ചോദ്യപേപ്പർ ചോർച്ച: റദ്ദാക്കിയ നീറ്റ് യുജി പുനപരീക്ഷ നാളെ; കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യമൊട്ടാകെ വിവാദങ്ങൾക്ക് വഴിവെച്ച നീറ്റ് യുജി പുനപരീക്ഷ നാളെ (ജൂൺ 21, ഞായർ) നടക്കും. മേയ് 3-ന് നടന്ന പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കാനും പുനപരീക്ഷ നടത്താനും നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യവും ഉന്നയിച്ച് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനിയൊരു വീഴ്ചയും സുരക്ഷാ പിഴവും ഉണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാരും എൻടിഎയും അതീവ ജാഗ്രതയിലാണ്.
പരീക്ഷാ വിവരങ്ങളും ചോദ്യപേപ്പറുകളും ചോരുന്നത് തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഈ മാസം 22 വരെ ടെലിഗ്രാമിന് രാജ്യത്ത് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്നും നാളെയും അവധി നൽകുന്നത് കർശനമായി വിലക്കിക്കൊണ്ട് അധികൃതർ ഉത്തരവിറക്കി. പരീക്ഷാ ഡ്യൂട്ടികൾക്കും മറ്റ് സുരക്ഷാ മേൽനോട്ടങ്ങൾക്കും കൂടുതൽ ആളുകളെ ആവശ്യമായി വരുന്നതിനാലാണിത്.
അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഇനി മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ കോക്കറോച്ച് ജനത പാർട്ടി ഇന്ന് ദില്ലിയിൽ രണ്ടാംഘട്ട പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഈ മാസം 6-നായിരുന്നു സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം ദില്ലിയിൽ നടന്നത്. പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഉൾപ്പെടെയുള്ള പ്രമുഖർ ഇന്നത്തെ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കും.
തങ്ങളുടെ പ്രതിഷേധത്തിൽ പങ്കാളികളാകാൻ പ്രതിനിധികളെ അയക്കണമെന്ന് സിജെപി, എസ്എഫ്ഐ ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാർത്ഥി സംഘടനകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പാക്കാൻ രണ്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പറുകൾ എത്തിക്കുന്നത്. ബയോമെട്രിക് പരിശോധനയും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും കഴിഞ്ഞതിനു ശേഷമേ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.










0 comments