ad
Deshabhimani

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്: ആർഎസ്എസ് നേതൃത്വം പ്രതിക്കൂട്ടിൽ

Ayodhya.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 08:49 AM | 1 min read

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആർഎസ്എസ് നേതൃത്വം കടുത്ത പ്രതിസന്ധിയിൽ.


ഭക്തർ സമർപ്പിച്ച സ്വർണാഭരണങ്ങൾ മാറ്റി വ്യാജവസ്തുക്കൾ വെച്ചതും കാണിക്കപ്പണം വകമാറ്റിയതുമുൾപ്പെടെയുള്ള അഴിമതികൾ കടുത്ത മങ്ങലേൽപ്പിച്ചുവെന്നാണ് ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തൽ.


സംഭവത്തിൽ ആർഎസ്എസ് കേന്ദ്രങ്ങളിൽ കടുത്ത അതൃപ്തി പുകയുകയാണ്. ക്ഷേത്രത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ പ്രമുഖ ഭാരവാഹികളെല്ലാം ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ്.


കൂടാതെ കാണിക്കപ്പണവും ആഭരണങ്ങളും എണ്ണിത്തിട്ടപ്പെടുത്തുന്ന സുപ്രധാന ചുമതലയുള്ള ജീവനക്കാരും ആർഎസ്എസ് അനുഭാവികളാണ്. ഇവരിൽ ഭൂരിഭാഗം പേരും നിലവിൽ സംശയത്തിന്റെ നിഴലിലായതാണ് സംഘടനയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.


ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടും ഒരു പരസ്യപ്രതികരണത്തിനു തയാറാകാതിരിക്കുന്നതും ആർഎസ്എസിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുകയാണ്.


വിഷയം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദമായതോടെ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. രാമക്ഷേത്രത്തിൽ നിന്നും 200 മീറ്റർ മാത്രം അകലെയുള്ള 'പിൽഗ്രിം ഫെസിലിറ്റേഷൻ സെന്റർ' കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.


ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള അതീവ സുരക്ഷിതമായ കൗണ്ടിങ് മുറിയിലാണ് ക്ഷേത്രത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള കാണിക്കവഞ്ചികൾ എത്തിച്ച് പണം എണ്ണുന്നതും രേഖപ്പെടുത്തുന്നതും. ഇവിടെ വെച്ചാണ് അട്ടിമറി നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.


20ഓളം ജീവനക്കാരുടെ നേതൃത്വത്തിൽ രണ്ട് ഷിഫ്റ്റുകളായാണ് (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും) ദിവസവും പണം എണ്ണുന്നത്. സാധാരണ ദിവസങ്ങളിൽ 8 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയും വിശേഷാൽ ദിവസങ്ങളിൽ 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയും കാണിക്കയായി ലഭിക്കാറുണ്ട്.


ഇതിനുപുറമെയാണ് വൻതോതിൽ സ്വർണ്ണ-വെള്ളി ആഭരണങ്ങൾ ഭക്തർ സമർപ്പിക്കുന്നത്. ആർഎസ്എസ് നേതാവും രാമജന്മഭൂമി ക്ഷേത്ര തീർത്ഥ് ട്രസ്റ്റ് അംഗവുമായ അനിൽ മിശ്രയ്ക്കാണ് ഈ മുഴുവൻ പ്രക്രിയയുടെയും മേൽനോട്ട ചുമതല. ഇദ്ദേഹത്തിന്റെ കൺമുന്നിൽ വെച്ച് ഇത്രയും വലിയ തട്ടിപ്പ് നടന്നത് ട്രസ്റ്റിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home