ad
Deshabhimani

ഓർമ

ഓർമ്മച്ചിരാതുകൾ -6

ചിത്രീകരണം: ദേവപ്രകാശ്‌
avatar
വൈശാഖൻ

Published on Jun 20, 2026, 12:14 PM | 5 min read



നിത്യചൈതന്യ യതി


റ്റൊരു ഓർമ, പാലക്കാട് ശാരദാകൃഷ്ണയ്യർ ലൈബ്രറിയിൽവച്ച് നിത്യചൈതന്യ യതിയെ കണ്ടുമുട്ടാനിടയായതിനെ കുറിച്ചാണ്. 1985ലോ 86ലോ ആയിരിക്കും. വർഷം കൃത്യമായി ഓർക്കുന്നില്ല. ഡയറി എഴുതുന്ന സ്വഭാവം ഇല്ലാത്തതിന്റെ കുഴപ്പം. യതിയുടെ പല ലേഖനങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദാർശനിക വീക്ഷണങ്ങളോട് വളരെ അടുപ്പവും തോന്നിയിട്ടുണ്ട്. യതി ശാരദാകൃഷ്ണയ്യർ ലൈബ്രറിയിൽ വരുന്നുണ്ട് എന്നറിഞ്ഞ് അവിടെ ചെന്നതാണ്. അക്കാലത്ത് ഞാൻ റെയിൽവേയിൽനിന്ന് സ്വയം പിരിഞ്ഞ് പോന്നിട്ട് ഒലവക്കോട് പാരലൽ കോളേജ് നടത്തുകയായിരുന്നു. വൈകുന്നേരം എനിക്ക് ക്ലാസ്‌ ഇല്ലാത്ത ദിവസമായിരുന്നു അത്. ലൈബ്രറിയിലെത്തിയപ്പോൾ യതി എത്തിയിട്ടില്ല. സംഘാടകർ മിക്കവരും എന്റെ സുഹൃത്തുക്കൾ ആയിരുന്നു. ഞാൻ എത്തിയപ്പോൾ അവർ ഒരു ഗൂഢാലോചന നടത്തി. യതിയെ സദസ്സിന് പരിചയപ്പെടുത്തി സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അവർക്ക് എന്നെക്കുറിച്ചുള്ള എന്തോ തെറ്റിദ്ധാരണയായിരിക്കും അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. തമിഴ്നാട്ടിൽ നിന്നും പാലക്കാട്ട്‌ എത്തിയശേഷം ചില സമ്മേളനങ്ങളിലൊക്കെ അവർ എന്നെ ഉദ്ഘാടകനായും പ്രസംഗകനായും ഉൾപ്പെടുത്താറുണ്ട്. പ്രസംഗത്തിനിടയിൽ ഞാൻ അൽപസ്വൽപം ദാർശനികതയൊക്കെ പറയാറുമുണ്ട്. ഈ തത്വജ്ഞാനം പറച്ചിലിന്റെ പിന്നിലുള്ള രഹസ്യം പറയാം.

ചിത്രീകരണം: ദേവപ്രകാശ്‌ ചിത്രീകരണം: ദേവപ്രകാശ്‌

എറണാകുളത്തെ കോളേജ് പഠനം കഴിഞ്ഞ് മൂവാറ്റുപുഴയിൽ ഒരു ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായി ഞാൻ പ്രവർത്തിച്ചിരുന്നു. ആ ട്യൂട്ടോറിയലിന്റെ നോട്ടീസ് തയ്യാറാക്കി അച്ചടിക്കേണ്ട ചുമതല എനിക്കായിരുന്നു. വിശ്വഭാരതി ട്യൂട്ടോറിയൽസിന്റെ നോട്ടീസ് അച്ചടിക്കാനായി ഞാൻ ഫോർവേഡ് പ്രിന്റേഴ്സ് എന്ന പ്രസ്സിലാണ് പോയിരുന്നത്. അതിന്റെ ഉടമസ്ഥനായ പി ടി ചാക്കോയുമായി വളരെ സൗഹൃദത്തിലായി. അന്ന് ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലൊന്നും കഥ എഴുതിയിട്ടില്ല. കാലം 1962. പി ടി ചാക്കോ നടത്തിയിരുന്ന ഒരു മാസിക ഉണ്ടായിരുന്നു. സമീക്ഷ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. അതിൽ എന്തെങ്കിലും എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ ഒന്ന് രണ്ട് കഥകൾ എഴുതുകയും ചെയ്‌തു. ഞങ്ങളുടെ സംഭാഷണങ്ങൾ സാഹിത്യത്തിലും ദാർശനികതയിലുമൊക്കെ ചുറ്റിക്കറങ്ങാറുണ്ട്. പി ടി ചാക്കോ എഴുതിയ ഒരു പുസ്‌തകം അദ്ദേഹം എനിക്ക് തന്നു. ‘ആധുനിക യൂറോപ്യൻ ചിന്തകന്മാർ’ എന്ന ആ പുസ്‌തകമാണ് എന്നിലെ ദാർശനിക ചിന്തകൾക്ക് തുടക്കം കുറിക്കാൻ കാരണമായത്. അദ്ദേഹം ആ പുസ്‌തകത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ പറഞ്ഞ ഒരു കാര്യം എന്നെ വിസ്മയിപ്പിച്ചു.


ജർമനിയിൽ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ പഠിച്ച വ്യക്തിയാണ് പി ടി ചാക്കോ. സാക്ഷാൽ സാർത്രിന്റെ ക്ലാസിൽ ഇരുന്ന് പഠിച്ച വിദ്യാർഥി! അദ്ദേഹം എനിക്ക് നൽകിയ പുസ്‌തകത്തിൽ സാർത്രിനെ കുറിച്ചുള്ള ഒരു അധ്യായം ഉണ്ടായിരുന്നു. സാർത്ര്, കാൾ ഗുസ്‌താവ് യുങ്‌, മോറിസ് മെർലോ പോണ്ടി, റ്റ്യാർദ് ഷർദാൻ എന്നിവരെ കുറിച്ചൊക്കെ ഞാൻ ആ പുസ്‌തകത്തിൽ വായിച്ചു (ഓർമയിൽ വന്നപടി ഈ പേരുകളൊക്കെ എഴുതുകയാണ്. ഉച്ചാരണം ഒക്കെ ശരിയാണ് എന്ന ധാരണയിൽ). തുടർന്ന് പി ടി ചാക്കോ എനിക്ക് വിൽ ഡ്യൂറന്റിന്റെ ‘സ്റ്റോറി ഓഫ് ഫിലോസഫി’ എന്ന പുസ്‌തക പരമ്പരയും വായിക്കാൻ തന്നു. എന്റെ അക്കാലത്തെ ഇംഗ്ലീഷ് പരിജ്ഞാനം വച്ചും ചിലപ്പോഴൊക്കെ നിഘണ്ടു നോക്കിയും ഞാൻ വായിച്ചു. ആ പ്രായത്തിൽ ഇതൊക്കെ വായിച്ചത് ഓർക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. അന്നത്തെ എന്റെ ഏകാന്തതയും വീടിന്റെ അവസ്ഥയും ഒക്കെയാവാം കാരണങ്ങൾ.

യതിയിലേക്ക് തന്നെ വരാം. എല്ലാവരും നിർബന്ധിച്ച്‌ എന്നെ ഉന്തിത്തള്ളി മരത്തിൽ കയറ്റി എന്നുപറഞ്ഞാൽ മതിയല്ലോ. യതി വന്നു. ഞാൻ സ്വയം പരിചയപ്പെടുത്തി. ഒടുവിൽ യതിയുടെ തൊട്ടടുത്ത് നിന്നുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി, എന്നുപറഞ്ഞാൽ പ്രസംഗിച്ചു തുടങ്ങി. യതിയുടെ ലേഖനങ്ങളിൽ വായിച്ച ചില ആശയങ്ങളും എന്റെ സ്വന്തം തത്വജ്ഞാനവും ഒക്കെ കലർത്തി 20-‐25 മിനിറ്റ് നീണ്ട പ്രസംഗം. ഭൗതികതയെ യാഥാർഥ്യമായി തന്നെ അംഗീകരിച്ചുകൊണ്ടുള്ള ഒരു ആത്മീയത ആയിരുന്നു ആ പ്രസംഗത്തിന്റെ മുഖ്യപ്രമേയം. വ്യവസ്ഥാപിത മതങ്ങളെക്കുറിച്ച് ഒന്നും തന്നെ ആ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല.

എന്റെ പ്രസംഗം കഴിഞ്ഞ് യതി പ്രസംഗിച്ചു. ഇടയ്‌ക്ക്‌ അദ്ദേഹം ഞാൻ പറഞ്ഞ ചില ആശയങ്ങൾ ഉദ്ധരിക്കുകയും ചെയ്‌തു. പ്രസംഗം കഴിഞ്ഞ് എന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു. അദ്ദേഹം എന്റെ കയ്യിൽ തൊട്ടു കൊണ്ട് ചോദിച്ചു.

“ഒരുപാട് ഫിലോസഫി വായിച്ചിട്ടുണ്ട് അല്ലേ?”

എന്റെ ഉള്ളിലെ കുസൃതിക്കാരൻ ആയ കുട്ടിയാണ് മറുപടി പറഞ്ഞത്.

“ഒരു പുസ്‌തകമേ നന്നായി വായിച്ചിട്ടുള്ളൂ.”

“അത് ഏത് പുസ്‌തകം?”

“ജീവിതം എന്ന പുസ്‌തകം. 45 വർഷമായി യതി, ഞാൻ ഇത് വായിക്കുന്നു.”

യതി ഹൃദ്യമായി ചിരിച്ചു.

“കൊള്ളാമല്ലോ. പക്ഷേ ആ പുസ്‌തകത്തിൽ ഓരോ അധ്യായവും കഴിയുമ്പോൾ ലിപികൾ മാറിക്കൊണ്ടിരിക്കും. വേറെ വായിക്കുന്ന നല്ല പുസ്‌തകങ്ങളിൽ നിന്നും ഈ ലിപികളുടെ താക്കോൽ ലഭിക്കും.”

ഒന്ന് നിർത്തിയിട്ട് യതി ചോദിച്ചു.

“എന്റെ പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ടോ?”

“ഇല്ല ഗുരു. റെയിൽവേയിലെ ചെറിയ ശമ്പളംകൊണ്ട് പുസ്‌തകങ്ങൾ വാങ്ങാനൊന്നും കഴിയില്ല. കൂടാതെ ഞാൻ കേരളത്തിന് പുറത്തും ആയിരുന്നല്ലോ.”

“ഒരു കാര്യം പറയട്ടെ, എന്റെ കയ്യിൽനിന്ന് വാങ്ങിയാൽ വില കൊടുക്കേണ്ട. വൈശാഖന്റെ വിലാസം എഴുതിത്തരൂ.”

യതി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു പാഡ് എനിക്ക് തന്നു. അതിൽ ഞാൻ വിലാസം എഴുതിക്കൊടുത്തു.

ഒരു മാസം കഴിഞ്ഞ് പുസ്‌തകങ്ങളുടെ ഒരു പാഴ്സൽ എനിക്ക് കിട്ടി. 10 പുസ്‌തകങ്ങൾ ഉണ്ടായിരുന്നു അതിൽ. ‘യതിചരിത’വും, ‘ലൗ ആൻഡ്‌ ഡിവോഷനും’ ഉൾപ്പെടെ 10 പുസ്‌തകങ്ങൾ!!


പ്രേംനസീർ

ചിത്രീകരണം: ദേവപ്രകാശ്‌ ചിത്രീകരണം: ദേവപ്രകാശ്‌

ഇനി 1987ലെ ഒരു ഓർമയാണ്. ഞാൻ ഒലവക്കോട് പുതിയ പാലം ജങ്‌ഷന്റെ അടുത്ത് ആർട്‌സ്‌ അക്കാദമി എന്ന പേരിൽ ഒരു പാരലൽ കോളേജ് നടത്തിക്കൊണ്ടിരുന്ന കാലം. അകത്തേത്തറ യുവ കലാവേദി വായനശാലയുടെ സെക്രട്ടറി എം മുരളീധരൻ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനായി ക്ഷണിക്കാൻ വന്നു. യുവകലാവേദി വായനശാലയുടെ പത്താം വാർഷികം ആണെന്നും അതിൽ മൂന്നു പേരെയാണ് മുഖ്യാതിഥികളായി ക്ഷണിക്കുന്നതെന്നും മുരളി പറഞ്ഞു. പ്രേംനസീർ, മഹാകവി ഒളപ്പമണ്ണ പിന്നെ ഞാനും. സന്തോഷത്തോടെ ഞാൻ സമ്മതിച്ചു. വർഷങ്ങൾക്കു മുമ്പ് മദിരാശിയിൽവച്ച് ഐ വി ശശിയോടും ഷെരീഫിനോടും ഒപ്പം എവിഎം സ്റ്റുഡിയോയിൽ വച്ച് പ്രേംനസീറിനെ കണ്ടിട്ടുണ്ട്. പ്രത്യേകമായി പരിചയപ്പെട്ടിട്ടില്ല. ഏതോ സിനിമയുടെ ഒരു ഗാനരംഗം ഷൂട്ട് ചെയ്യാനായി പ്രേംനസീർ മേക്കപ് കഴിഞ്ഞ് വരുന്നു. ഞങ്ങൾ കെ പി ഉമ്മറുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. പ്രേംനസീർ അങ്ങോട്ടു വന്നപ്പോൾ കെ പി ഉമ്മർ പറഞ്ഞു.

“മലയാള സിനിമാവിൻ എം ജി ആർ വരുകിറാർ...”

പ്രേംനസീർ ചിരിച്ചുകൊണ്ട് പോടാ എന്നോ മറ്റോ പറഞ്ഞ് ക്യാമറയ്‌ക്ക്‌ മുന്നിലേക്ക് പോയി. പ്രേംനസീറിനെ അങ്ങനെ കണ്ടു എന്നല്ലാതെ പരിചയപ്പെടാൻ കഴിഞ്ഞില്ല. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, മദിരാശി മലയാളികളിൽ നിന്നും. തീരെ നാട്യങ്ങളില്ലാത്ത, അഹംഭാവം ഇല്ലാത്ത ആളാണെന്നും നിരവധി പേരെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്നും ഒക്കെ കേട്ടിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പഴയ നടീനടന്മാരെ അദ്ദേഹം സഹായിച്ചിരുന്നു.

അകത്തേത്തറയിലെ സമ്മേളനത്തിന് ഒളപ്പമണ്ണയും ഞാനും നേരത്തെ എത്തി. അപ്പോഴാണ് അറിയുന്നത് പ്രേംനസീർ ഞങ്ങൾക്ക് മുന്നേ തന്നെ എത്തിയിട്ടുണ്ട് എന്ന്. സമ്മേളനം തുടങ്ങാൻ സമയമായിരുന്നില്ല. പാടത്താണ് സ്റ്റേജ് കെട്ടിയിരിക്കുന്നത്. പ്രേംനസീർ ഉണ്ടെന്ന് അറിഞ്ഞിട്ടാവും ധാരാളം പേർ വന്നുകൊണ്ടിരുന്നു. വേദിയുടെ പിന്നിൽ ഭാരവാഹികൾ മൂന്ന്‌ കസേര കൊണ്ടു വന്നു വച്ചു. ഒളപ്പമണ്ണയും ഞാനും ഇരുന്നു. അപ്പോഴേക്കും മുരളി പ്രേംനസീറിനെയും കൂട്ടി വന്നു. ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. ഞാൻ പ്രേംനസീറിനെ എവിഎം സ്റ്റുഡിയോയിൽ വച്ച് കണ്ട കാര്യവും കെ പി ഉമ്മർ പറഞ്ഞ തമാശയെക്കുറിച്ചും പറഞ്ഞു. അത് ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയുടെ ഷൂട്ടിങ്‌ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സംസാരത്തിനിടയ്‌ക്ക്‌ പ്രേംനസീർ ഒരു കാര്യം വെളിപ്പെടുത്തി.

“ഞാൻ കേരളത്തിലെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണ്. ഒരുപാട് പേരുടെ നിർബന്ധം കണക്കിലെടുത്താണ് ഈ തീരുമാനം.”

മഹാകവി ഒളപ്പമണ്ണയാണ് ആദ്യം പ്രതികരിച്ചത്. അദ്ദേഹത്തിലെ നിഷ്‌കളങ്കതയാണ് ആ പ്രതികരണത്തിന് കാരണം എന്ന് ഞാൻ ഊഹിച്ചു.

“വളരെ സന്തോഷം. നസീറിനെ പോലെയുള്ളവർ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതാണ്. വിജയകരമാകട്ടെ ഈ തീരുമാനം.”

പ്രേംനസീറിന് ആ അഭിപ്രായം ഇഷ്ടമായെന്ന് തോന്നി. പക്ഷേ എനിക്ക് അഭിപ്രായം പറയാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞു.

“നല്ലതൊക്കെ തന്നെ. പക്ഷേ കേരളം തമിഴ്നാട് പോലെ അല്ലല്ലോ നസീർ സാർ. ഇവിടെ സിനിമയ്‌ക്കും രാഷ്ട്രീയത്തിനും അത്രയ്‌ക്ക്‌ അടുപ്പമില്ല. തമിഴ്നാട്ടിൽ അണ്ണാദുരൈ മുതൽ തുടങ്ങിയതല്ലേ? പിന്നെ കരുണാനിധി. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന എം ജി ആർ. അങ്ങനെ ഒരു പാരമ്പര്യം നമ്മുടെ രാഷ്ട്രീയത്തിൽ ഇല്ലല്ലോ.”

പ്രേംനസീർ തെല്ലുനേരം ആലോചിച്ച് അങ്ങനെയിരുന്നു. പിന്നീട് പറഞ്ഞു.

“ഈ പറഞ്ഞതിലും കാര്യമുണ്ട്. ഏതായാലും ഞാൻ മറ്റുള്ളവരോടും ഒന്ന് ആലോചിക്കട്ടെ.”

പ്രേംനസീർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. അദ്ദേഹം ധാരാളം രാഷ്ട്രീയ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയും ചെയ്‌തു.


കേരളത്തിന്റെ നിത്യഹരിത നായകനോടൊപ്പം കുറച്ചുനേരം ചെലവിടാൻ കഴിഞ്ഞതിന്റെ ഓർമ ഇപ്പോഴും മധുരിക്കുന്നു. ഇതിഹാസപുരുഷനായ നടൻ മാത്രമായിരുന്നില്ല പ്രേംനസീർ, അദ്ദേഹം ഒരു നല്ല വായനക്കാരനും നല്ല മനുഷ്യൻ എന്ന പദത്തിന്റെ ആൾരൂപവും ആയിരുന്നു .

(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home