സംസ്ഥാനത്ത് വീണ്ടും പനിമരണം; ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ 54 കാരി മരിച്ചു

സുനിത
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് സുനിത ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പനി മൂർച്ഛിച്ചതോടെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഇവരുടെ സാംപിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ പരിശോധനാ ഫലം വന്നിട്ടില്ല. ഇന്ന് പുലർച്ചയോടെ പനി മൂർച്ഛിക്കുകയും സുനിത മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അതേസമയം സംസ്ഥാനത്ത് ആശങ്കയുയർത്തി ഷിഗെല്ല ബാധിതർ വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം 10 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട് ചെയ്തത്. നിലവിൽ കോഴിക്കോട് (36), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 120 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോർട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7), പാലക്കാട് (1)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.










0 comments