കാൺപൂരിൽ വൻ ലഹരിവേട്ട; 10 കോടി രൂപ വിലവരുന്ന 600 കിലോ കഞ്ചാവ് പിടികൂടി

കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ ലഹരിവേട്ട. ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 600 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ചൊവ്വാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. കാൺപൂർ ജിടി റോഡിൽ 15 കിലോമീറ്റർ നീണ്ട പിന്തുടരലിന് ശേഷമാണ് പൊലീസ് ലഹരിക്കടത്ത് പിടികൂടിയത്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഓപ്പറേഷൻ വൈറ്റ് പൗഡർ" എന്ന മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചും റാവത്പൂർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഹരിയാന സ്വദേശി ലിയാഖത്ത് അലി (30) ആണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി ചരക്ക് കടത്തിക്കൊണ്ടുവരികയായിരുന്നു ഇയാൾ.
കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) തുടർച്ചയായി നിരീക്ഷിച്ചതിനും മുൻ മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ള വ്യക്തികളെ നിരീക്ഷിച്ചതിനും ശേഷമാണ് ഓപ്പറേഷൻ നടത്തിയതെന്ന് അഡീഷണൽ ഡിസിപി (ഓപ്പറേഷൻസ്) സുമിത് സുധാകർ രാംടെകെ പറഞ്ഞു. തിങ്കളാഴ്ച രാത്രി വൈകിയാണ് ആഗ്ര, നോയിഡ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന ട്രക്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടന്ന ഓപ്പറേഷനിൽ കഞ്ചാവ് പിടികൂടുകയായിരുന്നു.
പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി ട്രക്ക് ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഏകദേശം 15 കിലോമീറ്ററോളം പിന്തുടർന്ന ശേഷം ഗുരുദേവ് കൊട്ടാരത്തിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വാഹനം തടഞ്ഞത്. പരിശോധനയിൽ ഒന്നിലധികം പാഴ്സലുകളിലും ബോക്സുകളിലും ഒളിപ്പിച്ച നിലയിൽ 600 കിലോഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി "ഓപ്പറേഷൻ വൈറ്റ് പൗഡർ" എന്ന പേരിൽ കാൺപൂർ പൊലീസ് മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടുണ്ടെന്ന് എസിപി (ക്രൈം ആൻഡ് ഹെഡ്ക്വാർട്ടേഴ്‌സ്) സങ്കൽപ് ശർമ പറഞ്ഞു.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും ആഗ്ര, ഡൽഹി, നോയിഡ, ഹരിയാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരപന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, അറസ്റ്റിലായ പ്രതി അന്തർസംസ്ഥാന കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് സംശയിക്കുന്ന ജംഷെഡ്, ജാവേദ്, ജുനൈദ് എന്നീ മൂന്ന് കൂട്ടാളികളുടെ പേരുകൾ കൂടി വെളിപ്പെടുത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.










0 comments