ad
Deshabhimani

കഥ

നഗ്നം

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
വെബ് ഡെസ്ക്

Published on Jun 20, 2026, 12:25 PM | 10 min read


ലേന്ന് പെയ്‌ത മഴയിൽ അപ്രതീക്ഷിതമായി റോഡിലുണ്ടായ കുഴി ഡ്രൈവർ ശ്രദ്ധിച്ചതുകൊണ്ടോ, എതിരേ ചീറിപ്പാഞ്ഞുവന്ന വണ്ടിയെ കഷ്ടപ്പെട്ട് വെട്ടിച്ചതുകൊണ്ടോ, ബസിലുണ്ടായിരുന്ന ആളുകൾ അലറിവിളിച്ചതുകൊണ്ടോ, പെട്ടെന്നുണ്ടായ ബ്രേക്കിൽ തല മുമ്പിലത്തെ കമ്പിയിൽ ഇടിച്ചതുകൊണ്ടോ, ഉടുതുണിയില്ലാതെയാണ് രാവിലെ ജോലിക്കിറങ്ങിയതെന്ന് സുമിതയ്‌ക്ക് തോന്നി.

അയ്യോ! അവൾ പെട്ടെന്ന് നഗ്നതയെന്ന് തോന്നിക്കുന്ന ഭാഗങ്ങളെ കൈകൊണ്ട് മറച്ച് ചുറ്റിലും നോക്കി. ഭാഗ്യത്തിന് അപകടത്തിൽ തങ്ങി നിന്ന ആരുടെയോ അലർച്ചയാണതെന്ന് കരുതി യാത്രക്കാരാരും അത് ശ്രദ്ധിച്ചില്ല. അവരെല്ലാം തെറിച്ചുപോയ ചോറ്റുപാത്രവും ബാഗും മറ്റു സാധനങ്ങളും പെറുക്കിവയ്‌ക്കുന്ന തിരക്കിലായിരുന്നു. ചിലരാണെങ്കിൽ ഡ്രൈവറുടെ അനാസ്ഥയെ ചൊല്ലി മുറുമുറുക്കുന്നുമുണ്ട്.

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രംചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

സുമിത, താൻ രാവിലെ ധരിച്ചിറങ്ങിയ ചുവന്ന യൂണിഫോം സാരിയും മാച്ചിങ്‌ മാച്ചിങ്ങായി ധരിച്ച മറ്റു വസ്‌ത്രങ്ങളും എവിടെപ്പോയെന്ന് ഭയത്തോടെ ആശ്ചര്യപ്പെട്ടു. നോക്കുമ്പോൾ കുട്ടിക്കാലംമുതൽ അരയിലുണ്ടായിരുന്ന കാടാമ്പുഴ ഭഗവതിയുടെ ഏലസ്സ് പോലും കാണാനില്ല.

കാടാമ്പുഴയമ്മേ തനിക്കിതെന്ത് പറ്റിയെന്നോർത്ത് അവൾ പതിയനെ ചുറ്റിലും നോക്കി. ആരും തന്നെ ശ്രദ്ധിക്കുന്നതായി അവൾക്ക് കാണാൻ കഴിഞ്ഞില്ല. അവരെല്ലാം ചെന്നെത്തിപ്പെടേണ്ട സ്ഥലത്തേക്കുറിച്ചോ ചെയ്‌തുതീർക്കേണ്ട കാര്യങ്ങളെയോർത്തോ ബസിനൊപ്പം പായുകയാണ്.

ഒരുപക്ഷേ, പിറന്നപടി ബസിലിരിക്കുന്ന സുന്ദരിയായൊരു സഹയാത്രികയെ മാന്യതയുടെ പേരിൽ ആളുകൾ കണ്ടില്ലെന്ന് നടിക്കുകയാണോ? അവൾ ഒരു നിമിഷം സംശയിച്ചു. അങ്ങനെ വരാൻ വഴിയില്ല. അവൾക്കത് ഉറപ്പുണ്ട്. ആരായാലും ഒന്ന് നോക്കിപ്പോവും. ഇനി ഒരുപക്ഷേ ബസെങ്ങാനും മാറിക്കേറി മാന്യന്മാരുള്ള വേറേതോ നാട്ടിൽ എത്തിപ്പെട്ടതായിരിക്കുമോ? പക്ഷേ ഇന്നലെയും തന്നെ തോണ്ടി നോക്കാനും മണക്കാനും ശ്രമിച്ച സ്ഥിരയാത്രക്കാരനായ ഒരു വഷളനെ കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി. ബസ് മാറിയിട്ടില്ല. ഇനി താനിതെല്ലാം സ്വപ്‌നം കാണുകയാണോ എന്നോർത്ത് തൊട്ടടുത്തിരിക്കുന്ന കഥയെഴുത്തുകാരനായ സുന്ദരൻ ചെറുപ്പക്കാരനെ അവൾ കുലുക്കി നോക്കി. അയാളുടെ കഥകൾ അവൾ നേരത്തേ വായിച്ചിട്ടുമുണ്ട്.

‘‘പേടിക്കണ്ട, വണ്ടിയൊന്ന് പാളിയതാ, ഒന്ന് മുഖം കഴുകിയാൽ മതി എല്ലാം ശരിയാകും’’, അയാൾ ആശ്വസിപ്പിച്ചു.

‘‘അതല്ല സർ, ചോറോ കറിയോ മറ്റോ തെറിച്ച് എന്റെ സാരിയിൽ അഴുക്കുപറ്റിയിട്ടുണ്ടോ?’’ അവൾ അവസ്ഥ പുറത്ത് പറയാതെ തന്ത്രപൂർവം ചോദിച്ചു. ‘‘അഴുക്കുപറ്റിയാൽ ടെക്‌സ്റ്റൈൽസിൽ നിന്ന്‌ വഴക്കുപറയും.’’

‘‘ഏയ്‌ ഒന്നുമില്ല, എല്ലാം പെർഫെക്ട്. നെറ്റിയിൽ ഒരു ചുമന്ന പാട് മാത്രമുണ്ട്. അതും കാര്യമാക്കാനില്ല.’’


അവൾക്ക് ആശ്വാസമായി. തന്റെ നഗ്നത തനിക്ക് മാത്രം തോന്നുന്ന ഒന്നാണെന്ന് അവൾ ഉറപ്പിച്ചു. മറ്റാർക്കും അത് കാണാൻപോലും കഴിയുന്നില്ല. എന്നാലും എന്താണ് തനിക്ക് പറ്റിയതെന്നോർത്ത് പിന്നിട്ട വഴികളെ അവൾ സൂക്ഷ്മമായി ആലോചിച്ചു നോക്കി. സൂക്ഷ്മമായ ആലോചനയിൽ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന ബസ്സിനെ അവൾ പിന്നിലേക്ക് പ്രവർത്തിപ്പിച്ചു. എല്ലാം നിമിഷ നേരംകൊണ്ട് പിന്നിലേക്ക് പോയി. തെറിച്ചുവീണ ബാഗുകളും ആളുകളും തൽസ്ഥാനത്തേക്ക് ചെന്നുനിന്നു. മൂടി തുറന്ന് ചിതറിയ ചോറ്റുപാത്രം എല്ലാം വാരിപ്പെറുക്കി പിന്നിലേക്ക് സഞ്ചരിച്ച് ഒരു കമ്പിയിൽ തട്ടി അടപ്പിട്ട് ഷെൽഫിൽ ഭദ്രമായി ഇടംപിടിച്ചു. തെറിച്ചുവീണ ഒരു പെൻസിൽ ഹോംവർക്ക് ചെയ്‌തിരുന്ന കുട്ടിയുടെ കൈകളിലേക്ക് തിരികെയെത്തി. ഒരു പെൺകുട്ടിയുടെ വെള്ളക്കുപ്പിയിൽനിന്ന് തെറിച്ച ജലം ജീവനുള്ളതുപോലെ കുപ്പിയിലേക്ക് ഇറങ്ങിപ്പോയി.അലറിവിളിച്ച യാത്രക്കാരുടെ അലർച്ച അവ്യക്തമായൊരു ശബ്ദമായി അവരുടെ തൊണ്ടക്കുഴിയിലേക്ക് മടങ്ങി. അവർ നിശ്വസിച്ച വായു ശ്വസനത്തിലേർപ്പെടാതെ അനന്തമായി കിടന്നു. കുഴിയിൽ ചാടിയ ബസ് പിന്നോട്ടായി. എതിരേ വന്ന വണ്ടി ചീറിപ്പാഞ്ഞ് പിന്നിലേക്ക് പോയി. അതിനിടയ്‌ക്ക് കമ്പിയിൽ തട്ടിയ സുമിതയുടെ തല അനേകം യാത്രക്കാരുടെ ശാന്തമായ തലകളോടൊപ്പം പിന്നിലേക്കിരുന്നു. ആ സമയം അവൾ ഒരു ചുവന്ന സാരിയും മാച്ചിങ്‌ മാച്ചിങ്ങായി ധരിച്ച മറ്റു വസ്‌ത്രങ്ങളും അണിഞ്ഞിരുന്നതായി അവൾ കണ്ടു. ആ നിമിഷങ്ങൾക്കിടയിൽ നെറ്റിയും കമ്പിയും ചേർന്ന് മസ്‌തിഷ്‌കത്തിൽ പ്രവർത്തിപ്പിച്ച ഗൂഢമായ എന്തോ പ്രവൃത്തി കാരണമാണ് തനിക്കിതെല്ലാം സംഭവിച്ചതെന്ന് സുമിത തിരിച്ചറിഞ്ഞു. പറഞ്ഞതുപോലെ ഒന്ന് മുഖം കഴുകിയാൽ എല്ലാം ശരിയാവുമെന്ന് തന്നെ അവൾ കരുതി. എങ്കിലും കല്യാണം കഴിഞ്ഞും ഇതുവരെ പ്രസവിക്കാത്ത നൂൽബന്ധം പോലുമില്ലാത്ത സുന്ദരിയായ ഒരു പെൺകുട്ടി കൂടെ യാത്ര ചെയ്‌തിട്ടും ആളുകൾക്ക് അത് കാണാനുള്ള യോഗമുണ്ടായില്ലല്ലോ എന്നോർത്ത് സുമിതയ്‌ക്ക് സങ്കടമോ സന്തോഷമോ തോന്നി. ജീവിതത്തിൽ ആരും നേരിടാത്ത ഇത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടുമെന്നാലോചിക്കാൻ അവൾ കുറച്ചുനേരം ബസിനൊപ്പം നഗരത്തിലൂടെ പാഞ്ഞു.

‘‘ആളെറങ്ങണം’’‐ അവൾ പെട്ടെന്ന് വിളിച്ചുപറഞ്ഞു. സാധാരണ ബസിറങ്ങാറുള്ള സ്റ്റോപ്പിലേക്ക് എത്തിയിരുന്നില്ല. കണ്ടക്ടർ സംശയത്തോടെ ബെല്ലടിച്ചതും വണ്ടി നിന്നതും അവൾ സീറ്റിൽനിന്നും ബാഗുമെടുത്ത് എഴുന്നേറ്റു. ഇവിടെനിന്നും ജോലി ചെയ്യുന്ന ടെക്‌സ്റ്റൈൽസിലോട്ട് നടന്ന് പോകാനായിരുന്നു അപ്പോഴത്തെ അവളുടെ തീരുമാനം. അതിനിടയ്‌ക്ക് ആലോചിച്ച് ഉചിതമായ തീർച്ചയിലെത്താമെന്ന് അവൾ കരുതി. പറ്റിയാൽ പോകുംവഴി ഒരു കാപ്പി കുടിക്കണം.

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രംചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

പുറത്തിറങ്ങിയ സുമിത ലോകത്തെ ആദ്യമായി കാണുന്നത് പോലെ കണ്ടു. ആജാനുബാഹുവായ നഗരം മഴ തോർന്ന ആകാശത്തിന് കീഴിൽ വെയിലു കാഞ്ഞ് കിടക്കുന്നു. ചെളിക്കെട്ടുകൾ ഉറവിടത്തെ നോക്കി തിളങ്ങുന്നു. അനേകം മനുഷ്യർ വസ്‌ത്രമുടുത്ത് പരക്കം പായുന്നു. അതിന്റെ ഒത്ത നടുക്ക് ഉടുവസ്‌ത്രമില്ലാതെ സുമിത ഒറ്റയ്‌ക്ക് നിൽക്കുന്നു.

താൻ ആരാണ്? സുമിത ആലോചിച്ചു. വെറും സുമിത. വട്ടൻ സുനിലിന്റെ ഭാര്യ. ഒരു ഉയർന്ന ടെക്‌സ്റ്റൈൽസിൽ ജോലി. പഠിക്കുന്ന കാലത്ത് കഥകൾ എഴുതിയിരുന്നു. ഇപ്പോഴും പ്രേമകഥകൾ വായിക്കാൻ ഇഷ്ടം. കുറച്ച് മുമ്പുവരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അൽപ്പം വട്ടുണ്ട്. മലമ്പുഴയിലെ യക്ഷിയെപ്പോലെ നടുറോഡിൽ വിലസുകയാണ്.

അവൾ മുന്നോട്ട് നടന്നു. രാവിലെ ആയതിനാൽ സ്‌കൂളിലേക്കുള്ള കുട്ടികൾ നഗരത്തിന്റെ കൈവരിയിലൂടെ നടന്നുനീങ്ങുന്നുണ്ട്. ചെളിക്കെട്ടുകൾ തെറിപ്പിച്ച് ഉത്സാഹമായാണ് അവരുടെ യാത്ര. അവരുടെ കൈകളിൽ മടക്കിപ്പിടിച്ച കുടകൾ വരാൻപോകുന്ന മഴയെക്കാൾ അമ്മമാരെ ഓർമിപ്പിക്കുന്നതായി സുമിതയ്‌ക്ക് തോന്നി.

പണ്ട് ഇതേപോലെ കുഞ്ഞായിരുന്നപ്പോഴായിരുന്നു സുമിത അവസാനമായി ഉടുപ്പില്ലാതെ വിലസിയിരുന്നത്. അന്നത്തെ തന്റെ നഗ്നരൂപത്തെ എത്ര ശ്രമിച്ചിട്ടും അവൾക്ക് കൃത്യമായി ഓർത്തെടുക്കാനായില്ല. എണ്ണ തേച്ച് കുളിപ്പിച്ചിരുന്ന അമ്മയെ അവൾക്ക് ഓർമയുണ്ട്. ദേഹത്ത് കുത്തുന്ന മിനുക്കമുള്ള ഉടുപ്പ് ധരിക്കാൻ വിസമ്മതിച്ച് വീട്ടിൽനിന്നും തെരുവിലേക്ക് ഇറങ്ങിപ്പോയ കുട്ടിയേയും അവൾ ഓർക്കുന്നു. പക്ഷേ മറ്റൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. അക്കാലത്തെ അമ്മയുടെ മുഖം മാത്രം ഓർമയിൽ വരുന്നു. ഒരുപക്ഷേ കുട്ടിക്കാലത്തെ നഗ്നത അമ്മയുടെ മുഖമായിരിക്കുമെന്ന് അവൾ വെറുതെ കരുതി. മരിച്ചുപോയ അമ്മയ്‌ക്കുവേണ്ടി അവൾ നടപ്പാതയിലെ മാതാവിന്റെ പള്ളിയിൽ മെഴുകുതിരി കത്തിച്ചു... "മാതാവേ.. കാടാമ്പുഴയമ്മേ... രണ്ടുപേരും ചേർന്ന്‌ അമ്മയെ സ്വർഗത്തിലാക്കണേ...’

‘‘അമ്മച്ചീ.. എന്റെ സാരിയിൽ അഴുക്ക് പറ്റിയിട്ടുണ്ടോ?’’ അവൾ മെഴുകുതിരി വാങ്ങിയ സ്‌ത്രീയോട് ബാഗിൽനിന്ന് പണം കൈമാറുന്നതിനിടയ്‌ക്ക് ചോദിച്ചു. ‘‘അഴുക്ക് പറ്റിയാൽ ടെക്‌സ്റ്റൈൽസിൽ നിന്ന്‌ വഴക്ക് പറയും.’’

‘‘ഇല്ല മോളേ, ഒന്നുമില്ല.’’ ആ സ്‌ത്രീ മറുപടി പറഞ്ഞു.

‘എന്നാലും എന്നെ സമ്മതിച്ചിരിക്കുന്നു', നടക്കുംവഴി, അവൾ അവളോട് തന്നെ പറഞ്ഞു. വേറെ വല്ലവരുമായിരുന്നെങ്കിൽ കിട്ടുന്ന വണ്ടി പിടിച്ച് വീടെത്തിയേനെ. ഇതിപ്പോൾ ഒരു നാണവുമില്ലാതെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുകയാണ്. ഒതുക്കത്തിൽ പിടിച്ച ബാഗ് മാത്രമുണ്ട് കയ്യിൽ. ആരും കാണുന്നില്ലെന്ന തോന്നൽ മാത്രമാണ് സത്യം. ഇനി അഥവാ ആരെങ്കിലും കണ്ടാൽ എന്താവും തന്റെ സ്ഥിതിയെന്ന് അവൾ ഓർത്തുനോക്കി. ഇല്ല. ആരും കാണുന്നില്ല. കണ്ടിരുന്നെങ്കിൽ ഇതിനോടകം ആളുകൾ കൂടിയേനെ. അത്ഭുതകരമായി അവരുടെ കണ്ണുകൾ വിടർന്നേനെ. മൊബൈൽ ഫോണിലും മറ്റും ദൃശ്യങ്ങൾ പകർത്തിയേനെ. ആരുമറിയാത്ത രഹസ്യം സ്വന്തമായുള്ളതുപോലെ അവളെ അത് സന്തോഷിപ്പിച്ചു. ഇതുവരെ സങ്കൽപ്പിച്ചിട്ടില്ലാത്ത സാഹസികയാത്രയുമായി അവൾ മുന്നോട്ട് നടന്നു. ഏതിരേ വന്ന ഒരാളോട് അർഥരഹിതമായി ചിരിച്ചു. ‘ഹ ഹ! മണ്ടൻ, കണ്ണുണ്ടായിട്ടും കാണാതെ പോകുന്നു.’

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

തൊട്ടടുത്ത് കണ്ട കാപ്പിക്കടയിലേക്ക് അവൾ കയറി. ഒരു കാപ്പിയും പഴംപൊരിയും ഓർഡർ ചെയ്‌തു. കടയുടെ മുന്നിൽ തമ്പടിച്ചിരുന്ന തെരുവുനായകൾക്ക് പലഹാരം നുറുക്കി നൽകി. മനുഷ്യരല്ലാത്തതുകൊണ്ട് നഗ്നരായിത്തന്നെ അവ അത് കടിച്ചുതിന്നു.

നഗ്നതയെക്കുറിച്ച് മനുഷ്യർ മാത്രം എന്തിനിത്ര ഭയപ്പെടുന്നെന്ന് തന്റെ അവസ്ഥയെ മുൻനിർത്തി കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ ആലോചിച്ചു. ഉടുപ്പിട്ടാലും സ്വന്തം നഗ്നതയിൽ നിന്ന് ആർക്കെങ്കിലും മോചനമുണ്ടോ? വളരെ രഹസ്യമായി നമ്മളിതെന്തിന് മറച്ചുപിടിക്കുന്നു. ഇനി അഥവാ അടച്ചിരിപ്പുള്ള മുറിയിൽ രണ്ട് ഇണകൾ അകപ്പെട്ടാൽ നഗ്നത അവർക്കൊരു പ്രശ്നമാണോ? അപ്പോൾ രണ്ടാൾക്കും ഒന്നല്ലേ നഗ്നത. ശരിക്കും എന്താണ് നഗ്നത. പച്ചയായ ശരീരമോ? മറ്റൊരാളുടെ കാഴ്‌ചയോ? വസ്‌ത്രമില്ലാത്തതിന്റെ നാണമോ? ഒന്നും മനസ്സിലാകുന്നില്ല. ഇനി നാണമാണെങ്കിൽ ദൈവമേ എന്തിന് നാണിക്കണം! ശരിക്കും ശരീരം തന്നെ നമ്മെ പൊതിഞ്ഞ വസ്‌ത്രമല്ലേ. ഉള്ളിലുള്ള നമ്മെ ആരെങ്കിലും കാണുന്നുണ്ടോ? വെറും ശരീരത്തെ മാത്രമല്ലേ ആളുകൾ കാണുന്നത്. നമ്മളെ നമ്മൾ കാണുന്നത് പോലെ ആരും കാണുന്നില്ലെന്നതല്ലേ യാഥാർഥ്യം. ഇനി നമ്മളെ നമ്മൾ കാണുന്നുണ്ടെന്നെത് തന്നെ ഒരു യാഥാർഥ്യമാണോ? വെറും ശരീരമാണോ നമ്മൾ?


അവൾ കാപ്പിക്കടയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു. നിരത്തിലാകെ ആളുകൾ കൂടി വരുന്നുണ്ട്. ഒരു തണുത്ത കാറ്റ് ആസന്നമായ മഴയെ ഓർമിപ്പിച്ചുകൊണ്ട് കുഞ്ഞൻ ചുഴിയിലിട്ട് അവളെ കറക്കി. തണുപ്പ് തട്ടിയ നഗ്നത വീണ്ടും ശ്വാസത്തെയെന്നപോലെ ശരീരത്തെ ഓർത്തു. ഇതൊരു ആളൊഴിഞ്ഞ മലഞ്ചെരിവായിരുന്നെങ്കിലെന്ന് അവൾ കരുതി. അങ്ങനെയെങ്കിൽ ആ പുൽമേടുകളിലൂടെ ആദിമ മനുഷ്യരെപ്പോലെ അവൾ ഓടിനടന്നേനെ. പക്ഷേ ഇതൊരു നഗരമാണ്. തിരക്കാണെങ്കിൽ അനുനിമിഷം വീർത്തുകൊണ്ടിരിക്കുന്നു. തന്നെ കടന്നും തനിക്കെതിരെയും വസ്‌ത്രധാരികളായ മനുഷ്യർ പരക്കം പായുന്നു. അവരെല്ലാം ചേർന്ന് ലോകത്തെ തുന്നിയെടുക്കുകയാണ്. ആളൊഴിഞ്ഞാൽ നഗരവും നഗ്നമാവും.

ആ സമയം വളരെയധികം ഉയരമുള്ള ഒരാൾ സുമിതയെ കടന്നുപോയി. അയാളുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് തല ചെരിച്ച് വയ്‌ക്കേണ്ടി വന്നു. ഒാരോ മനുഷ്യാവസ്ഥയും എത്രത്തോളം ഏകാന്തവും സങ്കീർണവുമാണെന്ന് അയാളെ കണ്ടതുകൊണ്ട് സുമിത ഓർത്തു. താൻ വ്യത്യസ്‌തമായ ഒരു അവസ്ഥയിൽ ഏകാന്തയാണ്. അയാളും ഏകാന്തനാണ്. എന്നാലും ലോകത്തേക്കുവച്ച് ഏറ്റവും നീളം കൂടിയ മനുഷ്യന്റെ ഏകാന്തതയുടെ വലുപ്പം എന്താവും? അവൾ ആലോചിച്ചു. എല്ലാ മനുഷ്യരിൽനിന്നും വ്യത്യസ്‌തമായൊരു അവസ്ഥയാണ് അയാൾക്കുള്ളത്. ജനിതക വ്യതിയാനത്തോടെ ഭൂതകാലത്തിൽ നിന്നും ഇറങ്ങിവന്ന കുട്ടിക്കഥകളിലെ ഭീമനായ ഭൂതത്തെ പോലെ അയാൾ ആളുകളെ ഭയപ്പെടുത്തുന്നുണ്ടാവും. ഭാഗ്യം. തന്റെ അവസ്ഥ അത്രയ്‌ക്ക് ഭീകരമല്ലെന്ന് ആലോചിച്ചതുകൊണ്ട് അവൾക്ക് തോന്നി. നഗ്നത മാത്രമാണ് തന്റെ പ്രശ്നം. അതാണെങ്കിൽ എല്ലാവർക്കുമുണ്ട്. ഉടുപ്പിട്ട് മാറ്റിവച്ചാലും അത് അവിടെത്തന്നെ ഉണ്ട്. അവളുടെ കാര്യത്തിൽ പുറത്തുനിന്ന് നോക്കുന്ന ആർക്കും അത് കാണാൻ കഴിയുന്നില്ല. വസ്‌ത്രമുള്ളത് പോലെ തന്നെ ഇല്ലാത്തപ്പോഴും. എങ്കിലും, കൂട്ടിന് ഒരാൾകൂടി ഉണ്ടായിരുന്നെങ്കിലെന്ന് സ്വാർഥത കാരണം അവൾ ആഗ്രഹിച്ചു. അങ്ങനെയെങ്കിൽ;

"നോക്കെടീ തുണിയുടുത്ത് കുറേ പേർ നാണമില്ലാതെ നടന്നു പോകുന്നു.’ അവൾ ആ സാങ്കൽപ്പിക കൂട്ടുകാരിയോട് പറഞ്ഞു ചിരിച്ചേനെ.

മുന്നോട്ട് നടക്കുന്തോറും തനിക്ക് മാത്രമറിയാവുന്ന രഹസ്യം അവളെ കൂടുതൽ ഊർജസ്വലയാക്കിക്കൊണ്ടിരുന്നു. ലോകത്തെ ആകെ താൻ രഹസ്യമായി പറ്റിക്കുകയാണ്. മനുഷ്യരെല്ലാവരും തന്നെപ്പോലെ പലമാതിരി രഹസ്യവുമായി പറ്റിക്കുകയായിരിക്കാം. ചില രഹസ്യങ്ങൾ അവരെ സന്തോഷിപ്പിക്കുകയും മറ്റു ചിലത് സങ്കടപ്പെടുത്തുകയും ചെയ്യുന്നു. എങ്ങനെയാണെങ്കിലും അവരവരുടെ രഹസ്യങ്ങളിൽ മനുഷ്യർ ഏകാന്തരാണ്. ചില സന്തോഷങ്ങളും സങ്കടങ്ങളും പുറത്ത് പറയാൻ കഴിയാത്തവിധം സങ്കീർണവുമാണ്. മുന്നോട്ട് നടക്കവേ അതീവ ദുഃഖിതനായി തല ഇടിഞ്ഞു തൂങ്ങിയ പോലെ നടക്കുന്ന ഒരാളെക്കണ്ട് സഹാനുഭൂതിയോടെ അവൾ പുഞ്ചിരിച്ചു. അയാൾ ഒരുപക്ഷേ സ്വന്തം രഹസ്യത്തിൽ ദുഃഖിതനായിരിക്കാമെന്ന് അവൾ കരുതി. എന്നാൽ അയാളാകട്ടെ പുലരുവോളം സരമാഗോയെ വായിച്ച് ഇനി എന്തിന് ജീവിക്കണമെന്ന് കരുതി അൽപ്പം കാറ്റ് കൊള്ളാൻ ഇറങ്ങിയതായിരുന്നു. അയാൾ ‘ഒരു സുന്ദരിയുടെ പുഞ്ചിരി' എന്ന ശുഭാപ്തിവിശ്വാസം നൽകുന്ന രചനയെക്കുറിച്ച് ആ നിമിഷം ആലോചിക്കുകയും പിന്നീടെഴുതാമെന്ന് പദ്ധതിയിട്ട് മാറ്റിവയ്‌ക്കുകയും ചെയ്‌തു. മാറ്റിവയ്‌ക്കലിൽ അയാൾ ഒരു അഗ്രഗണ്യനായിരുന്നു.


ആകാശം വീണ്ടും ഇരുണ്ട് തുടങ്ങിയിരുന്നു. നഗരത്തിന്റെ തിരക്ക് ഒരു മുഴുത്ത ശബ്ദമായി മാറിയിട്ടുണ്ട്. തൊട്ടുമുന്നിലായി കൂടെ ജോലി ചെയ്യുന്ന ഗായത്രി ടെക്‌സ്റ്റൈൽസിലോട്ട് പായുന്നുണ്ട്. ഒന്ന് കൈ കൊട്ടി വിളിച്ചാൽ അവൾ തിരിഞ്ഞ് നോക്കിയേനെ. പക്ഷേ വേണ്ടെന്ന് വച്ചു. ഇന്നേ ദിവസം ജോലിക്ക് കയറാനുള്ള തീരുമാനത്തിലേക്ക് അവൾ എത്തിയിരുന്നില്ല. ടെക്‌സ്റ്റൈൽസിൽ എത്തിയാൽ പോലും അതിവിചിത്രമായ ഈ അവസ്ഥയിൽ ആളുകളോട് എങ്ങനെ പെരുമാറുമെന്ന് അവൾ ആശങ്കപ്പെട്ടു.

"ആ കറുപ്പിങ്ങെടുക്കൂ’, "ആ ചുമപ്പ്’, "ആ, അതെ അത് തന്നെ’, "ആ ചുമപ്പിനും കറുപ്പിനുമിടയിലെ നീല’, "അത് തന്നെ’, "അത് നീല തന്നെയല്ലേ... അതോ വയലറ്റോ’‐ ജോലിസ്ഥലത്ത് നിരന്തരം നേരിടുന്ന ബഹളങ്ങൾ അവൾക്ക് ഓർമവന്നു. പുതുവസ്‌ത്രങ്ങളുമായി ആളുകൾ വസ്‌ത്രം മാറുന്ന മുറിക്കുള്ളിലേക്ക് കയറിപ്പോകുന്നതും തിരിച്ചിറങ്ങുന്നതും അവൾ ഓർത്തെടുത്തു. ഒരാൾപോലും നഗ്നതയെ മുറിക്കുള്ളിൽ നിന്നും പുറത്തേക്ക് ഉടുത്തുവന്നില്ല. അവരെല്ലാം മുറിക്കുള്ളിൽ തന്നെ നഗ്നതയെ അഴിച്ചിടുകയും വസ്‌ത്രങ്ങളിൽ പൊതിഞ്ഞ ശരീരവുമായി തിരികെ വരികയും ചെയ്‌തു. കൂടെ വന്നവർക്കും തങ്ങൾക്കും തൃപ്തി തോന്നുന്നത് വരെ ശരീരത്തിന്റെ സാന്നിധ്യം അവർ വസ്‌ത്രങ്ങളാൽ മായ്ച്ചുകൊണ്ടിരുന്നു. ഒരാൾ പോലും വസ്‌ത്രം മാറിയതിന് ശേഷം മറ്റൊരാളായി പുറത്തേക്ക് വന്നില്ല. അങ്ങനെ ഒരിക്കലെങ്കിലും സംഭവിച്ചിരുന്നെങ്കിലെന്ന് സുമിത ആഗ്രഹിക്കാതിരുന്നുമില്ല. ചിലപ്പോഴെങ്കിലും ഏറെ വൈകിയും മുറിക്ക് വെളിയിൽ കാത്തിരിക്കുന്ന കൂട്ടിരിപ്പുകാരെ കാണുമ്പോൾ അവൾ സംശയത്തോടെ നോക്കി. വസ്‌ത്രം മാറി മറ്റൊരാളായി മാറിയതിൽ പിന്നെ അവരെല്ലാം സ്ഥലം വിട്ടതാണെങ്കിലോ? തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് കൂടെ വന്നവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെങ്കിലോ..?

ഒരു ആംബുലൻസ് ഏറെ ശബ്ദത്തോടെ അവളെ കടന്ന് പോയി. ഇനി ടെക്‌സ്റ്റൈൽസിലോട്ട് അധികദൂരമില്ല. അടുത്ത വളവ് തിരിഞ്ഞാൽ സ്ഥിരമായി ബസിറങ്ങാറുള്ള സ്റ്റോപ്പാണ്. എന്ത് വേണമെന്ന് തീരുമാനിക്കാൻ ഇനി അധിക സമയമില്ലെന്ന് കണ്ട് അവൾ നടത്തം പതുക്കെയാക്കി. വേണമെങ്കിൽ ജോലിക്ക് കയറാം. അല്ലെങ്കിൽ വീട്ടിലേക്ക് പോകാം. രണ്ടായാലും പ്രയാസമൊന്നുമില്ല. തീരുമാനമെടുത്താൽ മാത്രം മതി. പക്ഷേ ആലോചിച്ചിട്ട് ഒരു തീരുമാനത്തിലേക്കെത്താൻ അവൾക്ക് കഴിയുന്നില്ല. ഇങ്ങനെയൊന്നും സാധാരണ സംഭവിക്കാത്തതാണ്. ജീവിതത്തിലെ വലിയ ചില പ്രതിസന്ധികളിൽപോലും സുമിത അറച്ച് നിന്നിട്ടില്ല. നന്നേ ചെറുപ്പത്തിലുള്ള അമ്മയുടെ മരണശേഷം വീട്ടുകാര്യങ്ങൾ ഏറ്റെടുക്കാൻ അവളെ ആരും നിർബന്ധിച്ചതായിരുന്നില്ല. വട്ടൻ സുനിലുമായുള്ള ബന്ധം എല്ലാവരും എതിർത്തപ്പോഴും അയാളുടെ കൂടെ ഇറങ്ങിപ്പോവാൻ അവൾക്ക് ആരും ധൈര്യം നൽകിയിരുന്നില്ല. എന്നിട്ടും ഈ നിസ്സാര കാര്യത്തിന് തീരുമാനമെടുക്കാൻ കഴിയാതെ താൻ എന്തിന് ബുദ്ധിമുട്ടുന്നെന്ന് അവൾ ഭയത്തോടെ ആലോചിച്ചു. ഒരുപക്ഷേ കുറച്ച് മുമ്പുണ്ടായ അപകടത്തിന് ശേഷം താൻ മറ്റൊരാളായി മാറിക്കാണുമോ? വസ്‌ത്രങ്ങൾ മാഞ്ഞു പോയത് പോലെ താനും, തനിക്കുള്ളിലെ താനും വേറൊരാളായി തീർന്നതായിരിക്കുമോ? പരിചയക്കാരായ ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ താൻ, താൻ തന്നെയാണെന്ന് അവൾക്ക് ഉറപ്പിക്കാമായിരുന്നു. ഏറെ പ്രതീക്ഷയോടെ എതിരേ വരുന്ന അനേകം മനുഷ്യരിൽ പരിചിതമായ രണ്ടു കണ്ണുകൾ അവൾ അന്വേഷിച്ചു. തലങ്ങും വിലങ്ങും നടക്കുന്ന ഒട്ടനവധി മനുഷ്യർക്കിടയിൽ അങ്ങനെയൊരാളെ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അവരെല്ലാം തനിക്കറിയാത്ത ഏതോ സുന്ദര ജീവിതത്തിന്റെ നീണ്ട വാഗണുകൾക്ക് തലപ്പത്ത് കാഴ്‌ചയെ മേച്ച് തളിച്ച് നടന്നുപോവുകയാണ്. അവർക്കാർക്കും ജീവിതത്തിൽനിന്ന് വേർപെട്ടൊരു കാഴ്‌ചയില്ല. അവരാരും തന്നെ കാണേണ്ടത് പോലെ കാണുന്നുമില്ല. സ്വയം താൻ തന്നെയാണ് താനെന്ന് ഉറപ്പിക്കാൻ എന്തു ചെയ്യുമെന്നറിയാതെ ഒരിക്കൽക്കൂടി ഗായത്രി പോയ വഴിയേ സുമിത നോക്കി. അവളാണെങ്കിൽ എപ്പോഴോ കുത്തുകൾ പൂരിപ്പിച്ച് ആൾക്കൂട്ടമായി മാറിക്കഴിഞ്ഞിരുന്നു.

സുമിത ആശങ്കയോടെ മുന്നോട്ട് നടന്നു. പരിചയമുള്ള ആരും തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ, പിന്നീട് താൻ ആരായിരിക്കുമെന്ന് അവൾ ഭയത്തോടെ ആലോചിച്ചുനോക്കി. കൂടുതൽ ആലോചിക്കുന്തോറും ഉത്തരമില്ലാത്ത ചോദ്യം പോലെ അത് അവളെ കുഴക്കി. കുറച്ച് മുമ്പുവരെ ആരും തിരിച്ചറിയാത്തതിൽ സന്തോഷിച്ച താനിപ്പോൾ തനിക്ക് വേണ്ടപോലെ തന്നെ കാണാനാകാത്തതിൽ സങ്കടപ്പെടുകയാണല്ലോ എന്ന് അതിശയത്തോടെ ആലോചിച്ചു. മാറി മാറി വരുന്ന ഇത്തരം ചിന്തകൾ മനസ്സിനെ എത്രത്തോളം അസ്വസ്ഥമാക്കുന്നുവെന്ന് ആലോചിച്ച് അതിന് പോംവഴിയായി മറ്റൊന്നും ആലോചിക്കാതെ കുറച്ച് നേരം നടക്കാൻ കഴിയുമോ എന്നും അവൾ ശ്രമിച്ചുനോക്കി. അപ്പോഴേക്കും നടന്ന് നടന്ന് അവൾ വഴിവക്കത്തെ ഒരു പത്രമാസിക കടയുടെ മുന്നിലേക്ക് എത്തിയിരുന്നു.

‘‘നീ വാരികകൾ വായിക്കുന്ന ആളല്ലേ?’’

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

പ്രേമത്തിന്റെ തുടക്കകാലത്ത് സുനിൽ പറഞ്ഞ കാര്യം അവൾക്ക് ഓർമ വന്നു.

‘‘അതിന്റെ കവർ പേജിൽ കാണുന്ന സുന്ദരികളായ പെൺകുട്ടികൾ എങ്ങനെ നോക്കിയാലും നിന്നെ നോക്കുന്നത് പോലെ തോന്നാറില്ലേ...? അതിന്റെ കാരണക്കാരൻ ഞാനാണ്... എനിക്ക് വേണ്ടി നിന്നെയാണ് അവരെല്ലാം നോക്കുന്നത്. ലോകത്തിലേക്കുവച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടീ... എനിക്ക് നിന്നെ അത്രയധികം ഇഷ്ടമാണ്.’’

സുമിത പ്രേമകാലത്തെ പുഞ്ചിരിയോടെ പ്രദർശിപ്പിച്ചിരിക്കുന്ന മാസികകളിലേക്ക് നോക്കി. നിർഭാഗ്യവശാൽ ലോകത്താകെ നടക്കുന്ന യുദ്ധചിത്രങ്ങളൊഴിച്ചാൽ ഒന്നിൽപോലും തന്നെ നോക്കാറുള്ള സുനിലിന്റെ ഡമ്മിക്കണ്ണുകൾ അവൾക്ക് കാണാൻ കഴിഞ്ഞില്ല.

‘‘നിനക്ക് വല്ല ശാസ്‌ത്രജ്ഞന്മാരെയും പരിചയമുണ്ടോ?’’കഴിഞ്ഞയാഴ്‌ചയും ഇത്തരം കവർപേജുകൾ ഡിസൈൻ ചെയ്യുന്നതിനിടയ്‌ക്ക് സുനിൽ പറഞ്ഞത് അപ്പോൾ അവൾ ഓർത്തു.

‘‘ഉണ്ടെങ്കിൽ, എല്ലാത്തിനേം ഉടുതുണിയില്ലാതാക്കുന്ന ബോംബുകൾ കണ്ടുപിടിക്കാൻ പറയണം. നാണക്കേട് കാരണം ഒരെണ്ണം പൊറത്തെറങ്ങരുത്.’’ അയാൾ അസ്വസ്ഥതയോടെ കംപ്യൂട്ടറിന് മുന്നിലിരുന്ന് പറഞ്ഞു.

അതോടുകൂടി വീട്ടിലേക്ക് പോകാൻ തീരുമാനിച്ച് അവൾ സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു. ‘ലോകത്തിലേക്ക് വച്ച് ഏറ്റവും സുന്ദരിയായ പെൺകുട്ടീ...' സുനിലിന്റെ പ്രേമകാലത്തെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി. ഇത്തരം സന്ദർഭങ്ങളിൽ സുനിലിന്റെ കൂടെയിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി. ശീലമായ ദാമ്പത്യം കാരണമാവാം പ്രേമകാലത്തെ ആളുകൾ മറന്നുപോയത്. വിലപിടിപ്പുള്ള എന്തോ തിരിച്ചുകിട്ടിയ ഉത്സാഹത്തോടെ മുന്നോട്ട് നടക്കുമ്പോൾ, മഴ പൊടിഞ്ഞു തുടങ്ങിയത് അവൾ അറിഞ്ഞിരുന്നില്ല. വളരെ കാലത്തിന് ശേഷം പ്രേമകാലത്തെപ്പോലെ വീട്ടിലെത്തിയാൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അവൾ സൂക്ഷ്മമായി സങ്കൽപ്പിച്ചുനോക്കി.

അപ്പോൾ, കതക് തുറന്നുവന്ന സുനിലിന്റെ കണ്ണിൽ തന്നെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടലുണ്ടായതായി സുമിത സങ്കൽപ്പത്തിൽ കണ്ടു. കൂടുതൽ എന്തെങ്കിലും പറയുംമുമ്പേ സുമിത സുനിലിനെ സങ്കൽപ്പത്തിൽ തന്നെ മുറിക്കുള്ളിലേക്ക് തള്ളിക്കയറ്റി. കതകടയ്‌ക്കാൻ ഓർമിപ്പിക്കും മുമ്പേ സുമിത സുനിലിന്റെ വസ്‌ത്രങ്ങൾ അഴിക്കാൻ തുടങ്ങി. അതിശയകരമെന്ന് പറയട്ടെ, നഗ്നരാക്കുന്ന പ്രവൃത്തി സങ്കൽപ്പത്തിൽ പോലും ഒരു പകർച്ചവ്യാധിയാണ്. ആ രോഗം പെട്ടെന്ന് തന്നെ സുനിലിനെയും ബാധിച്ചു. അയാളും വ്യഗ്രതയോടെ വസ്‌ത്രങ്ങളഴിച്ച് വലിച്ചെറിഞ്ഞു. ഒരു മാജിക്കുകാരൻ ശൂന്യമായ തൊപ്പിക്കുള്ളിൽനിന്നും പല വർണങ്ങളിലുള്ള നാട വലിച്ചെടുക്കും പോലെ സുമിതയ്‌ക്കത് സങ്കൽപ്പത്തിൽ പോലും അനുഭവപ്പെട്ടു. പൂർണനഗ്നരായി അവർ ഇരുവരും മുഖത്തോട് മുഖം നോക്കി.

‘‘എന്നെ കാണാൻ ഇപ്പോൾ എങ്ങനെയുണ്ട്?’’ സുമിത, ആദ്യമായി കാണുന്നത് പോലെ സുനിലിനോട് ചോദിച്ചു.

‘‘നിന്നെ കാണാൻ...’’ സുനിൽ സങ്കൽപ്പത്തിൽ പോലും ഒരു നിമിഷം വട്ടു പറയാൻവേണ്ടി ആലോചിച്ചു. എന്നിട്ട് പറഞ്ഞു;

‘‘നിന്നെ കാണാനിപ്പോൾ... എന്നെപ്പോലുണ്ട്.’’

ഹൊ! അവർ രണ്ടുപേരും കട്ടിലിലേക്ക് ചെരിഞ്ഞു. സങ്കൽപ്പത്തിൽ തന്നെയുള്ള ഏതോ ഒരു നീണ്ട നേരം അവർ രതിയിൽ ഏർപ്പെട്ടു.

‘‘മനുഷ്യർക്ക് നഗ്നത എന്തിനാണെന്നാണ് സുനിൽ കരുതുന്നത്?’’ എല്ലാം അവസാനിച്ചു കിടക്കുമ്പോൾ സുമിത വീണ്ടും ചോദിച്ചു.

നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് സംശയമില്ലാതെ സുനിൽ പറഞ്ഞു: ‘‘മനുഷ്യന്മാർക്ക് നഗ്നത... ഉടുപ്പിടാനാണ്.’’

സങ്കൽപ്പത്തിനോ യാഥാർഥ്യത്തിനോ കുറുകെ നടന്ന് ബസ്‌സ്റ്റോപ്പ്‌ എത്തുമ്പോഴേക്ക് മഴ കനത്തിരുന്നു. നനയാതിരിക്കാൻ സ്വയമേ തലയ്‌ക്ക് മീതെ ബാഗുയർത്തിപ്പിടിച്ചതൊന്നും അവൾ അറിഞ്ഞിരുന്നില്ല. ശീലം കൊണ്ട് കുതിർന്ന വസ്‌ത്രങ്ങൾ കുടഞ്ഞുകളയാൻ അവളൊരു പാഴ്ശ്രമവും നടത്തി. പരിഭ്രമത്തോടെ നഗ്നതയെ വീണ്ടും ഓർത്തതുകൊണ്ട് അവൾ ചുറ്റിലും നോക്കി. നോക്കുമ്പോൾ, മഴയുടെ ഭിത്തി മാത്രമായിരുന്നു അവൾക്ക് ചുറ്റും. തൊട്ടടുത്തുള്ള നിരത്ത് പോലും കാണാൻ കഴിയുന്നില്ല. ആളുകളുടെ ബഹളമോ വണ്ടികളുടെ ശബ്ദമോ കേൾക്കാനില്ല. മഴ വന്നപ്പോൾ എല്ലാവരും സുരക്ഷിതമായ ഇടങ്ങളിൽ കയറിപ്പറ്റിയതാവാം. മഴ തോരാൻവേണ്ടി തണുത്ത് വിറച്ച് ഒരാൾപൊക്കമുള്ള ബസ്‌സ്റ്റാൻഡിൽ അവൾ ഒറ്റയ്‌ക്ക് നിന്നു. കുറച്ച് സമയം മഴ നോക്കിനിൽക്കേ അനേക കാലമായി താൻ ഈ നില തുടരുകയാണെന്ന് അവൾക്ക് തോന്നി.

അപ്പോൾ മാത്രം, ഒരു സ്‌ത്രീരൂപം തെളിഞ്ഞുവന്നു. മഴയിൽനിന്ന് രക്ഷപ്പെടാൻ ആരോ വരുന്നതാണെന്ന് ആദ്യം അവൾ കരുതി. സൂക്ഷിച്ച് നോക്കിയപ്പോൾ തന്നിലേക്ക് കൈകൾ ഉയർത്തി ആലിംഗനത്തിന് വേണ്ടിയെന്ന പോലെ നടന്നടുക്കുന്ന ആ സ്‌ത്രീയും നഗ്നയാണെന്ന് അവൾ കണ്ടു.

അവൾ ഭയത്തോടെ ആ സ്‌ത്രീയുടെ മുഖത്തേക്ക് നോക്കി.

---അമ്മ!

അവൾ അലറിവിളിച്ചു;

"അയ്യോ... അമ്മേ…

ഞാൻ മരിച്ചു പോയേ...

എനിക്ക് ഇപ്പം മരിക്കണ്ടായേ...’

നൊടിനേരം കാത്തുനിൽക്കാതെ വന്ന വഴിയേ സുമിത പിന്നിലേക്ക് പാഞ്ഞു. പൊഴിച്ചിട്ട നിമിഷങ്ങളെ വാരിപ്പെറുക്കി അവൾ കാലത്തിനെതിരെ കുതിച്ചു. സുനിലിനെ താണ്ടി, പത്രമാസിക കടകൾ താണ്ടി, ആശങ്കകൾ താണ്ടി, ചായക്കടകൾ താണ്ടി, അപരിചിതരെ താണ്ടി, മെഴുകുതിരികൾ താണ്ടി അവൾ പിറകോട്ട് പിറകോട്ട് ബസിറങ്ങാൻ തോന്നിയ നിമിഷത്തിലേക്ക് ചെന്നിരുന്നു.

എന്നിട്ട്, കണ്ണ് തുറന്ന്, തൊട്ടടുത്തിരിക്കുന്ന കഥയെഴുത്തുകാരനായ ആ സുന്ദരൻ ചെറുപ്പക്കാരനെ കുലുക്കി വിളിച്ചു;

"എനിക്ക് ജീവിക്കണം’. അവൾ പറഞ്ഞു.

അതിന് ശേഷം അവളെക്കുറിച്ച് എനിക്ക് ഒന്നുമെഴുതാൻ കഴിഞ്ഞില്ല.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home