ad
Deshabhimani

വെടിനിർത്തൽ കരാർ ലംഘിച്ചു; ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം, അഞ്ച് മരണം

Lebanon.jpg

ഇസ്രയേൽ ലെബനനയിൽ നടത്തിയ വ്യോമാക്രമണം ചിത്രം: റോയിട്ടേഴ്‌സ്

വെബ് ഡെസ്ക്

Published on Jun 20, 2026, 11:45 AM | 1 min read

ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്ച നിലവിൽ വന്ന വെടിനിർത്തൽ കരാർ മണിക്കൂറുകൾക്കകം ലംഘിച്ച് ഇസ്രയേൽ. ശനിയാഴ്ച പുലർച്ചെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും അഞ്ച് പേർ കൊല്ലപ്പെട്ടു.


ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടാക്കിക്കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതലായിരുന്നു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.


എന്നാൽ ഇത് അവഗണിച്ചാണ് ഇസ്രയേൽ വീണ്ടും ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയത്. തെക്കൻ ലെബനനിലെ നബാത്തിയ മേഖലയിലാണ് ശനിയാഴ്ച പുലർച്ചെ മുതൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും കൂട്ടത്തോടെ ആക്രമണം നടത്തിയത്.


ഒട്ടനവധി പാർപ്പിട സമുച്ചയങ്ങളും വീടുകളും ആക്രമണത്തിൽ പൂർണ്ണമായി തകർന്നു. വ്യോമാക്രമണത്തിന് പുറമെ നബാത്തിയ നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം കനത്ത പീരങ്കിയാക്രമണവും നടത്തിയിട്ടുണ്ട്.


വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയ ജനങ്ങളെ ഈ അപ്രതീക്ഷിത ആക്രമണം വീണ്ടും പരിഭ്രാന്തിയിലാഴ്ത്തി. മാസങ്ങൾ നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിലാണ് യുഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വെള്ളിയാഴ്ച ഇരുവിഭാഗവും വെടിനിർത്തലിന് സമ്മതിച്ചത്.


മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പുതിയ കരാർ ലംഘനം. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒത്തുതീർപ്പ് ചർച്ചകൾ പാളിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home