കുവൈത്ത് വ്യോമഗതാഗതം സാധാരണനിലയിലേക്ക്; ടെർമിനൽ നാലുവഴി കൂടുതൽ വിദേശ വിമാനങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലുവഴി കൂടുതൽ വിദേശ വിമാന സർവീസുകൾ ആരംഭിച്ചതായി അധികൃതർ. ആദ്യഘട്ടത്തിൽ ഈജിപ്ത് എയറും ഫ്ലൈദുബായും സർവീസ് ആരംഭിച്ചതായി വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് ടെർമിനൽ ഒന്ന് താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി.
ആദ്യ രണ്ട് സർവീസുകളിലായി ആകെ 422 യാത്രക്കാരാണ് കുവൈത്തിൽനിന്ന് യാത്ര തിരിച്ചത്. ഇതിൽ ഈജിപ്ത് എയറിന്റെ വിമാനത്തിൽ 242 പേരും ഫ്ലൈദുബായ് സർവീസിൽ 180 പേരുമാണ് ഉണ്ടായിരുന്നത്. വരുംദിവസങ്ങളിൽ എമിറേറ്റ്സ്, മിഡിൽ ഈസ്റ്റ് എയർലൈൻസ്, സിറിയൻ എയർലൈൻസ്, ഗൾഫ് എയർ, നൈൽ എയർ, യെമീനിയ എന്നിവയുടെ സർവീസുകളും ടെർമിനൽ നാലുവഴി ആരംഭിക്കും.
യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാനായി സമഗ്രമായ അടിയന്തര പ്രവർത്തന പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ടെർമിനൽ നാലി-ന്റെ പ്രവർത്തനശേഷി കണക്കിലെടുത്ത് ഓരോ മണിക്കൂറിലും യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചാണ് സർവീസുകൾ ക്രമീകരിക്കുന്നത്. ടെർമിനൽ നാലിൽ 50 ചെക്ക്- ഇൻ കൗണ്ടറുകളും പാസ്പോർട്ട് നിയന്ത്രണ, കസ്റ്റംസ് കൗണ്ടറുകളും പൂർണ സജ്ജമാണ്. യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ അടിയന്തര സേവന, അറ്റകുറ്റപ്പണി, ഗ്രൗണ്ട് ഹാൻഡ്-ലിങ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തനസജ്ജമായി തുടരുകയുമാണ്. കൂടുതൽ അറബ്, വിദേശ വിമാനക്കമ്പനികൾ സർവീസ് പുനഃരാരംഭിക്കുന്നതോടെ കുവൈത്തിന്റെ അന്താരാഷ്‌ട്ര വ്യോമഗതാഗതം ക്രമേണ പൂർണതോതിൽ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ ഘട്ടം ഘട്ടമായി നിറവേറ്റാനുള്ള നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments