ad
Deshabhimani

കവർസ്റ്റോറി

ദിവാൻ മന്ന: ഡോക്യുമെന്ററി ഫോട്ടോഗ്രഫിക്കുമപ്പുറം

ദിവാൻ മന്ന
വെബ് ഡെസ്ക്

Published on Jun 20, 2026, 10:48 AM | 5 min read


ന്ത്യൻ ഛായാഗ്രഹണ കലയുടെ ഭൂമികയിൽ, ആ മാധ്യമത്തിൽ പ്രവർത്തിക്കുന്നതിനുപരി അതിന്റെ സാധ്യതകളെ അടിസ്ഥാനപരമായി മാറ്റിത്തീർക്കുന്ന ചിലർ ഉയർന്നുവരാറുണ്ട്, ചിലപ്പോഴെങ്കിലും. ദിവാൻ മന്ന അത്തരമൊരു രൂപാന്തരീകരണത്തിന്റെ സാധ്യതയെ പ്രതിനിധീകരിക്കുന്നു. നാടകാവതരണത്തെ സാമൂഹ്യവിമർശനവുമായി കണ്ണിചേർക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ രചനകൾ കൺസെപ്ച്വൽ ഫോട്ടോഗ്രഫിയുടെ വ്യത്യസ്‌തമായ ഒരു തലത്തെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യൻ സാംസ്‌കാരിക സാഹചര്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് ഫോട്ടോഗ്രഫിയിൽ അന്തർലീനമായ കലാപരതയെ പുനർനിർവചിക്കുന്നതിനും അതിന് പുതിയ മാനങ്ങൾ കൽപ്പിച്ചുനൽകുന്നതിനും ദിവാൻ മന്നയുടെ രചനകൾ ശ്രമിക്കുന്നു.

മന്നയുടെ കലായാത്ര, അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളുമായും സങ്കീർണമായ സാമൂഹ്യയാഥാർഥ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുള്ളതാണ്. അചഞ്ചലമായ കരുണയോടെ, സഹാനുഭൂതിയോടെ അത് കലാപങ്ങളുടെയും ഒറ്റപ്പെടലിന്റെയും പരാജയങ്ങളുടെയും വിഷയങ്ങൾ ചിത്രപ്രമേയങ്ങളാക്കുന്നു. തന്റെ രചനകളിലൂടെ അദ്ദേഹം മനുഷ്യജീവികളുടെ നിശ്ശബ്ദരോദനങ്ങളെ പകർത്തിവയ്‌ക്കുന്നു: അതേസമയം അവരുടെ മനുഷ്യത്വവും സഹനശക്തിയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ജീവിച്ചറിഞ്ഞ അനുഭവങ്ങളിൽനിന്നും സാംസ്‌കാരിക പൈതൃകത്തിൽ നിന്നുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ ഉയിരെടുക്കുന്നത്. കാവ്യാത്മകമായ സംവേദനക്ഷമതയോടെ വ്യക്തിപരവും സാമൂഹികവുമായ ചരിത്രം കൂട്ടിച്ചേർത്ത് അദ്ദേഹം തന്റെ രചനകളെ ഒരു നൈമിഷിക അവസ്ഥയുടെ രേഖപ്പെടുത്തൽ എന്നതിൽനിന്ന് മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. അങ്ങനെ ചെയ്യുമ്പോൾ അദ്ദേഹം ഫോട്ടോഗ്രഫിയെ സാമൂഹ്യവിമർശനത്തിനും അസ്‌തിത്വപരമായ ചിന്തകൾ ഉണർത്തുന്നതിനും കെൽപ്പുള്ള ഒരു മാധ്യമമായി അടയാളപ്പെടുത്തുകയാണ്: സ്വത്വം, ഓർമ, മാറ്റം തുടങ്ങിയവയെക്കുറിച്ചുള്ള ഇന്ത്യൻ കലാസങ്കൽപ്പങ്ങളെ അദ്ദേഹം മാറ്റിയെഴുതുന്നു.

ദിവാൻ മന്നദിവാൻ മന്ന

1980-‐കളിൽ രാഷ്ട്രീയ അസ്വസ്ഥതകളാൽ തിളച്ചുമറിയുന്ന പഞ്ചാബിൽ മന്ന അദ്ദേഹത്തിന്റെ സർഗയാത്ര തുടങ്ങുമ്പോൾ ഇന്ത്യൻ ഫോട്ടോഗ്രഫി രംഗം, കോളനിവാഴ്‌ചക്കാലത്തും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളിലും പിന്തുടർന്നുവന്ന ഡോക്യുമെന്ററി പാരമ്പര്യത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. സാംഗത്യമുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക സന്ദർഭങ്ങളെ ഫിലിമിൽ ഗ്രഹിക്കുക, രേഖപ്പെടുത്തുക, സൂക്ഷിച്ചുവയ്‌ക്കുക എന്നിവയായിരുന്നു ഫോട്ടോഗ്രഫിയുടെ പ്രധാന കർത്തവ്യമായി മനസ്സിലാക്കപ്പെട്ടത്. ഫോട്ടോഗ്രഫിയിലെ ചിന്താപരമായ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുറംരാജ്യങ്ങളിൽ നടക്കുന്നുണ്ടായിരുന്നെങ്കിലും ഇവിടെ അതിന് തീരെ ശ്രദ്ധ കിട്ടിയില്ല. ഫോട്ടോഗ്രഫിയെ ഒരു അന്വേഷണാത്മക മാധ്യമം എന്നതിലേക്ക് വളരാതെ കേവലമൊരു പകർത്തിയെടുപ്പ് യന്ത്രമായി ചുരുക്കിക്കാണാൻ ഇവിടെയുള്ള വ്യവസ്ഥാപിത ശീലങ്ങളും വിപണിയുടെ ആവശ്യകതയും വിദ്യാഭ്യാസരീതികളും എല്ലാം കാരണമായി.


ഈയൊരു പശ്ചാത്തലത്തിലാണ് മന്നയുടെ ഫോട്ടോഗ്രഫിയിലുള്ള പുതുമുന്നേറ്റങ്ങൾ കടന്നുവരുന്നത്. ചണ്ഡീഗഢിൽ ഗവൺമെന്റ് ആർട്സ് കോളേജിൽ പഠിക്കുന്ന കാലത്ത് 1980ൽ ചെയ്‌ത ‘അന്യവൽക്കരണം’ (Alienation) എന്ന പരമ്പര ഇന്ത്യൻ ഫോട്ടോഗ്രഫി രംഗത്ത് അന്ന് തീർത്തും അപരിചിതമായിരുന്ന രീതിയിൽ ചിന്തയുടെ സങ്കീർണതകളെ ആവിഷ്‌കരിച്ചു. സാമ്പ്രദായിക സോഷ്യൽ ഡോക്യുമെന്ററി ശൈലിയിൽ നഗരജീവിത പരിസരങ്ങളെ അതേപടി പകർത്തിവയ്‌ക്കുന്നതിനു പകരം മന്ന, അനുക്രമമായ ചിത്രവിതാനത്തിലും പാരിസ്ഥിതിക അവബോധത്തിലും മാനസിക ആലേഖ്യത്തിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് ആധുനിക അന്യവൽക്കരണത്തെ വിശദീകരിക്കുവാൻ ശ്രമിക്കുന്നത്. തന്റെ മാധ്യമത്തെ നല്ലവണ്ണം മനസ്സിലാക്കുന്ന, വെറുതെ ചിത്രങ്ങൾ പകർത്തുവാനല്ലാതെ സങ്കീർണമായ ആഖ്യാനങ്ങൾക്ക് അത് ഉപയോഗപ്പെടുത്താനാകും എന്ന് കരുതുന്ന ഒരു ഫോട്ടോഗ്രാഫറുടെ വരവാണ് ഈ രചനയിലൂടെ വിളംബരം ചെയ്യപ്പെട്ടത്.

കലയിൽ തനിക്കുള്ള ബഹുശാഖാ അടിത്തറയും കൺസെപ്ച്വൽ രചനാരീതിയോടുള്ള വേറിട്ട സമീപനവും ഇന്ത്യൻ ഫോട്ടോഗ്രഫിക്ക് മന്ന നൽകിയിട്ടുള്ള സംഭാവനകളെ വേർതിരിച്ചു നിർത്തുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്തോടെ ഡോക്യുമെന്ററി ഫോട്ടോഗ്രഫിയുടെ അതിരുകൾ മുറിച്ചുകടന്ന അപൂർവം ചില ഇന്ത്യൻ ഫോട്ടോഗ്രാഫർമാരിൽ വ്യത്യസ്‌തമായ കാരണങ്ങളാൽ വേറിട്ടു നിൽക്കുന്ന മൂന്നുപേരുണ്ട്. മനഃശാസ്ത്രപരവും തത്വചിന്താപരവുമായ അന്വേഷണങ്ങളിൽ ഏർപ്പെടാൻ ഫോട്ടോഗ്രാഫ് എന്ന വസ്‌തുവിനെ തന്നെ പ്രാപ്തമാക്കുന്ന വിധം സങ്കൽപ്പങ്ങളുടെ രംഗാവിഷ്‌കാരത്തിന്റെ പഥത്തിലൂടെ സഞ്ചരിക്കാനുള്ള സാധ്യത ഫോട്ടോഗ്രഫിയിൽ ഒരുക്കിയ ദിവാൻ മന്ന. ചിത്രീകരിക്കുന്ന വസ്‌തുവിന്റെ സ്ഥിരതയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട്, വരകളും കോറലുകളും കൃത്രിമപ്പണികളും കൂട്ടിച്ചേർത്ത് അതിനെ സമൂലം മാറ്റിത്തീർക്കുന്ന വിധത്തിൽ പരീക്ഷണങ്ങൾ നടത്തി, വിപുലവും വ്യത്യസ്‌തവുമായ രചനകൾ സൃഷ്ടിച്ച അബുൾ കലാം ആസാദ്‌. ഒരുപക്ഷെ ഒ പി ശർമയെയും ഈ അവാങ്‌ഗാർഡ് പ്രചോദനത്തിൽ ഉൾപ്പെട്ടവരിൽ പെടുത്താം ‐ അദ്ദേഹത്തിന്റെ പിക്റ്റോറിയലിസ്റ്റ് ആഭിമുഖ്യം മാറ്റിവച്ച്, ഫോട്ടോഗ്രഫിക് പ്രക്രിയക്ക് തന്റെ തനതായ ഡാർക്ക്റൂം പരീക്ഷണങ്ങൾ നൽകിയ ഊർജവും തെളിച്ചവും കണക്കിലെടുത്താൽ. ഈ മൂന്നുപേരും തങ്ങളുടെ ഭിന്നവും ചിലയിടത്തൊക്കെ സാമീപ്യം പുലർത്തുന്നതുമായ പ്രവർത്തന ശൈലികൊണ്ട് ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ അവാങ്‌ഗാർഡ് കാലത്തിന് തുടക്കമിട്ടു എന്നു പറയാം.

‘ലഹള' (Violence ‐ 1985) എന്ന പരമ്പര മന്നയുടെ സവിശേഷമായ സമീപനം എടുത്തുകാട്ടുന്നതാണ്. വളരെ സാധാരണമായ സാമൂഹ്യ ഡോക്യുമെന്ററികൾ ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫർമാരിൽനിന്നും അല്ലെങ്കിൽ ചിത്രങ്ങളുടെ ഭംഗിയും സൗന്ദര്യവും പ്രധാനമായി കരുതുന്ന പിക്റ്റോറിയലിസ്റ്റ് സമ്പ്രദായത്തിൽനിന്നും മാറിനടന്ന്‌ മന്ന, തന്റെ ചിത്രകലാ അധ്യാപകനായിരുന്ന പ്രൊഫ. രാജ് ജയിനിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് വ്യത്യസ്‌തമായ രചനകൾ നിർമിക്കാൻ തുടങ്ങി. പഞ്ചാബിന്റെ സാമൂഹ്യ ആഘാതങ്ങളെ ആസ്‌പദമാക്കിയുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ ശ്രദ്ധാപൂർവം ഉണ്ടാക്കിയെടുത്ത, പിന്നിൽ പെയിന്റിങ്ങുകളുടെ അകമ്പടിയുള്ള, ഡാർക്ക് റൂം സാങ്കേതികതയിലൂടെ മാറ്റിത്തീർത്ത കലാസൃഷ്ടികളാണ്. സുതാര്യ ഫിലിമുകളിൽ സങ്കീർണമായ ഡാർക്ക്‌ റൂം വിദ്യകളിലൂടെ അദ്ദേഹം സൃഷ്ടിച്ച കലാരൂപങ്ങൾ പഞ്ചാബിന്റെ സാമൂഹ്യാവസ്ഥയുടെയും അതിന്റെ മാനസിക സംഘർഷങ്ങളുടെയും ഞെട്ടിക്കുന്ന കാഴ്‌ചകളാണ്. ഡോക്യുമെന്ററിയുടെ നേർരേഖയിൽനിന്ന് മാറി കഠിനമായ പരീക്ഷണങ്ങളിലൂടെ, ഫോട്ടോഗ്രഫിയുടെ ഭാഷ തന്നെ അതിന്റെ പരിമിതികളെ മറികടക്കുവാൻ ഉപയോഗിക്കുന്ന ഈ രീതി ഇന്ത്യയിലെ ചുരുക്കം ചില അവാങ്‌ഗാർഡ് ഫോട്ടോഗ്രാഫർമാരിൽ നിന്നും മന്നയെ വേറിട്ടു നിർത്തുന്നു.

വയലൻസ്‌ ഫോട്ടോ: ദിവാൻ മന്ന

1990-‐കൾ എത്തുമ്പോഴേക്കും മന്ന തന്റെ ശൈലിയിൽ പ്രാഗൽഭ്യം നേടിക്കഴിഞ്ഞിരുന്നു. ‘അജ്ഞാതത്തിന്റെ തീരങ്ങൾ' (Shores of the Unknown), ‘കലാപത്തിനു ശേഷം' (After the Turmoil) തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധാപൂർവം സജ്ജീകരിച്ച രംഗങ്ങളിൽ, മുൻകൂട്ടി തയ്യാറാക്കിയ പശ്ചാത്തലത്തിൽ കാഴ്‌ചവസ്‌തുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സങ്കീർണമായ വെളിച്ചവിന്യാസവും മനഃപൂർവമായ അംഗചലനങ്ങളും ചിത്രത്തിന് മാറ്റുകൂട്ടുന്നു. ഫോട്ടോ എടുത്തതിനുശേഷം നടത്തുന്ന കൗശലപ്രയോഗങ്ങൾക്കും സൂത്രപ്പണികൾക്കും പകരം, ഫോട്ടോഫ്രെയിമിന് ഉള്ളിൽത്തന്നെ കൃത്രിമയാഥാർഥ്യം സൃഷ്ടിക്കുവാനും അഭിനേതാക്കളെയും മോഡലുകളെയും സമർഥമായി ഉപയോഗിച്ച് ചിത്രപശ്ചാത്തലം വിന്യസിക്കുവാനും മന്നയ്‌ക്കുള്ള വൈദഗ്ധ്യം ഈ പരമ്പരകളിൽ കാണാം. ഒരു മാധ്യമം എന്ന നിലയിൽ ഫോട്ടോഗ്രഫിയുടെ അടിസ്ഥാനപരമായ സത്യനിഷ്ഠത നിലനിർത്തുമ്പോൾ തന്നെ, വിവിധ മാനങ്ങളിലേക്ക് വികസിക്കുന്ന തരത്തിൽ കഥപറച്ചിലിനും മനഃശാസ്ത്രപരമായ പര്യവേക്ഷണത്തിനും ഈ സമീപനം സഹായിക്കുന്നുണ്ട്.

കലാലോകത്തെ വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം, ഇന്ത്യൻ ഫോട്ടോഗ്രഫിയെ സങ്കീർണമായ ആശയങ്ങൾ വഹിക്കാൻ യോഗ്യതയുള്ള മാധ്യമമാക്കി മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നതും കൂടിയാണ് മന്നയുടെ പ്രസക്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അദ്ദേഹത്തിന്റെ ഫോട്ടോ പ്രദർശനങ്ങൾ ‐ പാരിസിലെ ബാറ്റോ ലവാർ ഗാലറി (Gallerie Bateau Lavoir), ബെർലിനിലെ ഇന്ത്യൻ കലയ്‌ക്കായുള്ള മ്യൂസിയം (Museum Fur Indische Kunst), ഫ്രാൻസിലെ ലീല്ല് നഗരത്തിലുള്ള ലളിതകലകളുടെ മ്യൂസിയം (Musee Des Beaux Arts) തുടങ്ങിയ ഇടങ്ങളിൽ ‐ ഗൗരവമായ ഇടപെടലുകൾ ഫോട്ടോഗ്രഫിയിലൂടെ നടത്താനാവുമെന്ന് തെളിയിക്കുന്നതായിരുന്നു. പരമ്പരാഗത ഡോക്യുമെന്ററി രീതിയിൽനിന്നും സാരവത്തായ പരീക്ഷണാത്മക രീതിയിൽനിന്നും മാറിനിന്നുകൊണ്ടുള്ള ചില ഇടങ്ങൾ ഉണ്ടെന്ന് മന്ന കാണിച്ചുതരുന്നു. ലളിത കലാ അക്കാദമി ചണ്ഡീഗഢിലും പിന്നീട് ലളിതകലാ അക്കാദമി പഞ്ചാബിലും തന്റെ നേതൃപാടവംകൊണ്ടും കലാപ്രവർത്തനങ്ങൾ കൊണ്ടും മന്ന, ഇന്ത്യയിലെ വ്യവസ്ഥാപിത കലാപാഠശാലകൾക്കിടയിൽ ഫോട്ടോഗ്രഫിക്ക് അതിന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു. ഒരു മാധ്യമം എന്ന നിലയിലുള്ള അതിന്റെ അടിസ്ഥാനപരമായ പ്രകൃതം നിലനിർത്തിക്കൊണ്ടുതന്നെ ആഖ്യാനത്തിന്റെ സാധ്യതകളെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.


ഡിജിറ്റൽ കാലത്ത് ഫോട്ടോഗ്രഫി അഭിമുഖീകരിക്കുന്ന നിരവധിയായ ചോദ്യങ്ങൾക്ക് മന്നയുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉത്തരങ്ങൾ നൽകുന്നു എന്നത് വളരെ പ്രധാനമാണ്. സങ്കീർണമായ കഥപറച്ചിലുകൾ സാധ്യമാക്കുന്ന ഒരു സങ്കേതമായിട്ടാണ് മന്ന ഫോട്ടോഗ്രഫിയെ കാണുന്നത്. വസ്‌തുക്കളിൽ കൃതിമമായി മാറ്റങ്ങൾ വരുത്താതെ, വേദികളിലും സംഭവശ്രേണികളിലും അന്തരീക്ഷത്തിലും സക്രിയമായി ഇടപെട്ടുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഏവർക്കും എത്തിപ്പിടിക്കാൻ കഴിയുംവിധം ഡിജിറ്റൽ സാങ്കേതികത വികസിച്ചുകഴിഞ്ഞ ഈ കാലത്ത് മന്നയുടെ പ്രവർത്തനങ്ങൾ ദീർഘദർശനത്തോടെയുള്ളവയായിരുന്നു എന്ന് ഉറപ്പിച്ചുപറയാനാവും. അതിന്റെ അടിസ്ഥാനപരമായ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ, ആധുനിക ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള നല്ലൊരു ഉപകരണമാണ് ഫോട്ടോഗ്രഫി എന്ന് മന്ന തന്റെ രചനകളിലൂടെ കാണിച്ചുതരുന്നു. അദ്ദേഹം തുറന്നിട്ട അമൂർത്ത കലാപ്രവർത്തനങ്ങളുടെ മാതൃക അനേകം കലാകാരന്മാർ ഇന്ന് പിന്തുടരുന്നുണ്ട്.

എലിയനേഷൻ ഫോട്ടോ: ദിവാൻ  മന്നഎലിയനേഷൻ ഫോട്ടോ: ദിവാൻ മന്ന

ഈ അഭിമുഖത്തിൽ രേഖപ്പെടുത്തിയ സംസാരം ഒരു കലാകാരന്റെ വ്യക്തിപരമായ കലാസപര്യക്കപ്പുറം വ്യാപിച്ചുകിടക്കുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പതിനാറ്‌ വർഷങ്ങളിലധികം പല സ്ഥാപനങ്ങളുടെയും തലപ്പത്തിരുന്ന് ഭരണകാര്യങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടത് കാരണമാവാം മന്നയുടെ രചനകളുടെ വ്യാപ്തി താരതമ്യേന കുറവാണ്. പക്ഷെ കൺസെപ്ച്വൽ ഫോട്ടോഗ്രഫിയെ ഒരു വിശ്വാസയോഗ്യമായ, സ്വാധീനശക്തിയുള്ള പ്രയോഗമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതിന്റെ മുഴുവൻ അംഗീകാരവും മന്നയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്.

പ്രദർശനം ക്യുറേറ്റ് ചെയ്യുമ്പോൾ നമുക്ക് തനതായ ഒരു ശൈലിയും ഭാഷയും വളർത്തിയെടുക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും, ഇന്ത്യൻ കലാലോകത്ത് വിദേശ സിദ്ധാന്തങ്ങൾ കടന്നുകയറുന്നതിലുള്ള ആശങ്കയും വിമർശനവും ഉന്നയിക്കുന്നതിലും, വിവിധ പഠനശാഖകൾ ഒരുമിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നതിലും പോസ്റ്റ്- കോളോണിയൽ ഇന്ത്യൻ അവസ്ഥയിൽ സാംസ്‌കാരിക ഉൽപ്പാദനം എങ്ങനെ നടക്കുന്നു എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ അഗാധമായ അറിവ് വ്യക്തമാക്കുന്നുണ്ട്. പരീക്ഷണാത്മക സമീപനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിതാന്തമായ പിന്തുണയും സ്ഥാപനത്തിന്റെ മേധാവി എന്ന നിലയിലും ഉപദേഷ്ടാവ് എന്ന നിലയിലും അദ്ദേഹം പുലർത്തിയ പാടവവും ഒരുപക്ഷെ ഇന്ത്യൻ കലാലോകത്ത്‌ നിശ്ചലമായിപ്പോകുമായിരുന്ന ഫോട്ടോഗ്രഫി എന്ന കലയെ സജീവമാക്കി എന്നുപറയാം .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home