സമൂഹമാധ്യമ ഉപയോഗത്തിന് കുറഞ്ഞ പ്രായം 15 ; പുതിയ ചട്ടം അംഗീകരിച്ച് യുഎഇ മന്ത്രിസഭ

ദുബായ് : സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 ആയി നിശ്ചയിച്ചുള്ള പുതിയ പ്രമേയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ ചട്ടപ്രകാരം 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ എല്ലാ സേവനങ്ങളും ഇവർക്ക് ലഭ്യമാകുന്നതും നിയന്ത്രിക്കും.
15 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടുകൂടി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകും. അതേസമയം, ഈ പ്രായപരിധിയിലുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ അധിക സംരക്ഷണ നടപടികൾ നടപ്പാക്കേണ്ടതുണ്ടെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നു. ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ സൃഷ്ടിക്കാനോ വ്യക്തിഗത പ്രൊഫൈലുകൾ ഉപയോഗിക്കാനോ ഉള്ളടക്കം പ്രസിദ്ധീകരിക്കാനോ പങ്കുവയ്‌ക്കാനോ സാമൂഹിക ഇടപെടലുകൾ നടത്താനോ സൗകര്യമൊരുക്കുന്ന എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും പുതിയ ചട്ടം ബാധകമാണ്. ഉപയോക്താക്കളുടെ പ്രായം കൃത്യമായി സ്ഥിരീകരിക്കാൻ വിശ്വസനീയമായ സംവിധാനങ്ങൾ എല്ലാ പ്ലാറ്റ്ഫോമുകളും നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
യുഎഇയിൽ സേവനം ലഭ്യമാക്കുന്ന എല്ലാ സമൂഹമാധ്യമങ്ങൾക്കും പുതിയ നിബന്ധനകൾ പാലിക്കാനായി 12 മാസംവരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വവും പ്ലാറ്റ്ഫോമുകൾക്കുണ്ടാകും. അതേസമയം, കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾക്ക് മേൽനോട്ടം വഹിക്കണമെന്നും സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഓൺലൈൻ ഉപയോഗത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും അധികൃതർ നിർദേശിച്ചു.










0 comments