പ്രതിരോധ ചെലവ് കൂട്ടിയില്ലെങ്കിൽ ഫണ്ട് വെട്ടിക്കുറയ്ക്കും; നാറ്റോയ്ക്ക് വീണ്ടും യുഎസ് ഭീഷണി

ബ്രസ്സൽസ്: ഇറാൻ യുദ്ധത്തിലേറ്റ തിരിച്ചടിക്ക് പിറകെ നാറ്റോ സഖ്യത്തിനെതിരെ വീണ്ടും അമേരിക്കൻ ഭീഷണി. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ പ്രത്യേക പരിശോധന നടത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പ്രഖ്യാപിച്ചു.
പ്രസ്താവനയ്ക്ക് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷാ മുൻഗണനകൾ അടിയന്തരമായി വിലയിരുത്താൻ ആരംഭിച്ചതായി വാര്‍ത്തകൾ പുറത്തു വന്നു. പ്രതിരോധ ഫണ്ട് വര്‍ധിപ്പിക്കാനാണ് മുഖ്യ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇറാൻ യുദ്ധത്തിൽ നാറ്റോ രാജ്യങ്ങൾ പൂര്‍ണ സൈനിക സഹായം നൽകാത്തതിൽ നേരത്തെ പ്രസിഡന്റ് ഡൊൺൾഡ് ട്രംപ് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നാറ്റോ വെറുമൊരു "പേപ്പർ ടൈഗർ" ആണെന്ന് ഹെഗ്‌സെത് വിശേഷിപ്പിച്ചു. ഇറാനെതിരായ ആക്രമണങ്ങൾക്ക് യൂറോപ്പിലെ സൈനിക താവളങ്ങൾ വിട്ടുനൽകാൻ വിസമ്മതിച്ച സഖ്യകക്ഷികളുടെ നിലപാട് ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ നയം എന്നിവയിലാണ് യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സ്വന്തം സംരക്ഷിച്ചു കൊള്ളണമെന്നും മുന്നറിയിപ്പ്
യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക പങ്കാളിത്തം വിലയിരുത്താൻ പെന്റഗൺ ആറുമാസത്തെ സമയപരിധിയാണ് നൽകിയിരിക്കുന്നത്. യൂറോപ്പിൽ അമേരിക്കൻ സൈന്യത്തെ നിലനിർത്തുന്നതും നാറ്റോയിലെ അമേരിക്കൻ നിക്ഷേപങ്ങളും ഇനിമുതൽ യൂറോപ്യൻ രാജ്യങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും എന്നും മുന്നറിയിപ്പ് നൽകി. പ്രതിരോധ കാര്യങ്ങളിൽ കൃത്യമായ അടിയന്തര സ്വഭാവം കാണിക്കാത്ത രാജ്യങ്ങൾക്കായി നൽകുന്ന ഫണ്ട് അമേരിക്ക വെട്ടിക്കുറയ്ക്കും. ചില രാജ്യങ്ങൾ ഈ പരിശോധനയിൽ പരാജയപ്പെടുമെന്നും മറ്റുള്ളവർ മികച്ച വിജയം നേടുമെന്നും പറഞ്ഞ ഹെഗ്‌സെത്, യൂറോപ്പിന്റെ സംരക്ഷണ ചുമതല യൂറോപ്യൻ രാജ്യങ്ങൾ തന്നെ പ്രാഥമികമായി ഏറ്റെടുക്കണമെന്നും വ്യക്തമാക്കി.
ആശങ്കയോടെ പ്രതിരോധ വിദഗ്ദ്ധർ
അമേരിക്കയുടെ ഈ പുതിയ നിലപാടിനെതിരെ ശക്തമായ വിമർശനവും ഉയരുന്നു. അമേരിക്കയുടെ ഈ "സംരക്ഷണ മാഫിയ" ശൈലി നാറ്റോയുടെ ഐക്യത്തെ തകർക്കുമെന്നും, സുരക്ഷാ വാഗ്ദാനങ്ങൾക്ക് ഒരു വിലപേശൽ സ്വഭാവം നൽകുന്നത് ശത്രുക്കൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ റേച്ചൽ എല്ലെഹൂസ് മുന്നറിയിപ്പ് നൽകി.









0 comments