ഗൾഫ് റെയിൽ പദ്ധതി വേഗത്തിലാക്കും; ജിസിസി ഗതാഗത മന്ത്രിമാരുടെ 29–-ാമത് അസാധാരണ യോഗം

കുവൈത്ത് സിറ്റി : ഗൾഫ് റെയിൽ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാൻ തീരുമാനിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഗതാഗത മന്ത്രിമാരുടെ 29–-ാമത് അസാധാരണ യോഗം. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിലാണ് തീരുമാനം. ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയ്‌ക്കാണ് വേഗംകൂട്ടുന്നത്. കുവൈത്തിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ- മഷാൻ യോഗത്തിൽ പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങളുടെ സംയുക്ത വികസനത്തിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ഭാവിയിലെ ഗതാഗത-–ലോജിസ്റ്റിക് രംഗത്തെ വളർച്ചയ്ക്കും ഗൾഫ് റെയിൽ നിർണായക നാഴികക്കല്ലാകുമെന്ന് മന്ത്രിമാർ വിലയിരുത്തി. ഗൾഫ് മേഖലയിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണിത്. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഏകീകരണത്തിനും വ്യാപാര വളർച്ചയ്ക്കും ലോജിസ്റ്റിക് മേഖലയിലെ വികസനത്തിനും പുതിയ കരുത്തേകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങളും പ്രാദേശിക, അന്തർദേശീയ വിപണികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഡോ. നൂറ അൽ മഷാൻ പറഞ്ഞു.
ഏപ്രിൽ 28-ന് ജിദ്ദയിൽ ചേർന്ന ജിസിസി നേതാക്കളുടെ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടർച്ചയായാണ് മന്ത്രിതലയോഗം ചേർന്നത്. രാജ്യങ്ങൾ തമ്മിലുള്ള ലോജിസ്റ്റിക് ഏകോപനം ശക്തിപ്പെടുത്താനും ഗൾഫ് റെയിൽ പദ്ധതിയുടെ നിർവഹണം ത്വരിതപ്പെടുത്താനുമായി സ്വീകരിച്ച നടപടികളും പുരോഗതിയും യോഗം വിശദമായി വിലയിരുത്തി.
ഗൾഫ് റെയിൽ പദ്ധതി പൂർത്തിയാകുന്നതോടെ ട്രക്കുകൾ വഴിയുള്ള ചരക്കുനീക്കത്തെ ആശ്രയിക്കുന്നത് ഗണ്യമായി കുറയും. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ വേഗത്തിലും സുരക്ഷിതമായും ചെലവുകുറഞ്ഞും ചരക്കുകളും ഉൽപ്പന്നങ്ങളും എത്തിക്കാനുമാകും. പദ്ധതിയുടെ നിർവഹണം വേഗത്തിലാക്കാനായി സമഗ്രപഠനങ്ങളും സാങ്കേതിക ഏകോപനവും കൂടുതൽ ശക്തിപ്പെടുത്താനും ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.










0 comments