ട്രിബ്യൂണല്‍ വിധി നടപ്പാക്കാതെ സര്‍ക്കാര്‍; രണ്ടാം ദിനവും സ്ഥാനമേൽക്കാനാവാതെ ഡോ. റീന

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം വിട്ട് നൽകാതെ പ്രതിസന്ധി തുടരുന്നു. രണ്ടാം ദിവസവും സ്ഥാനമേൽക്കാനാവാതെ ഡോ. കെ ജെ റീനയ്ക്ക് പുറത്ത് നിൽക്കേണ്ടി വന്നു. കോടതി ഉത്തരവ് അനുകൂലമായിട്ടും തനിക്ക് ഈ പദവി ഏറ്റെടുക്കാൻ സാധിക്കുന്നില്ലെന്ന് ഡോ. റീന പറയുന്നു. താൻ പദവിയിൽ ഇരുന്നാലും ഇല്ലെങ്കിലും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകണമെന്നും അതിനിടയിൽ ഒരു 'കല്ലുകടിയായി' നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പ്രതികരിച്ചു. ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടർ പദവി ഒഴിഞ്ഞു നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ സമയത്ത് താൻ വീഴ്ചവരുത്തിയെന്നും വിവരങ്ങൾ ഒളിച്ചുവെച്ചെന്നുമുള്ള ആരോപണങ്ങളെ ഡോ. റീന നിഷേധിച്ചു. നിപ പരിശോധനാഫലം അറിഞ്ഞ നിമിഷംതന്നെ ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചിരുന്നു. മന്ത്രിയുടെ ഓഫീസ് അടക്കമുള്ള ഇരുപതോളം ഉദ്യോഗസ്ഥർക്ക് ഒരേ സമയത്താണ് നിപ റിപ്പോർട്ട് ഇമെയിൽ വഴി ലഭിച്ചത്. ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങൾ വ്യത്യസ്തമാണ്. രോഗി പരിചരണവും സാമ്പിൾ ശേഖരണവും മെഡിക്കൽ കോളേജിന്റെ ചുമതലയാണ്. എന്നാൽ, നിപ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ആരോഗ്യവകുപ്പ് നിർവ്വഹിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും ഇതേ ഇമെയിൽ ലഭിച്ചിരുന്നു. ഓരോരുത്തർക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോ. റീന പറഞ്ഞു. നിപ പടരുന്ന സമയത്ത് സജീവമായിരുന്നില്ലെന്ന ആക്ഷേപത്തിനും അവർ മറുപടി നൽകി. പിഎസ് സി വഴി അഡ്വൈസ് ലഭിച്ച 395 അസിസ്റ്റന്റ് സർജന്മാരെ അടിയന്തരമായി പോസ്റ്റ് ചെയ്യേണ്ട വലിയ ഉത്തരവാദിത്വം ആ സമയത്ത് ഉണ്ടായിരുന്നു. ആ ദിവസം വൈകിട്ട് 5.10 വരെ ജോലിയിൽ വ്യാപൃതയായിരുന്നു. സെക്ഷൻ ക്ലർക്കും രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും ഒപ്പമുണ്ടായിരുന്നുവെന്നും റീന പ്രതികരിച്ചു.
ജോലിയെ അതീവ ഗൗരവത്തോടെ കാണുന്ന ഉദ്യോഗസ്ഥയാണ് താൻ. പ്രളയകാലത്തും വയനാട് ദുരന്തസമയത്തും താൻ സജീവമായി ഫീൽഡിൽ ഉണ്ടായിരുന്നു. തന്റെ മകളുടെ വിവാഹത്തിന് വെറും അഞ്ച് ദിവസം മുൻപ് മാത്രമാണ് വയനാട് ദുരന്ത സ്ഥലത്തുനിന്ന് മടങ്ങിവരാൻ സാധിച്ചത്. ഇതുവരെ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും റീന പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച ചുമതല ഏൽക്കാനെത്തിയപ്പോൾ പകരം ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി കസേര വിട്ടുനൽകിയില്ല. ഇതേത്തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു.









0 comments