കമൽ ഹാസന്റെ സിനിമ ഓടിടിയിൽ പോലും കാണരുത്, വിലക്കുമായി തമിഴ്നാട് ബിജെപി

ചെന്നൈ: കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് തമിഴ്നാട് ബിജെപി ആഹ്വാനം. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പോലും കാണരുതെന്നാണ് ഭീഷണി. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉയർത്തിപ്പിടിച്ച് "ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കണം" എന്ന കമലിന്റെ പ്രസ്താവനയ്ക്കുശേഷമാണ് ബഹിഷ്കരണ ഭീഷണികൾ ഉയർന്നത്.
ഞായറാഴ്ച ചെന്നൈയിൽ അഗരം ഫൗണ്ടേഷൻ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കമൽ ഹാസൻ നടത്തിയ പ്രസംഗമാണ് പ്രകോപനം. സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയ ഉദയനിധി സ്റ്റാലിനോടൊപ്പം കമലിനെയും "ഒരു പാഠം പഠിപ്പിക്കണം" എന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി ഇതിനെതിരെ പറഞ്ഞത്. ഇക്കാര്യം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പങ്കുവെച്ചു.
"രാഷ്ട്രത്തെ മാറ്റാൻ കഴിയുന്ന ശക്തിയാണ് വിദ്യാഭ്യാസം. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഏക ആയുധം അതാണ്" എന്ന് കമൽ പ്രസംഗത്തിൽ പറഞ്ഞു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതിനിടയിലാണ് അദ്ദേഹം ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്. ഭരണ കക്ഷിയായ ഡി എം കെ നീറ്റ് ഉപേക്ഷിക്കണമെന്ന നിലപാടിലാണ്.
നീറ്റ് വിദ്യാഭ്യാസത്തിന്റെ പ്രശ്നമാണ്. രാഷ്ട്രീയമല്ല, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉന്നത പഠന അവസരങ്ങൾ നഷ്ടമാക്കുന്ന സാഹചര്യമാണ് എന്നും രാജ്യസഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ട നടൻ വിശദമാക്കിയിരുന്നു.
"മുൻപ് സനാതന ധർമത്തെ വിമർശിച്ചത് ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ അതിന് ശ്രമിക്കുന്നത് കമലാണ്. കമലിന്റെ സിനിമകൾ ഓടിടിയിലും കാണരുത്" എന്നും അമർ പ്രസാദ് കൂട്ടിച്ചേർത്തു.
“പണവും അധികാരവും കമൽഹാസനെ ദുഷിപ്പിച്ചു. അദ്ദേഹം തന്റെ കുടുംബത്തിന്റെ സനാതന വേരുകൾ മറന്നു. അദ്ദേഹം പറഞ്ഞത് സനാതന ധർമ്മത്തിനെതിരെ മാത്രമല്ല, ഇന്ത്യയ്ക്കും അവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്കും എതിരാണ്. അദ്ദേഹം മാപ്പ് പറയണം.” എന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായ നടി ഖുശ്ബു കൂടി കമലിനെതിരെ രംഗത്തെത്തി.
ഡിഎംകെ വക്താവ് എ. ശരവണൻ കമൽ ഹാസനെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചു. കമൽ ഹാസൻ കൊള്ളേണ്ടയിടത്തുതന്നെ കൊള്ളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.









0 comments