ad
Deshabhimani

മെസിക്ക് റെഡ് കാർഡ് നൽകിയില്ല, റഫറിയിങ്ങിൽ പിഴവ്: ഫിഫയ്ക്ക് പരാതി നൽകി അൾജീരിയ

messi tackle algeria

ഐസാ മെൻഡിയെ ഫൗൾ ചെയ്ത് വീഴ്ത്തുന്ന മെസി. video screenshot via X

വെബ് ഡെസ്ക്

Published on Jun 20, 2026, 12:07 PM | 1 min read

ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്ക്കെതിരെ നടന്ന ​​ഗ്രൂപ്പ് പോരാട്ടത്തിൽ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഔദ്യോ​ഗിക പരാതി നൽകി അൾജീരിയ. സൂപ്പർ താരം ലയണൽ മെസി നടത്തിയ ഫൗളിൽ നടപടിയുണ്ടായില്ലെന്നും മത്സരത്തിൽ റഫറി നിഷ്പക്ഷനായല്ല പെരുമാറിയതെന്നും ആരോപിച്ചാണ് അൾജീരിയ ഫിഫയ്ക്ക് പരാതി നൽകിയതെന്നാണ് വിവരം. 17ന് കൻസാസ് സിറ്റിയിൽ നടന്ന ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ അർജന്റീനയോട് 3-0 ന് അൽജീരിയ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പോളിഷ് റഫറി സിമോൺ മാർസിനിയാക്കും വാർ ടീമും പക്ഷപാതപരമായാണ് ഇടപെട്ടതെന്നും സൂപ്പർ താരങ്ങളുടെ ഫൗളിന് കണ്ണടച്ചെന്നുമാണ് അൾജീരിയ ആരോപിക്കുന്നത്.


കളിയുടെ ആദ്യ പകുതിയിൽ അൾജീരിയൻ താരം ഐസാ മെൻഡിക്കെതിരെ മെസി നടത്തിയ ഫൗളാണ് വിവാദമായത്. 17-ാം മിനിറ്റിൽ മെസി ആദ്യഗോൾ നേടിയതിന് പിന്നാലെയായിരുന്നു സംഭവം. മെസി അൾജീരിയൻ താരത്തെ പിന്നിൽ നിന്ന് കാലിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. കാലിന്റെ പിൻഭാ​ഗത്ത് മെസി ചവിട്ടുന്നതും ചവിട്ടേറ്റ് മെൻഡി താഴെ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.


​ഗുരുതരമായ ഫൗളായിരുന്നെങ്കിലും ഒരു താക്കീത് പോലും റഫറി മെസിക്ക് നൽകിയില്ലെന്നാണ് ആക്ഷേപം. അൾജീരിയയ്ക്ക് ഫ്രീകിക്ക് അനുവദിച്ചിരുന്നു. എന്നാൽ റെഡ് കാർഡോ യെല്ലോ കാർഡോ ലഭിക്കേണ്ട ഫൗളാണ് മെസി നടത്തിയതെന്ന് മത്സരശേഷം ആക്ഷേപം ശക്തമായിരുന്നു. മെസിക്കെതിരേ ഒരുനടപടിയും ഉണ്ടാകാതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അൾജീരിയ പരാതിയുമായി എത്തിയത്.


ഇതിനു പുറമെ നടപടിയെടുക്കാത്ത മൂന്നോളം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അൾജീരിയ വ്യക്തമാക്കുന്നു. മെസി നടത്തിയ ഫൗളിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മെസിയായതുകൊണ്ടാണോ കാർഡ് നൽകാതിരുന്നതെന്നും വാർ പരിശോധന നടത്താതിരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്. റഫറി മാർസിനിയാക്കിനെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്. ഖത്തറിൽ 2022-ൽ നടന്ന അർജന്റീന - ഫ്രാൻസ് ലോകകപ്പ് ഫൈനലിലും സിമോൺ മാർസിനിയാക് ആയിരുന്നു റഫറി.


മത്സരത്തിൽ ഹാട്രിക് നേടിയ മെസി ലോകകപ്പിൽ ഏറ്റവും ​ഗോൾ നേടുന്ന താരം എന്ന ജർമനിയുടെ മിറോസാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. 16 ​ഗോളാണ് ലോകകപ്പിൽ മെസിയുടെ സമ്പാദ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home