കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള ബജറ്റ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന്റെ ആമുഖ പ്രസംഗമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താനൊരു നെഹ്റൂവിയൻ സോഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന സതീശൻ, പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അവയുടെ സ്വത്തുക്കൾ സ്വകാര്യ കമ്പനികൾക്ക് നൽകാനുമാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്. ഇത് നെഹ്റുവിന്റെ ആശയങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. പദ്ധതിയൊക്കെയുണ്ട് പണമെവിടെ എന്ന ചോദ്യത്തിന് സ്വകാര്യവൽക്കരണത്തിലൂടെ പണം കണ്ടെത്തുമെന്നാണ് സതീശൻ പറയുന്നത്. സ്വകാര്യ മൂലധനത്തെ ആശ്രയിക്കാതെ കേരളത്തെ മുന്നോട്ട് നയിക്കാനാവുമോ എന്ന ചോദ്യത്തിന് പിന്നിൽ കേരളത്തെയാകെ വിൽക്കാനുള്ള താല്പര്യമാണുള്ളത്. ചാർട്ടേഡ് ഫ്ലൈറ്റിൽ സതീശൻ എന്തിനാണ് മംഗലാപുരത്തേക്ക് പോയതെന്ന് ഇപ്പോൾ വ്യക്തമായി. അദാനിക്ക് വേണ്ടിയാണ് ഈ യാത്രകളെല്ലാം. അദാനിയാണ് ഇവരുടെ പ്രധാന സ്രോതസ്സ്.
കേരളത്തിന്റെ ധാതുസമ്പത്ത് ബോധപൂർവ്വം കോർപ്പറേറ്റുകൾക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ദക്ഷിണ കേരളത്തെ, പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഓരോ ഭാഗങ്ങളായി തിരിച്ച് വിവിധ പേരുകളിലാണ് വിൽക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമാണ് 'വിഷൻ സമുദ്ര'. കഴിഞ്ഞ 10 കൊല്ലമായി പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം നടത്തിവന്ന അപൂർവ്വ ധാതുക്കളുടെ (Rare Earth) ഖനനം ഇനി സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനൊപ്പം ലാൻഡ് ബാങ്ക് രൂപീകരിച്ച് കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാനും ശ്രമം നടക്കുന്നു.
1969 ഒക്ടോബർ 14-ന് പാസാക്കിയ കാർഷിക ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ തുടർച്ചയായി കർഷകർക്കും പാവപ്പെട്ടവർക്കും ലക്ഷക്കണക്കിന് ഭൂമിരഹിതരായ എസ്‌സി-എസ്ടി വിഭാഗക്കാർക്കും മിച്ചഭൂമി നൽകിയ വലിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഇന്നിപ്പോൾ നമ്മുടെ ഭൂമിയെല്ലാം കോർപ്പറേറ്റുകൾക്ക് നൽകാനാണ് സതീശൻ ശ്രമിക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് ഉൾപ്പെടെ വിൽക്കുന്നതിനെക്കുറിച്ചാണ് അവർ ആലോചിക്കുന്നത്. നേരത്തെ ധവളപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനാണ് ബജറ്റിലൂടെ സതീശൻ ശ്രമിക്കുന്നത്. പദ്ധതികളെല്ലാം വെറും കടലാസിൽ മാത്രമൊതുങ്ങുന്നതാണ് ഈ ബജറ്റിന്റെ ആകെച്ചുരുക്കം. തുടങ്ങുമെന്ന് പറഞ്ഞ് പറ്റിച്ച് പദ്ധതികൾക്ക് കല്ലിടുമെന്നല്ലാതെ ഒന്നും പൂർത്തിയാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇത്തരത്തിൽ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക-വികസന പ്രതിസന്ധി നേരിടുമ്പോൾ തന്നെയാണ് മറുവശത്ത് ആരോഗ്യവകുപ്പിൽ കസേരകളി നടക്കുന്നത്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും വകുപ്പ് മേധാവികളുടെ തർക്കം മൂലം ഡി എച്ച് എസിന്റെ നിർണായക അവലോകന യോഗം പോലും മുടങ്ങി. ഇത് കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത്രയും ഗുരുതരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നതിന്റെ തെളിവാണിത്.
ഡിഎച്ച്എസ് ഡയറക്ടറായിരുന്ന ഡോ കെ ജെ റീനയെ സർക്കാർ സ്വാർത്ഥതാല്പര്യം മുൻനിർത്തി സ്ഥലം മാറ്റുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ അവർ ട്രിബ്യൂണലിൽ പോയി അനുകൂല ഉത്തരവ് വാങ്ങി ഓഫീസിൽ തിരിച്ചെത്തിയപ്പോൾ, സർക്കാർ താല്കാലികമായി നിയമിച്ച ഡോ. മീനാക്ഷി കസേരയൊഴിയാൻ കൂട്ടാക്കാതെ അവിടെത്തന്നെ തുടരുകയാണ്. ഇത്തരമൊരു അടിയന്തിര ഘട്ടത്തിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു വ്യക്തതയുമില്ല. പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.










0 comments