ad
Deshabhimani

ഗിഫ്റ്റ് ഇറ്റ് ഫോർവേഡ് പദ്ധതി; 2.2 കോടി ദിർഹത്തിന്റെ പുനരുപയോഗവസ്തുക്കൾ വിതരണംചെയ്‌തു

gift it forward
വെബ് ഡെസ്ക്

Published on Jun 20, 2026, 01:11 PM | 1 min read

ദുബായ് : ദുബായ് ഹോൾഡിങ്ങിന്റെ "ഗിഫ്റ്റ് ഇറ്റ് ഫോർവേഡ്' മൂന്നാം പതിപ്പിലൂടെ 2.2 കോടി ദിർഹത്തിലധികം മൂല്യമുള്ള പുനരുപയോഗ സാധനങ്ങൾ യുഎഇയിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതായി അധികൃതർ. അഞ്ചുലക്ഷത്തിലധികം വസ്തുക്കൾ 23,000-ൽ അധികം പേർക്കാണ്‌ കൈമാറിയത്‌. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ വിതരണംചെയ്ത വസ്തുക്കളുടെ ആകെ മൂല്യത്തേക്കാൾ കൂടുതലാണിതെന്നും അധികൃതർ അറിയിച്ചു.


​​കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് വാർഷിക പദ്ധതി നടപ്പാക്കിയത്. ദുബായ് ഹോൾഡിങ്ങിനും 65-ൽ അധികം പങ്കാളി സ്ഥാപനങ്ങൾക്കും ലഭിച്ച അധികവസ്തുക്കൾ ശേഖരിച്ച് അവശ്യസാധനങ്ങളാക്കി കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കും മറ്റ് ഗുണഭോക്താക്കൾക്കും വിതരണം ചെയ്യുകയായിരുന്നു. ​"സീസൺ ഓഫ് വുൽഫ'യുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ വിതരണം സംഘടിപ്പിച്ചത്. പദ്ധതിയിലൂടെ 125 ടണ്ണിലധികം മാലിന്യങ്ങൾ ലാൻഡ്‌ഫില്ലുകളിലെത്തുന്നത് തടയാനായി. ഒപ്പം 62,000 കിലോയിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിച്ചു.


പുതിയ വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഗാർഹികോപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്. ​തൊഴിലാളികൾ, ഭിന്നശേഷിക്കാർ, അനാഥർ, വിദ്യാർഥികൾ, ടാക്സി ഡ്രൈവർമാർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. ​പദ്ധതി കൂട്ടായ പ്രവർത്തനത്തിന്റെ ശക്തമായ ഉദാഹരണമാണെന്ന് ദുബായ് ഹോൾഡിങ് ഗ്രൂപ്പ് ചീഫ് ഇംപാക്ട് ഓഫീസർ ഹുദ ബുഹുമൈദ് പറഞ്ഞു. 2024-ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 9.39 ലക്ഷത്തിലധികം വസ്തു വിതരണംചെയ്തു. 49,000-ൽ അധികം ഗുണഭോക്താക്കളിലെത്തുകയും ചെയ്‌തു. ദേശീയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പദ്ധതി സംഭാവന ചെയ്യുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.


​ഇത്തവണ എമിറേറ്റിലുടനീളമുള്ള 17 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച 35 പ്രത്യേക വിപണികളിലൂടെയാണ് സാധനങ്ങൾ വിതരണം ചെയ-്തത്. കുടുംബാംഗങ്ങൾക്കാവശ്യമായ വസ്തുക്കൾ സ്വയം തെരഞ്ഞെടുക്കാൻ ഗുണഭോക്താക്കൾക്ക് അവസരമൊരുക്കുന്ന രീതിയിലായിരുന്നു വിപണികൾ ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി ദുബായ് ഹോൾഡിങ്ങിലെയും പങ്കാളി സ്ഥാപനങ്ങളിലെയും 2000-ൽ അധികം ജീവനക്കാർ 19,000 മണിക്കൂറിലധികം സന്നദ്ധസേവനവും നടത്തി.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home