ജെഎൻയുവിലെ മലയാളിത്തിളക്കമായി ഗോപിക; ഏറ്റവുമധികം ഭൂരിപക്ഷത്തിൽ ഐതിഹാസിക വിജയം

കെ ഗോപിക ബാബു
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയമാണ് ഇടതുസഖ്യം ഇത്തവണ നേടിയത്. മുഴുവൻ ജനറൽ സീറ്റുകളിലും എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ കെ ഗോപിക ബാബുവാണ്. എസ്എഫ്ഐ ജെഎൻയു ജെഎൻയു യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗമായ ഗോപികയാണ് തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷത്തിൽ വിജയിച്ചത്.
വ്യാഴം വൈകുന്നേരം ആറ് മണിവരെ പുറത്തുവന്ന വോട്ടെണ്ണൽ കണക്ക് പ്രകാരം ഗോപിക 2774 വോട്ടുകൾ നേടിയപ്പോൾ, രണ്ടാമതുള്ള എബിവിപിയുടെ താന്യ കുമാരിയ്ക്ക് 1657 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഗോപികയുടെ ഭൂരിപക്ഷം 1117 വോട്ടുകൾ.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേർണൻസിൽ ഗവേഷകയാണ്. 2023–24 കാലയളവിലെ ജെഎൻയു വിദ്യാർഥി യൂണിയനിൽ കൗൺസിലറായിരുന്നു.
നേരിട്ടുള്ള രാഷ്ട്രീയപോരാട്ടമായിരുന്നു തെരഞ്ഞെടുപ്പിലെന്ന് വിജയിച്ചശേഷം ഗോപിക മാധ്യമങ്ങളോട് പറഞ്ഞു. എബിവിപിയുടെ വർഗീയ ആശയങ്ങളെ ജെഎഎൻയു വിദ്യാർഥികൾ തോൽപ്പിച്ചു. കഴിഞ്ഞ് പത്ത് വർഷക്കാലയളവിൽ വലിയതോതിൽ സർവകലാശാലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കപ്പെട്ടു. കേന്ദ്രസർക്കാരും യുജിസിയും ഡൽഹി സംസ്ഥാന സർക്കാരും വലിയ അവഗണനയാണ് തുടരുന്നത്. കോർപറേറ്റ് വത്കരണ-വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ പോരാട്ടം വിദ്യാർഥി യൂണിയൻ തുടരുമെന്നും ഗോപിക പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി അതിഥി മിശ്ര (ഐസ)യും ജനറൽ സെക്രട്ടറിയായി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (ഐസ)യും മികച്ച വിജയം നേടി. പൂര്‍ണഫലം വന്നിട്ടില്ല.
എബിവിപിയുടെ പല സ്വാധീനകേന്ദ്രങ്ങളിലും ഇടത് സഖ്യം ഭൂരിപക്ഷംനേടി. സർവകലാശാല ഐസികളിലേക്കുള്ള മൂന്ന് പോസ്റ്റുകളിലും ഇടത് സഖ്യം ജയിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയായ സ്‌കൂളുകളിലെ ഭൂരിഭാഗം കൗൺസിലർ പോസ്റ്റുകളിലും ഇടതുപക്ഷ സഖ്യ സ്ഥാനാർഥികളാണ് വിജയിച്ചത്. 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.









0 comments