ad
Deshabhimani

തൊഴിൽ പീഡനം: ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഓല സ്ഥാപകനും ഉന്നതർക്കും എതിരെ കേസ്

ola ceo
വെബ് ഡെസ്ക്

Published on Oct 20, 2025, 03:43 PM | 1 min read

ബംഗളൂരു: തൊഴിൽ പീഡനത്തെ തുടർന്ന് എഞ്ചിനീയറിങ് വിഭാഗം തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ ഓല ഇലക്ട്രിക്കൽസ് മേധാവിക്കും സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ കേസ്. 38 വയസ്സുള്ള കെ അരവിന്ദ് എന്ന എഞ്ചിനീയർ ജീവനൊടുക്കിയ സംഭവത്തിലാണ് കേസ്.


2022 മുതൽ കോറമംഗലയിലെ ഓല ഇലക്ട്രിക്കൽസിൽ ഹോമോലോഗേഷൻ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അരവിന്ദിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരൻ അശ്വിൻ കണ്ണൻ നൽകിയ പരാതി പ്രകാരമാണ് കേസ്. ഹോമോലോഗേഷൻ എഞ്ചിനീയറിംഗ് മേധാവി സുബ്രത് കുമാർ ദാസ്, ഓല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാൾ, മറ്റ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ അരവിന്ദിനെ ജോലിസ്ഥലത്ത് തുടർച്ചയായി ഉപദ്രവിക്കുകയും ശമ്പളവും കുടിശ്ശികയും തടഞ്ഞുവയ്ക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.


അരവിന്ദിന്റെ ആത്മഹത്യാ കുറിപ്പ് പ്രകാരമാണ് പരാതിപ്പെട്ടത്. സെപ്തംബർ 28 ന് ചിക്കലസാന്ദ്രയിലെ തന്റെ അപ്പാർട്ട്മെന്റിൽ ആണ് അരവിന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മഹാരാജ അഗ്രസെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അരവിന്ദിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ മാനസിക പീഡനവും ശമ്പളവും അലവൻസുകളും തടഞ്ഞു വെക്കലും ഉൾപ്പെടെ വ്യക്തമാക്കി.


സേവനകാലത്ത്, അരവിന്ദ് തന്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ പരാതിയോ ക്രമക്കേടോ ഉന്നയിച്ചിട്ടില്ലെന്ന് കമ്പനി വിശദീകരിച്ചു. കമ്പനിയുടെ ഉന്നതരുമായി നേരിട്ട് ബന്ധമുളള ജീവനക്കാരനല്ല എന്നും അവകാശപ്പെട്ടു.


മരണം വിവാദമായി രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 30 ന് 17.46 ലക്ഷം രൂപ അരവിന്ദിന്റെ അക്കൗണ്ടിലേക്ക് വന്നത് പരാതി ശരിവെക്കുന്നതായി കുടുംബം ചൂണ്ടികാട്ടി. അനുജൻ പരാതി നൽകിയപ്പോഴാണ് ഉടമയ്ക്കും ഉന്നത മാനേജർമാർക്കും എതിരെ പൊലീസ് കേസ് എടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home