹം മുഴുവൻ പെയിന്റ് ചെയ്‌ത്‌ ആ ചിത്രങ്ങൾക്ക് ഒരു പ്രത്യേക മാനം നൽകി.


ഇവയൊന്നും വെറും സാധാരണ ഫോട്ടോകളെപ്പോലെ, പതിവ് സങ്കേതങ്ങൾ ഉപയോഗിച്ച് നെഗറ്റീവുകളിൽനിന്ന് വികസിപ്പിച്ചെടുക്കുന്നവയെപ്പോലെ, ആവരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ചിത്രങ്ങളിൽ ഒരു വിഫലത (negativity) യുടെയോ നഷ്ടത്തിന്റെയോ (loss) ഭാവം കൊണ്ടുവരണമെന്ന് എനിക്ക് തോന്നി. നിങ്ങളുടെ മനസ്സിനുള്ളിൽ അക്രമവും ഹിംസയും ഉണ്ടാക്കുന്ന ഒരു വികാരം (എന്നാൽ ഭീകരമായ ദൃശ്യങ്ങൾ കാണിക്കാതെത്തന്നെ) ചിത്രങ്ങളിൽ കാണിക്കാനായിരുന്നു എന്റെ ശ്രമം. അങ്ങനെ ഞാൻ പലതും പരീക്ഷിച്ചു.

ഞാൻ അവരുടെ മുഖങ്ങൾ പച്ച നിറത്തിലും ചുണ്ടുകൾ ചുവപ്പു നിറത്തിലും തലമുടി വിവിധ നിറങ്ങളിലും പെയിന്റ് ചെയ്‌ത്‌ അവരെ മുഴുവനായി മാറ്റിമറിച്ചു. സുതാര്യതാ ഫിലിമുകളിലും (transparency film) സ്ലൈഡ് ഫിലിമുകളിലും- (ഇത് പോസിറ്റീവ് ഫിലിം തന്നെയാണ്) അവരുടെ ചിത്രങ്ങളെടുത്തു. എൻലാർജറിൽ നെഗറ്റീവിനുപകരം പോസിറ്റീവ് തന്നെയാണ് ഉപയോഗിച്ചത്. ഡാർക്ക്‌ റൂം കാര്യങ്ങളിൽ അതിവിദഗ്ധനായിരുന്ന, മരിച്ചുപോയ ആനന്ദ് ശർമയുടെ സഹായത്തോടെ ഞാൻ വികസിപ്പിച്ചെടുത്ത ഒരു വിദ്യയായിരുന്നു അത്. തന്റെ കളർലാബ് നടത്തുന്നതിന്റെ തിരക്കുകൾക്കിടയിൽ എന്റെ ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുക എന്നത് തീർത്തും അദ്ദേഹത്തിന്‌ വിഷമകരം തന്നെയായിരുന്നു. ഒരു ചിത്രം അച്ചടിച്ചെടുക്കാൻ മൂന്നോ നാലോ ദിവസങ്ങൾ വേണ്ടിയിരുന്നു; പരീക്ഷണങ്ങളും മാറ്റിമറിക്കലും ആവർത്തിക്കലും ഒക്കെയായി.

എനിക്ക് ഒരു ചിത്രം പൂർത്തിയാക്കുന്ന പ്രക്രിയ ആ ചിത്രം എടുക്കുമ്പോഴത്തെ നിമിഷം പോലെത്തന്നെ പ്രധാനമാണ്. അതിനാലാണ് ഞാൻ ഈ സാങ്കേതിക വശങ്ങൾ പങ്കുവയ്‌ക്കുന്നത്. ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് കാഴ്‌ചക്കാരന്റെ പ്രതികരണം തീരുമാനിക്കുന്നത്. ആ ഫോട്ടോ എന്തൊക്കെ വികാരവിചാരങ്ങളാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്, അത് എത്രമാത്രം അയാളുടെ ഉള്ളിൽ തങ്ങിനിൽക്കുന്നുണ്ട് തുടങ്ങിയവ ചിത്രത്തിന്റെ നിർമാണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുട്ട്, വെളിച്ചം, വർണം, ഭാവം ഇവയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാൻ ഈ കാര്യങ്ങളിലൊക്കെ അതീവശ്രദ്ധ പുലർത്താറുണ്ട്, എപ്പോഴും. അത് എന്റെ വ്യാകരണവും പദാവലിയും ആശയപ്രകാശനവുമാണ്. കിട്ടുന്ന ഫലങ്ങൾ ഒരിക്കലും നിഗൂഢമോ ദുർഗ്രഹമോ ആയിരുന്നില്ല. അവ തീർച്ചയായും വ്യക്തമായ, സ്‌പഷ്ടമായ, നേരിട്ടുള്ള ഇടപെടലുകളായിരുന്നു. ചിത്രങ്ങൾ കാഴ്‌ചക്കാരനുമായി ഏറ്റുമുട്ടുകയാണ് ചെയ്യേണ്ടത്.

രഘുറായിയും ദിവാൻ മന്നയുംരഘുറായിയും ദിവാൻ മന്നയും

? അതേ, അവയ്‌ക്ക് ഒരു ശക്തിയുണ്ട്.


= അങ്ങനെയുള്ള ആഘാതം മനഃപൂർവം കൊണ്ടുവരുന്നതാണ്. അതേസമയം സമൂഹം എന്റെ മനസ്സിന്റെ പിന്നാമ്പുറത്ത് എപ്പോഴുമുണ്ടായിരുന്നു. മനുഷ്യരാണ് എന്നും പ്രധാനപ്പെട്ടത്. എന്റെ വളരെ അമൂർത്തമായ ചിത്രങ്ങളിൽപോലും മനുഷ്യരെ കാണാം, അല്ലെങ്കിൽ അവരുടെ അഭാവം അനുഭവിക്കാം. മനുഷ്യർ എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്, പ്രത്യേകിച്ചും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവരും കഷ്ടപ്പെടുന്നവരും. അത് അവർക്ക് എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നതിനെ സംബന്ധിച്ചല്ല. സ്വാഭാവികമായും വന്നുചേരുന്നതാണ്. എന്റെ രചനകൾ ഒരേസമയം വ്യക്തിപരവും പരീക്ഷണാത്മകവുമാണ്. വ്യക്തിചരിത്രം കൂട്ടായ സമൂഹത്തിന്റെ ചരിത്രവും പങ്കുവയ്‌ക്കപ്പെടുന്ന ഓർമകളുടെ ചരിത്രവും ആയിത്തീരുന്നുണ്ട്.


? ഈ പ്രത്യേക പരമ്പര തിയറ്ററിന്റെയും പെയിന്റിങ്ങിന്റെയും ഫോട്ടോഗ്രഫിയുടെയും (പ്രിന്റ് മേക്കിങ്ങും ഡാർക്ക് റൂം ഇടപെടലുകളും അടക്കം) മനോഹരമായ ഒരു പരിപൂർണതയാണ്. നിങ്ങളുടെ വെബ്സൈറ്റിൽ നിന്നും ഞാൻ ആറു രചനകൾ കണ്ടിരുന്നു. ഇനിയും കൂടുതൽ ഉണ്ടോ.


= ഇനിയുമുണ്ട്. ചിലപ്പോൾ എനിക്ക് തോന്നും, അവയ്‌ക്ക് വേണ്ടത്ര ശക്തിയില്ലെന്ന്. അപ്പോൾ ചിലത് എടുത്തുമാറ്റും. ചിലപ്പോൾ അവ നല്ലതാണ് എന്നും തോന്നും. ആകെ അവ പത്തോ പന്ത്രണ്ടോ കാണും.


? നിങ്ങൾ ഫിലിമിൽ വർക്ക് ചെയ്യുന്നതുകൊണ്ട് അവയ്‌ക്ക്‌ പല പതിപ്പുകൾ ഉണ്ടായിരിക്കും, അല്ലേ.


= എന്റെ രചനകൾ മുഴുവൻ ധാരാളം പതിപ്പുകൾ ഉള്ളവയാണ്. പക്ഷെ, അതിനൊക്കെ കൃത്യമായി നമ്പറുകൾ ഇടുന്നുണ്ട്. എന്റെ പ്രിന്റ് മേക്കിങ് പരിശീലനത്തിൽ നിന്നും വന്നതാണത്. അവിടെ പതിപ്പുകളുടെ എണ്ണം കൃത്യമാക്കുന്നത് പ്രവൃത്തിയുടെ അവിഭാജ്യഘടകമാണ്. ആദ്യമൊക്കെ, എത്രയെണ്ണം വിറ്റുപോകുമെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. അപ്പോൾ ഞാൻ അവയെ ‘കലാകാരന്റെ പ്രൂഫ്' എന്ന് അടയാളപ്പെടുത്തിയിരുന്നു. ചിലപ്പോൾ അഞ്ച്, അല്ലെങ്കിൽ അതിലും കുറവ്. ശരിക്കും എത്ര പ്രിന്റുകൾ എടുക്കാറുണ്ടായിരുന്നെന്ന് ഓർക്കാൻ കഴിയുന്നില്ല. ചില ചിത്രങ്ങൾക്ക് ഒരു പ്രിന്റിന്റെ അനേകം കോപ്പികൾ എടുക്കാറുണ്ട്. 2/10 അല്ലെങ്കിൽ 1/5 എന്നിങ്ങനെ നമ്പറുകൾ നൽകും. ആ കാലത്ത് സാധാരണയായി ഒരു കോപ്പിയാണ് ആദ്യം ഉണ്ടാക്കുക. അത് വിറ്റതിനുശേഷം അടുത്ത കോപ്പി എടുക്കും. പരമ്പരാഗതരീതിയിൽ മുഴുവൻ പതിപ്പുകളും ഒന്നിച്ചാണ് പ്രിന്റ് ചെയ്യുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും വിൽപ്പനയുടെ അനിശ്ചിതാവസ്ഥയും കാരണം ഞാൻ ഓരോ പ്രിന്റുകളായാണ് എടുക്കുന്നത്. അവയിലൊക്കെ കൃത്യമായി നമ്പറുകൾ ഇടുകയും ഒപ്പിടുകയും ചെയ്യും.


? നമുക്ക് ഓരോ പരമ്പരയായി എടുക്കാം. എനിക്ക് കൂടുതൽ മനസ്സിലാക്കാൻ അത് സഹായിക്കും. അവയൊക്കെ വലിയ പ്രിന്റുകളാണ് അല്ലേ. ഒരു ഗാലറിയിൽ പ്രദർശിപ്പിക്കുന്നതായി കരുതിയാൽ, ഇമേജുകളുടെ തീവ്രതകൊണ്ട് അവ ഞെട്ടിപ്പിക്കുന്നതായി അനുഭവപ്പെടും. നിങ്ങൾ ചിത്രങ്ങളുടെ വലുപ്പത്തെക്കുറിച്ച് മുൻകൂട്ടി ആലോചിക്കാറുണ്ടോ അതോ വിവിധ അളവുകൾ പരീക്ഷിക്കുകയാണോ ചെയ്യുന്നത്.


= സത്യത്തിൽ, ഇല്ല. കാരണം, 85-ൽ ഞാൻ തുടങ്ങുമ്പോൾ അത് ഡാർക്ക്‌ റൂമുകളുടെ കാലഘട്ടമായിരുന്നു. ധാരാളം പരിമിതികളുണ്ടായിരുന്നു. അന്നൊക്കെ ഞാനെടുത്തിരുന്ന പ്രിന്റുകൾ 12x18 അല്ലെങ്കിൽ 16x20 ഇഞ്ച് ഒക്കെയായിരുന്നു. അത്രയുമായിരുന്നു എനിക്ക് പ്രിന്റ് ചെയ്യാൻ കഴിഞ്ഞിരുന്ന പേപ്പറുകളുടെ അളവ്. പിന്നീട് ഞാൻ 30x40 ഇഞ്ച് വലുപ്പത്തിൽ പ്രിന്റുകൾ എടുക്കാൻ തുടങ്ങി. വയലൻസ് പരമ്പരയിലെ കൂടുതൽ ചിത്രങ്ങളും ഈ വലുപ്പത്തിലാണ്. എനിക്ക് ഈ അളവുകളിലുള്ള ചിത്രങ്ങളാണ് ഏറ്റവും അധികം വിൽക്കാനും കഴിഞ്ഞത്. ചെറിയവ 12x18, 16x20 വലുപ്പത്തിലുള്ള ചിത്രങ്ങൾ മൂന്നോ നാലോ വിറ്റിട്ടുണ്ടാവണം. അതിൽ കൂടുതലില്ല. വലിയ രൂപഘടന എന്റെ മാനദണ്ഡമായി മാറി. ’88-ലോ ’89-ലോ ആയിരിക്കണം ഈ വലിയ അളവുകളിലേക്ക് ഞാൻ മാറിയത്. പക്ഷെ, 1985 എന്ന് അടയാളപ്പെടുത്തിയ ഒരു വലിയ പ്രിന്റ് എന്റെ പക്കൽ കാണാനുണ്ട്. ചിലപ്പോൾ ’85-ൽ തന്നെ വലിയ പ്രിന്റുകളിലേക്ക് മാറിയിട്ടുണ്ടാകാം.

വലിയ പ്രിന്റുകളിലേക്ക് മാറാനുള്ള കാരണങ്ങൾ ലളിതമാണ്. എന്റെ പടങ്ങൾ വളരെ തീവ്രവും വീര്യമുള്ളതുമാണ്. ഒരു ഫ്രെയ്‌മിനുള്ളിൽ ധാരാളം കഥകൾ അടങ്ങിയ സൂക്ഷ്മചിത്രങ്ങളല്ല അവ. എന്റെ ഫോട്ടോഗ്രാഫുകളിൽ അടിസ്ഥാനപരമായി ഒരു കഥ മാത്രമേ ഉണ്ടാകുകയുള്ളൂ. വൈവിധ്യങ്ങൾ ഉണ്ടാകാം, പക്ഷെ, പലമടങ്ങായ ആഖ്യാനങ്ങൾ ഉണ്ടാകില്ല. ചിത്രത്തിന്റെ ഗാംഭീര്യവും നിർഭയത്വവും കാണികളിലേക്ക് പകരുന്നതിൽ അതിന്റെ വലുപ്പത്തിന് പ്രധാന പങ്കുണ്ട്. ചിത്രം ഉണർത്തിവിടുന്ന ചിന്ത നിങ്ങളെ പൊതിയണം. അതിനുമുന്നിൽ നിൽക്കുമ്പോൾ അത് നിങ്ങളെ ചുറ്റിപ്പിടിക്കുന്നതായി തോന്നണം. അതിനാലാണ് പിന്നീട് ഞാൻ 4x6 അടിയിലൊക്കെ പ്രിന്റുകൾ എടുത്തത്. ഇങ്ക്ജെറ്റ് പ്രിന്ററുകൾ ഇന്ത്യയിൽ കിട്ടാൻ തുടങ്ങിയപ്പോൾ, 2006ൽ ഞാൻ ആദ്യത്തെ വലിയ 44 ഇഞ്ച് പ്രിന്റർ വാങ്ങി. അതുവരെ 30x40 ഇഞ്ച് ആയിരുന്നു സ്ഥിരം മാനദണ്ഡം.


? നിങ്ങളുടെ ചിത്രപരമ്പരകളിലേക്ക് തിരിച്ചുപോയാൽ ‐ ‘അജ്ഞാതതയുടെ തീരങ്ങൾ’ (Shores of the Unknown) മുതൽ ‘കാലചക്രം’ (Wheel of Time) വരെ ‐ അതിനൊരു തുടർച്ചയുണ്ടായിരുന്നോ. അല്ലെങ്കിൽ മറ്റൊരു പുതിയ വഴിയായിരുന്നോ.


= ‘കാലചക്രം’ 1993ൽ ഞാൻ ആദ്യമായി യൂറോപ്പ് സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളുടെ ഒരു സമാഹരണമാണ്. അവിടുത്തെ ആളുകളുടെ നടത്തത്തിന്റെ വേഗം എന്നെ വല്ലാതെ ആകർഷിച്ചു. അവരുടെ നടത്തത്തിന് ഒരു തരത്തിലുള്ള ലക്ഷ്യമുണ്ട്. ഇവിടെ ഇന്ത്യയിൽ, നമ്മൾ വെറുതെ ചുറ്റിത്തിരിയുകയാണ്. നമ്മുടെ നടത്തങ്ങളൊക്ക പതിയെയാണ്. അവിടെ, വീട്ടിൽനിന്നും ഇറങ്ങിയ ഉടനെ- ടിക്, ടിക്, ടിക്, ടിക്...- അവർക്കൊരു ഉന്നമുണ്ട്, എവിടെയോ എത്തേണ്ടതുണ്ട്, ഏതെങ്കിലും ഒളിത്താവളത്തിലേക്കോ മറ്റോ, എവിടേക്കെങ്കിലും ആവട്ടെ. അവർ വെറുതെ സമയം കളയുകയല്ല; കാര്യമൊന്നുമില്ലാതെ. അതാണ് എനിക്ക് തോന്നിയത്.

ഞാൻ നമ്മുടെ ചലനങ്ങളെക്കുറിച്ചാലോചിച്ചു. നമ്മുടെ നടത്തം, വേഗം. ചില കാഴ്‌ചകൾ ഓർമയിലുണ്ട്. ജയ്സാൽമീർ കോട്ടയിൽ നിന്നുള്ള ഒരു ദൃശ്യം. അവിടെ ഞാനൊരു ആടിനെ കണ്ടു. മണിക്കൂറുകളോളം അത് അവിടെ അനങ്ങാതെ നിൽക്കുകയാണ്, വെറുതെ, ഒരു ചലനവുമില്ലാതെ, കോട്ടയുടെ ഭീമാകാരമായ ചുവരുകളെയും അതിനെ ചുറ്റിപ്പിണഞ്ഞു പോകുന്ന ഏകാന്തമായ തെരുവിനെയും നോക്കിക്കൊണ്ട്. അടിസ്ഥാനപരമായി ആ പരമ്പര എവിടെയൊക്കെയോ എത്തുകയോ എത്താതിരിക്കുകയോ ചെയ്യുന്ന വഴിത്താരകൾ, തെരുവുകൾ, വരവുകൾ, പോക്കുകൾ, ചലനങ്ങൾ തുടങ്ങിയവയെക്കുറിച്ചാണ്. അതുകൊണ്ടാണ് ആ പരമ്പരയ്‌ക്ക് ‘കാലചക്രം’ എന്ന് പേരിട്ടത്. ആദ്യം അതൊരു പരസ്‌പരബന്ധമുള്ള പരമ്പരയായി മനസ്സിലുണ്ടായിരുന്നില്ല. പല കാലങ്ങളിലായി പകർത്തിയ ചിത്രങ്ങളുടെ ഒരു ഏകീകരണമായിരുന്നു അത്. ഒരു പരമ്പരയായി ഞാനതിനെ രൂപപ്പെടുത്തി. ഞാനത് എവിടെയോ പ്രദർശിപ്പിച്ചിട്ടുണ്ട് ‐ അതേ, അലയൻസ് ഫ്രാൻസെ ചണ്ഡീഗഢിൽ.


? ആ പരമ്പരയ്‌ക്ക് ഒരു പൊരുത്തമില്ലായ്‌മ അല്ലെങ്കിൽ ചേർച്ചയില്ലായ്‌മ തോന്നുന്നുണ്ട്-. ചില ചിത്രങ്ങൾ നീല നിറത്തിൽ, ചിലത് തവിട്ടിൽ, മറ്റുചിലത് ശുദ്ധ കറുപ്പിലും വെളുപ്പിലും. പരസ്‌പര ബന്ധമുള്ള ഒരു പരമ്പരയായി ഇതെക്കുറിച്ച് ആദ്യം ആലോചിച്ചിരുന്നില്ലേ. അല്ലെങ്കിൽ ഈ വ്യത്യസ്‌തമായ ഇടപെടലിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ.


= ചിത്രം എന്താണോ ആവശ്യപ്പെടുന്നത്, അത് നൽകുകയാണ് ഞാൻ ചെയ്യുന്നത്. ഓരോ ഫോട്ടോഗ്രാഫിനും അതിന്റേതായ ഭാവവും ഊർജവുമുണ്ട്. ഞാൻ അതിനോടാണ് പ്രതികരിക്കുന്നത്. ചിലപ്പോൾ കറുപ്പിന്റെയും വെളുപ്പിന്റെയും സമഗ്രത, ചിലപ്പോൾ തവിട്ടിന്റെ തീക്ഷ്‌ണത, മറ്റുചിലപ്പോൾ പച്ചയുടെ വൈചിത്ര്യം. പൊരുത്തത്തിനുവേണ്ടി മാത്രം ഞാൻ ഏകതാനമായ ഒരു ആവിഷ്‌കാരരീതി സ്വീകരിക്കാറില്ല. ഏതെങ്കിലും ചിത്രം ഒരു പ്രത്യേകരീതിയിൽ കൂടുതൽ നന്നായി സംവദിക്കുന്നുവെങ്കിൽ ഞാൻ ആ രീതി കൊണ്ടുവരും. ചിലപ്പോൾ വർഷങ്ങൾക്കുശേഷം ഞാൻ ചിത്രങ്ങളുടെ ഭാവവും ശൈലിയും മാറ്റാറുണ്ട്; എനിക്ക് അങ്ങനെ വേണമെന്ന് തോന്നിയാൽ. ഒരു പരമ്പരയായി നോക്കുമ്പോൾ ചിലപ്പോൾ തുടർച്ചയും പൊരുത്തവും നഷ്ടപ്പെടുന്നതായി തോന്നാം. ലക്ഷ്യത്തിലും ഉദ്ദേശ്യത്തിലുമാണ് ഞാൻ പൊരുത്തം അന്വേഷിക്കുന്നത്. ഓരോ ചിത്രത്തിനും അതിന്റെ ഏറ്റവും ശക്തമായ ആശയപ്രകാശനരീതി കൈവരുത്താനാണ് ഞാൻ ശ്രമിക്കുന്നത്.


? അപ്പോൾ ‘കാലചക്ര’ത്തിലെ ഓരോ ചിത്രത്തിനും അതിന്റേതായ രൂപഭാവങ്ങളിലാണ് നിങ്ങൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്, അല്ലാതെ തുടർച്ചയും പൂർണതയുമുള്ള ഒരൊറ്റ പരമ്പരയ്‌ക്കല്ല!


= വളരെ ശരിയാണ്. ഓരോ ചിത്രവും വേറിട്ട്‌, ഒറ്റയ്‌ക്ക്‌ നിൽക്കുവാൻ പ്രാപ്തമാണ്. ‘അന്യവൽക്കരണ'ത്തിന് (Alienation) വ്യക്തമായ തുടർച്ചയും പൊരുത്തവും ഉണ്ടായിരുന്നു. അതേപോലെ ‘ലഹള'യ്‌ക്കും (Violence) ‘അജ്ഞാതതയുടെ തീരങ്ങൾ'ക്കും (Shores of the unknown).' കലാപത്തിനുശേഷ'ത്തിലും (After the turmoil) ഇതു കാണാം. പക്ഷെ, ‘കാലചക്രം' വ്യത്യസ്‌തമാണ്. സമയത്തിന്റെ നീണ്ട വഴികളിൽ ഇടയ്‌ക്കിടെ കുത്തിനിർത്തിയ കുന്തമുനകളെപ്പോലെയാണത്. ചിതറിത്തെറിച്ച നിമിഷങ്ങളെ വാരിയെടുത്ത്‌ ഒന്നിച്ചു ചേർത്തതുപോലെ. ഒരൊറ്റ, പൂർണതയൊത്ത കഥയല്ല അത്. ഒരു തെരുവ് ഫോട്ടോഗ്രാഫറോ ഡോക്യുമെന്ററി ഫോട്ടോഗ്രാഫറോ ആയി ഞാൻ എന്നെ ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെയുള്ള ചിത്രങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. നിങ്ങൾ സഞ്ചരിക്കുന്നു, നിങ്ങളുടെ കയ്യിൽ ക്യാമറയുമുണ്ട്. അതിനാൽ നിങ്ങൾ ഫോട്ടോ എടുക്കുന്നു. ഇതൊന്നുമല്ല ഞാൻ കൈക്കൊള്ളുന്ന രീതികൾ. എല്ലായ്‌പ്പോഴും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് ചിത്രങ്ങൾക്ക് മറ്റൊരു മാനം നൽകാനാണ്. മുന്നിലുള്ള ഒന്നിനെ പകർത്തിവയ്‌ക്കുന്നതിനു പകരം ഉള്ളിലുള്ള ചിന്തകളുടെ ലോകത്തുനിന്നും ഉരുത്തിരിയുന്ന ചിത്രങ്ങൾ സൃഷ്ടിക്കാനാണ് എന്റെ ശ്രമം.

എന്റെ നാടക പശ്ചാത്തലവും മറ്റു സമാന താൽപ്പര്യങ്ങളും കൊണ്ട് ജനങ്ങളുമായി ഇടപഴകുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഹോട്ടലുകളിലോ തട്ടുകടകളിലോ ചെറിയ ധാബകളിലോ ഇരിക്കുമ്പോൾ ഞാൻ ആളുകളുമായി സംസാരിക്കും. അവരെപ്പറ്റി കൂടുതൽ അറിയാൻ, അവരുടെ ജീവിതം മനസ്സിലാക്കാൻ. ‘ധാബ' എന്ന ഒരു പരമ്പര ഞാൻ ചെയ്‌തിട്ടുണ്ട്, 1987-‐നോട് അടുത്ത്. ഞാൻ സ്ഥിരമായി ആഹാരം കഴിച്ചിരുന്ന ഒരു ചെറിയ ചായക്കടയിലെ അടുക്കള ജോലിക്കാരുടെ ജീവിതം എന്നെ വിടാതെ പിടികൂടി. പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് രാത്രി വളരെ വൈകുംവരെ അവരുടെ ജീവിതം അവിടെയാണ്. ഇരുണ്ട, വായു കടക്കാത്ത ആ അടുക്കളയിൽ. ശ്വാസം മുട്ടിക്കുന്ന അവരുടെ ദിനചര്യ എനിക്ക് ചിത്രങ്ങളിലേക്ക് പകർത്തണമെന്ന് തോന്നി. ഞാൻ അടുക്കളയുടെ ചുവരുകൾ മുഴുവൻ കറുത്ത ചായം പൂശി; അവരുടെ ജീവിതത്തെ ആലങ്കാരികമായി പകർത്തുന്നതിന്. ‘ധാബ'യ്‌ക്കു ശേഷം ഞാൻ ചെയ്‌തത് റിക്ഷകളെക്കുറിച്ചുള്ള ഒരു പരമ്പരയാണ്. അക്കാലത്ത്‌ ഞാൻ സ്‌കൂട്ടറോ കാറോ ഓടിക്കാറില്ല. ഓടിക്കാനും അറിയില്ല, അവയോട് താൽപ്പര്യം തോന്നിയിട്ടുമില്ല. റിക്ഷകളായിരുന്നു എന്റെ സ്ഥിരമായ വാഹനം. പല റിക്ഷാക്കാരും അടുത്ത സുഹൃത്തുക്കളായി. റിക്ഷാ യൂണിയന്റെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിൽ അതിന്റെ പ്രസിഡന്റ്‌ ആകുമായിരുന്നെന്ന് സുഹൃത്തുക്കൾ തമാശ പറയും. ഈ അടുപ്പവും സഹാനുഭൂതിയും അവരുടെ ഫോട്ടോകൾ പകർത്തുന്നതിലേക്ക് സ്വാഭാവികമായും എത്തിച്ചു.


പിന്നീട് ഞാൻ തിരിഞ്ഞത് അടുക്കളകളിലേക്കാണ്; എന്നെ എന്നും ആകർഷിക്കുകയും തന്നിലേക്ക് പിടിച്ചുവലിക്കുകയും ചെയ്യുന്ന ഒരിടം. അടുക്കള ജോലിക്കാരെക്കുറിച്ചുള്ള ഒരു പരമ്പരയ്‌ക്ക്‌ ഞാൻ തുടക്കംകുറിച്ചു. അത് ഇപ്പോഴും തുടരുന്നു. എവിടെപ്പോകുമ്പോഴും അടുക്കളകൾ ഏതോ സഹജവാസനപോലെ എന്നെ വിടാതെ പിന്തുടരും. ഇതാ, ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഞാനൊരു പോസ്റ്റിട്ടിരുന്നു. ഉത്സാഹവും ആവേശവും ജനിപ്പിച്ച ഒരു പ്രചോദനം സാവധാനം പരിഗണിക്കപ്പെടേണ്ട ഒരു കാര്യമായി മാറി; ഇപ്പോൾ ആലോചിക്കുമ്പോൾ അവ എന്റെ ‘നഗര കഥകൾ’ (City Tales) എന്ന പരമ്പരയുടെ ഭാഗമായിരുന്നു എന്ന് തോന്നുന്നു. മുമ്പ് അത് നൈസർഗികമായ ഒരു പ്രവൃത്തിയായിരുന്നു. ഞാൻ വെറുതെ ക്ലിക് ചെയ്യും. ഏതാണ്ട് അതേ സമയത്താണ് ഞാൻ രഘു റായിയുടെ കൂടെ യാത്ര ചെയ്യാൻ തുടങ്ങിയത്. ബനാറസ്, നാഗാലാ‌ൻഡ്, അനന്തപുർ സാഹബിലെ ഹോള മൊഹല്ല എന്നിവിടങ്ങളിലൊക്കെ. ഞാൻ കുറച്ചു ചിത്രങ്ങൾ എടുക്കും. പിന്നെ പെട്ടെന്ന് നിർത്തും. “ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെന്റെ വഴിയല്ല” എന്ന് എന്നോട് തന്നെ പറഞ്ഞുകൊണ്ട്. എനിക്ക് കിട്ടിയ വലിയ സമ്മാനം രഘുവിന്റെ കൂടെ ഇങ്ങനെ നടക്കുവാൻ ലഭിച്ച അവസരമാണ്. അദ്ദേഹം സുഹൃത്താണ്, ക്രമാനുഗതമായി വളർന്നുവന്ന ഒരാൾ. സർഗശക്തിയും ഉദാരതയും ഒത്തുചേർന്ന അസാധാരണ മനുഷ്യസ്‌നേഹം കൊണ്ടുനടക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ കൂടെ പങ്കിടാൻ ലഭിച്ച ആ ദിവസങ്ങൾ എന്നെ പലവിധത്തിൽ മാറ്റിമറിച്ചു. ഞാൻ ക്യാമറ മാറ്റിവച്ച് അദ്ദേഹത്തിന്റെ കൂടെ നടക്കും. ഒരു നിഴലായി.

ഒരു ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഞാൻ ഒരിക്കലും സ്വയം സങ്കൽപ്പിച്ചിട്ടില്ല. ഈ അടുത്ത കാലത്താണ് അതിനോട് കുറച്ചെങ്കിലും ഗൗരവത്തോടെ സമീപിക്കുന്നത്.


? നിങ്ങളുടെ ‘കലാപത്തിനു ശേഷം' (After the Turmoil) എന്ന പരമ്പര ഏകസമയത്തു തന്നെ ഒരു തുടക്കവും ഒടുക്കവും ആണെന്ന് തോന്നിയിട്ടുണ്ട്. വ്യക്തിപരമായി ആ കലാപം നിങ്ങളെ എങ്ങനെയാണ് ബാധിച്ചത്. ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് വെളിപ്പെടുന്നതിന്റെ പൊരുൾ എങ്ങനെയാണ് ദൃശ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്.


=എന്റെ ആദ്യ പരമ്പര ‘അന്യവൽക്കരണം' (Alienation) ആയിരുന്നു. ഇടയ്‌ക്ക് ‘ധാബ'യും ‘റിക്ഷ'യും വന്നു. അതിനുശേഷം ‘ലഹള'( Violence), ‘മരണ നടത്തം' (Walking the Dead), ‘അജ്ഞാതതയുടെ തീരങ്ങൾ' (Shores of the Unknown) എന്നിവയും. അപ്പോഴാണ് അമേരിക്ക ഇറാനിൽ അതിക്രമിച്ചു കടക്കുന്നത്. അന്ന് ഇന്ത്യയിൽ ലഭ്യമായ ടി വി ചാനലുകൾ ബിബിസി, സിഎൻഎൻ എന്നിവ മാത്രമായിരുന്നു. ടി വി തുറന്നാൽ മുഴുവൻ യുദ്ധം; രക്തം, തോക്കുകൾ, സംഘട്ടനങ്ങൾ. ഞാനാകെ മരവിച്ചുപോയി. എന്റെ ചിന്തകൾ ഇങ്ങനെ പോയി. ഞാൻ കുറേ ചിത്രപരമ്പരകൾ സൃഷ്ടിച്ചിട്ടുണ്ട്. അവയും കലാപങ്ങളെയും മരണങ്ങളെയും കുറിച്ചുള്ളവ തന്നെ. കലാപങ്ങൾ മരണങ്ങളിലേക്ക് നയിക്കുന്നു. എവിടെയും വിഫലതയും നിഷേധാത്മകതയും. ഈ ലോകം എത്രയോ വിശാലമാണ്. ചുറ്റിലും മറ്റെന്തൊക്കയോ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. സ്ഥിരമായി ഇത്തരം കലാപങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും ദൃശ്യങ്ങൾ കാണുന്ന നമ്മുടെ കുട്ടികൾ ഏതു തരത്തിലാകും വളർന്നുവരിക? നമ്മൾ അവർക്ക് പകർന്നു നൽകുന്നത് നിഷേധാത്മകതയും വിദ്വേഷവും മാത്രമാകുമ്പോൾ? കുറച്ചുകൂടി ഗുണാത്മകവും സന്തോഷകരവുമായ ഒരു ജീവിതാവസ്ഥയിലേക്ക് നയിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയുമോ എന്ന ആലോചനയിൽ നിന്നുണ്ടായതാണ് ‘കലാപത്തിനു ശേഷം’ എന്ന പരമ്പര. ദുരിതങ്ങളുടെ ബാക്കിപത്രങ്ങൾ അതിലുണ്ടെങ്കിലും അതിനൊപ്പം പ്രത്യാശയും പ്രതീക്ഷയുമുണ്ട്; സ്‌നേഹവും കരുതലുമുണ്ട്. ഒരർഥത്തിൽ വളരെ ഊർജദായകമായ ഒന്ന്.

ആളുകളുടെ ശരീരഭാഷയിലും മുഖഭാവങ്ങളിലും വിഷാദത്തിന്റെ നേരിയ പാടുകളുണ്ട്. പക്ഷെ, മനസ്സിനെ വേറൊരു തരത്തിൽ ആകർഷിക്കുന്ന നിറവിന്യാസങ്ങളും പ്രതിബിംബങ്ങളും അതിൽ കാണാൻ കഴിയും.


? ‘കലാപത്തിനുശേഷ'ത്തിലെ ചില ചിത്രങ്ങൾ സെൽഫ് പോർട്രെയ്‌റ്റുകളാണ്, അല്ലേ.


= ഒരുതരത്തിൽ നിങ്ങൾക്ക് അങ്ങനെ കരുതാം. ഞാൻ തന്നെയാണ് അതിലെ മുഖ്യകഥാപാത്രം. മുമ്പ്‌ സെൽഫ് പോർട്രെയ്‌റ്റുകളുടെ കുറേ പരമ്പരകൾ ഞാൻ ചെയ്‌തിരുന്നു. ഒരൊറ്റ തവണയല്ലാതെ പിന്നീട് അത് പ്രദർശിപ്പിച്ചിട്ടില്ല-. ഏറെ തുറന്നുകാട്ടപ്പെടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നത്, ഇന്നും വിശ്വസിക്കുന്നത്, ഒരാൾക്ക് ഒറ്റപ്പെട്ടു ജീവിക്കാൻ കഴിയില്ല എന്നുതന്നെയാണ്. മറ്റൊരാളുമായി ബന്ധപ്പെട്ടു മാത്രമേ ഒരാളെ നിർവചിക്കാൻ കഴിയൂ. നിങ്ങൾ നിങ്ങളായിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്ന ഒരുപാട് മനുഷ്യരിലൂടെയാണ്, നിങ്ങൾക്ക് ചുറ്റുമുള്ള ചിന്തകളിലൂടെയാണ്. അതുകൊണ്ടാണ് എന്റെ സെൽഫ് പോർട്രെയ്‌റ്റുകൾ എന്റേത് മാത്രമല്ലാതായിരിക്കുന്നത്. എപ്പോഴും അതിൽ മറ്റ് ആളുകളും ഉണ്ട്. ആ ഒരു അർഥത്തിലാണ് അവ സെൽഫ് പോർട്രെയ്‌റ്റുകൾ ആവുന്നത്.


? താങ്കളുടെ കലാപ്രവർത്തനങ്ങളിലേക്ക് തിരിച്ചുവരാം. ആദ്യകാല രചനകളെയും പുതിയ രചനകളെയും (അവ കൂടുതൽ സങ്കീർണതകൾ ഇല്ലാത്തവയാണെന്ന് തോന്നുന്നു) താരതമ്യം ചെയ്യുമ്പോൾ, പ്രത്യേകിച്ചും ‘ഹാൻഡ് ഓൺ ഇമേജ് മേക്കിങ്' രീതിയിലേക്ക് തിരിച്ചെത്താൻ താങ്കൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ നിലയിൽ, അടുത്ത പ്രൊജക്റ്റ്‌ എന്താണ്. മനസ്സിൽ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ.


= ഇപ്പോൾ, പ്രത്യേകിച്ച് ഒന്നുമില്ല. എപ്പോഴും ആശയങ്ങൾ വന്നുകൊണ്ടിരിക്കും. ഞാൻ കൃത്യമായി പണിയെടുക്കാത്തതിനാൽ അവയിൽ പലതും സ്വയം മരിച്ചുപോകും. ചിലപ്പോഴൊക്കെ പലതും കുറിച്ചുവയ്‌ക്കും. ഒരുപക്ഷെ അവയെ വീണ്ടും സന്ദർശിക്കാൻ. ഇപ്പോൾ ലോകം മുഴുവൻ നടന്നുകൊണ്ടിരിക്കുന്നത് നമ്മുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്ന സംഭവങ്ങളാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എല്ലായ്‌പ്പോഴും ഞാൻ ആ ചോദ്യങ്ങളെ നേരിടുന്നുണ്ട്. ഞാൻ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കേണ്ടത്? ഏതു മാധ്യമത്തിലൂടെ? ഏതു സാങ്കേതികവിദ്യയിലൂടെ? ഏതു തന്ത്രത്തിലൂടെ? അത് ത്രിമാനമായിരിക്കണോ? അതിന് വളരെയധികം സ്ഥലം ആവശ്യമായിരിക്കുമോ? തുറന്ന മൈതാനം? വലിയ ഹാളുകൾ? മറ്റുള്ളവരുമായി കൂട്ടുചേരണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. എനിക്കറിയാം, എപ്പോഴെങ്കിലും ഞാനത് ചെയ്യുമെന്ന്. പക്ഷെ, ഇപ്പോൾ വയ്യ. എനിക്ക് പ്രശ്നത്തിന്റെ കാതൽ ഇനിയും ശരിയായി മനസ്സിലായിട്ടില്ല.

എന്റെ പുതിയ സൃഷ്ടിയിലൂടെ ഈ പ്രവൃത്തി ഞാൻ ആസ്വദിക്കുന്നുണ്ട്. മുമ്പൊക്കെ ഞാൻ കരുതിയിരുന്നത് രഘുറായ് ഒക്കെ ചെയ്യുന്നതുപോലെ തെരുവുമായി അത്ര പെട്ടെന്നും തീവ്രമായും എനിക്ക് ഇടപഴകാൻ കഴിയില്ലെന്നായിരുന്നു. എന്റേത് ഒരു സംശയാലുവിന്റെ രീതിയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറുന്നു എന്ന്‌ ഞാൻ ഭയപ്പെട്ടു. പക്ഷെ, കഴിഞ്ഞ വർഷത്തെ യൂറോപ്പ് യാത്രയ്‌ക്കുശേഷം, അല്ലെങ്കിൽ അതിനും മുമ്പ്‌ ചണ്ഡീഗഢിൽ ‘നഗര കഥകൾ’ (City Tales) പരമ്പര ചെയ്യുന്ന സമയത്തുതന്നെ എന്തൊക്കെയോ മാറിയതായി എനിക്കനുഭവപ്പെട്ടിരുന്നു. ഫോക്കസ് പെട്ടെന്നുതന്നെ കണ്ടെത്താൻ കഴിയുന്നു, ആളുകളോട് ഇടപെടാനുള്ള ശങ്ക കുറഞ്ഞുവരുന്നു എന്നിങ്ങനെ. മറ്റുള്ളവരുടെ കാര്യത്തിൽ കടന്നുകയറുന്നു എന്ന സംശയം കുറഞ്ഞ്, കൂടുതൽ എളുപ്പത്തിൽ അവരുമായി ഇടപഴകാൻ കഴിയുന്നു എന്നും തോന്നിത്തുടങ്ങി.

തീർച്ചയായും, എപ്പോഴും ഇതായിരിക്കണം അവസ്ഥ എന്നില്ല. അടുത്തകാലത്തെ അമേരിക്ക, യൂറോപ്പ് യാത്ര ഫോട്ടോ എടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളോടെയുമായിരുന്നു. പക്ഷെ, ഒന്നും നടന്നില്ല. എനിക്കൊരു ബന്ധം കിട്ടിയില്ല. കാഴ്‌ചകൾ പെട്ടെന്ന് പെട്ടെന്ന് കടന്നുപോയി, ക്യാമറയിൽ പകർത്താൻ തക്കവണ്ണം അവയെന്നെ സ്‌പർശിച്ചില്ല. ഒന്നും സംഭവിക്കാത്ത ദിവസങ്ങളുമുണ്ട്. അതൊക്ക പ്രവർത്തന പ്രക്രിയയുടെ ഭാഗമാണ്. എനിക്കു മുന്നിൽ സംഭവങ്ങൾ ഉരുത്തിരിയുന്നതിന്റെ കൂടി ഭാഗം.

വേക്കിങ്‌  ഫോട്ടോ: ദിവാൻ മന്നവേക്കിങ്‌ ഫോട്ടോ: ദിവാൻ മന്ന

? നിത്യപരിചയത്തിന്റെ പ്രശ്നമാണോ അതോ താങ്കൾക്ക് ആവശ്യമുള്ള സന്ദേശം ആ സ്ഥലങ്ങൾ വിനിമയം ചെയ്യുന്നില്ല എന്ന പ്രശ്നമാണോ.


= അല്ല, നിത്യപരിചയത്തിന്റെ പ്രശ്നമല്ല. ഞാൻ പോയ സ്ഥലങ്ങളെല്ലാം എനിക്ക് പുതിയതായിരുന്നു. മിയാമി, ഗ്രീസ്, ബൾഗേറിയ, പിന്നെ ആർട്ട്‌ ബാസെലും. ന്യൂയോർക്ക്‌, ലണ്ടൻ, പാരിസ് എന്നിവിടങ്ങളിൽ മുമ്പ്‌ പോയിട്ടുണ്ട്. മുമ്പ്‌ കണ്ടിട്ടില്ലാത്ത നഗരഭാഗങ്ങളിലൂടെയായിരുന്നു ഇത്തവണത്തെ യാത്ര. നഗരക്കാഴ്‌ചയുമായി ബന്ധം കിട്ടാതെപോയത് മറ്റെന്തോ കാരണം കൊണ്ടാകാം, പരിചയത്തിന്റെ കാര്യമല്ല.

നിങ്ങൾ പറഞ്ഞതിൽ വലിയ സത്യമുണ്ട്. ആ അന്തരീക്ഷവുമായുള്ള അടുത്ത ബന്ധം, നിങ്ങളെ മുഴുവനായി പൊതിയുന്ന ചുറ്റുപാടുകൾ, അതിനൊപ്പം അതിന്റെതന്നെ ഭാഗമാണെന്ന തോന്നൽ; അതൊന്നും ഇത്തവണ ഉണ്ടായില്ല. ചിലപ്പോൾ ഇതൊക്ക ഒരു സാധനയാണെന്ന് തോന്നും. ഫോക്കസ് ചെയ്‌തുവച്ച മനസ്സ്; എനിക്കത് ഉണ്ടായില്ല. ഭ്രാന്തമായ അഭിനിവേശവും തീക്ഷ്‌ണതയും നഷ്ടപ്പെട്ടിരുന്നു. ചിലപ്പോൾ എന്റെ ഏകാഗ്രത നഷ്ടപ്പെട്ടിരിക്കാം, ഫോക്കസ് ഇല്ലായിരിക്കാം. തീർത്തുപറയാനാവില്ല. ഇനിയും ഇത് ആവർത്തിച്ചേക്കാം എന്നെനിക്കറിയാം. എന്നിട്ടും എനിക്ക് തെരുവ് ഫോട്ടോഗ്രഫിയിൽ തുടരാൻ തന്നെയാണ് താൽപ്പര്യം. അത് നിങ്ങളെ ഒരു പ്രസ്‌താവന നടത്താൻ, ഒരു സംഭവം ചൂണ്ടിക്കാണിക്കാൻ സഹായിക്കുന്നു. ജീവിതത്തിന്റെ ഒഴുക്കിൽ സംഭവിക്കുന്ന ചില പ്രത്യേക കാര്യങ്ങൾ പകർത്തിവയ്‌ക്കാൻ സഹായിക്കുന്നു.


? കൃത്യമായ നിരീക്ഷണം. ഫോട്ടോ എടുക്കുന്നതിന് മുമ്പ്‌ താങ്കൾ എന്താണ് തിരയുന്നത് എന്ന് വ്യക്തമാക്കുന്ന ഒന്ന്; താങ്കൾ കാണുന്നതിന്റെ ചില ഭാഗങ്ങളെങ്കിലും രേഖപ്പെടുത്താൻ സഹായിക്കുന്ന- അല്ലെങ്കിൽ, ലോകത്തെ താങ്കൾ എങ്ങനെ കാണുന്നു എന്ന് മനസ്സിലാക്കാൻ ഉതകുന്ന എല്ലാറ്റിനോടും എല്ലാവരോടും ഉള്ള ബന്ധവും വിനിമയവും; അത് മനോഹരമായി പറഞ്ഞു. ഈ ചിന്തകൾ പൂർത്തിയാക്കാൻ ഇനിയും എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ.


= ഈയിടെ ഞാൻ രഘു റായിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം ചോദിച്ചു: "നിങ്ങൾ നല്ല ചിത്രങ്ങൾ വല്ലതും എടുത്തോ?’ ഞാൻ ഇല്ലെന്നു പറഞ്ഞു. എന്തുകൊണ്ടെന്നായി അദ്ദേഹം. ഞാൻ പറഞ്ഞു: "എനിക്ക് ശരിക്കുള്ള ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല. എപ്പോഴും എനിക്ക് കൂടുതൽ സമയം വേണം.’ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: "വയസ്സാകുംതോറും എനിക്ക് ബന്ധം സ്ഥാപിച്ചെടുക്കാനുള്ള സമയം കുറഞ്ഞു കുറഞ്ഞു വരുന്നു. ഇപ്പോൾ അത് വളരെ പെട്ടെന്നാണ്.’ ഞാൻ പറഞ്ഞു: "പക്ഷെ, എനിക്കാവുന്നില്ല. എനിക്ക് സമയം വേണം. അന്തരീക്ഷം പിടിച്ചെടുക്കാനുള്ള, മനസ്സിലാക്കാനുള്ള സമയം. അതിപ്പോൾ കൂടുതലാണ്. ചിലപ്പോൾ വേഗത്തിൽ സംഭവിച്ചേക്കാം. എപ്പോഴുമില്ല.’

ഈ സംസാരം എന്റെ ഉള്ളിൽ കിടന്നു. കലാകാരന്മാരെ സംബന്ധിച്ച് ഇതാണ് സത്യം. വ്യക്തതയുടെയും അവ്യക്തതയുടെയും കാലങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നത്. ചിലപ്പോൾ "ശരിയാണ്, ഞാൻ കൃത്യമായ വഴിയിലാണ്, ജോലി നന്നായി നടക്കുന്നുണ്ട്, ഞാൻ എന്നെ മുഴുവനായും പ്രകടമാക്കുന്നുണ്ട്’ എന്നൊക്ക തോന്നും. മറ്റു ചിലപ്പോൾ "ഇതെന്തൊരു അർഥമില്ലായ്‌മയാണ്? അസംബന്ധം; ഞാൻ വെറുതെ സമയം മിനക്കെടുത്തുകയാണ്’ എന്നായിരിക്കും തോന്നുന്നത്. ഈ ഒരു താളം എല്ലാ ആർട്ടിസ്റ്റുകൾക്കും അറിയാം. "ഞാൻ എത്തിച്ചേർന്നു’ എന്ന് വിചാരിക്കണമെങ്കിൽ അയാൾ വലിയ അഹങ്കാരിയായിരിക്കണം.

ഈ ഒരു പരിവൃത്തി പ്രധാനമാണ്. വ്യക്തതയുടെ ഒരു കാലത്തിനുശേഷം വരുന്ന സംശയത്തിന്റെ കാലം മനുഷ്യനെ വിനയമുള്ളവനാക്കും. സ്വന്തം ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കും. നിങ്ങളെ ജാഗരൂകരാക്കും. ചാഞ്ചാട്ടത്തിന്റെ കാലം സർഗപ്രക്രിയയുടെ ഭാഗമാണ്.


? വളരെ പ്രധാനമാണത്, എനിക്കത് ഇഷ്‌ടപ്പെട്ടു. എപ്പോഴും കരുതിയിരിക്കുമ്പോൾ നിങ്ങൾക്ക് പ്രവർത്തിക്കാം, പ്രതികരിക്കാം, സൃഷ്‌ടികളിൽ ഏർപ്പെടാം.


= അതേ, എപ്പോഴും ഓർത്തിരിക്കുക; അനായാസമായും സമാധാനത്തോടെയും. ഈയൊരു അവസ്ഥയാണ് ഞാൻ ആഗ്രഹിക്കുന്നത്. മനസ്സ് നിശ്ചലമായിരിക്കണം. പന്തിനെ നേരിടുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശിരസ്സുപോലെ അനക്കമില്ലാതെ, ശാന്തമായി. പക്ഷെ, നിശ്ചലത അലസതയല്ല. അത് ജാഗ്രത്തും ശ്രദ്ധയുള്ളതുമാണ്; മൂർച്ചയേറിയ ഓരോ നിമിഷത്തിലും ജീവിക്കുന്ന ഒന്ന്.

ഇതുതന്നെയാണ് ഫോട്ടോഗ്രഫിയെക്കുറിച്ചും പറയുവാനുള്ളത്. തെരുവുമായി, ആളുകളുമായി, അന്തരീക്ഷവുമായി നല്ലൊരു ബന്ധം കിട്ടുന്നില്ലെങ്കിൽ ഫോട്ടോ പകർത്താനാവില്ല. സാമൂഹ്യജീവിതത്തിലും ഇത് ബാധകമാണ്. ആർട്ടിസ്റ്റുകളോ ചിന്തകരോ എന്ന നിലയിൽ ചുറ്റുമുള്ള എല്ലാ സംഭവങ്ങളെയും നമ്മൾ ജാഗ്രതയോടെ കാണണം, വിലയിരുത്തണം. രാഷ്‌ട്രീയമോ സംഘർഷങ്ങളോ നിശ്ശബ്ദതയോ ആവട്ടെ, അവയെ ശ്രദ്ധയോടെ, സമാധാനത്തോടെ നോക്കിക്കാണുമ്പോൾ മാത്രമേ നമ്മളിൽ നിന്നും സത്യമായ, ശരിയായ പ്രതികരണങ്ങൾ വരൂ. നിശ്ചലതയുടെയും തീക്ഷ്ണതയുടെയും ഒരു സമതുലനാവസ്ഥ, ഇല്ലാത്ത ശബ്ദത്തെ കേൾക്കാൻ കഴിയുന്ന അതിശാന്തമായ മാനസികനില, ഒരേസമയം തുറപ്പും അടപ്പും, സാധനയിലൂടെയും പരിശീലനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും മാത്രം സാധ്യമാവുന്ന കാര്യങ്ങളാണ് ഇവ. സൃഷ്ടികൾ നടത്താൻ മാത്രമല്ല, ലോകകാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനും ഇത് നമ്മെ പ്രാപ്തരാക്കും .







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home