അതിരുകളില്ലാത്ത മൈതാനം
സ്വപ്‌നങ്ങള്‍ നിറച്ച് ഒരു പന്ത്

ഇതാ കിക്കോഫായി. കിനാവുണ്ട്, കാര്യമുണ്ട്, കൽപ്പനയുണ്ട്. വിരുതും വിരോധാഭാസവുമുണ്ട്. വീഴ്‌ചയും പ്രതീക്ഷയും പ്രവചനവുമുണ്ട്. ഒക്കെ ചേര്‍ന്ന് ഒരു പന്തിന്റെ രൂപത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു. 23-‐ാമത് ലോകകപ്പ് ഫുട്‌ബോള്‍. ഒരു തുകല്‍ പന്തിനുവേണ്ടി പടവെട്ടുന്ന ലോകത്തിലെ കിടയറ്റ കളിസംഘങ്ങള്‍. അവരെ പിന്തുടര്‍ന്ന് കോടാനുകോടി കണ്ണുകള്‍. പന്ത് തട്ടുന്നവരുടെയും അവരുടെ ദേശങ്ങളുടെയും പേര് പറഞ്ഞ് ആര്‍പ്പുവിളിക്കാന്‍ ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ പതിനായിരക്കണക്കിന് തെരുവുകള്‍. അവര്‍ക്കെല്ലാം ഇനി ഉറക്കമില്ലാത്ത രാത്രികള്‍.
വെറും കളിയല്ല. ഇതും ഒരു മഹാഭാരതമാണ്. ഭക്തിയുടെ, വിശ്വസ്‌തതയുടെ, കരുത്തിന്റെ, സ്‌നേഹത്തിന്റെ, കൂട്ടായ്‌മയുടെ, കൗശലത്തിന്റെ, തന്ത്രങ്ങളുടെ കഥ. ദീര്‍ഘചതുരാകൃതിയിലുള്ള കളത്തില്‍ ഒരു പന്തിനുപിന്നാലെ 22 മനുഷ്യര്‍ നടത്തുന്ന അത്യധ്വാനത്തെക്കുറിച്ച് കവികളും വിമര്‍ശകരും ഫുട്‌ബോള്‍ ഭ്രാന്തന്മാരും ഏറെ പറഞ്ഞുകഴിഞ്ഞു. ഈ കളത്തില്‍ നിന്നാണ് പെലെ, പുഷ്‌കാസ്, ബെക്കന്‍ബോവര്‍, യൂസേബിയോ, മറഡോണ, സിനദിന്‍ സിദാന്‍, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഇതിഹാസങ്ങള്‍ ആവേശത്തിരയിളക്കിയത്. പുതിയ ചരിത്രം കുറിക്കാനും വീരഗാഥകള്‍ രചിക്കാനുമാണ് ഓരോ ലോകകപ്പും കടന്നുവരുന്നത്.
അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്താതിഥേയരായ, ജൂണ്‍ 11ന് തുടങ്ങി ജൂലൈ 19 വരെ നീണ്ടുനില്‍ക്കുന്ന 48 ടീമുകളുടെ 104 മത്സരങ്ങളുള്ള അതിബൃഹത്തായ ലോകകപ്പാണ് അരങ്ങേറുന്നത്. 2022-ല്‍ ഖത്തറില്‍ നടന്ന അവസാന പതിപ്പില്‍ 32 ടീമുകളും ആകെ 64 മത്സരങ്ങളുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. 2002-ല്‍ ഏഷ്യയില്‍ ആദ്യമായി വിരുന്നിനെത്തിയ വിശ്വകപ്പിന് ദക്ഷിണകൊറിയയും ജപ്പാനും ചേര്‍ന്ന് വേദിയൊരുക്കിയതൊഴിച്ചാല്‍ അതിനു മുമ്പും പിന്നീടുമെല്ലാം ഒറ്റ രാജ്യമായിരുന്നു ആതിഥേയര്‍.
2026 ലോകകപ്പിലെ ഉദ്‌ഘാടനവേദിയായ മെക്‌സിക്കോ സിറ്റിയിലെ
ആസ്റ്റെക് സ്റ്റേഡിയം
ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍നിന്ന് ലയണല്‍ മെസ്സിയും സംഘവും അര്‍ജന്റീനയിലേക്ക് ലോകകപ്പ് എത്തിച്ചിടത്തു നിന്നാണ്, 1986-ല്‍ ഡീഗോ മറഡോണ ഫിഫ കപ്പുയര്‍ത്തിയ മെക്‌സിക്കോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്റ്റെക് സ്റ്റേഡിയത്തില്‍ 2026 ജൂണ്‍ പതിനൊന്നിന് 23-‐ാം മേളയ്‌ക്ക് പന്തുരുളുന്നത്. നാല് വീതമുള്ള പന്ത്രണ്ട് ഗ്രൂപ്പുകളിലായി 48 ടീമുകളുടെ പ്രാഥമിക റൗണ്ടിനുശേഷം 32 ടീമുകളുടെ ആദ്യ നോക്കൗട്ട് റൗണ്ടിലേക്ക് കളി കത്തിക്കയറും. തുടര്‍ന്നുള്ള തീപാറുന്ന പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമിഫൈനല്‍ നോക്കൗട്ടുകളും കടന്ന് ജൂലൈ 19ന് അമേരിക്കയിലെ ന്യൂജെഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വിശ്വകപ്പിന്റെ പുതിയ അവകാശികളെ ലോകം വരവേല്‍ക്കും.
മൂന്ന് രാജ്യങ്ങളിലെ പതിനാറ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. വേദികള്‍ക്കിടയിലുള്ള പേടിപ്പെടുത്തുന്ന ദൂരവും അത്യുഷ്‌ണമടക്കം കാലാവസ്ഥയിലെ ദ്രുതമാറ്റങ്ങളും കളിക്കാര്‍ക്കും കാണികള്‍ക്കുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് വിവിധ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വേദികളില്‍ പതിനൊന്നെണ്ണം യുഎസില്‍ തന്നെയാണ്. മെക്‌സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും.
പശ്ചിമേഷ്യയില്‍ ഇനിയും അവസാനിക്കാത്ത യുദ്ധത്തിന്റെയും ഇറാന്റെ പങ്കാളിത്തത്തെ മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട വിവാദത്തിന്റെയുമെല്ലാം കലുഷിതമായ അന്തരീക്ഷത്തിലാണ് ഈ ലോകകപ്പ് നടക്കുന്നത്. തങ്ങള്‍ക്കെതിരെ ഇസ്രയേലുമായി ചേര്‍ന്ന് യുദ്ധം നടത്തുന്ന അമേരിക്കയുടെ മണ്ണിലെ ഇറാന്റെ കളിയിലും നിലപാടുകളിലും രാഷ്‌ട്രീയത്തിലെന്നപോലെ സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനവും മൈതാനത്ത് പ്രകമ്പനമുണ്ടാക്കിയേക്കാം. ഫുട്‌ബോള്‍ എന്നും സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ഫാസിസത്തിനും എതിരായിരുന്നു. സാമ്രാജ്യത്വത്തിനും പിടിച്ചടക്കലിനുമെതിരെ നിലകൊള്ളാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ മാനങ്ങള്‍ നല്‍കുന്ന ജനകീയ കായിക വിനോദവും ഫുട്‌ബോള്‍ തന്നെ.
വൻവ്യവസായവും
ആഗോള കമ്പോളവും
ടീമുകളുടെയും മത്സരങ്ങളുടെയും എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് ലോകമൊട്ടുക്കും കാല്‍പ്പന്തിന്റെ ആരവമുയര്‍ത്താനും എല്ലാതലത്തിലും വരുമാനം ഉയര്‍ത്താനും കഴിയുന്ന ലോകകപ്പാണ് 2026‐ലേതെന്ന് ഫിഫ അവകാശപ്പെടുമ്പോഴും കളിയുടെ നിലവാരത്തിന്റെയും ടീമുകളുടെ കരുത്തിന്റെയും കാര്യത്തില്‍ ഭിന്നമായ അഭിപ്രായങ്ങളും ആശങ്കകളും ഉയരുന്നുണ്ട്. കഴിഞ്ഞവര്‍ഷം 32 ടീമുകളുമായി അമേരിക്കയില്‍ നടത്തിയ ഫിഫ ക്ലബ് ലോകകപ്പ്, ഈ ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഒരു ഡ്രസ് റിഹേഴ്‌സലായിരുന്നു. 16-‐ല്‍നിന്ന് 32 ടീമുകളിലേക്കുയര്‍ന്ന ക്ലബ് ലോകകപ്പ് നേടിയത് 2.16 ലക്ഷം കോടി ഡോളറായിരുന്നു. അതിനുമുമ്പ് 16 ടീമുകളുടെ ടൂര്‍ണമെന്റില്‍ നിന്നു ലഭിച്ച വരുമാനം 76 ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു. അതേസമയം ഇത്തവണ ലോകകപ്പിന്റെ ഫൈനലിനു മാത്രം 23 ദശലക്ഷം വരുമാനമുണ്ടാകുമെന്നാണ് ഫിഫ കണക്കാക്കുന്നത്.
2025ലെ ക്ലബ് ലോകകപ്പ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും കിലിയൻ എംബാപ്പെയും
ആഗോളതലത്തില്‍ ക്ലബ് ഫുട്‌ബോള്‍ സൃഷ്ടിക്കുന്ന നിരന്തരമായ ആവേശം അതിന്റെ പാരമ്യത്തിലെത്തുന്നത് ലോകകപ്പിലാണ്. ക്ലബ് ഫുട്‌ബോള്‍ മേധാശക്തി സ്ഥാപിച്ചുനില്‍ക്കുന്ന ഇക്കാലത്ത് കളിക്കാര്‍ വന്‍ വിപണന ചരക്കുകളാണ്. അവര്‍ക്ക് കിട്ടുന്ന വില എല്ലാ സീമകളും ലംഘിച്ച് മേല്‍പ്പോട്ട് കുതിക്കുന്നു. ഫുട്‌ബോളിനുചുറ്റും അനുദിനം രൂപപ്പെടുന്ന വമ്പിച്ച വിപണിയും അതിലൂടെ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ വാണിജ്യവും വലിയ സാമ്പത്തിക ശക്തിയായി ലോകകപ്പിനെ മാറ്റിയിട്ടുണ്ട്. മനുഷ്യരുമായി ബന്ധപ്പെട്ട ഏത് കാര്യവും വാണിജ്യ താൽപ്പര്യത്തിനായി ഉപയോഗിക്കാനുള്ള ആഗോളവല്‍ക്കരണ പ്രവര്‍ത്തന പദ്ധതിയും കാല്‍പ്പന്തിന്റെ അതിരില്ലാത്ത ജനപ്രിയതയും ഒത്തുചേരുന്ന ഭൂമുഖത്തെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ന് ഫുട്‌ബോള്‍.
വര്‍ത്തമാനകാലത്ത് വമ്പന്‍ മാറ്റങ്ങളുണ്ടായിട്ടുള്ള ഫുട്‌ബോള്‍ വന്‍ വിനോദ വ്യവസായമായി മാറിക്കഴിഞ്ഞു. അതിനനുസരിച്ച് കളിക്കും വിജയത്തിനും പുതിയ നിർവചനമുണ്ടായി. ക്ലബ് ഫുട്‌ബോളിലെ കളിയല്ല ലോകകപ്പിലെ കളി. മൂന്ന് പതിറ്റാണ്ടിനു മുമ്പ് ഫുട്‌ബോളില്‍ എഴുപത് ശതമാനവും കഴിവായിരുന്നു പ്രധാനം. തന്ത്രങ്ങള്‍ക്കും കായിക ക്ഷമതയ്‌ക്കും മുപ്പത് ശതമാനം മാത്രമായിരുന്നു സ്ഥാനം. ഇന്ന് നേരെ മറിച്ചാണ് നില. വേഗം, ശക്തി, സാങ്കേതികത തുടങ്ങിയ ഘടകങ്ങളുമായാണ് ഇക്കാലത്ത് ഈ കളി ഏറെ ഇണക്കപ്പെട്ടിരിക്കുന്നത്. ശൈലിയും ജന്മസിദ്ധമായ കഴിവുകളും കാഴ്‌ചവസ്‌തുക്കളായി പോകുന്നുവോ എന്ന സന്ദേഹമുദിക്കുന്നു. എഴുപതുകളിലെ ബ്രസീല്‍ ടീമിനെയും 74-‐78 കാലത്തെ ഡച്ച് സംഘത്തെയും അമ്പതുകളിലെ മാന്ത്രിക മാഗ്യാറുകളുടെ ഹംഗേറിയന്‍ ടീമിനെയും ഇനി കാണാനാവില്ലെന്ന് പാരമ്പര്യവാദികളായ ഫുട്‌ബോള്‍ ആരാധകര്‍ വിലപിക്കുന്നു.
രജിസ്റ്റര്‍ ചെയ്‌ത 26 കോടി കളിക്കാര്‍. കുട്ടികള്‍ ഇതില്‍ പെടുന്നില്ല. 15 ലക്ഷത്തിലേറെ ടീമുകള്‍. ഫുട്‌ബോളിനുവേണ്ടി മാത്രം രജിസ്റ്റര്‍ ചെയ്‌ത മൂന്നു ലക്ഷത്തില്‍പരം ക്ലബ്ബുകള്‍. ഫുട്‌ബോളിന്റെ ഈ കണക്കുകള്‍ ലോകത്തിലെ മറ്റേതൊരു കായികവിനോദത്തിന്റെയും കടുത്ത ആരാധകരെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്യും.
അസുലഭ പ്രതിഭകള്‍ കളിയരങ്ങില്‍ ഇന്ദ്രജാലപ്രഭ ചൊരിയുന്നതു കാണാന്‍ ലോകം എല്ലാ വ്യാകുലതകളും മാറ്റിവയ്‌ക്കുന്ന ഒരേയൊരു പ്രദര്‍ശനമാണ് ലോകകപ്പ് ഫുട്‌ബോള്‍. ഐക്യരാഷ്‌ട്ര സഭയേക്കാള്‍ കൂടുതല്‍ അംഗബലം ഫിഫ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സംഘടയ്‌ക്കുണ്ട്. 200‐ഓളം രാജ്യങ്ങളിലെ ജനങ്ങളും ടെലിവിഷനില്‍ ഈ കളി കാണുന്നു. സ്ഥിതിവിവര കണക്കുകളുടെയും സാങ്കേതിക മികവിന്റെയും ഊഷരതയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള മറ്റു കളികള്‍ ജീവന്‍ നിലനിര്‍ത്തുമ്പോള്‍ ഫുട്‌ബോളിന് എന്നും ജനമനസ്സുകളില്‍ വൈകാരികമായ ഒരിടമുണ്ട്.
‘ജോഗോബോണിറ്റോ' എന്ന് ഫുട്‌ബോളിന്റെ ഒരേയൊരു പെലെ വിശേഷിപ്പിച്ച ആ ‘സുന്ദരമായ കളി' രാജ്യാതിര്‍ത്തികളും മതവിശ്വാസ വ്യത്യാസവും പ്രത്യയശാസ്‌ത്ര വൈരുധ്യങ്ങളും ധനിക, ദരിദ്ര, പണ്ഡിത, പാമര ഭേദവും കൂടാതെ അവയെല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിപോലെ ഒരു നൂറ്റാണ്ടിലേറെക്കാലമായി ലോകത്തെയാകമാനം കൂട്ടിയിണക്കി നില്‍ക്കുന്നു. അതിന്റെ ഏറ്റവും തീവ്രവും വശ്യവുമായ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് കടുത്ത യോഗ്യതാ പരീക്ഷയിലൂടെ ആറ്റിക്കുറുക്കിയെടുത്ത ഇത്തവണത്തെ 48 ടീമുകളിലും ഈ മഹാരാജ്യത്തിന് പ്രാതിനിധ്യമില്ലെങ്കിലും, മലയാളിയായ തഹ്‌സിന്‍ മുഹമ്മദ് അടക്കം ഇന്ത്യന്‍ വേരുകളുള്ള നാല് കളിക്കാര്‍ നാല് ടീമുകളുടെ കുപ്പായത്തില്‍ ബൂട്ടണിയുന്ന ഈ ലോകകപ്പിലേക്ക് അത്യാഹ്ലാദത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
കണ്ണൂരില്‍നിന്ന് 1996ല്‍ ഖത്തറിലേക്ക് കുടിയേറിയ ജംഷീദിന്റെയും ഷൈമയുടെയും മകനായ ഇരുപതുകാരന്‍ തഹ്‌സിന്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ താരമായിരുന്ന പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് കളിയിലേക്കെത്തിയത്. അല്‍ ദുഹൈല്‍ ക്ലബ്ബിന്റെ പ്രധാന താരമായ തഹ്‌സിന്‍ ഖത്തറിന്റെ വിങ്ങറായി ലോകകപ്പിനിറങ്ങുന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു.
ഇന്ത്യന്‍ വേരുകളുള്ള കളിക്കാരില്‍ ഏറ്റവും പ്രമുഖനായ സര്‍പ്രീത് സിങ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ മിഡ്ഫീല്‍ഡറാണ്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള ദമ്പതികളുടെ മകനായി ജനിച്ച സര്‍പ്രീത് ന്യൂസിലൻഡ് ഫീനിക്‌സ് ക്ലബ്ബിന്റെ താരമായാണ് ലോകകപ്പ് ടീമിലേക്കെത്തിയത്. അതിനുപുറമെ ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കിലും പോര്‍ച്ചുഗല്‍, സെര്‍ബിയന്‍ ലീഗുകളിലും കളിച്ച അനുഭവസമ്പത്തുമാണ് സര്‍പ്രീതിനെ കിവി സംഘത്തിലെ സ്ഥിരസാന്നിധ്യമാക്കിയത്.
ശക്തമായ ദക്ഷിണേഷ്യന്‍ പാരമ്പര്യമുള്ള കളിക്കാരനായ 25‐കാരന്‍ നിഷാന്‍ വേലുപ്പിള്ള മെല്‍ബണ്‍ വിക്ടറി ക്ലബ്ബിന്റെ വിങ്ങറായാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലെ പ്രബലശക്തിയായ ഓസ്‌ട്രേലിയയുടെ ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ചത്. ശ്രീലങ്കന്‍ തമിഴ് വേരുകളുള്ള മലേഷ്യന്‍ സ്വദേശിയായ അച്ഛനും ആംഗ്ലോ ഇന്ത്യനായ അമ്മയ്‌ക്കും പിറന്ന നിഷാന്‍, വിക്ടറിയുടെ അക്കാദമിയിലൂടെ വളര്‍ന്ന് ക്ലബ്ബിനായി 128 മത്സരങ്ങള്‍ കളിച്ച താരമാണ്. ചൈനക്കെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലൂടെയാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറിയത്.
പാരിസില്‍ ജനിച്ച തമിഴ് വേരുകളുള്ള 29‐കാരന്‍ സാമുവല്‍ മുത്തുസ്വാമി 57 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുമായാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രതിരോധാത്മക മധ്യനിരക്കാരനായി ലോകകപ്പിനിറങ്ങുന്നത്. ഫ്രഞ്ച് ക്ലബ്ബായ നാന്റിസിനായി 144 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സാമുവല്‍ ഇപ്പോള്‍ ഗ്രീക്ക് ക്ലബ്ബായ അട്രോമിറ്റോസിനുവേണ്ടിയാണ് ബൂട്ടണിയുന്നത്.
1970കളിലെ ബ്രസീൽ ടീം
വമ്പന്‍മാരുടെ സ്വപ്‌നങ്ങളില്‍
മഞ്ഞക്കിളി പറക്കുമോ?
യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും അനിഷേധ്യമായ ആധിപത്യം ഉറപ്പിച്ചുപോരുന്ന ലോകകപ്പില്‍ ഇതുവരെ കിരീടം നേടിയവര്‍ എട്ട് കൂട്ടര്‍ മാത്രം. ഇക്കുറിയും സാധ്യതകളില്‍ ബ്രസീലും അര്‍ജന്റീനയും സ്‌പെയിനും ഫ്രാന്‍സും പോര്‍ച്ചുഗലും ഇംഗ്ലണ്ടുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഈ ലോകകപ്പോടെ തങ്ങളുടെ കളിജീവിതത്തിന് വിരാമമാകുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കുമൊപ്പം പ്രതിഭാധനനായ നെയ്‌മര്‍, ക്രൊയേഷ്യന്‍ ഇതിഹാസമായ ലൂക്ക മോഡ്രിച്ച്, ജര്‍മനിയുടെ കാവല്‍ മാലാഖയായ മാനുവല്‍ ന്യൂയര്‍, ഈജിപ്തിന്റെ എക്കാലത്തേയും മികച്ച താരമായ മുഹമ്മദ് സലാ, മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗിയറമൊ ഒച്ചാവോ, നെതർലന്‍ഡ്‌സിന്റെ വിര്‍ജിൽ വാന്‍ ഡെക് എന്നിവര്‍ക്കും ഈ ലോകകപ്പ് ഹംസവേദിയാകും.
വിപുലീകരിച്ച ഈ ലോകകപ്പിലും ടീമുകളുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കുമ്പോള്‍ ഇത്തവണയും പുതിയ ചാമ്പ്യന്‍ പിറക്കാന്‍ സാധ്യത കുറവാണ്. തുടര്‍ച്ചയായ മൂന്നാം വട്ടവും യോഗ്യതയില്‍ വീണുപോയ ഇറ്റലി ഒഴിച്ചാല്‍ മുന്‍ ചാമ്പ്യന്മാരടക്കം ലോകത്തെ ഏറ്റവും മികച്ച ദേശീയ ടീമുകളുടെ ബലാബലത്തില്‍ ഒറ്റ പന്തയക്കുതിരയെ പ്രവചിക്കാനാവില്ലെങ്കിലും ഒരു പുതിയ രാജ്യം കപ്പിലെത്താനുള്ള സാധ്യതയില്ല. അതേസമയം മുന്‍ജേതാക്കളില്‍ ഇറ്റലി ഒഴികെയുള്ള ഏഴ് ടീമുകള്‍ക്കൊപ്പം മുന്‍നിരയിലേക്ക് മൂന്നുവട്ടം രണ്ടാം സ്ഥാനത്തെത്തിയ, യോഹാന്‍ ക്രൈഫിന്റെ പിന്‍മുറക്കാരായ നെതർലന്‍ഡ്‌സിനെയും ചേര്‍ത്തുനിര്‍ത്തണം. അതേസമയം 2018-ല്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട ക്രൊയേഷ്യക്കായി ഇതിഹാസതാരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ പെരിസിച്ചും കളത്തിലിറങ്ങുമെങ്കിലും അവര്‍ക്ക് അന്നത്തെ ടീമിന്റെ പ്രഭാവത്തിലേക്ക് ഉയരാനാവില്ല.
1930 മുതലുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ എല്ലാ ടൂര്‍ണമെന്റുകളിലും പങ്കെടുത്ത ഒരേയൊരു ടീമായ ബ്രസീലിന്റെ മഞ്ഞപ്പടയോളം ഈ ലോകസംഗമത്തില്‍ ഓളംതീര്‍ത്ത മറ്റൊരു ടീമില്ല. എന്നാല്‍ തങ്ങളുടെ ഷോകേസിലെ അഞ്ച് കിരീടത്തിനൊപ്പം ഒന്നുകൂടി ചേര്‍ക്കാനുള്ള അവരുടെ കാത്തിരിപ്പ് 24ാം വര്‍ഷത്തിലേക്ക് കടന്നിരിക്കയാണ്. 1970ല്‍ പെലെയുടെ നേതൃത്വത്തില്‍ മെക്‌സിക്കോയില്‍ മൂന്നാം വിജയത്തിനൊപ്പം യൂള്‍ റിമെ കപ്പ് എന്നേക്കുമായി സ്വന്തമാക്കിയതിനുശേഷവും മറ്റൊരു കിരീടത്തിനായി കാനറികള്‍ക്ക് 24 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. റൊമാരിയോയുടെയും ബെബറ്റോയുടെയും കരുത്തില്‍ അമേരിക്കയുടെ മണ്ണിലേക്ക് ആദ്യമായി വിരുന്നിനെത്തിയ 1994 ലോകകപ്പിലാണ് ബ്രസീല്‍ നാലാം കിരീടം യാഥാർഥ്യമാക്കിയത്. ഏറ്റവുമൊടുവില്‍ റൊണാള്‍ഡോയുടെയും റൊണാള്‍ഡിഞ്ഞ്യോയുടെയും മാന്ത്രികത ലോകം കണ്‍കുളിർക്കെ കണ്ട 2002 ലോകകപ്പിലാണ് മഞ്ഞപ്പട അഞ്ചാം കിരീടത്തിന്റെ നിറവിലെത്തിയത്.
ഇത്തവണ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ മികച്ച മുന്നേറ്റമായിരുന്നില്ല ബ്രസീലിന്റേത്. 18 മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രം ജയിച്ച് അഞ്ചാം സ്ഥാനവുമായാണ് ഫൈനല്‍റൗണ്ടിലേക്കെത്തിയത്. എന്നാല്‍ സന്നാഹമത്സരങ്ങളില്‍ ക്രൊയേഷ്യയ്‌ക്കും പാനമയ്‌ക്കുമെതിരെ നിരനിരയായി ഗോളുകള്‍ വര്‍ഷിച്ച ബ്രസീല്‍ ശരിയായ സമയത്ത് ഫോമിലേക്കെത്തുമെന്നത് ടീമിനും ആരാധകര്‍ക്കും കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്. സൂപ്പര്‍താരം നെയ്‌മറിന്റെ കായികക്ഷമത ടീമിനെ അലട്ടുന്നുണ്ടെങ്കിലും തന്റേത് മികച്ച കളിക്കാരുടെ സംഘമാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറ്റലിക്കാരനായ പരിശീലകന്‍ കാർലോ ആഞ്ചലോട്ടി. നെയ്‌മറിലെ അനിശ്ചിതത്വം തുടരുമ്പോഴും വിനീഷ്യസ് ജൂനിയര്‍ എന്ന മുന്നേറ്റക്കാരനിലാണ് ബ്രസീലിന്റെ പ്രധാന പ്രതീക്ഷ. ലോകകപ്പിലെ താരതമ്യേന കടുപ്പമേറിയ ഗ്രൂപ്പ് എന്നു കരുതാവുന്ന സിയില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരും 2022 ഖത്തറില്‍ സെമിഫൈനലിസ്റ്റുകളുമായ മൊറോക്കോ, പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കു ശേഷമെത്തുന്ന സ്‌കോട്‌ലന്‍ഡ്, ചെറുമീനായ ഹെയ്‌ത്തി എന്നിവരാണ് ബ്രസീലിന്റെ എതിരാളികള്‍.
ലയണൽ മെസ്സി ലോകകപ്പുമായി
അതേസമയം മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ഈ അവസാന അവസരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ആദ്യ നേട്ടത്തിനായി കച്ചമുറുക്കുന്ന പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ വരുമോയെന്നത് ആരാധകര്‍ക്ക് പ്രതീക്ഷയുടെ തിളക്കവും ഉള്‍പ്പുളകവും നല്‍കുന്നതാണ്. ഈ ലോകകപ്പിന്റെ മത്സരക്രമത്തില്‍ തെളിയുന്നത് അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍മുതല്‍ മുഖാമുഖത്തിന്റെ സാധ്യതയുണ്ടെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ യുഎസിലെ കന്‍സാസ് സിറ്റിയിലാവും ആ സൂപ്പര്‍ പോരാട്ടം നടക്കുക. ഗ്രൂപ്പ് ജെ യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ, കോംഗോ ടീമുകളെ നേരിടുന്നു.
12 ഗ്രൂപ്പുകളിലായി 48 ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ലോകത്തിന്റെ പരിച്ഛേദമാണ് ദൃശ്യമാവുക. പതിനാറ് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍. പത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഒമ്പത് അമേരിക്കന്‍ രാജ്യങ്ങള്‍. ഏഷ്യയുടെ എട്ടും കരീബിയയുടെ രണ്ട് രാജ്യങ്ങളും. അതേസമയം, ലോകജനസംഖ്യയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇന്ത്യയിലെയും ചൈനയിലെയുമൊക്കെ ഫുട്‌ബോള്‍ ആരാധകര്‍ വീട്ടിലിരുന്ന് കളി കണ്ടാസ്വദിക്കുമ്പോള്‍ ലോകഭൂപടത്തില്‍ കടുകുമണിയോളം പോലുമില്ലാത്ത കുറസാവോയും കേപ് വെര്‍ദെയും ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ ആരാണ് അന്തംവിട്ടുപോകാത്തത്. ഈ ലോകകപ്പില്‍ നവാഗതരായെത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ ഏഷ്യയുടെ പതാകയേന്തുന്ന ജോര്‍ദാനും ഉസ്‌ബെക്കിസ്ഥാനുമാണ്.
തഹ്‌സിന്‍ മുഹമ്മദ്
ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമായാണ് കോണ്‍കാകഫ് പ്രതിനിധികളായി കുറസാവോ ചരിത്രത്തിലേക്ക് കയറിനിന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് അവരുടെ ജനസംഖ്യ 1,56,115 ആണ്. നെതർലന്‍ഡ്‌സിനു കീഴിലെ സ്വതന്ത്ര രാജ്യമാണ് കുറസാവോ. അതുകൊണ്ടു തന്നെ നെതർലന്‍ഡ്‌സില്‍ ജനിച്ചുവളര്‍ന്നവരും കളിക്കുന്നവരുമാണ് ടീമിലെ ഭൂരിഭാഗം താരങ്ങളും.
അതേസമയം 5,25,000 മാത്രം ജനസംഖ്യയുള്ള ആഫ്രിക്കയുടെ പശ്ചിമ കടല്‍ത്തീരത്തുള്ള ദ്വീപസമൂഹമായ കേപ് വെര്‍ദെയാകട്ടെ യോഗ്യതാറൗണ്ടില്‍ കാമറൂണ്‍ ഉള്‍പ്പെടെ വമ്പന്മാരെ പിന്തള്ളിയാണ് ലോകകപ്പിലേക്ക് കുതിച്ചെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അഗ്നിപർവതങ്ങള്‍ നിറഞ്ഞ പത്ത് ദീപുകള്‍ ഉള്‍പ്പെട്ട കേപ് വെര്‍ദെ 1975 വരെ പോര്‍ച്ചുഗീസ് അധീനതയിലായിരുന്നു. കായികരംഗത്ത് വലിയ നേട്ടങ്ങളൊന്നുമില്ലാത്ത ഈ ദ്വീപുരാഷ്‌ട്രം കാമറൂണിനെ ഒറ്റ ഗോളിനു തോല്‍പ്പിച്ചാണ് കരുത്തുകാട്ടിയത്.
മെസ്സി, ക്രിസ്റ്റ്യാനോ, നെയ്‌മര്‍, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, ജര്‍മനിയുടെ ഫ്‌ളോറിയന്‍ വിറ്റ്‌സ്, സ്‌പെയിനിന്റെ കൗമാരവിസ്മയം ലാമിന്‍ യമാല്‍, ദക്ഷിണകൊറിയയുടെ സണ്‍ഹ്യൂങ് മിന്‍, ഇംഗ്ലണ്ടിന്റെ നായകനും ഗോളടിക്കാരനുമായ ഹാരി കെയ്ന്‍, നോർവെയുടെ എർലിങ് ഹാളണ്ട് തുടങ്ങിയ സമകാലിക ഫുട്‌ബോളിലെ നക്ഷത്രക്കൂട്ടങ്ങളെല്ലാം തന്നെ ഈ ലോകകപ്പില്‍ മൈതാനത്തിറങ്ങുന്നുണ്ട്.
ലോകകപ്പെന്നാല്‍ ബാറിനുകീഴിലെ കാവല്‍ക്കാരുടേതുമാണ്. വിഖ്യാതരായ ഗോള്‍കീപ്പര്‍മാരുടെ നിരയില്‍ അര്‍ജന്റീനയുടെ മിലിയാനൊ മാര്‍ട്ടിനെസ്, ബല്‍ജിയത്തിന്റെ തിബോ കുർട്വ, ഇംഗ്ലണ്ടിന്റെ ജോര്‍ഡാന്‍ പിക്‌ഫോര്‍ഡ്, പോര്‍ച്ചുഗലിന്റെ ന്യൂനോ മെന്‍ഡസ്, മൊറോക്കോയുടെ യാസിന്‍ ബൗനു, ജപ്പാന്റെ 23‐കാരന്‍ സിയോന്‍ സുസുകി, ബ്രസീലിന്റെ ഗബ്രിയേല്‍ മഗലാ ഹെയ്‌സ്, മെക്‌സിക്കോയുടെ 40‐കാരന്‍ ഗിയറമൊ ഒച്ചാവോയുമെല്ലാം വിസ്മയത്തിന്റെയും വിഭ്രമത്തിന്റെയും മായാനിമിഷങ്ങള്‍ സമ്മാനിക്കാന്‍
കാവല്‍പ്പുരകളിലുണ്ടാവും.
മനുഷ്യവികാരങ്ങളുടെ
പ്രദര്‍ശനശാല
‘മനുഷ്യന്റെ ധർമശാസ്‌ത്രങ്ങളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും ഏറ്റവും ദൃഢമായി എനിക്ക് അറിവുണ്ടാക്കിയ ഈ കളിയോട് അത്രയേറെ ഞാന്‍ ബാധ്യസ്ഥനായിരിക്കുന്നു' എന്ന് അല്‍ബേര്‍ കാമുവും, ‘ഞാന്‍ ഫുട്‌ബോളില്‍ വിശ്വസിക്കുന്നു, ഫുട്‌ബോള്‍ എന്ന കളി, അത് സൗന്ദര്യമാണ്. അനന്തമായ ആവര്‍ത്തനരഹിതമായ സൗന്ദര്യം' എന്ന് ലെവ് യാഷിനും.
വിശ്വസാഹിത്യത്തിലെ ഉജ്വലനക്ഷത്രമായ അല്‍ബേര്‍ കാമുവും ഫുട്‌ബോള്‍ ചരിത്രത്തിലെ അമാനുഷികരിലൊരാളായ ലെവ് യാഷിനും പറഞ്ഞത്, ഫുട്‌ബോളിനെ ആരാധിക്കുന്ന ജനകോടികളുടെ വേദപ്രമാണമാണ്.
അതേ, ഫുട്‌ബോള്‍ ഒരു വികാരമാണ്. സ്‌നേഹം പോലെയും പക പോലെയും കവിത പോലെയും സംഗീതം പോലെയും അതിരുകളില്ലാത്ത വികാരം. ഭൗതികസമ്പത്തും ആയുധസമൃദ്ധിയുമല്ല ഒരു രാജ്യത്തിന്റെ അടിത്തറയെന്നു തെളിയിക്കാന്‍ കഴിയുന്ന ഫുട്‌ബോള്‍ പോലെ മറ്റൊരു കായികവിനോദവും വേറെയില്ല.
പൊരുതാനുള്ള ആത്മവീര്യം തന്നെയാണ് ഫുട്‌ബോളിന്റെ ജീവന്‍. അതേസമയം അത് സ്വഭാവരൂപവല്‍ക്കരണത്തിനും വളമാകുന്നു. അച്ചടക്കവും ആദരവും അതിന്റെ മുഖമുദ്രയാകുന്നതും അതുകൊണ്ടുതന്നെ. ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു ആഗോളവ്യവസ്ഥ തന്നെയാണത്.
ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നം മാത്രമല്ല; അതിനും അപ്പുറത്തുള്ളതാണ് ഫുട്‌ബോള്‍ എന്ന്. ശരിയാണ്. ഇതേക്കാള്‍ സത്യസന്ധമായ നിർവചനം ഫുട്‌ബോളിനു വേറെ നല്‍കാനാവില്ല. അനുഭൂതിയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള ഈ കളി ഒരർഥത്തില്‍ ജീവിതം തന്നെയാണ്. മനുഷ്യന്റെ മുഴുവന്‍ മാനസികാഭിമുഖ്യങ്ങളുടെയും ആവിഷ്‌കാരം ഇതിലുണ്ട്. ആഹ്ലാദം, ഭാവന, നിരാശ, ദുഃഖം, അവയുടെ ഒഴുക്ക് അങ്ങനെയെല്ലാമെല്ലാം.
ഫുട്‌ബോളില്‍ കുരിശുയുദ്ധത്തിന്റെ തീവ്രതയും ഒപ്പം പ്രശാന്തതയുമുണ്ട്. ഓരോ ഫുട്‌ബോള്‍ മത്സരവും കാണികള്‍ക്ക് വ്യത്യസ്‌തമായ അനുഭവമാണ്. ചിലപ്പോള്‍ മൈതാനത്ത് വിയര്‍പ്പിനുപകരം രക്തവും ഒഴുകാറുണ്ട്. സ്വന്തം ടീമിന്റെ വിജയത്തില്‍ സ്വയം മറന്നാടുന്ന ഫുട്‌ബോള്‍ ഭ്രാന്തിന്റെ മുഖം ലോകത്തെവിടെയും കാണാം. അങ്ങനെ കിനാവും കണ്ണീരുമൊക്കെ ഒരു പന്തിന്റെ കളിസാധ്യതയിലൂടെ ഇതൾവിരിയുന്ന ഈ തീവ്രതയ്‌ക്ക് കാരണമാകട്ടെ, ലെവ് യാഷിന്‍ പറഞ്ഞ കാല്‍പ്പന്തിലെ സൗന്ദര്യത്തിന്റെ തീക്ഷ്ണതയാണ്.
ഈ കളിയെത്താത്ത രാജ്യമോ പ്രദേശമോ ഭൂഗോളത്തിലില്ല. ഫിഫയുടെ ഔദ്യോഗിക കണക്കുകള്‍ക്കപ്പുറത്ത് ലോകത്തിന്റെ മുക്കിലും മൂലയിലും കോടിക്കണക്കിനാളുകള്‍ ഫുട്‌ബോളിനെ ഹൃദയത്തോടുചേര്‍ത്തുവച്ചു പ്രണയിക്കുന്നു. 122 വര്‍ഷംമുമ്പ് പാരിസ് നഗരത്തിലെ ഒരു മുറിയിൽവച്ച് ഫിഫ (ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ദ ഫുട്‌ബോള്‍ അസോസിയേഷന്‍) രൂപംകൊണ്ടപ്പോഴും കാല്‍നൂറ്റാണ്ടിനപ്പുറം 13 ടീമുകളെ അണിനിരത്തി യുറഗ്വായിയില്‍ ആദ്യലോകകപ്പ് അരങ്ങേറിയപ്പോഴും ഈ വികാരം ഇത്ര തീവ്രമായി കത്തിപ്പടരുമെന്നോര്‍ത്തു കാണില്ല.
ലോകകപ്പ് വിജയം ഒരു രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വരദാനമാണ്. ലോകകപ്പില്‍ എല്ലാ ടീമുകളും വിജയമന്ത്രവുമായാണ് കളത്തിലിറങ്ങുന്നത്. എന്നാല്‍ 1930 മുതല്‍ 2022 വരെയുള്ള 22 ടൂര്‍ണമെന്റുകളിലായി കപ്പുയര്‍ത്തിയ ടീമുകളുടെ എണ്ണം എട്ടില്‍ ഒതുങ്ങുന്നു. ഒരേയൊരു പെലെയുടെ അതുല്യമായ സിദ്ധിയും ഡീഗോ മറഡോണയുടെ ഇന്ദ്രജാല പ്രഭയും ഫ്രഞ്ചുകാരന്‍ മിഷേല്‍ പ്ലാറ്റിനിയുടെ കലാചാതുര്യമുള്ള നീക്കങ്ങളും ‘ലിബറോ'യ്‌ക്ക് സാക്ഷാത്കാരമേകിയ ഫ്രാന്‍സ് ബെക്കന്‍ബോവറുടെ തലച്ചോറിലുള്ള പന്തുകളും ഡച്ചുകാരന്‍ യോഹാന്‍ ക്രൈഫ് സൂര്യശക്തിയേകിയ ‘ടോട്ടല്‍ ഫുട്‌ബോളും' ഫ്രഞ്ചുകാരുടെ പൊന്‍കിനാവിന് സാക്ഷാത്കാരമേകിയ സിനദിന്‍ സിദാന്റെ അതുല്യമായ പാടവവും ഈ കളിയില്‍ ഓരോ കാലത്തെയും മാസ്മരിക ഭാവങ്ങളാണ്. എന്നാല്‍ ഫുട്‌ബോള്‍ കളിക്ക് കൽപ്പിക്കപ്പെടാവുന്ന മാഹാത്മ്യം ഈ മികവുകള്‍ക്കൊക്കെ അതീതമാണ്. കാമറൂണിലെ യുവാണ്ടയില്‍ റോജർ മില്ലയുടെ പ്രതിമ ഉയര്‍ത്തുന്നതും ബ്യൂനസ് ഐറീസില്‍ മറഡോണയുടെ ചിത്രംവച്ച് ചെറുപ്പക്കാര്‍ ഇപ്പോഴും ആരാധന നടത്തുന്നതുമെല്ലാം അതിന്റെ ഉത്തമദൃഷ്ടാന്തമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ടീം ഏതാണെന്ന ചോദ്യത്തിന് ശരിയായ ഉത്തരം കിട്ടിയിട്ടില്ല. 1938ലെ ചാമ്പ്യന്മാരായ ഇറ്റലിയെ സൂപ്പര്‍ ടീം എന്നു വിശേഷിപ്പിക്കുന്ന ഫുട്‌ബോള്‍ വിദഗ്ധരുണ്ട്. 1954ലെ മാന്ത്രിക മാഗ്യാറുകളുടെ ഹംഗറിക്കൊപ്പമാണ് ഒരുപക്ഷം. 1970ല്‍ യൂള്‍ റിമെ കപ്പ് തീറെഴുതിയെടുത്ത ബ്രസീലിയന്‍ ടീമിന്റെ കേളീവൈഭവം മറ്റൊരു ലോകകപ്പ് ടീമിനും ഉണ്ടായിട്ടില്ലെന്ന് ശക്തമായി വാദിക്കുന്നവരാണ് ഭൂരിപക്ഷവും. അതുപോലെ പെലെയോ, മറഡോണയോ മികച്ചവന്‍? ആ ചോദ്യത്തിനും ഇന്നോളം ഉത്തരം കിട്ടിയിട്ടില്ല.
നിഷാൻ വേലുപ്പിള്ള
ലോകത്ത് ഏത് മൈതാനത്ത് കളിച്ചാലും ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ ആ നഷ്ടം അത്രമേല്‍ അഗാധമാണ്. ഈ നൈരാശ്യമാണ് പല രാജ്യങ്ങളെയും കളിക്കാരെയും ഉലയ്‌ക്കുന്നത്. യോഹാന്‍ ക്രൈഫിന്റെ സുവര്‍ണകാലത്ത് ഹോളണ്ടിനു സംഭവിച്ച ദുരന്തം ഇന്നും ആ രാജ്യത്തെ ടീമുകളെ ഒരു നീറ്റലായി പിന്തുടരുന്നു. ഫെറങ്ക് പുഷ്‌കാസിന്റെ നാട്ടുകാരും അതേ വേദനയിലാണ്. അതുപോലെ തുടര്‍ച്ചയായ മൂന്നാംവട്ടവും ഇറ്റലിയുടെ ഞെട്ടിക്കുന്ന അസാന്നിധ്യവും ലോക ഫുട്‌ബോളില്‍ ഒരു ഭീമന്റെ പതനം തന്നെയാണ്.
ഏറ്റവും സുന്ദരമായി ഫുട്‌ബോള്‍ കളിക്കുന്ന ബ്രസീല്‍, മെസ്സിയുടെ അര്‍ജന്റീന, ഫുട്‌ബോളിനെ ശാസ്‌ത്രീയ കളരിയാക്കി വിന്യസിപ്പിച്ച ജര്‍മനി, ടിക്കിടാക്കയുടെ പ്രഭാവമുള്ള സ്‌പെയിന്‍, പ്രതിഭകളുടെ ധാരാളിത്തമുള്ള ഇംഗ്ലണ്ട്, സംഘബലത്തിലും കാര്യശേഷിയിലും തലപ്പൊക്കമുള്ള ഫ്രാന്‍സ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, ബെല്‍ജിയം... ഈ ടീമുകളില്‍ ആര്‍ക്കെങ്കിലും ലോകകപ്പ് ലഭിക്കാമെന്നേ ഇപ്പോള്‍ പ്രവാചകര്‍ പറയുന്നുള്ളൂ. ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും നുകത്തിന്‍കീഴില്‍നിന്ന് ഈ കളിമേടിനെ തങ്ങളുടെ കൂടി ആധിപത്യ ഭൂമിയാക്കി മാറ്റാനുള്ള ആഫ്രിക്കയുടെയും ഏഷ്യയുടെയും ശ്രമങ്ങള്‍ക്ക് പുതിയ തൂവലുകള്‍ ചാര്‍ത്തിക്കിട്ടുമോ എന്നതും ലോകകപ്പ് 2026ന്റെ ചോദ്യമാണ്. ആഫ്രിക്കയില്‍നിന്ന് ഒരു രാജ്യം ലോകം ജയിക്കുന്ന ഒരുനാള്‍ വരുമെന്ന പ്രതീക്ഷ സജീവവുമാണ്. മൊറോക്കോയിലേക്കും സെനഗലിലേക്കും ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും ആ പ്രതീക്ഷയുടെ പ്രകാശകിരണങ്ങള്‍ പരക്കുന്നുണ്ട്.
ലോകകപ്പ് ഫൈനൽ നടക്കുന്ന അമേരിക്കയിലെ ന്യൂജെഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയം
യൂറോപ്പിന്റെ പഠിപ്പിച്ചുറപ്പിച്ച അടവുകളെയും യുക്തിഭദ്രതയെയും ചോദ്യം ചെയ്യുന്ന ഒരു രീതി ആഫ്രിക്കന്‍ കളിയിലുണ്ട്. ആ കൊടുങ്കാറ്റ് വീശാന്‍ മൊറോക്കോ ഉള്‍പ്പെടെയുള്ള കളിസംഘങ്ങള്‍ക്ക് കഴിയട്ടെ. അതുപോലെ ഏഷ്യയുടെ ഗാഥയാകാന്‍ ഇറാനും കൊറിയയും ജപ്പാനും ഈ ലോകവേദിയില്‍ മുന്നണിപ്പോരാളികളായുണ്ട്.
1966ല്‍ ഉത്തരകൊറിയയുടെ മൂന്ന് മിന്നല്‍ ഗോളുകളുടെ വിധിയെ പോര്‍ച്ചുഗലിന്റെ യൂസേബിയോ തന്റെ ഇടങ്കാലടികൾകൊണ്ടാണ് മറികടന്നത്. 1954-ല്‍ ഹംഗറി 7-‐1‐നാണ് ഇംഗ്ലണ്ടിനെ കശാപ്പുചെയ്‌തത്. അന്ന് പുഷ്‌കാസിന്റെ ഇടങ്കാലുകൊണ്ടുള്ള കൂറ്റന്‍ കിക്കുകള്‍ക്ക്, ഇതുപോലൊരു ഇടങ്കാലുണ്ടെങ്കില്‍ ഇയാള്‍ക്കെന്തിനാണ് വലംകാല്‍ എന്നാണ് ഇംഗ്ലണ്ടിന്റെ ബില്ലിറൈറ്റ് ചോദിച്ചത്. 1982ല്‍ ബ്രസീല്‍ പാവ്‌ലോ റോസിയുടെ ഹാട്രിക്കില്‍ ഇറ്റലിയോട് തോറ്റപ്പോഴും 1950ല്‍ അതേ രാജ്യത്തിന്റെ മുന്‍ഗാമികള്‍ യുറഗ്വായ്‌ക്ക് വഴിമാറിയപ്പോഴും 1986ലെ സ്വപ്‌നാടന മത്സരത്തില്‍ ഫ്രാന്‍സ് അവരെ കീഴടക്കിയപ്പോഴും ഇതേ കറുത്ത ഫലിതം ആവര്‍ത്തിക്കപ്പെട്ടു.
ആഹ്ലാദത്തിന്റെ ആര്‍പ്പുവിളികളും നൈരാശ്യത്തിന്റെ നെടുനിശ്വാസങ്ങളും ഓരോന്നായി പിന്നിട്ടാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ഏറ്റവും പുതിയ പതിപ്പിന് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ മാറില്‍, യുഎസിന്റെ, മെക്‌സിക്കോയുടെ, കാനഡയുടെ ഹൃദയത്തില്‍ കേളികൊട്ടുയരുന്നത്. ഒടുവില്‍ ആ ചോദ്യം വീണ്ടും ഉയരുന്നു‐ ആരായിരിക്കും ചാമ്പ്യന്മാര്‍? ആരുമാകാം. കളത്തിലെ യുദ്ധത്തിനുമാത്രമേ അതിന് ഉത്തരം നല്‍കാനാവൂ. ജൂലൈ 19ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ആ സുന്ദരമുഹൂര്‍ത്തത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരുന്നോളൂ...
ആ പന്തില്‍ തന്നെ കണ്ണുറപ്പിച്ചുകൊള്ളൂ... .









0 comments