കന്നഡ ഭാഷാ വിവാദം: കമൽ ഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: കന്നട ഭാഷാ വിവാദത്തിൽ കമൽ ഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കന്നഡ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണെന്ന താരത്തിന്റെ പരാമർശം വിവാദമായതിന് പിന്നാലെ സിനിമയ്ക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കമൽ ഹാസൻ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം. 'കമലഹാസൻ ഒരു ജനപ്രിയ സിനിമാ താരമായിരിക്കാം, പക്ഷേ അതുകൊണ്ട് "പൊതുവികാരത്തെ വ്രണപ്പെടുത്താൻ" അധികാരമില്ല. ഒരു ക്ഷമാപണം കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും' കോടതി പറഞ്ഞു.
കർണാടകത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ പ്രസ്താവനയാണിതെന്ന് കേസിൽ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. കമൽഹാസൻ മാപ്പ് പറയാൻ വിസമ്മതിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. "ഭാഷ ഒരു ജനതയുടെ വൈകാരികവും സാംസ്കാരികവുമായ സ്വത്വമാണ്," കൂടാതെ ഒരു ഭാഷാ സമൂഹത്തിന്റെ മുഴുവൻ അഭിമാനത്തെയും തകർക്കുന്ന അഭിപ്രായങ്ങൾ പറയാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരമൊരു പ്രസ്താവന നടത്താൻ നിങ്ങൾ ഒരു ചരിത്രകാരനോ ഭാഷാശാസ്ത്രജ്ഞനോ ആണോ? ഒരു ഭാഷയും മറ്റൊന്നിൽ നിന്ന് ജനിക്കുന്നില്ല- ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ടു.
തമിഴ് ചിത്രം ‘തഗ് ലൈഫിന്റെ’ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നടൻ കമൽ ഹാസൻ നടത്തിയ പ്രസ്താവനയാണ് വിമർശനങ്ങൾ നേരിട്ടത്. തുടർന്ന് തഗ് ലൈഫ് കർണാടകത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് പ്രധിഷേധമുയർന്നു. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) പ്രഖ്യാപിച്ചു. കമൽ ഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ചിത്രത്തിന്റെ റിലീസിന് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ്കുമാറിനെ പരാമർശിച്ചുകൊണ്ട് ആദി ദ്രാവിഡ ഭാഷയുടെ മക്കൾ എന്ന നിലയ്ക്കാണ് പ്രസ്താവന നടത്തിയതെന്നും കമൽഹാസന്റെ ഹർജിയിൽ പറയുന്നു.









0 comments