മാപ്പുപറയില്ലെന്ന് കമൽ ഹാസൻ; ത​ഗ് ലൈഫിന് വിലക്ക്

Kamal Haasan
വെബ് ഡെസ്ക്

Published on May 30, 2025, 10:51 PM | 1 min read

ബം​ഗളൂരു: കന്നഡ ഭാഷയെ അവഹേളിച്ചെന്ന് ആരോപിച്ച് കമൽ ഹാസൻ നായകനായ മണിരത്നം ചിത്രം ത​ഗ് ലൈഫിന്റെ റിലീസ് വിലക്കി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. മാപ്പു പറയാതെ ചിത്രം കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് സംഘടനയുടെ നേതാവ് ​ഗോവിന്ദു പറഞ്ഞു. കന്നഡ ഭാഷ തമിഴിൽനിന്നാണ് ജന്മം കൊണ്ടതെന്ന പരാമർശത്തിലാണ് വിവാദം. കമൽ മാപ്പുപറയണമെന്ന ആവശ്യത്തിൽ കർണാടക രക്ഷണ വേദികെ അടക്കമുള്ള കന്നഡ സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ജൂൺ അഞ്ചിനാണ് തഗ്ഗ് ലൈഫിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.


തെറ്റായി ഒന്നും പറയാത്തതിനാൽ മാപ്പുപറയില്ലെന്ന നിലപാടിലാണ് കമൽ ഹാസൻ. ഇതൊരു ജനാധിപത്യ രാജ്യമാണ്. താൻ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെന്നും കമൽ ഹാസൻ പ്രതികരിച്ചു. കർണാടക, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളോടുള്ള തന്റെ സ്‌നേഹം സത്യമാണെന്നും കമൽ ഹാസൻ പറഞ്ഞു. പ്രത്യേക അജണ്ടയുള്ളവർ ഒഴികെ ആരും ഇത് സംശയിക്കില്ല. മുൻപും തനിക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും കമൽ ഹാസൻ വിശദീകരിച്ചു.


തഗ്ഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കമൽ ഹാസൻ നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.


ഇതിന് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തകരും സംഘവരിവാരും വ്യാപക സൈബർ ആക്രമണമാണ് നടത്തിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സാംസ്‌കാരികമന്ത്രി ശിവരാജ് എസ് തങ്കടഗി അടക്കമുള്ളവർ രംഗത്തെത്തി. കമൽ ഹാസന് കന്നഡയുടെ ചരിത്രത്തെക്കുറിച്ച് ബോധ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home