കഥ
നീലവെളിച്ചം

ഒന്ന്
മഴയ്ക്കു മുന്നേ ഇറങ്ങിയോടിയ കാറ്റ്, ഒളിക്കാനൊരിടം തേടി അവിടാകമാനം വെപ്രാളത്തോടെ തിരഞ്ഞു. കാട്ടിലെ കുള്ളൻ മരങ്ങളുടെ നടുക്കായി തലയുയർത്തിനിന്ന മയിലാടിപ്പാറ, കാറ്റഴിച്ചിട്ടുപോയ തണുപ്പിൽ ഒന്നു വിറച്ചു. മാസങ്ങളായി നനവറിയാത്ത മേലുടലിൽനിന്നും പകൽവെളിച്ചത്തിന്റെ ശേഷിപ്പുകൾ ചെറിയ പുകച്ചുരുളുകളായി ഉയർന്നുപൊങ്ങി.
നീണ്ടു കൂർത്ത നാല് വിരലുകൾ പാറപ്പുറത്തുറപ്പിച്ച് അവൻ കാടിന്റെ ഇരുട്ടിൽ തലയുയർത്തി. കാറ്റും മരങ്ങളും കൊമ്പുകോർക്കുന്ന കാഹളത്തിന് കാതുകൂർപ്പിച്ചപ്പോൾ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നതുപോലെ. ഉള്ളിലുദിച്ച വിറയലിൽ ശരീരം കെട്ടുപൊട്ടിക്കുന്നു. വിടർന്നുദിക്കാനുള്ള വ്യഗ്രത…
ആദ്യത്തെ തുള്ളി നീണ്ട കഴുത്തിൽ തൊട്ടപ്പോൾ ദേഹമാസകലം തരിച്ചു. ചിറകുകൾ ഇരുവശങ്ങളിലേക്കുമായി വിടർന്ന്, പതിയേ ഉയർന്ന്, തലയ്‌ക്കുമുകളിൽ ഒന്നായി മാറുന്നു. അനുവാദത്തിന് കാത്തുനിൽക്കാതെ കാലുകളിളകാൻ തുടങ്ങി. ഇടത്തോട്ട്, വലത്തോട്ട്, മുന്നോട്ട്, പിന്നോട്ട്, വീണ്ടും ഇടത്തോട്ട്… ശരീരത്തിന്റെ പിറകിലേക്കു നീളുന്ന ചിറകുകൾ ഇടയ്‌ക്ക് പാറപ്പുറത്തിട്ടുരച്ച് അവൻ ഉയർന്നുപൊങ്ങി. ചിറകിലൊളിച്ച നൂറോളം കണ്ണുകൾ അപ്പോൾ വിടർന്ന്, മേഘങ്ങളെ മല്ലിട്ടിരുന്ന ചന്ദ്രനെ നോക്കി കണ്ണിറുക്കി. തിരിച്ചിറങ്ങുമ്പോഴേക്കും, അതിനോടകം മഴയിൽ കുതിർന്ന് കറുപ്പ് കല്ലിച്ച പാറപ്പുറത്തു വന്നു നിന്ന്, ചിറകുകൾ വിടർത്തി അവൾ അവനെ നോക്കി നാവിട്ടിളക്കി. ആകാശത്തിന്റെ കൈരേഖകൾ വരച്ചിട്ട മിന്നൽപ്പിണർ തൊട്ടെന്നപോലെ, അവരിരുവരും ചിറകുകൾ വിറപ്പിച്ച്, തലകുനിച്ച് മുന്നോട്ടും പിന്നോട്ടും ഒരേ താളത്തിൽ നീങ്ങി. അപ്പോഴുയർന്ന വെള്ളിടിക്കൊപ്പംവന്ന കാറ്റിൽ കൊരുക്കിട്ട ഇരുവരും, വാ തുറന്ന് നാവു പുറത്തേക്കിട്ട്, മഴയുടെ മധുരം നുണഞ്ഞ് മുകളിലേക്ക് മുകളിലേക്ക് ഉയർന്നുപൊങ്ങി.
ചിത്രീകരണം: സുനിൽ അശോകപുരം
രണ്ട്
കുഞ്ഞുമോൻ ആദ്യം എയർഗണ്ണിനെ ആകമൊത്തം വിരലുകൾ കൊണ്ടൊന്നുഴിഞ്ഞു. എന്നിട്ട് കഷ്ടപ്പെട്ട് പൊക്കി തന്റെ ഉയരത്തിന്റെ പകുതിയോളമെത്തിച്ചു. മുട്ടുയർത്തി മടക്കി അതിൽ താങ്ങിവച്ച്, വീണ്ടും ഉയർത്തി, അതിന്റെ അടിഭാഗം കക്ഷത്തിനിടയിലിറുക്കി, രണ്ട് കൈകൊണ്ടും മിനുസമുള്ള കുഴൽഭാഗം താങ്ങിനിന്നു. ഇനി ഏത് കൈകൊണ്ട് കാഞ്ചി വലിക്കും?
“എങ്ങനാ രജി മാമാ ഇതെടുത്ത് പട്ടാളക്കാര് ഓടണേ, എന്നാ വെയിറ്റാ.”
“അതാണ് മോനേ കുഞ്ഞുമോനേ ഞങ്ങള് പട്ടാളക്കാര്ടെ പവറ്. നീയീ രജി മാമന്റെ കക്ഷോം കൈയും കണ്ടില്ലേ, തോക്ക് താങ്ങി താങ്ങി ഉണ്ടായ തഴമ്പാ.”
കൈലി മാത്രമുടുത്തിരുന്ന രജി വലതുകക്ഷത്തിനും വയറിനുമിടയിലുള്ള കറുകറുത്തൊരു തഴമ്പ് പൊക്കിക്കാണിച്ചപ്പോൾ, അതൊരു കുരുവില്ലാത്ത കറുത്ത മുന്തിരിപോലെ മുഴച്ചുനിന്നു. കുഞ്ഞുമോന്റെ കൈയിൽനിന്നും എയർഗൺ വാങ്ങി രജി നിലത്തു കുത്തിനിർത്തി. കുഞ്ഞുമോന്റെ നെഞ്ചോളമുണ്ടായിരുന്നു അത്.
“കുഞ്ഞുമോനേ ഇതാണേ ചെറുത്, എയർ പിസ്റ്റൾ. ഷെല്ലിട്ട് അടിക്കണ സാധനം. ഇതിന്റെ എരട്ടി കനമുണ്ട് ഒറിജിനലിന്. ഞാനിതിപ്പൊ വേണേ വിരലിൽ തൂക്കി പൊട്ടിക്കും. പന്നീം കൊരങ്ങനുമൊന്നും രജി മാമന്റെ തൊടീല് തൊടില്ല. തൊട്ടാ...”
രജി ഒരു രഹസ്യം കണക്കേ ശബ്ദം താഴ്‌ത്തി കുഞ്ഞുമോനോട് പറഞ്ഞു.
“സാധാ പെല്ലറ്റൊന്നും അല്ല കുഞ്ഞുമോനേ, ഞാനൊരു സ്‌പെഷ്യൽ സാധനാ ഇട്ടടിക്കുവാ. ഇവടെ കിട്ടുന്ന ലോക്കല് കേറിയാ കാട്ടുപന്നീടെ കുണ്ടീല് ഒരിക്കിളി, അത്രേ ഉള്ളൂ. ശിവകാശീന്നിറക്കുന്ന ഈ സാധനമിട്ടടിച്ചാ അവന്റെ കുണ്ടി തുളഞ്ഞ് തീട്ടം പുറത്തെത്തും.”
രജിയുടെ ഉള്ളംകൈയിലിരുന്ന് തിളങ്ങുന്ന കൂർത്ത ലോഹക്കഷ്‌ണം കണ്ട് കുഞ്ഞുമോന്റെ കണ്ണുകൾ ഉരുണ്ടു. ചാച്ചൻ വയസ്സ് തൊണ്ണൂറ് കഴിഞ്ഞിട്ടും വയ്യാത്ത കാലുംവച്ച് എല്ലാ സ്വാതന്ത്ര്യദിനത്തിലും ടിവിയുടെ മുന്നിൽ വന്നിരിക്കാറുണ്ട്. അന്ന് കാണുന്ന സിനിമയിലെ പട്ടാളക്കാരൻ, വരണ്ടുണങ്ങിയ യുദ്ധഭുമിയിലൂടെ തോക്കുമേന്തി പൊടിപറപ്പിച്ച് ഓടുന്നതോർത്ത് കുഞ്ഞുമോൻ രജിയുടെ കൈ മുറുകെപ്പിടിച്ചു ചോദിച്ചു.
“ഒരു തവണ ഞാനൊന്ന് പൊട്ടിക്കട്ടെ?”
രജി കുഞ്ഞുമോനെ തുറിച്ചുനോക്കി. കുഞ്ഞുമോൻ തിരിച്ചും നോക്കി.
ചുറ്റിലും ആരുമില്ലെന്നുറപ്പുവരുത്തി രജി ശബ്ദം താഴ്‌ത്തി പറഞ്ഞു.
“ഒരൊറ്റത്തവണ.”
കുഞ്ഞുമോനെ അവിടെ നിർത്തി രജി സ്വന്തം ചേട്ടനായ കുഞ്ഞാച്ചന്റെ തൊട്ടടുത്ത തൊടിയിലേക്കു നടന്നു. കോഴിക്കൂടിൽനിന്നും കുറച്ചുമാറി കരിങ്കല്ലുകൊണ്ട് കെട്ടിയ കിണറിന്റെ ഇരുമ്പുതൊട്ടി കൈയിലെടുത്തു. വെള്ളം കിണറിനരികിലിട്ട കല്ലിലൊഴിച്ച് കാലുരച്ചു. എന്നിട്ടും തൊട്ടിയിൽ ബാക്കിയായ വെള്ളം തിരികെ കിണറിലൊഴിച്ച് തൊട്ടി കയറോടെ പൊക്കിയെടുത്ത് തിരികെ നടന്നു. കുഞ്ഞുമോനെ നോക്കി കണ്ണിറുക്കി തൊട്ടി അലക്കുകല്ലിന്റെ മുകളിൽ കമഴ്‌ത്തിവച്ച് എയർഗണ്ണെടുത്ത് കുഞ്ഞുമോന്റെ കൈയിൽ വെച്ചുകൊടുത്തു. ഭാരം താങ്ങാൻ വയ്യാതെ ഒന്നാടിയെങ്കിലും കുഞ്ഞുമോൻ പെട്ടെന്നുതന്നെ എയർഗൺ താങ്ങി അനങ്ങാതെ നിന്നു.
“ഇതില് ഞാനൊരു സാധാ പെല്ലറ്റിട്ടുതരും. ശിവകാശി സാധനല്ല, വെറും സാധാ. നോക്കട്ടെ നിന്റെ കപ്പാസിറ്റി. ദേ, ആ തൊട്ടി.”
രജി കുഞ്ഞുമോന്റെ കൈയിൽനിന്നും എയർഗൺ വാങ്ങി ഇടതുകൈകൊണ്ടുയർത്തി ശക്തിയായി നിലത്തുകുത്തി. വലതുകൈകൊണ്ട് കുഴലിന്റെ അറ്റത്തുപിടിച്ച് കുഞ്ഞുമോനെ നോക്കി ചുണ്ട് ഇടത്തോട്ടുചരിച്ച് ഒന്നു ചിരിച്ചു. എന്നിട്ട് വളരെ ആയാസകരമായൊരു ജോലി എളുപ്പത്തിൽ ചെയ്യുന്ന ഭാവത്തോടെ കുഴൽ വലത്തോട്ടൊടിച്ചു.
ചിത്രീകരണം: സുനിൽ അശോകപുരം
കുഞ്ഞുമോന്റെ ഉപ്പൂറ്റി ആവേശംകൊണ്ട് ഉയർന്നുപൊങ്ങിയപ്പോൾ കുഴലിന്റെ ഉള്ളിലെ ചെറിയ തുളയിൽ രജി ഒരു പെല്ലറ്റ് തിരുകിക്കയറ്റി. ശേഷം സിനിമയിലുണ്ടാക്കുന്ന അതേ ശബ്ദത്തോടെ കുഴൽ നേരെയാക്കി.
‘ക്ലച്ചും.’
ഇത്തവണ എയർഗണ്ണിന്റെ അടിഭാഗം എളുപ്പത്തിൽ കക്ഷത്തിലൊതുക്കിയ കുഞ്ഞുമോൻ ഇടതുകൈപ്പത്തികൊണ്ട് കുഴൽ താങ്ങി ഒരു കണ്ണിറുക്കിപ്പിടിച്ചു. വലതുചൂണ്ടുവിരൽ കാഞ്ചിയിൽ വെറുതേയൊന്നു വെച്ചതും കുഞ്ഞുമോനെയും രജിയേയും ഞെട്ടിച്ചുകൊണ്ട് ‘ഠേ’ ശബ്ദത്തിൽ പെല്ലറ്റ് പറന്നു. അലക്കുകല്ലിലെ ഇരുമ്പുതൊട്ടി അപ്പോളുയർന്ന ഒരു ചീവീടിന്റെ കരച്ചിലിനൊപ്പം അനങ്ങാതെ മൂകനായി നിന്നു. രജി കുഞ്ഞുമോനെ തറപ്പിച്ചൊന്നു നോക്കി. കിട്ടിയ അവസരം പാഴായ സങ്കടത്തിൽ കുഞ്ഞുമോൻ തൊട്ടിയെയും രജിയെയും മാറി മാറി നോക്കി.
“തൊട്ടിയുടെ സൈഡിൽ കൊണ്ടെന്നാ തോന്നുന്നേ.”
കുഞ്ഞുമോൻ ശബ്ദം താഴ്‌ത്തി പറഞ്ഞു. തൊട്ടടുത്ത പറമ്പിൽ റബറിനു വളമിടുകയായിരുന്ന കുഞ്ഞാച്ചനപ്പോൾ, റബറിന്റെ മുകൾഭാഗത്തെവിടെയോ പെല്ലറ്റു പതിച്ച ശബ്ദം കേട്ട് ആദ്യം ചുറ്റിലും പിന്നെ മുകളിലേക്കും നോക്കി. ഇണചേരുകയായിരുന്ന രണ്ട് തുമ്പികൾ പെല്ലറ്റുവന്ന് റബറിൽ മുത്തിയ ശബ്ദത്തിൽ ഞെട്ടിപ്പിരിഞ്ഞ് എങ്ങോട്ടോ പറന്നു. കുറച്ചുനിമിഷങ്ങൾക്കകം വെളുത്തുകൊഴുത്ത റബർപാൽ കിനിഞ്ഞിറങ്ങി അപ്പോഴും റബറിന്റെ അടിയിൽ നിൽക്കുകയായിരുന്ന കുഞ്ഞാച്ചന്റെ കൈയിലേക്കിറ്റു വീണു.
“എടാ രജിയേ...” കുഞ്ഞാച്ചൻ നീട്ടിവിളിച്ചു.
“ഞാൻ നിങ്ങടെ ചെക്കന് പട്ടാളത്തീക്കേറാൻ പാങ്ങുണ്ടോന്ന് നോക്കുവാര്ന്നു. ചെക്കൻ പോരാട്ടോ, എവൻ പാകിസ്ഥാനിലേക്ക് വെടിവെച്ചാ കൊള്ളണത് ബംഗ്ലാദേശിലാവും.”
കൈയിലിറ്റുവീണ റബർപാൽ, റബറിൽ തൂക്കിയിട്ട ചിരട്ടയുടെ വക്കിലേക്കു തുടച്ച് കുഞ്ഞാച്ചൻ ചിരിച്ചു.
“ആർക്ക് കൊണ്ടാലും ചാവണത് മനുഷ്യനെന്നല്ലേ രജീ. നീയീ കൊച്ചുങ്ങക്ക് തോക്കും മറ്റും പിടിപ്പിച്ച് കളിപ്പിക്കല്ലേട്ടോ. അതിങ്ങളൊക്കെ അല്ലാണ്ടേ വഴിതെറ്റിക്കോളും, നമ്മളായിട്ടെന്തിനാ.”
വരിവരിയായി നിൽക്കുന്ന റബറുകൾക്കിടയിലൂടെ പെട്ടെന്ന് എന്തോ ഒന്ന് ശരവേഗത്തിൽ പറന്നുപോയി. നിമിഷനേരത്തേക്ക് കണ്ണിൽവിരിഞ്ഞ മഴവില്ലഴകിനൊപ്പം രജിയും കുഞ്ഞാച്ചനും ഒരുമിച്ചു പറഞ്ഞു. “മയിൽ!”
“കുഞ്ഞുമോൻ വെടിപൊട്ടിച്ചിട്ട് പത്ത് മിനിറ്റ് കഴിഞ്ഞല്ലോ കുഞ്ഞാച്ചാ. ഇനി അതിന് ചെവിക്ക് വല്ല കേടും ഉണ്ടായിരുന്നോ?”
കടുംമഞ്ഞനിറമുള്ള രണ്ട് മുട്ടകൾക്കു ചുറ്റുംനിന്ന് രജി കുഞ്ഞാച്ചനോടു പറഞ്ഞു.
“പേടിച്ച് ഇത്ങ്ങളേയും ഇറുക്കി പുല്ലിന്റിടേൽ ഇര്ന്നതാവും. നമ്മടെ ഒച്ചേം കൂടി കേട്ടപ്പൊ ആയിരിക്കും പറന്നുപോയത്.”
കുറച്ചുനേരത്തേക്ക് മുട്ടകളെ അവിടെത്തന്നെ വെക്കാമെന്ന തീരുമാനത്തിൽ രജിയും കുഞ്ഞാച്ചനും തിരിച്ചുപോയി. സന്ധ്യക്ക് കുളിയും ചെറിയൊരു മിലിട്ടറി പിടിപ്പീരും കഴിഞ്ഞ് രജി കോലായിലിരുന്ന് അപ്പുറത്തേക്ക് വിളിച്ചു ചോദിച്ചു.
“കുഞ്ഞാച്ചോ, പോയി നോക്കിയാര്ന്നോ?”
“സാധനം അവടെത്തന്നുണ്ട് രജിയേ. അവള് പിന്നെ വന്നിട്ടില്ലാന്ന് തോന്നുന്നു. ഇനീപ്പോ എത്രാന്ന് വെച്ചാ കാക്ക്വ. രാത്രി മുഴുവൻ അവിടെയിട്ടാ പാമ്പെടുത്ത് ബുൾസൈ അടിക്കും. പറമ്പിലാണേൽ മുഴുവൻ മാളാ.”
കുഞ്ഞാച്ചനും രജിയും കൂടി ടോർച്ചെടുത്ത് പറമ്പിലേക്കിറങ്ങി. വളരെ സൂക്ഷിച്ച് ഒരു മുട്ടയെടുത്ത് കുഞ്ഞാച്ചൻ രജിയെ നോക്കി.
“ഒന്ന് നീയെട്.”
രജി ചെറിയൊരു പരിഭ്രമത്തോടെ അടുത്ത മുട്ട കൈയിലെടുത്തു. കൂട്ടിലെ കോഴിയോട് ചോദിക്കാതെത്തന്നെ മുട്ടയെടുത്ത് കോഴിക്കൂടിനകത്തെ വൈക്കോൽ മെത്തയിലേക്കുവെച്ചു. നാളെയെങ്ങാൻ തള്ളമയിലിന്റെ കരച്ചിൽ എവിടുന്നേലും കേട്ടാൽ വിളിക്കണമെന്ന് രജിയോട് ചട്ടംകെട്ടി കുഞ്ഞാച്ചൻ കൈകാൽ കഴുകി അകത്തേക്കു കയറി.
അടുത്ത ദിവസം രാവിലെ കൂട്ടത്തിലെ വലിയൊരു പെടയെ പിടിച്ചുനിർത്തി കുഞ്ഞാച്ചൻ പറഞ്ഞു.
“അവള് വരുവായിരിക്കും. വരുന്നത് വരെ ചൂടില്ലാണ്ട് എന്തേലും പറ്റിയാലോ. അതിന്റെ രീതീം കണക്കുമൊന്നും എനിക്കറിയാൻ മേല. നീ ഒന്ന് സഹകരിക്കണം.”
കുടുംബത്തിൽ പിറന്ന ഒരു സ്ത്രീയും സമ്മതിക്കാത്ത സഹകരണം തന്നോടാവശ്യപ്പെട്ട ദേഷ്യത്തിൽ പെടയൊന്നു കുറുകി. ശേഷം കണ്ണുകുറുക്കി, പപ്പും പൂടയും കുലുക്കി, സമ്മതമല്ല എന്ന മട്ടിൽ തലയും താഴ്‌ത്തി എന്തോ കൊത്തിപ്പെറുക്കിക്കൊണ്ടിരുന്നു. സമ്മതമല്ലെന്നറിഞ്ഞിട്ടും, തലതാഴ്‌ത്തുന്നതെല്ലാം സമ്മതമാണെന്നെടുക്കുന്ന പഴക്കം മുറ്റിയ മാനുഷിക ചേതനയിൽ, കുഞ്ഞാച്ചനും അതുതന്നെ ചെയ്‌തു. അതോടെ കോഴിക്കൂടിനുള്ളിൽ രണ്ട് മയിൽ മുട്ടകൾ തൊട്ടുരുമ്മി ചൂടേറ്റു കിടന്നു.
അന്നേക്ക് കൃത്യം ഇരുപത്തിയൊന്നാം ദിവസം കോഴിമുട്ടകളെല്ലാം വിരിഞ്ഞ്, ചെവിക്കിമ്പമുണ്ടാക്കുന്ന മൃദുശബ്ദങ്ങളുമായി കുഞ്ഞുങ്ങളെല്ലാം കൂട്ടിനുള്ളിൽ കറങ്ങാൻ തുടങ്ങി. നാളിതുവരെയായിട്ടും മയിലിന്റെ ഒരു കരച്ചിൽ പോലും ഇല്ലാത്തതിനാൽ കുഞ്ഞാച്ചൻ കോഴിയോട് പിന്നയതിനെപ്പറ്റി ചോദിക്കാനും പറയാനും പോയില്ല. രജി വന്ന് മുട്ടകളുടെ കാര്യം ചോദിച്ചപ്പോൾ കുഞ്ഞാച്ചൻ രജിയെ അൽപ്പദൂരം മാറ്റിനിർത്തി ശബ്ദം താഴ്‌ത്തി പറഞ്ഞു.
“രജിയേ, അവളത് മറന്ന മട്ടാ, നമ്മളായിട്ട് ഓർമിപ്പിക്കണ്ടാ. ചാവാനും തിന്നാനും വേണ്ടി ജീവിക്കണ ഓഞ്ഞ വിത്തല്ല അവള്. ഇവ്ടെ ഒരെലയനങ്ങിയാൽ അവളറിയും. അതോണ്ട് നീയായിട്ടെനി അറിയിക്കണ്ട. ഓൾറെഡി ഒരു ഡൗട്ടുണ്ടവൾക്ക്. ഇന്നലെ രാവിലെ ഞാൻ കൂട് തുറക്കാൻ വന്നപ്പോഴേ, അവളീ രണ്ട് മുട്ടയിലും ഇങ്ങനെ മുഖം മുട്ടിച്ച് നോക്കുവാ. മൂന്നാഴ്‌ച കഴിഞ്ഞില്ലേ, എന്താ വിരിയാത്തേന്ന് നോക്കുവാവും. കുറച്ച്നേരം ചുറ്റും നടന്ന് അടിവയറ്റിലെ പൂടയൊക്കെ ഒന്ന് കുലുക്കി അവളതിന്റെ മോളിൽ കേറി കനത്തിലൊരു ഇരിപ്പ്. ഞാൻ വിചാരിച്ച് അതോടെ തീർന്നെന്ന്. എന്നിട്ട് സന്ന്യാസിമാരൊക്കെ ഇരിക്കണപോലെ കഴുത്തുമുയർത്തി കണ്ണുമടച്ച് ഒറ്റ ഇരിപ്പാ. ഇതെനി വിരിയില്ലേ രജീ?”
“വിരിയും വിരിയും… ഒരു… പത്ത് ദിവസം കൂടി.”
കൈവിരൽ മടക്കിക്കൊണ്ട് രജിയത് പറഞ്ഞപ്പോഴേക്കും കുഞ്ഞുമോന്റെ അനിയൻ വാസൂട്ടൻ കുഞ്ഞാച്ചനെ വന്നു വിളിച്ചു.
“അപ്പോയ്, ദേ കൂട്ടിനാത്ത് വേറെ കളറിൽ രണ്ട് സാധനം.”
കുഞ്ഞാച്ചനും രജിയും കണ്ണു വിടർത്തി പരസ്‌പരം നോക്കി. കൂടിനടുത്തെത്തിയപ്പോഴേക്കും കൂടിനു ചുറ്റും നിന്ന് കുഞ്ഞാച്ചന്റെ ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ ഒരേയൊരു ആടും അകത്തേക്കെത്തിനോക്കുകയായിരുന്നു. കുറച്ചപ്പുറത്തായുള്ള തൊഴുത്തിൽ പശു മാത്രം ഈ കോലാഹലങ്ങളൊന്നും ഗൗനിക്കാതെ പുല്ല് ചവച്ചുകൊണ്ടിരുന്നു.
“ഇനി നല്ല ചേലായി. ഫോറസ്റ്റുകാരറിഞ്ഞാ വകുപ്പ് വേറയാട്ടോ രജീ.”
ഏലിയാമ്മയോട് രജി ഞാനെന്തുചെയ്‌തെന്ന ഭാവത്തിൽ കൈമലർത്തിയപ്പോൾ കുഞ്ഞാച്ചൻ ഒരു മയിൽക്കുഞ്ഞിനെയെടുത്ത് കൈവെള്ളയിൽ വെച്ചു.
ഒറ്റനോട്ടത്തിൽ ഒരു കോഴിക്കുഞ്ഞ് തന്നെ. കുറച്ചൊരു വണ്ണക്കൂടുതൽ മാത്രം. ചെമ്പൻ നിറത്തിലുള്ള കുഞ്ഞുതൂവലുകൾക്കിടയിലൂടെ അങ്ങിങ്ങായി വെളുത്ത വരകൾ പായുന്നു. കറുത്തിരുണ്ട കൃഷ്‌ണമണികളിൽ എവിടെയോ ഒളിച്ചിരിക്കുന്ന നീലവില്ലുകൾ. തലയിൽ ത്രികോണാകൃതിയിൽ ചെറിയൊരു കുഞ്ഞുകിരീടം. നീണ്ട കാലുകൾ. നാല് വിരലുകളിൽ മൂന്നെണ്ണം മുന്നിലോട്ടും ഒന്ന് പിറകിലോട്ടും. കുഞ്ഞുമോൻ വന്ന് കൂട്ടിലേക്കെത്തി നോക്കി താൽപ്പര്യമില്ലാത്തതുപോലെ മുഖം കോടിച്ച്, കൈയിലുള്ള മടൽബാറ്റും വീശി എങ്ങോട്ടോ കളിക്കാൻ പോയി. വാസൂട്ടൻ ഒന്നിനെയെടുത്ത് കൈയിൽവച്ച് ലാളിച്ചുകൊണ്ടിരുന്നു. ഏലിയാമ്മയേയും വലിച്ചുകൊണ്ട് ആട് തലകുലുക്കി മുൻകാലുകളുയർത്തി ചാടിച്ചാടി പറമ്പിലേക്കോടി.
എല്ലാം കണ്ടുകൊണ്ട് കുഞ്ഞാച്ചന്റെയും രജിയുടെയും അപ്പൻ ചാച്ചൻ, തന്റെ കട്ടിലിൽനിന്നെഴുന്നേറ്റ് ജനാലയ്‌ക്കുള്ളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
ആദ്യത്തെ ഒരാഴ്‌ച സംശയമൊന്നും തോന്നിയില്ലെങ്കിലും, പിന്നീടങ്ങോട്ട് തള്ളക്കോഴി ചെറിയൊരു സംശയദൃഷ്ടിയോടെ മയിൽക്കുഞ്ഞുങ്ങളെ നോക്കാൻ തുടങ്ങി. തീറ്റയെടുക്കാനുള്ള വേഗതക്കുറവായിരുന്നു പ്രധാന കാരണം. ഏലിയാമ്മ തീറ്റയെറിഞ്ഞ് തീറ്റ താഴെവീണൊന്നു തുള്ളുന്ന നിമിഷത്തിനുള്ളിൽ, കോഴിക്കുഞ്ഞുങ്ങളെല്ലാം മിന്നൽവേഗത്തിൽ അതു വായിലാക്കി ഒന്നും സംഭവിക്കാത്ത മട്ടിൽ താഴേക്കു നോക്കിനടന്നു. മയിൽക്കുഞ്ഞുങ്ങൾ മാത്രം ഒട്ടിയ വയറുമായി അപ്പോഴും വാ തുറന്നുനിന്നു. വേഗത്തിന്റെ കാര്യത്തിൽ കോഴിക്കുഞ്ഞുങ്ങളോട് ദശാബ്ദങ്ങൾ പിറകിലുള്ള മയിൽക്കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥയിൽ കാരുണ്യം തോന്നി, ഏലിയാമ്മ ഇടയ്‌ക്ക് അവരുടെയടുത്തുപോയി തീറ്റയിട്ടു കൊടുക്കാൻ തുടങ്ങി. അപ്പോഴും ഒന്നാലോചിച്ച്, ചുറ്റിലും നോക്കി, പതിയേ തീറ്റയെടുക്കുന്ന മയിൽക്കുഞ്ഞുങ്ങളുടെ തലയിൽ തടവി ഏലിയാമ്മ പറഞ്ഞു.
“വേഗം തിന്നാ നിങ്ങള് തിന്നും.”
അന്ന് രാത്രി തള്ളക്കോഴി കൂട്ടിൽക്കിടന്നുറങ്ങുന്ന മയിൽക്കുഞ്ഞിൽ ഒന്നിന്റെ ദേഹത്ത് പതിയേ കൊക്കുരസ്സിനോക്കി. കുഞ്ഞുതൂവലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അനേകായിരം കൺവിത്തുകൾ കാണാതെ കണ്ട്, തള്ളക്കോഴി രണ്ടടി പിറകോട്ടുവെച്ചു. ഒന്നുകൂടി അടുത്തേക്കുവന്ന് കഴുത്തൊന്നു കുലുക്കി തിരികെ നടക്കാനൊരുങ്ങിയ തള്ളക്കോഴിയുടെ അടിവയറ്റിൽ ഒരു മയിൽക്കുഞ്ഞ് ഒട്ടിയുരുമ്മി നിന്നു. എന്നിട്ട് പതിയെ കരഞ്ഞു.
കേട്ടുപരിചിതമല്ലാത്ത ശബ്ദം ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും, ഇനിയും ചോരയുണങ്ങാത്ത മാതൃഹൃദയം അപ്പോൾ മൃദുവായി കുറുകി. നാവിനടിയിലെപ്പോഴോ കുടുങ്ങിക്കിടന്ന തീറ്റ തുപ്പിപ്പുറത്തേക്കിട്ട് തള്ളക്കോഴി തലയുയർത്തിപ്പിടിച്ച് താഴേക്കു നോക്കി. കുറ്റാക്കൂരിരുട്ടിലും ഒറ്റക്കൊത്തിൽ തീറ്റ വായിലൊതുക്കിയ മയിൽക്കുഞ്ഞ് തള്ളക്കോഴിയുടെ പഞ്ഞിമെത്ത തോൽക്കുന്ന തൂവൽച്ചൂടിൽ മുഖമമർത്തിനിന്നു.

മൂന്ന്
ദീനം വന്ന് കഴുത്തനക്കാതെ മയിൽക്കുഞ്ഞുങ്ങളിലൊന്ന് ചത്തതിനേക്കാൾ കുഞ്ഞാച്ചനെ വിഷമിപ്പിച്ചത് പട്ടാപ്പകൽ തള്ളക്കോഴിയെ നാല് തെരുവുനായ്‌ക്കൾ ചേർന്ന് കടിച്ചുകീറിയപ്പോഴാണ്.
വൈകീട്ടുള്ള നനവും കഴിഞ്ഞ് അന്ന് കുറച്ചു വൈകിയാണ് കുഞ്ഞാച്ചൻ പറമ്പിൽനിന്നും കയറി കൂടടയ്‌ക്കാൻ പോയത്. പതിവിലും വിപരീതമായി കോഴിക്കുഞ്ഞുങ്ങൾ മുഴുവൻ കൂട്ടിനകത്ത് കയറിയിരുന്നതുകണ്ട് കുഞ്ഞാച്ചൻ ചുറ്റിലും നോക്കി. മയിൽക്കുഞ്ഞിനെ കാണാത്തതിലെന്തോ പന്തികേട് തോന്നിയാണ് കുഞ്ഞാച്ചൻ വീടിന്റെ മുൻഭാഗത്തേക്കു പോയത്. അപ്പോഴേക്കും നായ്‌ക്കളുടെ ഉമിനീരിൽ കുരുങ്ങി പിടയുന്ന തള്ളക്കോഴിയുടെ കരച്ചിൽ അവിടെ ഉയർന്നുപൊങ്ങി. കൈയിൽ കിട്ടിയ കല്ലെടുത്ത് എല്ലാത്തിനേയും എറിഞ്ഞോടിച്ചപ്പോഴേക്കും അവസാന വടംവലിയിൽ പകുത്തെടുത്ത ശരീരഭാഗങ്ങളുമായി നായ്‌ക്കൾ നാലും നാല് ദിക്കിലേക്കോടി. തള്ളക്കോഴിയുടെ കരച്ചിൽ, ചിതറിത്തെറിച്ച ചോരയ്‌ക്കും വെളുവെളുത്ത തൂവലുകൾക്കുമൊപ്പം അങ്ങിങ്ങായി ചിതറിക്കിടന്നു. പരിഭ്രാന്തിയോടെ ചുറ്റിലും നോക്കുന്ന കുഞ്ഞാച്ചനെ ഓടിട്ട വീടിന്റെ ഏറ്റവും മുകൾഭാഗത്തിരുന്ന് മയിൽക്കുഞ്ഞ് കാറിവിളിച്ചു. അതിനോടകം മുളച്ചുപൊന്തിയ മയിൽക്കുഞ്ഞിന്റെ തലയിലെ തെറിപ്പുകൾ, അസ്‌തമിച്ചു തുടങ്ങിയ ചെങ്കല്ലുസൂര്യന്റെ ചുവപ്പിനടുത്തായി നിരനിരയായി അണിനിരന്നു. മയിൽക്കുഞ്ഞ് വീണ്ടും ഉറക്കെ കരഞ്ഞു.
ഏലിയാമ്മയെയും കുഞ്ഞുമോനെയും വാസൂട്ടനെയും ചെവിടടച്ച് ചീത്തവിളിച്ച് കുഞ്ഞാച്ചൻ അത്താഴംപോലും കഴിക്കാതെ നേരത്തെ കിടന്നു. ഉറക്കത്തിലേക്കിറങ്ങുന്നതിനു മുന്നേ ഏലിയാമ്മ വന്നു പറഞ്ഞു.
“നിങ്ങളെ മുറിയിലേക്ക് വിളിക്കുന്നു.”
തൊണ്ണൂറുകൾ തളർത്തിയെങ്കിലും വാക്കറിൽ താങ്ങി എഴുന്നേറ്റു നടന്ന്, ജനൽ കമ്പികളിലൂടെ പുറത്തേക്കു നോക്കി നിൽക്കാനുള്ള ആരോഗ്യം ചാച്ചനുണ്ടായിരുന്നു. കുഞ്ഞാച്ചൻ മുറിയിലേക്കു കടന്നപ്പോൾ ജനൽകമ്പികളുടെ തുരുമ്പിച്ച തണുപ്പിൽ മുഖമമർത്തി നിൽക്കുകയായിരുന്നു ചാച്ചൻ.
“നീ എന്തിനാടാ വീട്ടീക്കിടന്ന് ഒച്ചയിടുന്നേ?”
പ്രായത്തിന് തീരെ ചേരാത്തൊരു മൂർച്ചയുണ്ടായിരുന്നു ചാച്ചന്റെ ശബ്ദത്തിന്. കുഞ്ഞാച്ചൻ തന്റെ തോളിൽക്കിടന്ന തോർത്തുമുണ്ടെടുത്ത് ഒന്നു കുടഞ്ഞ് കൈയിൽ ചുരുട്ടിപ്പിടിച്ചു.
“ചാച്ചൻ അറിഞ്ഞ് കാണില്ല, നമ്മടെ കോഴിയൊന്നിനെ നായ്‌ക്കള് കൊണ്ടോയേ. കടിച്ച് വലിച്ചങ്ങ് തീർത്ത്… എന്തോരം പേരുണ്ടിവിടെ, ആരേലുമൊന്ന്…”
“ഞാൻ അറിഞ്ഞു.”
“ഹാ എന്നിട്ടാണോ. തള്ളക്കോഴി, എത്ര കൊല്ലായി ഇവ്…”
കുഞ്ഞാച്ചന്റെ ശബ്ദം പകുതിക്കു മുറിച്ചിട്ട് ചാച്ചൻ തിരിഞ്ഞുനിന്നു.
ഇടതുതോളിലെ തോർത്തുമുണ്ടെടുത്ത് വലതുതോളിലിട്ട് ചാച്ചൻ ചുമച്ചു.
“നീ പുരപ്പുറത്തുന്ന് എടുത്തോണ്ട് വന്ന മയിലില്ലയോ… മയിൽക്കുഞ്ഞ്. അതിന് നീയൊരു പേരിട്ടായിരുന്നല്ലോ. എന്താ?”
“ദീനം വന്ന് ചത്തവൾ ലിസി. മറ്റവൾ മോളി.”
“മറ്റവളല്ല, മറ്റവൻ. അതാണാണ്.”
കുഞ്ഞാച്ചൻ എതിർത്തു. “അല്ല ചാച്ചാ, അത് പെണ്ണാ. ചെറിയ നീട്ടേ ഉള്ളൂ കാലിന്. പോരാണ്ട് തൂവലിനൊക്കെ ഇളം കറുപ്പും.”
ചാച്ചൻ പുഞ്ചിരിച്ചു. എന്നിട്ട് വാക്കറിലൂന്നി കുഞ്ഞാച്ചനു മുന്നിലൂടെ നടന്ന് കട്ടിലിൽ പോയിരുന്നു. തലയണയുടെ അടുത്തായി വച്ചിരുന്ന ബൈബിളെടുത്ത് മേശപ്പുറത്തുവെക്കാനായി ആംഗ്യം കാണിച്ച് കുഞ്ഞാച്ചനു നീട്ടി. കുഞ്ഞാച്ചനതു വാങ്ങി മേശപ്പുറത്തുവെച്ചു.
“മോളിയെങ്കി മോളി, നീ അങ്ങനെ വിളിച്ചോ, പക്ഷേ അതാണാണ്. നിന്റെ മോളി സന്ധ്യയായപ്പൊ ഒറ്റയ്‌ക്ക് വീടിന്റെ മുറ്റത്തിറങ്ങുന്നത് ഞാൻ കണ്ടതാ. അപ്പൊക്കെ മുന്നിലെ വഴി കാലിയാ. റോഡിന്റെ നടുവരെ പോയി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി അവനൊന്ന് കരഞ്ഞു. എന്നിട്ട് തിരിച്ചുവന്നു.”
ചാച്ചൻ നിർത്തി രണ്ടു തവണ ചുമച്ചു. നെഞ്ചിലെ രോമക്കൂട് ശക്തിയായി തടവി.
“മുറ്റം കയറി പകുതിയായപ്പോഴേക്കും പൊറകീ നാല് നായ്‌ക്കൾ. തിരിഞ്ഞുപോലും നോക്കാതെയാ അവരെയിട്ട് മുറ്റത്തൂടെ ഓടിച്ചത്. അവന്റെ, നിന്റെ മോളിയുടെ കാറൽ കേട്ടാണ് തള്ളക്കോഴി പൊറകിൽന്ന് മുന്നിലേക്ക് വന്നത്. സ്വന്തം പിള്ളയല്ലേന്ന് കരുതീട്ടാവും, അമ്മയല്ലേ...
ഓടിവന്ന അതിന്റെ തലയിൽ ചവുട്ടി ഒരൊറ്റത്തുള്ളലിനാണ് അവനുയർന്ന് ഓടിന്റെ മോളിൽകേറിയിരുന്നത്. എന്താ സംഭവിച്ചതെന്നറിയുന്നതിനു മുന്നേ മറ്റവൾക്ക് കടിവീണിരുന്നു. മയിലിങ്ങള് എപ്പളാ ഇത്രേം ഉയരം മര്യാദയ്‌ക്ക് പറക്കാൻ തുടങ്ങുവാന്ന് അറിയോ നിനക്ക്?”
മറുപടി പറയാനറിയാതെ ചാച്ചനെ നോക്കി കുഞ്ഞാച്ചൻ നിന്നപ്പോൾ പുറത്തുനിന്നും ഒരു കോഴിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു. അതോടെ വീട്ടിലെ വെളിച്ചം പോയി.
ഇരുട്ടത്ത് ഏലിയാമ്മ മെഴുകുതിരിയും കത്തിച്ച് വരുന്നതുവരെ കുഞ്ഞാച്ചൻ ചാച്ചന്റെ മുറിയിൽത്തന്നെ നിന്നു. മഞ്ഞവെളിച്ചം മുറിയുടെ മൂലകൾ കണ്ടുപിടിച്ച് പടർന്നപ്പോഴേക്കും ചാച്ചൻ കിടന്നിരുന്നു. കണ്ണടച്ച് ചരിഞ്ഞുകിടക്കാൻ തുടങ്ങിയാൽപ്പിന്നെ മരിച്ചുപോയ അമ്മച്ചി വന്നു വിളിച്ചാൽപോലും ചാച്ചൻ എഴുന്നേൽക്കില്ല. അതറിയുന്ന കുഞ്ഞാച്ചൻ മുറിയുടെ വാതിൽ ചാരി പുറത്തേക്കിറങ്ങി. തള്ളക്കോഴിയില്ലാത്ത കൂട്ടിലെ ഒരു കോഴി മാത്രം നിർത്താതെ പതിഞ്ഞ ശബ്ദത്തിൽ കരഞ്ഞുകൊണ്ടിരുന്നു.
നാല്
നിമിഷനേരത്തിനുള്ളിൽ തീറ്റ വിഴുങ്ങുന്ന വളർന്നുമുറ്റിയ കോഴികൾക്കിടയിൽ തുടർമാസങ്ങളിലും നന്നായി പാടുപെട്ടെങ്കിലും പെട്ടെന്നുതന്നെ വയറുനിറയാനുള്ള വഴി മോളി കണ്ടെത്തി. ഏലിയാമ്മ തീറ്റയിടുമ്പോൾ ധാന്യമണികൾ നിലംതൊടുന്നതിനുമുന്നേ, ഒറ്റ വായപൊളിക്കലിൽ ഉയർന്നു ചാടി മോളി ആവുന്നത്ര അകത്താക്കും. ആഴ്‌ചകൾ നീങ്ങുന്തോറും കോഴികളെ ആകെമൊത്തം അമ്പരപ്പിച്ചുകൊണ്ട് മോളി ഉയരാനും നീളാനും തുടങ്ങി.
കൂട്ടത്തിലെ ഒറ്റയാനെക്കണ്ട് കോഴികൾ അങ്ങോട്ടുമിങ്ങോട്ടും മുറുമുറുത്തെങ്കിലും അതൊന്നും കാര്യമാക്കാതെ മോളി തീറ്റ കഴിഞ്ഞ് എങ്ങോട്ടെന്നില്ലാതെ പറക്കും. കോഴിക്കൂടും പശുത്തൊഴുത്തും ചാടി ചാണകക്കുഴിക്കടുത്തുള്ള മുരിക്കിൽ കാലുരച്ച് പതിയെ പറന്നുയരുന്ന മോളിയെ കണ്ട് കോഴികൾ അസൂയയോടെ കണ്ണുരുട്ടി. വൈകുന്നേരങ്ങളിൽ, റബറുകൾക്കിടയിൽ പണിയെടുക്കുന്ന കുഞ്ഞാച്ചനെ ഇടയ്‌ക്ക് നടന്നും ഇടയ്‌ക്ക് പറന്നും തേടിവരുന്ന മോളിയെ കാണുമ്പോഴാണ് പലപ്പോഴും അന്നത്തെ ജോലി അവസാനിപ്പിച്ച് കുഞ്ഞാച്ചൻ വീട്ടിലേക്കു നടക്കാൻ തുടങ്ങുക തന്നെ.
വളർന്നുവലുതായി നീലവിരിക്കുന്ന മോളിയെ കാണാനായി അയൽക്കാർ പലരും കുടുംബവും കുട്ടികളുമായി എത്താൻ തുടങ്ങിയതോടെ അവധിക്കുവന്ന രജിയൊരിക്കൽ കുഞ്ഞാച്ചനോട് പറഞ്ഞു.
“കുഞ്ഞാച്ചാ, സംഗതി മോളിയിപ്പൊ ഫേമസാണേ. പിള്ളേര് പോയ് സ്‌കൂളിലൊക്കെ തട്ടുന്നുണ്ടെന്നാ തോന്നുന്നേ. ദിവസോം ആളോളുമുണ്ട് കാണാൻ. ആരേലും പോയി ഫോറസ്റ്റിലൊരു പരാതി കൊടുക്കുവോന്നാ പേടി. നമ്മള് പെടും.”
കുഞ്ഞാച്ചൻ കോഴിക്കൂടിനുമുകളിൽ കയറി കണ്ണടച്ചു കിടക്കുന്ന മോളിയെ നോക്കി.
“രജിയേ, ആരാന്ന് വെച്ചാ വന്ന് കൊണ്ടുപോട്ടെടാ. ഞാനായിട്ട് പിടിച്ച് കൂട്ടിലിട്ട് ഇവ്ടെ ദേ ആ കോഴികളേം പശൂനേം മാത്രേ വളർത്തുന്നുള്ളൂ. ആട് എന്റെയല്ല, അത് ഏലിയാമ്മേടെ സ്വന്താ. നീ അങ്ങോട്ട് നോക്കിയേ, അതതിന്റെ സൗകര്യത്തിന് വന്നിരിക്കുന്നു തിന്നുന്നു ഉറങ്ങുന്നു. വലുതായേ പിന്നെ കോഴികള് കൂട്ടിൽന്ന് തന്നെ ചവിട്ടിപ്പുറത്താക്കി. ഇനീം വളർന്നാ ഇതിവിടെ നിക്കുംന്ന് തോന്നണുണ്ടോ നിനക്ക്? ഇല്ലടാ അതതിന്റെ വഴിക്ക് പോവും, ദേ ആ കാണണതല്ലേ കാട്.”
കുഞ്ഞാച്ചൻ തൊടിയിലെ മരങ്ങൾക്കിടയിലൂടെ തിളങ്ങുന്ന പച്ചപ്പുതപ്പിലേക്ക് വിരൽചൂണ്ടി.
“വലിയ ദൂരമൊന്നും ഇല്ലല്ലോ, പോവുമ്പൊ പോട്ടേന്ന്.”
“എന്നാലും വെളവൊക്കെ നശിപ്പിക്കാൻ തുടങ്ങിയാലോന്നാ. അപ്പറത്ത്ന്നും ഇപ്പറത്ത്ന്നുമൊക്കെ പരാതിയാവോ അവസാനം?”
“മോളിയിതുവരെ തൊടാൻ പോലും പോയിട്ടില്ല ഒന്നിലും. അവളങ്ങനെ നശിപ്പിക്കുവൊന്നും ഇല്ലടാ.”
അതോടെ രജി നിർത്തി. മയിൽമുട്ട കണ്ടെടുത്തതിലെ തന്റെ പങ്കോർത്ത് ഉള്ളിലെന്നും അഭിമാനിച്ചിരുന്ന രജി, വീട്ടിൽ വളർത്തുന്ന മുന്തിയയിനം മയിലിന്റെ കഥകൾ പറഞ്ഞ് പട്ടാളക്യാമ്പിലെ അന്തേവാസികളായ ഹിന്ദിക്കാരുടെ ഭേഷ് ഭേഷ് നേടിയതോർത്തു.
ചിറകുകൾ പൂർണമായും വിടർന്ന് ആദ്യത്തെ മയിൽപ്പീലി കണ്ണുതുറക്കുന്നതിന്റെ തലേന്ന് ഏലിയാമ്മയുടെ ആട് ചാണകക്കുഴിയിൽ തലകുത്തനെ വീണു മരിച്ചു. ഏലിയാമ്മ ഉച്ചയുറക്കത്തിലുള്ള സമയം കുഴിയിലേക്കു വീണ ആടിനെ പറമ്പിൽനിന്നും കയറിവന്ന കുഞ്ഞാച്ചനാണ് ആദ്യം കണ്ടത്. തൊട്ടടുത്ത മുരിക്കിൽ കയറുകെട്ടി കുഞ്ഞാച്ചൻ തൂങ്ങിയിറങ്ങി വലിച്ചെടുക്കുമ്പോഴേക്കും ആടിന്റെ തലയിൽ നിറഞ്ഞ ചാണകം ചെവിയിൽക്കൂടി പുറത്തേക്കിറ്റുവീഴാൻ തുടങ്ങി.
ചുറ്റും കറങ്ങുന്ന ഈച്ചകളോടൊപ്പം ആടിനെയെടുത്ത് നിലത്തു കിടത്തിയപ്പോൾ ഏലിയാമ്മ കണ്ണുനിറഞ്ഞ് അകത്തേക്കു കയറിപ്പോയി. ചാണകം വീർപ്പിച്ച വയറിന്റെ മുകളിലേക്ക് പൈപ്പിൽനിന്നുള്ള വെള്ളം കുഞ്ഞാച്ചൻ ശക്തിയായി തുറന്നിട്ടു. ശേഷം കൈകൊണ്ടതിനെ ഉരച്ചുകഴുകി. ചെവിയിലും മൂക്കിലും കയറിയ ചാണകം വിരൽകൊണ്ടു തോണ്ടി പുറത്തിട്ടു. ആടിന്റെ കണ്ണടഞ്ഞിരുന്നു.
രജി അവധി കഴിഞ്ഞ് തിരികെ പോയതിനാൽ പറമ്പിലെ ഒരു മൂലയിലായി കുഞ്ഞാച്ചൻ ഒറ്റയ്‌ക്കൊരു കുഴികുത്തി. കാട്ടുപന്നി തോണ്ടിയെടുക്കാത്ത ആഴമെത്തിയപ്പോൾ ആടിനെ അതിലേക്കിറക്കിവെച്ചു.
ചാണകക്കുഴിക്കടുത്തുള്ള തൊഴുത്തിൽനിന്നും ഓലമേഞ്ഞ ചുവരുകൾക്കിടയിലൂടെ പശു, കുഴിക്കരികിലെ ചാണകപ്പച്ചയിൽ ഒളിച്ചിരിക്കുന്ന മയിൽപ്പീലിയൊന്നിന്റെ നീലിപ്പിൽ കുറച്ചുനേരം നോക്കിനിന്നു. എന്നിട്ട് മൂക്കിൻതുമ്പിലിരുന്ന ഈച്ചയെ പതിയേ പറത്തിവിട്ട് തല തിരിച്ചു.
“എന്റെ പാലിനേക്കാ കൂടുതൽ വാസൂട്ടൻ കുടിച്ചത് അവൾടെ പാലായിരുന്നു. ആ കുഴിക്കൊരു വേലിയിടണംന്ന് ഞാൻ എത്ര പറഞ്ഞതാ.”
രാത്രി കിടക്കാൻ നേരം ഏലിയാമ്മ കുഞ്ഞാച്ചനോടു പറഞ്ഞു.
“എന്താ ചെയ്യാ… ഇതിപ്പൊ ആരുകണ്ടു. ഒരു പൂച്ചപോലും ഇതുവരെ അതിൽ വീണിട്ടുണ്ടോ. ഇനി വീണാതന്നെ അത്ങ്ങക്കൊക്കെ കേറിവരാൻ പറ്റാത്ത കുഴീം അല്ല അത്. ഇതവൾ തലകുത്തനെ വീണതാ പറ്റിയത്.”
വേറൊരു കുഞ്ഞാടിനെ ഉടനെ വാങ്ങാമെന്ന ഉറപ്പിൽ കുഞ്ഞാച്ചൻ ഏലിയാമ്മയെ സമാധാനിപ്പിച്ച് ഉറങ്ങാൻ കിടന്നപ്പോഴും തൊട്ടടുത്ത ചാച്ചന്റെ മുറിയിലെ വെളിച്ചം അണഞ്ഞിരുന്നില്ല.
അഞ്ച്
കുഞ്ഞാച്ചൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മോളി വളർന്നു. വിടർന്ന ചിറകുകളും നെടുനീളൻ പീലികളും നീണ്ടു കൂർത്ത വിരലുകളും കാണുമ്പോൾ വാസൂട്ടനിടയ്‌ക്ക് പേടി തോന്നാറുണ്ട്. എന്നാലും ചിറകടിച്ചുയർന്നു പറക്കുമ്പോഴെല്ലാം, താൻ കണ്ട ഇംഗ്ലീഷ് സിനിമകളിലെ ഡ്രാഗണെ മോളി അനുസ്മരിപ്പിക്കുന്നതിനാൽ വാസൂട്ടൻ എപ്പോഴും കൈയടിച്ച് താഴെ നോക്കി നിൽക്കും.
നീണ്ട കാലുകൾ, കൂർത്ത വിരലുകൾ, അകത്തിരിക്കപ്പൊറുതി കിട്ടാത്ത നാവ്, ഉരുണ്ട കണ്ണുകൾ, പുറകോട്ടു നീണ്ട് നീണ്ട് കാറ്റിലഴിച്ചിടുന്ന നെടുനീളൻ വാല്… എല്ലാംകൊണ്ടും വാസൂട്ടൻ തന്റെ സ്വന്തം ഡ്രാഗണായി മോളിയെ കണ്ടു. താൻ വളർന്നു വലുതായി നായകനാകാൻ പാകമാവുമ്പോൾ മോളി തന്നെ യജമാനനായി തെരഞ്ഞെടുക്കുന്ന ദിവസത്തിലേക്കായി, തനിക്ക് കഴിക്കാനുള്ള പഴങ്ങളടക്കം വാസൂട്ടൻ മോളിക്ക് എറിഞ്ഞുകൊടുത്തു. അവധിക്കു വരുമ്പോൾ നിയമവശങ്ങൾ പറഞ്ഞ് രജി വീണ്ടും കുഞ്ഞാച്ചനെ പേടിപ്പിക്കുന്നതിനാൽ പറന്നു പോവുകയാണെങ്കിൽ പോട്ടെന്നു കരുതി കുഞ്ഞാച്ചൻ പിന്നീട് മോളിയെ കാര്യമായി പരിഗണിക്കാൻ പോയില്ല.
ഉറങ്ങാനൊരു പ്രത്യേക സ്ഥലം കുഞ്ഞാച്ചൻ ഒരുക്കിക്കൊടുക്കാത്തതിനാൽ മോളി രാത്രിയാകുമ്പോൾ കോഴിക്കൂടിനുമുകളിൽ വിരിച്ച ഏതോ ജ്വല്ലറിയുടെ മഞ്ഞിപ്പിൽ പീലികൾ വിരിച്ച് ഉറങ്ങാൻ തുടങ്ങി. രാവിലെ പറമ്പിലേക്കിറങ്ങുന്ന കുഞ്ഞാച്ചനെ കണ്ട് തൊട്ടുരുമ്മി കുഞ്ഞാച്ചന്റെ കൈയിൽനിന്നും എന്തെങ്കിലും ഒരു വാ കഴിച്ച് മോളി എങ്ങോട്ടെന്നില്ലാതെ പറക്കും. ചിലപ്പോൾ പെട്ടെന്നുതന്നെ തിരിച്ചെത്തും. ഇല്ലെങ്കിൽ സന്ധ്യയോടടുത്ത് ദൂരെയുള്ള കാട്ടിൽനിന്ന് വേഗത്തിൽ പറന്നുവന്ന് കോഴിക്കൂടിനു മുകളിൽ കയറിയിരിക്കും.
കർക്കിടകം കറുപ്പിച്ചൊരു മഴയുള്ള അർധരാത്രി മോളി കോഴിക്കൂടിനു മുകളിൽനിന്നും കണ്ണുതുറന്ന് തലയുയർത്തി. മഴ തുടങ്ങിയതുമുതൽ കണ്ണടച്ചു കിടക്കുകയായിരുന്ന മോളി പതിയെ എഴുന്നേറ്റ് ചിറകുകൾ വിടർത്തി പീലികൾ ശക്തിയായി കുടഞ്ഞു. കഴുത്തൊന്നു വളച്ചുതിരിച്ചപ്പോൾ ഏറെനേരമായി തമ്പടിച്ചിരുന്ന മഴത്തുള്ളികൾ പൊട്ടിത്തെറിച്ച് പലവഴിക്കു പാഞ്ഞു. താൻ സന്ധ്യക്ക് കാട്ടിൽനിന്നും കൊണ്ടുവന്ന പഴങ്ങളുടെ ബാക്കി കൂട്ടിലുണ്ടോ എന്നെത്തിനോക്കി ഒറ്റച്ചാട്ടത്തിൽ മണ്ണിലേക്കിറങ്ങി. തള്ളക്കോഴി പോയതിൽപ്പിന്നെ ഇടയ്‌ക്കിടെ അകാരണമായി മരിക്കുന്ന കോഴികളിൽ ബാക്കിയുള്ള മൂന്നെണ്ണം, അവിടെക്കിടന്ന കാട്ടുപഴം കൊത്തിവലിച്ചുകൊണ്ടിരുന്നു. അവരെനോക്കി മോളി തലയൊന്നു പിടപ്പിച്ചപ്പോൾ തലയ്‌ക്കുമുകളിലെ മൂന്ന് നീലനാമ്പുകൾ പരസ്‌പരം പോരടിക്കാൻ തുടങ്ങി.
ചിത്രീകരണം: സുനിൽ അശോകപുരം
പീലികൾ മണ്ണിലുരച്ച് മോളി കിണറിനടുത്തേക്കു നടന്നു.
മഴവെള്ളം കുടിച്ച് വയറുവീർപ്പിച്ച മണ്ണിന്റെ നെഞ്ചിലേക്ക് മോളിയുടെ കൂർത്ത നഖങ്ങൾ ആഴ്‌ന്നിറങ്ങി. ശക്തമായ നീരൊഴുക്കിൽ ശ്വാസം മുട്ടുന്ന കിണറിന്റെ ചുറ്റുമതിലിൽ കയറിനിന്ന്, അതൊളിപ്പിച്ചുവച്ച ഭീകരമായ ഇരുട്ടിലേക്ക് കുറേനേരം തുറിച്ചുനോക്കി. ആർത്തലച്ചുപെയ്യുന്ന മഴ ചുറ്റുമതിലിന്റെ ആനക്കറുപ്പുള്ള കല്ലിൽ വീണ് ചിന്നിച്ചിതറുന്നതുനോക്കി ഒരു നിമിഷം അനങ്ങാതെനിന്നു. പെട്ടെന്ന് പീലികൾ കൂട്ടിപ്പിടിച്ച്, അപ്പോഴുയർന്ന കാറ്റിൽ കൊരുക്കിട്ട്, ഏതോ അദൃശ്യബന്ധനമഴിച്ചുവിട്ടപോലെ ഉയർന്നുപൊങ്ങി. ഭാരമേറുന്ന മഴത്തുള്ളികൾ മോളിയുടെ ദേഹത്തു തട്ടി നീലിച്ചുവിറച്ചു. തിരികെ ചുറ്റുമതിലിലിറങ്ങി പീലികൾ വിടർത്തി തൊണ്ടപൊട്ടുമാറ് ഉറക്കെക്കരഞ്ഞു.
ചെകിടടയുന്ന മയിൽനാദത്തിനു കൂട്ടായി അപ്പോഴുയർന്ന വെള്ളിടിയിൽ, മോളിയുടെ ശബ്ദം അലിഞ്ഞില്ലാതായി. കാടുതൊട്ട് തിരികെയെത്താൻ മറന്ന തന്റെ ശബ്ദത്തിനു ചെവിയോർത്ത്, തല മുന്നോട്ടും പിന്നോട്ടുമനക്കി, മാനത്തുവിരിഞ്ഞ ആലിലവേരിന്റെ വെളിച്ചത്തിൽ വിരലുകൾ വിറപ്പിച്ച്, മോളി കിണറിന്റെ ഇരുട്ടിലേക്കു കുതിച്ചു.
ചെറിയൊരു കാറ്റുമാത്രം ചുറ്റിലും വീശിയടിച്ച പിറ്റേന്നു രാവിലെ, നനഞ്ഞൊട്ടിയ തൂവലുകളുമായി മൂന്ന് കോഴികളെ കൂട്ടിൽനിന്നും പുറത്തേക്കെടുത്തിട്ട് കുഞ്ഞുമോൻ കുഞ്ഞാച്ചനെ നീട്ടിവിളിച്ചു.
“ഇടിവെട്ടിയതാന്നേൽ കരിപ്പുകാണില്ലേ അപ്പാ?”
ഒരു കോഴിയെ എടുത്ത് ഉയർത്തിനോക്കി കുഞ്ഞുമോൻ ചോദിച്ചു.
“നിന്റമ്മച്ചി പള്ളീന്ന് വരുമ്പൊ ഇനിയെന്ത് പറയൂന്നാ. ആട് ചത്തേ പിന്നെ അല്ലേലേ വർക്കത്തില്ലാന്ന് പറഞ്ഞ് നടക്കുവാ.”
കുഞ്ഞുമോൻ ചുറ്റിലും നോക്കി.
“മോളിയെന്തിയേ അപ്പാ?”
“കണ്ടില്ലടാ, മഴയത്ത് ഏതേലും മരത്തിന്റെ മോളിൽ കേറിക്കാണും.”
കുഞ്ഞാച്ചൻ, അതോടെ അനാഥമായ കോഴിക്കൂട് അടിച്ചുതെളിച്ചു. ഉറുമ്പുപോലും തൊടാതെ മാറ്റിവെച്ച കാട്ടുപഴത്തിന്റെ ബാക്കി അപ്പോഴേക്കും മഴയിൽ കുതിർന്ന് ചീയാൻ തുടങ്ങിയിരുന്നു. വീടിന്റെ ഏറ്റവും ഉയരത്തിലുള്ള ഓടിന്റെ നനവിൽ ചിറകുവിരിച്ച് അന്നത്തെ ഇളംവെയിലിനെ കാത്തുകിടക്കുകയായിരുന്ന മോളി, ഇളകിത്തുടങ്ങിയ മയിൽപ്പീലിയൊന്നിനെ അഴിച്ചുവിട്ട് അപ്പോൾ അനങ്ങാതെ കിടന്നു.
ആറ്
ദണ്ണം കുറയ്‌ക്കാൻ വേണ്ടി കുഞ്ഞാച്ചൻ ഏലിയാമ്മയെ കുറച്ചുദിവസത്തേക്ക് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. റബർ വെട്ടിയും കാപ്പി നനച്ചും പാഷൻഫ്രൂട്ടിന് വലവിരിച്ചും സന്ധ്യയാവുന്നതുവരെ അവർ തോട്ടത്തിലിരുന്നു. ഇടയ്‌ക്ക് മോളി റബറുകൾക്കിടയിലൂടെ ശബ്ദമുണ്ടാക്കി പറന്നപ്പോൾ ഏലിയാമ്മ മുകളിലോട്ടുനോക്കി കുഞ്ഞാച്ചനോട് പറഞ്ഞു.
“നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?”
ഒരു പാഷൻഫ്രൂട്ടെടുത്ത് ഞെരിച്ചുപൊട്ടിച്ച് വായിലേക്കു കമഴ്‌ത്തി, പകുതി ഏലിയാമ്മയ്‌ക്കു വെച്ചുനീട്ടി കുഞ്ഞാച്ചൻ ‘എന്തിയേ’ എന്ന മട്ടിൽ ഏലിയാമ്മയെ നോക്കി. പക്ഷെ പിന്നീടൊന്നും പറയാതിരുന്ന ഏലിയാമ്മ അത്താഴത്തിനു കഞ്ഞി വിളമ്പി ഒരു കസേര വലിച്ചിട്ട് കുഞ്ഞാച്ചനരികിലിരുന്നു.
“മോളി ഇവടെയെത്തിയേ പിന്നെയാ ഓരോന്നും ഓരോ വഴിക്ക് ചാവാൻ തുടങ്ങീത്. അല്ലേ?”
കുടിച്ചുകൊണ്ടിരുന്ന കഞ്ഞി വായിലിട്ട് കറക്കുകയായിരുന്ന കുഞ്ഞാച്ചൻ അപ്പോഴതു നിർത്തി. എന്നിട്ട് പതിയേ കഞ്ഞിയിറക്കി ഏലിയാമ്മയോട് പറഞ്ഞു.
“ഇതിപ്പൊ എത്ര മാസായി... ഇവിടെ യാതൊരു ശല്യണ്ടാക്കാതാ മോളി നിക്കണെ. സാധാ മയിലുകളൊക്കെ അങ്ങനാന്നാ? തോട്ടത്തി എന്തേലും ബാക്കി വെക്കുവോ? ഇതുവരെ മോളി നമ്മടെ പറമ്പിന്നൊന്നും തൊട്ടിട്ട് കൂടിയില്ല. ആരും ഒരു പരാതിയും പറഞ്ഞിട്ടുമില്ല. ഞാൻ കൊടുത്താ, കൊടുത്താ മാത്രം എന്തേലും തിന്നും. അതും അതിന് തോന്നുമ്പൊ മാത്രം. പിന്നെ ജീവിയോള് ചാവുന്നത്, അതിപ്പൊ സമയായ പോവും, അവറ്റോളും നമ്മളും. അല്ലാതെ…”
ചാച്ചന്റെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് കുഞ്ഞാച്ചൻ സംസാരം നിർത്തി. വാക്കറും കുത്തി പതിയേ നടന്നുവന്ന ചാച്ചൻ തീൻമേശയിലിരുന്ന വെള്ളമെടുത്ത് ഒരു കവിൾ കുടിച്ചു. ചാച്ചൻ ഇടതുതോളിലെ തോർത്തുമുണ്ടെടുത്ത് വലതുതോളിലേക്കിട്ടു. വീണ്ടും വലതുതോളിൽനിന്നും തോർത്തെടുത്ത് ഏലിയാമ്മയ്‌ക്കു നീട്ടി.
“നീയിതൊന്ന് നനച്ചേ, വല്ലാത്ത പൊകച്ചിൽ.”
ഏലിയാമ്മ അടുക്കളയിലേക്കു പോയതും ചാച്ചൻ ശക്തിയായി ചുമച്ചു. കൈകൊണ്ട് മുഖം തുടച്ച് കുഞ്ഞാച്ചനെ നോക്കി.
“പിള്ളേരെന്തിയേടാ?”
“രണ്ടും കിടന്നു. ഇന്ന് നേർത്തെയാ.”
“വാതിലടച്ചില്ലേ?”
പതിവില്ലാത്ത ചോദ്യം കേട്ട് കുഞ്ഞാച്ചൻ നെറ്റിചുളിച്ചു.
ചാച്ചനൊന്നു മൂളി മുറിയിലേക്കു നടന്നു. വാതിലെത്തിയപ്പോൾ തിരിഞ്ഞുനോക്കാതെ പറഞ്ഞു.
“അടച്ചില്ലേൽ അടയ്‌ക്കണം, കേട്ടോ?”
പകൽ മുഴുവൻ പെയ്യാതെ, കാട് കനംവെച്ചു പുകഞ്ഞ ആ രാത്രിയിൽ കോഴിക്കൂടിന്റെ മുകളിൽനിന്നും മോളി കണ്ണുതുറന്നു. പറന്നുയർന്ന് മുറ്റത്തിറങ്ങി വീടിനടുത്തേക്കു പതിയെ നടന്നു. രാത്രിയുടെ തണുപ്പിൽ വിറങ്ങലിച്ചിരുന്ന വീടിന്റെ കരിങ്കൽത്തറയിൽ തലമുട്ടിച്ച് ശബ്ദമുണ്ടാക്കാത വാ തുറന്നു.
പിറകോട്ടുനീങ്ങി ഒരുവേള ദേഷ്യത്തോടെ വീടിനെയാകമാനം നോക്കി. നീണ്ടുവിടർന്ന പീലികൾ നിലത്തിട്ടുരച്ച് വീടിനു ചുറ്റും നടക്കാനാരംഭിച്ചു. ഓരോ കാലടികളും മണ്ണിലാഴ്‌ന്ന ആ കറക്കത്തിനുശേഷം കിണറിന്റെ കരിങ്കൽക്കെട്ടിനു മുകളിൽക്കയറി ദൂരെയുള്ള കാട്ടിലേക്കു നോക്കി മോളി നാവിളക്കി. കാത്തിരുന്ന നിമിഷം വന്നെന്നപോലെ മഴ ചാറാൻ തുടങ്ങി.
മലഞ്ചെരുവിൽനിന്നും ഒളിച്ചിറങ്ങുന്ന കാറ്റെത്തുന്നതിനുമുന്നേ പീലികൾ മുഴുവനായി വിടർത്തി, കരിങ്കൽക്കെട്ടിൽ വിരലുകളമർത്തി, മോളി ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരുന്നു. കഴുത്തുനീട്ടി ഉയരെ, വളരെ ഉയരെ, തലയുയർത്തി മോളി കരഞ്ഞപ്പോൾ മേഘങ്ങൾക്കുള്ളിലൊളിച്ച പൂർണചന്ദ്രൻ വിടവൊന്നിലൂടെ വെട്ടിത്തിളങ്ങി.
കുറച്ചുനാളത്തേക്ക് പിന്നെയാരും മോളിയെ കണ്ടില്ല.
ഏഴ്
ആഴ്‌ചകൾക്കുശേഷം, ഒറ്റപ്പെട്ട കുറച്ചു നക്ഷത്രങ്ങൾ മാത്രം ഇരുളടച്ച മരപ്പൊത്തുകളിലേക്കെത്തിനോക്കി കണ്ണിറുക്കുമ്പോൾ മോളി കാടതിർത്തിവിട്ട് പുറത്തേക്കു നടന്നു. നീണ്ടൊരു ചാട്ടത്തിൽ ഇലകൾ തിക്കിത്തിരക്കുന്ന ഒരു മരത്തിന്റെ ഏറ്റവും മുകൾച്ചില്ലയിൽ വന്നിരുന്ന് പിറകോട്ടുനോക്കി. എന്തോ പ്രതീക്ഷിച്ചെന്നപോലെ കുറച്ചുനേരം കാത്തിരുന്നു. കാടിന്റെ കൂർക്കംവലിയിൽ പീലികളാടിയപ്പോൾ മോളി കണ്ണുകൂർപ്പിച്ച് ഉറക്കെ കരഞ്ഞു.
ഇരുട്ടിൽ വെട്ടിത്തിളങ്ങുന്ന രണ്ട് കണ്ണുകൾ മോളിയെ നോക്കി ചെറുതായി മുരണ്ടതോടെ ദൂരെയുള്ള വീടുകളിൽനിന്നുദിക്കുന്ന മഞ്ഞപ്പൊട്ടുകളെ ലക്ഷ്യംവച്ച് മോളി മുന്നോട്ടു പറന്നു. കറുപ്പും മഞ്ഞയും കലർന്ന രോമങ്ങൾ നക്കിത്തുടച്ച് കടുവ വാലാട്ടി പതിയേ നടന്നു. ഇടയ്‌ക്ക് നിലത്തിറങ്ങി ഉറക്കെക്കരഞ്ഞ് പിറകോട്ടുനോക്കി, പിന്നെയുമുയർന്നുപൊങ്ങി മോളി കുതിച്ചു. വീടിന്റെ പിൻവശത്തുള്ള തോട്ടത്തിലൂടെ തൊടിയിലേക്കു കയറിയപ്പോൾ ഒന്നൊച്ചയിടാൻപോലും ധൈര്യമില്ലാതെ സ്ഥലത്തെ പട്ടികളെല്ലാം അനങ്ങാതെ കണ്ണടച്ചു കിടന്നു. അതുവരെ ഉറക്കെ കരഞ്ഞ ചീവീടുകൾ പെട്ടെന്ന് മിണ്ടാതെയായി. ചില കിളികൾ മാത്രം മരങ്ങളിലിരുന്ന് താഴേക്കുനോക്കി കരഞ്ഞുകൊണ്ടിരുന്നു.
കിണറിന്റെ അരികിലൂടെ പറന്ന മോളി പശുത്തൊഴുത്തിനു മുകളിൽ ചെന്നിരുന്ന് ചുറ്റുപാടും നോക്കി. പാതി ഉറക്കത്തിലായിരുന്ന പശു കണ്ണു തുറന്നപ്പോഴേക്കും ഉമിനീരിറങ്ങിയ കൊഴുത്ത നാവുമായി കടുവ തൊഴുത്തിനു മുന്നിൽ എത്തിയിരുന്നു. കഴുത്തിലെ കെട്ടുപൊട്ടിക്കാൻ ആവതില്ലെന്നറിഞ്ഞിട്ടും പശു കയർ ചെറുതായി ഒന്നു വലിച്ചുനോക്കി. കമുകിന്റെ കഷ്‌ണം നാൽപ്പതാം ദിവസം തുളച്ചിട്ട മൂക്കുകയറിന്റെ ദ്വാരം വർഷങ്ങൾക്കുശേഷം അപ്പോൾ നീറിപ്പുകഞ്ഞു.
മൂർച്ചയുള്ള വിരലുകളിട്ട് ഓല കീറി മോളി താഴേക്കു നോക്കി. വൃഥാശ്രമത്തിനു വിരാമമിട്ട് പശു മുകളിലേക്കു നോക്കിയപ്പോൾ മോളി കണ്ണുകളടച്ചു. കരയാൻ പോലും മുതിരാതെ പശു തന്റെ അവസാനത്തെ കറുകപ്പുൽക്കഷ്‌ണം ഉമിനീരിട്ടു കുഴച്ച് പതിയേ ചവച്ചരച്ചു.
തലയും മുൻകാലുകളും ഉടൽപാതിയും ബാക്കിവെച്ച് കടുവ മടങ്ങുമ്പോൾ നേരം വെളുക്കാറായിരുന്നു. അതിനും ഒരുപാടു മുന്നേ ഒരു നീണ്ട മയിൽപ്പീലി തൊഴുത്തിനുമുകളിൽ കൊഴിച്ചിട്ട് മോളി എങ്ങോട്ടോ പറന്നുപോയി.
പൊലീസ്, വനംവകുപ്പ്, ചാനൽ, പത്രം, നാടുമുഴുവൻ...
മൂന്ന് തവണ ഏലിയാമ്മ ഓക്കാനിച്ചു തലകറങ്ങിവീണ ആ പകലിനവസാനം ഇനിയീ തൊടിയിൽ മോളിയെ കണ്ടാൽ എറിഞ്ഞോടിക്കുമെന്ന് ഏലിയാമ്മ കുഞ്ഞാച്ചനോട് തീർത്തുപറഞ്ഞു. ആഴ്‌ചകളായി കാണാൻപോലുമില്ലാത്ത മോളിയെ ഇതിനെല്ലാം കുറ്റം പറയുന്നതിനോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും തലേന്നുരാത്രി കണ്ട സ്വപ്‌നത്തിന്റെ ഞെട്ടലിൽ കുഞ്ഞാച്ചനും ആകെ അസ്വസ്ഥനായി.
മാറാലപിടിച്ച് ആൾത്താമസമില്ലാതെ ഒരു പ്രേതാലയമായിക്കിടക്കുന്ന ആ വീട്ടിലേക്ക് രാത്രിയുടെ ഇരുട്ടുനുണഞ്ഞ് നൂറുകണക്കിന് മയിലുകൾ നടന്നുകയറുന്നു... അടുക്കളയിൽ, കുളിമുറിയിൽ, തീൻമേശയിൽ, കിടപ്പുമുറിയിൽ, കോഴിക്കൂടിൽ, പശുത്തൊഴുത്തിൽ, ആട്ടിൻകൂട്ടിൽ എല്ലായിടത്തും മയിലുകൾ മാത്രം! കിണർകെട്ടിന് മുകളിൽനിന്ന് ഒരു മയിൽ ഉറക്കെക്കരഞ്ഞപ്പോൾ കുഞ്ഞാച്ചന് ശ്വാസംമുട്ടി. കണ്ണുതുറക്കാൻ ശ്രമിച്ചിട്ടും സാധിക്കാതിരുന്നതോടെ കുഞ്ഞാച്ചൻ ഉറക്കത്തിൽ രജിയേയും ഏലിയാമ്മയേയും കുഞ്ഞുമോനെയും മാറിമാറി വിളിച്ചു. അപ്പോഴേക്കും ഒരായിരം മയിൽപ്പീലികൾ കുഞ്ഞാച്ചനു മുന്നിൽ വിറച്ചുകൊണ്ട് കണ്ണുവിടർത്തി.
ഞെട്ടിയെഴുന്നേറ്റപ്പോഴേക്കും ഏലിയാമ്മയുടെ നിലവിളി തൊഴുത്തിൽ ഉയർന്നിരുന്നു.
ചിത്രീകരണം: സുനിൽ അശോകപുരം
എട്ട്
പശുവിനെ കടുവ കൊന്നു തിന്നതിന്റെ ബഹളം തീരാൻ ദിവസങ്ങളെടുത്തു. ഉദ്യോഗസ്ഥരും ചാനലുകാരും പത്രക്കാരും നരഭോജിയായ കടുവയെത്തേടി കാടതിർത്തിയിലേക്കു മാറിയതോടെ കുഞ്ഞാച്ചനും ഏലിയാമ്മയ്‌ക്കും കുറച്ചാശ്വാസമായി.
സന്ധ്യക്കുശേഷം മഴ പെയ്‌തൊഴിഞ്ഞിരുന്നു. കാറ്റ് ഒരിലയെ പോലുമിളക്കാനുള്ള ഉശിരില്ലാതെ അവിടെക്കിടന്നു കറങ്ങി. മോളി എവിടെനിന്നോ മുറ്റത്ത് പറന്നിറങ്ങി. വാൽ മണ്ണിലിട്ടുരച്ച് വീടിനുചുറ്റും നടന്നപ്പോൾ പീലികൾക്കിടയിലെ ഇളം ചൂടിൽ മണ്ണ് മഴയെ മറന്ന് ചുരുണ്ടുകൂടി. നഖങ്ങൾ മണ്ണിന്റെ നെഞ്ചിലേക്കാഴ്‌ത്തിയിറക്കി മോളി വീടിനു ചുറ്റുംനടന്ന് ചാച്ചന്റെ മുറിയുടെ തുറന്നിട്ട ജനാലയ്‌ക്കരികിലെത്തി. അപ്പോഴും ഉറങ്ങാതിരുന്ന ചാച്ചൻ മോളിയുടെ വരവ് കാത്തെന്നപോലെ ജനൽക്കമ്പികളിൽ പിടിച്ചുനിൽക്കുകയായിരുന്നു. ചാച്ചന്റെ മുറിയിൽ നിറഞ്ഞ മഞ്ഞവെളിച്ചത്തിൽ കുറേ പ്രാണികൾ തലങ്ങും വിലങ്ങും പാറിക്കൊണ്ടിരുന്നു.
മോളി ഒരു നിമിഷം ചാച്ചനെ നോക്കി അനങ്ങാതെ നിന്നു. ചാച്ചന്റെ കൈകൾ വിറച്ചു. അത്രയുംനേരം അവിടെ ചുറ്റിക്കറങ്ങുകയായിരുന്ന കാറ്റ് ചാച്ചനെ തൊട്ടുതലോടി മുറിക്കുള്ളിലേക്കു കയറി. തണുത്തുറഞ്ഞ കമ്പികളിൽ മുഖമമർത്തി ചാച്ചൻ വാക്കർ നീക്കിവച്ച് മുട്ടുകുത്തിനിന്നു. കാലം കടഞ്ഞ് ചുളിവുകൾ വീഴ്‌ത്തിയ ആ മുഖം വലിഞ്ഞു മുറുകിയിരുന്നു.
വിറയ്‌ക്കുന്ന കൈകൾകൊണ്ട് കമ്പികൾ മുറുക്കിപ്പിടിച്ച ചാച്ചൻ എന്തോ പറയാനാഞ്ഞ് ചുണ്ടുകളനക്കി.
മുന്നോട്ടുനീങ്ങി ചാച്ചന് തൊട്ടടുത്തായി ജനൽക്കമ്പികളിൽ തലമുട്ടിച്ച് മോളി അനങ്ങാതെ നിന്നു.
“…മോളീ.”
ചാച്ചൻ തന്നോടെന്നപോലെ ഉരുവിട്ടു. കണ്ണുകൾ നിറഞ്ഞു. വർഷങ്ങളുടെ കണക്കുകൾ പെരുകി കൊഴുത്തുരുണ്ട കണ്ണുനീർ, കമ്പികളൊന്നിലെ തണുപ്പിൽ പതിയെ തൊട്ടു.
മോളി ചിറകുകൾ അനക്കി. അടക്കിനിർത്താൻ പാടുപെടുന്ന വിറ കൂട്ടിപ്പിടിച്ച് ചാച്ചൻ കമ്പികൾക്കിടയിലൂടെ കൈയിട്ട് മോളിയുടെ തലയിൽ തൊടാനായി കൈനീട്ടി. ഒരു ജനൽ മാത്രം ഇടയിലുണ്ടായിട്ടും മോളി നിൽക്കുന്നത് ദശാബ്ദങ്ങൾ ദൂരത്താണെന്ന് ചാച്ചനു തോന്നി.
മോളി പിറകോട്ടു നീങ്ങി.
മോളിയുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞിരുന്നു. നാവ് പുറത്തേക്കിട്ട് ശബ്ദമുണ്ടാക്കാതെ എന്തോ പറയാൻ ശ്രമിച്ചു. കഴുത്ത് കുടഞ്ഞുകൊണ്ട്, വാ തുറന്നും അടച്ചും മോളി കണ്ണുരുട്ടി.
പീലികളെല്ലാം വിടർത്തി ആയിരം കണ്ണുള്ള നീലവൃത്തം മോളി തനിക്കു പിറകിലായി വരച്ചു. ശരീരമാസകലം വിറങ്ങലിക്കുന്ന മോളിയെ നോക്കി, നീലവെളിച്ചം കണ്ണിൽനിറച്ച് ചാച്ചൻ കണ്ണുകളടച്ചു. മോളി ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും നീങ്ങാൻ തുടങ്ങി. ചാച്ചന്റെ ഇറുക്കിയടച്ച കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണുനീർ, വരണ്ടുണങ്ങിയ മുഖത്തിലൂടെ വഴി കണ്ടെത്തി മോളി ചവിട്ടിയ മണ്ണിലേക്കു പതിച്ചു.
കുറുക്കൻ ഓരിയിട്ടു. കൂമൻ കരഞ്ഞു. ഇനിയുമുറങ്ങാത്ത കാടതിർത്തിയിൽനിന്നും വർഷങ്ങളുടെ പഴക്കംപേറിയ ഒരു പ്രകമ്പനമുയർന്നു.
ചാച്ചൻ ഇടതുതോളിലെ തോർത്തുമുണ്ടെടുത്ത് കുടഞ്ഞ് വലതുതോളിലിട്ടു. എന്നിട്ട് തോളിൽനിന്നും അതെടുത്തു മുഖം തുടച്ച് തലകുനിച്ചു താഴേക്കിട്ടു. തുറന്നുവെച്ച വായ്‌ക്കുള്ളിൽനിന്നും മോളിയുടെ നാവ് ശക്തിയായി വിറച്ചു.
അകത്തേക്കുകയറിയ കാറ്റ്, അതിനോടകം ചാച്ചന്റെ ബൈബിളിനുള്ളിൽനിന്നും കണ്ടെത്തിയ പൊടിഞ്ഞുണങ്ങിയ മയിൽപ്പീലിത്തുണ്ടുകളെ പറത്തിവിട്ട് മുറിയിൽനിന്നും ഓടി പുറത്തേക്കിറങ്ങി.
അടുത്ത ദിവസം രാവിലെ ചാച്ചൻ എഴുന്നേറ്റില്ല.
ഒമ്പത്
കണ്ണുതുരക്കുന്ന ഇരുട്ടിന്റെ നെഞ്ചിലേക്ക് സിഗരറ്റ് കുത്തിയുരച്ച് അയാൾ ഒരു നെടുനീളൻ പുകയൂതി പുറത്തേക്കുവിട്ടു. ചുറ്റും വാവിട്ടു കരയുന്ന ചീവീടുകളുടെ ശബ്ദത്തിൽ അരിശംവന്ന് ചെവിചൊറിഞ്ഞു. ശേഷം കൈലിമുണ്ട് മാത്രം ചുറ്റിയ തന്റെ ദൃഢമായ ശരീരത്തിലൂടെ വിരലോടിച്ച് ചുറ്റും നോക്കി.
“ഹമീദേ, തണുക്കണുണ്ടോ നിനക്ക്?”
വിറയ്‌ക്കുകയായിരുന്ന ഹമീദ് കൈയിലുള്ള വലിയ ചാക്കുമേന്തി അയാളുടെ അരികിൽ വന്ന് കിതച്ചു.
“വിറക്കണുണ്ടേൽ ഇതൂരി തരാ.”
അയാൾ തന്റെ ഉടുമുണ്ട് പകുതിയഴിച്ചു. ഹമീദ് വേണ്ട എന്ന് ആംഗ്യം കാണിച്ചതോടെ വീണ്ടും മുണ്ട് മുറുക്കി കെട്ടി ചാക്കു തുറന്നു. അവർക്കു തൊട്ടുമുന്നിലായി, ആനക്കറുപ്പിനെ വെല്ലുന്ന മയിലാടിപ്പാറയുടെ ഇരുട്ട് കല്ലിച്ചു കിടന്നു.
ചാക്കിനകത്തുനിന്നും ഒരു തോർത്തെടുത്ത് അയാൾ ഇടതുതോളിലിട്ടു. എന്നിട്ടതു കുടഞ്ഞ് വലതുതോളിലേക്ക് മാറ്റിയിട്ടു.
“ദിവസം കുറച്ചായി ഹമീദേ പാതിരാവരെ ഞാനിവിടെക്കിടന്ന് മേയുന്നു. ഇരുട്ടാണേലും നല്ല തിരിപാടാ അതോണ്ട്. നീയാ ചൂട്ടവിടെ കുറച്ചപ്പുറത്ത് കുത്തിവെക്ക്. നല്ല ഊക്കൻ അടിപ്പാറേടെ ഒറപ്പാ. ഒന്ന് പൊളിച്ച് കിട്ടിയാ പിന്നെ ഒന്നല്ല ഒരു പത്ത് വീടിനുള്ളതുണ്ടാവും. നീയും പൊക്കിക്കോ.”
ഹമീദ് പേടിയോടെ ചുറ്റും നോക്കി.
“വല്ല കാട്ടുമൃഗോം വന്ന് ശാപ്പിടുവോന്നാ. കൊടുംകാടിന്റെ നടുക്കാ പൊലർച്ചയ്‌ക്ക്.”
“നമ്മളേക്കാ വലിയ മൃഗോ, ന്താ ഹമീദേ! ഈ സമയാ നല്ലത്. ദൂരെ നിന്നേതേലും നാറി കേട്ടാത്തന്നെ വല്ല അമ്പലത്തിന്നും പൊട്ടിച്ചതാന്ന് വെച്ച് കിടന്നുറങ്ങിക്കോളും. പൊട്ടിക്കഴിഞ്ഞാപ്പിന്നെ ഒറ്റയ്‌ക്ക് തേവൂലാ, അതാ നിന്നെയും ഇറക്കിയേ. പുറത്ത് ലോറിയിലൊന്നെത്തിക്കുന്നതാ നയ്‌പ്.”
അയാൾ മയിലാടിപ്പാറയ്‌ക്കു ചുറ്റും നടന്നു. താൻ ആഴ്‌ചകളെടുത്ത് തുരന്നുണ്ടാക്കിയ പാറയിലെ ചെറുകുഴികളിൽ മുഴുവനായി മരുന്ന് നിറഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തി കൈവിരലുകളിലെ ഞൊട്ടപൊട്ടിച്ചു.
“തറയ്‌ക്കും കിണറിനും ആവോളമുണ്ട്. വേണേൽ വീടിന്റെ ചൊമര് വരെ ഇത് വെച്ചാക്കാം. കേട്ടോ ഹമീദേ, മയിലാടിപ്പാറയാണ് ഇനിയെന്റെ വീട്!”
എവിടെനിന്നെന്നില്ലാതെ അപ്പോളൊരു മയിൽ ഉറക്കെ കരഞ്ഞു. ഹമീദ് മുകളിലേക്കു നോക്കിയപ്പോൾ തോർത്തുകൊണ്ട് മുഖമൊന്നുതുടച്ച് അയാൾ വല്ലാത്തൊരു ചിരി ചിരിച്ചു.
“ഈ കാട്ടിലെ മുഴുവൻ മയിലുകളും മഴയത്ത് വന്ന് തുള്ളുന്ന സ്ഥലാന്നാ പറച്ചില്. അവറ്റോള് കരയും, കാര്യാക്കണ്ട.”
വെടിമരുന്നിന്റെ ചരട് ദൂരത്തേക്കു വലിച്ചിട്ട് അവസാന പരിശോധനയ്‌ക്കായി അയാൾ മയിലാടിപ്പാറയ്‌ക്കരികിലെത്തി. ചെവിയടച്ച് കണ്ണും പൊത്തിയിരിക്കുന്ന ഹമീദിനെ നോക്കി തിരികെ നടക്കാൻ തുടങ്ങിയപ്പോൾ എന്തിലോ ചവിട്ടിയതുപോലെ. ഒരു ബീഡികൂടി കത്തിച്ചുവലിച്ച് തീപ്പെട്ടിക്കൊള്ളി താഴേക്കു കാണിച്ചു. തിരക്കിട്ടണയുന്ന മഞ്ഞവെളിച്ചത്തിൽ കണ്ടു, കാലിനടിയിൽ ഞെരിയുന്ന ഒരു മയിൽപ്പീലി... അതെടുത്ത് പൊടിതട്ടി അയാൾ മുണ്ടിനുള്ളിലേക്കു തിരുകി.
കണ്ടിട്ടും കാണാതിരുന്ന ആയിരക്കണക്കിന് മയിൽപ്പീലികൾ മയിലാടിപ്പാറയുടെ മടിത്തട്ടിൽ മാനത്തേക്കു നോക്കിക്കിടന്നു. പരസ്‌പരം ചൂടുരുമ്മി അനങ്ങാതെ കിടക്കുമ്പോഴും അവയിൽ ചിലത് എന്തിനെന്നില്ലാതെ വിറച്ചു.
കാട് നടുങ്ങി. മണ്ണ് വിറച്ചു. ഹമീദ് പതിയെ കണ്ണുതുറന്നു.
പത്ത്
ചാച്ചന്റെ തീർപ്പു കഴിഞ്ഞ് മുറ്റത്ത് കെട്ടിയ പന്തലിന്റെ തണലിലിരിക്കുമ്പോൾ കുഞ്ഞാച്ചന്റെ മനസ്സു മുഴുവൻ അന്ന് അടക്കിന് തൊട്ടുമുമ്പ് പെയ്‌ത മഴ കുത്തിയൊഴുക്കിയ പുഴപോലെ കലങ്ങിമറിയുകയായിരുന്നു. അനാഥമായി കിടക്കുന്ന ആട്ടിൻകൂടും കോഴിക്കൂടും പശുത്തൊഴുത്തും ഇപ്പോൾ ചാച്ചന്റെ മുറിയും... പിന്നെയീ വീടും.
ഏലിയാമ്മ പലപ്പോഴായി പറഞ്ഞതും ചാച്ചൻ പറയാതെ പറഞ്ഞതും...
അടക്കിന്റെയന്ന് രാവിലെ നാട്ടിലെത്തിയ രജി കസേരയിൽ കണ്ണടച്ചിരുന്നു.
“രജീ…”
രജി ഒന്ന് മൂളുകമാത്രം ചെയ്‌തു. കുഞ്ഞാച്ചൻ വീടിനെ നോക്കി കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരുന്നു.
“ചാച്ചൻ ഈ വീട് പണിതപ്പൊ നീ ജനിച്ചിട്ടില്ല. എനിക്കന്ന് നാല് വയസ്സ് താഴെയേ ആവുന്നുള്ളൂ. ഒരു പുലർച്ചെ അമ്മച്ചി വന്ന് ചാച്ചൻ വിളിക്കുന്നൂന്ന് പറഞ്ഞ് നമ്മള് താമസിക്കുന്ന ആ കുടിലിൽനിന്നും എന്നെയും പെറുക്കി ഇങ്ങോട്ടുവന്നു. നേരം വെളുത്ത് തുടങ്ങിയിട്ടില്ലാട്ടോ. ചാച്ചനും ചാച്ചന്റെ അന്നത്തെ സുഹൃത്ത് ഹമീദും, പുള്ളി കുറച്ച് കൊല്ലം മുന്നേ മരിച്ചു. പുള്ളിയുംകൂടി ഈ മുറ്റം, നമ്മളിപ്പൊ ഇരിക്കണ ഈ സ്ഥലം മുഴുവൻ നിറയെ കല്ലുകൊണ്ടിറക്കി. ചാച്ചന്റെ മേല് ഫുള്ള് കരിയാര്ന്നൂന്നേ. അതിൽ കൂട്ടത്തിൽ ഒരു വലിയ കല്ലിന്റെ മോളിൽ കേറി ഇരുന്ന്, ഒരു കുപ്പി കള്ളും പൊട്ടിച്ച്, രണ്ട് ചെറിയ കല്ലിന്റെ മോളിൽ രണ്ട് കാലും കേറ്റിവെച്ച് ചാച്ചൻ അങ്ങനെ ഇരുന്നു.”
കുഞ്ഞാച്ചൻ ചാച്ചന്റെ ഇരുപ്പ് കസേരയിലിരുന്ന് അനുകരിച്ചു കാണിച്ചു. രജി പുഞ്ചിരിച്ചു.
മോളിയില്ലാത്ത കോഴിക്കൂടിനു മുകളിലേക്കു നോക്കി കുഞ്ഞാച്ചൻ തുടർന്നു.
“ഞാൻ ചോദിച്ചു, ചാച്ചാ എവിട്ന്നാ ഇത്രേം കല്ലെന്ന്. ചാച്ചൻ കുപ്പി മുഴുവനായി വായിലേക്ക് കമഴ്‌ത്തി കള്ള് തൊണ്ടയിലേക്ക് കുളു കുളൂന്ന് ഇറങ്ങുന്ന നേരത്ത് ദൂരെ ദേ ആ കാട്ടിലേക്ക് വിരൽചൂണ്ടി.”
കുഞ്ഞാച്ചനും അങ്ങോട്ടു വിരൽചൂണ്ടി.
“കുടിച്ചുകഴിഞ്ഞ കുപ്പിയെറിഞ്ഞ് ചിറിതുടച്ച് ഒരു യുദ്ധം ജയിച്ചവനെപ്പോലെ നമ്മുടെ ഈ വീടിരിക്കണ സ്ഥലത്തേക്ക്, അന്നിതൊരു കുറ്റിക്കാടാ, ഇങ്ങോട്ടു വിരൽചൂണ്ടി പറഞ്ഞു...”
കുഞ്ഞാച്ചൻ കസേരയിൽ കുറച്ചധികം ചാഞ്ഞിരുന്ന്, തന്റെ മുന്നിലുള്ള വീട്ടിലേക്ക് വിരൽ ചൂണ്ടി.
“നമുക്കുള്ളതാ ചെക്കാ ഇതെന്ന്.”
ആ നിമിഷം രജി കുഞ്ഞാച്ചന്റെയുള്ളിൽ ഉയരുന്ന ചാച്ചനെ കണ്ടു. ചാച്ചന്റെ ശബ്ദത്തിലേക്കടുക്കുന്ന കുഞ്ഞാച്ചന്റെ ശബ്ദം കേട്ടു.
“വേറാരും ഇല്ല. ചാച്ചനും ഹമീദ്ക്കയും കൂടിയാ ഇത് മുഴുവൻ കെട്ടിപ്പൊക്കിയേ. സമയത്തിന് കഞ്ഞിവെക്കാൻ അമ്മച്ചിയും കൊണ്ടുകൊടുക്കാൻ ഞാനും. പണിയോട് പണി, നിലത്തിരിക്കാത്ത പണി. കിണറും കുത്തി അതിനുചുറ്റും കല്ലുംകെട്ടി അതീന്ന് വെള്ളവുമെടുത്ത് തലേലോട്ടൊഴിച്ച് ചാച്ചൻ നിന്നൊരു നിപ്പുണ്ട്, എനിക്കിന്നും നല്ല ഓർമയാ അത്. ഒരു കൈലിമുണ്ടും ചാച്ചന്റെ തോർത്തും മാത്രം...”
രജിയൊന്നും പറഞ്ഞില്ല.
“ഏലിയാമ്മ പറയുന്നെ, മോളി വന്നേ പിന്നാ...”
ഏലിയാമ്മയുടെ നിലവിളികേട്ട് കുഞ്ഞാച്ചനും രജിയും കിണറിനരികിലേക്കോടി. നിലത്ത് മണ്ണിലിരുന്ന് കിണറിന്റെ കരിങ്കൽ ചുറ്റുമതിലിൽ ചാരി കരച്ചിലിന്റെ വക്കോളമെത്തിയ ഏലിയാമ്മ വാസൂട്ടനെ ചേർത്തുപിടിച്ച് പേടിയോടെ മുകളിലേക്കു നോക്കി. വാസൂട്ടൻ ഉള്ളംകൈയിൽ മുറുക്കിപ്പിടിച്ചിരുന്ന മയിൽപ്പീലിയെടുത്ത് ഏലിയാമ്മ വലിച്ചെറിഞ്ഞു.
“വാസു കിണറിന്റെ വക്കിൽ കേറി നിക്കുവാര്ന്നു ഞാൻ വന്നപ്പൊ. ഈ മോളി അവനെ പിറകീന്ന്…”
പറഞ്ഞവസാനിക്കുന്നതിനുമുന്നേ കോഴിക്കൂട്ടിൽനിന്നും കിണറുവരെ വീണുകിടക്കുന്ന മയിൽപ്പീലികൾ കുഞ്ഞാച്ചനെ തുറിച്ചുനോക്കി. തൊട്ടടുത്ത ആഞ്ഞിലിൽ അള്ളിപ്പിടിച്ചിരിക്കുന്ന മോളിയെ നോക്കി കുഞ്ഞാച്ചൻ “മോളീ” എന്നുറക്കെ വിളിച്ചു.
അതുവരെ കണ്ണടച്ചിരുന്ന മോളി കണ്ണുതുറന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാരെയും നോക്കി മരത്തിൽ കൊത്തി ടക്ക് ടക്ക് ശബ്ദമുണ്ടാക്കി. കുഞ്ഞാച്ചൻ ദേഷ്യത്തോടെ താഴേക്കിടന്ന വലിയൊരു കല്ലെടുത്ത് മോളിയെ എറിയാനാഞ്ഞു. രജി കുഞ്ഞാച്ചന്റെ കൈയിൽ കയറിപ്പിടിച്ചു.
മോളി കുറച്ചുനേരം അനങ്ങിയില്ല. ശേഷം കൂർത്ത വിരലുകൾ ആഞ്ഞിലിൽ ഉരയ്‌ക്കാൻ തുടങ്ങി. മൂർച്ചയോടു മല്ലിട്ട് ആഞ്ഞിലിന്റെ തൊലിയിളകി താഴേക്കു പൊഴിഞ്ഞു.
പെട്ടെന്ന് തലവെട്ടിച്ച് എല്ലാവരെയും തുറിച്ചുനോക്കി ആ തൊടി കുലുങ്ങുമാറ് മോളി ഉറക്കെ കരഞ്ഞു. വാസൂട്ടൻ ചെവിയടച്ചു. ഏലിയാമ്മ എഴുന്നേൽക്കാതെ മണ്ണിലിരുന്ന് വാസൂട്ടനെ നെഞ്ചോടമർത്തി. ആഞ്ഞിലിൽനിന്ന് ചാടി ചിറകുകളും പീലികളും മുഴുവനായി വിടർത്തി മോളി അലറി. ഇനിയൊരിക്കലും തോരാത്തൊരു മഴ പോലെ പീലികൾ അവർക്കു ചുറ്റും പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. മാനം കണ്ടാൽ മരണം കാണുന്ന നീലക്കണ്ണുകൾ, കണ്ണിമവെട്ടാതെ മാനത്തേക്കുനോക്കി നെഞ്ചുവിരിച്ചു കിടന്നു.
ശക്തിയായി ചിറകുകളടിച്ച് പീലികൾ വിടർത്തി മോളി മുകളിലേക്കു മുകളിലേക്കു പറന്നു. വായുവിലെ അദൃശ്യചില്ലകളിലേതോ ഒന്നിൽ കുറച്ചുനേരം തങ്ങി നിന്ന്, താഴെ നിൽക്കുന്ന കുഞ്ഞാച്ചനേയും രജിയേയും ഏലിയാമ്മയേയും വാസൂട്ടനേയും മാറി മാറി നോക്കി.
ശേഷം, ശരീരമാസകലം വിറപ്പിച്ച് ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും നീങ്ങാൻ തുടങ്ങി. പെട്ടെന്ന്, രജിയുടെ വീട്ടിൽനിന്നും ഉന്നംതെറ്റിവന്ന കുഞ്ഞുമോന്റെ ശിവകാശിപെല്ലറ്റ് മോളിയുടെ തലതകർത്ത് കുന്നിൻചെരുവിലെ മറ്റേതോ പാറയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.
നാവ് പുറത്തേക്കു തള്ളി. ചോര താഴേക്കു തെറിച്ചു.
സ്ലോമോഷനിൽ അതുകണ്ട വാസൂട്ടൻ ചുണ്ടനക്കി.
“ഡ്രാഗൺ… ഡ്രാഗൺ…”
ഒരു മുട്ട പൊട്ടുന്ന ശബ്ദത്തോടെ വിടർന്ന ചിറകുകളും പീലികളുമായി മോളി താഴേക്കുപതിച്ചപ്പോൾ, ദൂരെ മയിലാടിപ്പാറയുടെ അസ്ഥികൂമ്പാരത്തിനു കാവലിരിക്കുന്ന കാട്ടിൽനിന്നും ഒരു കൂട്ടം മയിലുകളുടെ കരച്ചിൽ ഉയർന്നു കേട്ടു .










0 comments