വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്
കേരളത്തിൽ മദ്യമൊഴുകും; മദ്യം സുലഭമാക്കാനുള്ള തീരുമാനത്തിന് സതീശന് എത്ര കിട്ടി..? എംബി രാജേഷ്

എം ബി രാജേഷ്, വി ഡി സതീശന്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ നാട്ടിൽ മുഴുവൻ മദ്യം ഒഴുക്കാനും അതിന് നികുതി ഇളവ് കൊടുക്കാനുമുള്ള തീരുമാനം സമൂഹത്തോടുള്ള കൊടിയ അന്യായത്തിനും വലിയ അഴിമതിക്കുമുള്ള കളം ഒരുക്കിയിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിന് അനുമതി കൊടുത്തിരുന്നു. അത് കൃഷിക്കാരെ സംബന്ധിച്ച് വലിയ സഹായം കൂടിയായിരുന്നു. ഫോർട്ടി വൈൻ എന്ന ഒരു കാറ്റഗറി ചട്ടഭേദഗതിയിലൂടെ കൊണ്ടുവന്ന് വൈനിന് എന്താണോ നിലവിലുള്ള നികുതി അതിൽ നിന്ന് നികുതി എൽഡിഎഫ് സർക്കാർ കുറച്ചിരുന്നില്ല. കാരണം ആ മദ്യത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് പഴങ്ങളും പച്ചക്കറിയുമായതിനാൽ.
എന്നാൽ യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്. 10 ശതമാനം വരെ സ്പിരിറ്റ് ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറച്ചത്. നിലവിൽ ഇന്ത്യൻ മേയ്ഡ് ഫോറിൻ ലിക്വറിന്റെ നികുതി നിരക്കായി 251 ശതമാനം നികുതി കൊടുക്കണം. ഇതിൽ നിന്നാണ് 120 ശതമാനായി നികുതി കുറച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ ആവശ്യം കൂടിയായിരുന്നു ഈ നികുതിയളവ്.
ഇതേ കമ്പനി എൽഡിഎഫ് സർക്കാരിനെയും കണ്ട് സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് സർക്കാർ അതിന് വഴങ്ങിയില്ല. അതിന് രണ്ട് കാരണങ്ങളാണ് അന്ന് ധനകാര്യ മന്ത്രി ചൂണ്ടികാണിച്ചത്. ഒന്ന് മദ്യം സുലഭമാകുമെന്നും രണ്ട്, സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരും എന്നും. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് തുടക്കത്തിൽ തന്നെ 251 ശതമാനം നികുതിയിൽ നിന്ന് പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ആയും 20 ശതമാനം വരെ വീര്യമുള്ളതിന് 175 ആയും കുറച്ചു.
വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ധനകാര്യമന്ത്രിയാണ് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്ടം ഈ നികുതി ഇളവിലൂടെ വരുത്തിയിരിക്കുന്നത്. മേൽപറഞ്ഞ കമ്പനിക്ക് വലിയ വിപണി കിട്ടാൻ സഹായിക്കുന്ന തീരുമാനം കൂടിയാണ് യുഡിഎഫ് സർക്കാർ കൈകൊണ്ടത്. സർക്കാരിന്റെ ചെലവിൽ സംസ്ഥാനത്ത് മദ്യം വ്യാപകമായി ഒഴുക്കി സർക്കാരിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കി കൊണ്ട് നികുതിയിളവ് നൽകുന്നതിന് പിന്നിലുള്ള താത്പര്യം എന്താണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും. എത്ര കിട്ടി എന്ന് സതീശൻ പറഞ്ഞാൽ മതിയെന്ന് എം ബി രാജേഷ് പറഞ്ഞു.
ഇതിലെ മറ്റൊരു അപകടം എന്തെന്നാൽ, വിപണിയിൽ ഇറക്കുന്നത് റെഡി ടു ഡ്രിങ്ക് മദ്യമാണ്. ഇത് വാങ്ങിയ ഉടനെ ശീതളപാനീയം കുടിക്കുന്നത് പോലെ കുടിക്കാം എന്ന് സാരം. അത് സുലഭമായി മാറും. വ്യാപകമായി കുട്ടികൾ ഉൾപ്പടെയുള്ള പുതുലമുറ ഉപയോഗിക്കുന്ന നില വരും. ഇതും വാങ്ങി പോക്കറ്റിലിട്ട് കോളേജിൽ വരുന്ന സ്ഥിതികളിലേയ്ക്ക് മാറും.
മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവരാണ് ഇപ്പോൾ മദ്യം സുലഭമാക്കുന്നത്. ഇതിനെയാണ് നാട്ടിൽ മദ്യം ഒഴുക്കുക എന്ന് പറയുന്നതെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. കേരളത്തിന് ഇത്രയും വലിയ വരുമാന നഷ്ടം വരുത്തിയതിന് പിന്നാലെ കൊടുക്കൽ വാങ്ങൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കര്‍ണാടക ലോബി ഇതിന് പിന്നിലുണ്ടെന്നും എം ബി രാജേഷ് ആരോപിച്ചു. ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍ നടത്തുമ്പോഴാണ് മറുഭാഗത്ത് റെഡി ടു ഡ്രിങ്ക് മദ്യം എല്ലാവര്‍ക്കും ലഭ്യമാക്കി കൊണ്ടിരിക്കുന്നത്. കുടിപ്പിച്ച് തൂഫാന്‍ ആക്കാനുള്ള പദ്ധതിയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.









0 comments