പശ്ചിമ ബംഗാളിൽ ചണമില്ലുകൾ പൂട്ടുന്നു, മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ പട്ടിണിയിലേക്ക്, നോക്കുകുത്തിയായി സര്‍ക്കാര്‍

കൊൽക്കത്ത: അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമവും സര്‍ക്കാര്‍ അവഗണനയും അനിയന്ത്രിതമായ വിലക്കയറ്റവും മൂലം പശ്ചിമ ബംഗാളിലെ പരമ്പരാഗത ചണ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ. ഹൂഗ്ലി വ്യവസായ മേഖലയിൽ മാത്രം കുറഞ്ഞത് 14 ചണ മില്ലുകളെങ്കിലും ഇതിനകം പ്രവർത്തനം താൽക്കാലികമായി നിർത്തുകയും ഉത്പാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഇതോടെ മേഖലയിലെ 75,000-ത്തോളം തൊഴിലാളികൾ തൊഴിലില്ലായ്മയുടെ നിഴലിലായി. പ്രതിസന്ധി തുടർന്നാൽ ഈ രംഗത്തെ ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷത്തോളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകും. ഇതോടൊപ്പം അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലാവും.
കഴിഞ്ഞ ജനുവരി ഒന്നിന് ഒരു ക്വിന്റൽ അസംസ്‌കൃത ചണത്തിന് 11,600 രൂപയായിരുന്ന വിപണി വില. ഇത് മെയ് ആദ്യവാരത്തോടെ 17,100 രൂപയായി കുതിച്ചുയർന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ തറവിലയായ 5,650 രൂപയേക്കാൾ മൂന്നിരട്ടിയിലധികമാണിതെന്ന് ഇന്ത്യൻ ജൂട്ട് മിൽസ് അസോസിയേഷൻ ചൂണ്ടികാട്ടുന്നു.
പൂഴ്ത്തിവെപ്പിന് സര്‍ക്കാര്‍ പിന്തുണ
തലതിരിഞ്ഞ ഉത്തരവുകൾ
സ്വാഭാവിക വിലവര്‍ധവ് കാരണമല്ല മുഖ്യമായും പ്രതിസന്ധി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപിക്കയാണ്. സീസണിന്റെ തുടക്കത്തിൽ തന്നെ വൻകിട വ്യാപാരികൾ ചണം വൻതോതിൽ പൂഴ്ത്തിവെച്ചതാണ് വിപണിയിലെ പെട്ടെന്നുള്ള ക്ഷാമത്തിന് കാരണം. കരിഞ്ചന്തക്കാര്‍ക്ക് മേൽക്കൈ ലഭിച്ചതോടെ, നിലവിൽ വിപണിയിൽ ആവശ്യത്തിന് ചണം ലഭ്യമല്ലാത്ത സാഹചര്യം വന്നുപെട്ടിരിക്കയാണെന്ന് ജൂട്ട് മിൽസ് അസോസിയേഷൻ ചൂണ്ടി കാട്ടുന്നു.

പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതോടെ അതിന്റെ ബലത്തിലാണ് വിപണിയിലെ കുത്തകകളുടെ ഇടപെടൽ. പുഴ്ത്തിവെപ്പിന്റെയും കരിഞ്ചന്തയുടെയും ഫലമായുള്ള വിലക്കയറ്റമായതിനാൽ ഇത് കര്‍ഷകര്‍ക്ക് സഹായകമാവുന്നില്ല. ഇടനിലക്കാരുടെ കൈകളിലേക്ക് ഉൾപ്പെടെ വീതംവെക്കപ്പെടുകയാണ്.
സാധാരണക്കാരായ കർഷകർ വിളവെടുപ്പ് കഴിഞ്ഞയുടൻ തന്നെ സാമ്പത്തിക ആവശ്യങ്ങൾക്കായി ചണം വിറ്റഴിക്കും. ഈ സമയത്ത് കുറഞ്ഞ വിലയ്ക്കാണ് ഇവർ വ്യാപാരികൾക്ക് ഉത്പന്നം നൽകുന്നത്. ഈ ചണം വൻതോതിൽ പൂഴ്ത്തിവെച്ച് പിന്നീട് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുതിച്ചുയർത്തുമ്പോൾ അതിന്റെ ലാഭം മുഴുവൻ പോക്കറ്റിലാക്കുന്നത് വൻകിട ഇടനിലക്കാരും പൂഴ്ത്തിവെപ്പുകാരുമാണ്. കർഷകന് അതിന്റെ ഗുണം ലഭിക്കുന്നില്ല.
മില്ലുകൾ പ്രവർത്തനം നിർത്തുകയോ ഉത്പാദനം വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോൾ അസംസ്‌കൃത ചണത്തിന്റെ ആവശ്യം (Demand) വിപണിയിൽ ഇടിയും. പുതിയ വിളവെടുപ്പ് സീസൺ അടുത്ത പത്ത് ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനിരിക്കെ, മില്ലുകൾ തുറന്നില്ലെങ്കിൽ കർഷകർ കൊണ്ടുവരുന്ന പുതിയ ചണം വാങ്ങാൻ ആളില്ലാത്ത അവസ്ഥ വരും. ഇത് വില കുത്തനെ ഇടിയുന്നതിനും കർഷകർ കടുത്ത കടക്കെണിയിലാകുന്നതിനും കാരണമാകും. ഇങ്ങനെ ഏത് വിധത്തിലും കര്‍ഷകര്‍ക്കും തൊഴിലാളികൾക്കും എതിരായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, വ്യാപാരികളുടെ കൈവശം സ്റ്റോക്ക് പാടില്ലെന്ന ജൂട്ട് കമ്മീഷണറുടെ 'സീറോ സ്റ്റോക്ക്' ഉത്തരവ് തിരിച്ചടിയായി. ഉത്തരവ് മറയാക്കി ജൂട്ട് ബേലേഴ്‌സ് അസോസിയേഷൻ വിപണി വില പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചു. ഇതോടെ കൃത്യമായ വിലയറിയാതെ മില്ലുകൾക്ക് അസംസ്‌കൃത വസ്തുക്കൾ വാങ്ങാനാകാത്ത അവസ്ഥയായി. പരോക്ഷമായി കരിഞ്ചന്തക്കാര്‍ക്ക് അനുകൂലമായ ഉത്തരവായി.
ചൂഷണം ചെയ്യാൻ സുവേന്ദു സര്‍ക്കാരും
അതേസമയം സർക്കാർ മില്ലുകളിൽ നിന്ന് ചാക്കുകൾ വാങ്ങുന്നതിനുള്ള നിരക്ക് പഴയ നിലയിൽ തുടരുകയാണ്. ഇത് അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് അനുസൃതമായി വർദ്ധിപ്പിച്ചിട്ടില്ല. മില്ലുകൾ പ്രവർത്തന മൂലധനം കണ്ടെത്തിയിരുന്ന മേഖലയും ഇതോടെ പൂർണ്ണമായി ഇല്ലാതാക്കി.
പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ വലിയ പ്രതീക്ഷയോടെയാണ് വ്യവസായ മേഖല ഉറ്റുനോക്കിയിരുന്നത്. ബംഗാളിന്റെ പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടുമെന്നാണ് മില്ലുടമകളും വിശ്വസിച്ചിരുന്നത്.
"കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിക്കുന്ന 'ഡബിൾ എഞ്ചിൻ' സർക്കാര്‍ ഞങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. ഇപ്പോൾ അനുഭവം തിരിച്ചാണ്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയവുമായി ചേർന്ന് അടിയന്തരമായി പ്രശ്നത്തിൽ ഇടപെടാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി തയ്യാറാകണം." എന്ന് ഐ ജെ എം എ ചെയർമാൻ സഞ്ജയ് കജാരിയാ പ്രതിരിച്ചു.
ബംഗ്ലാദേശിൽ നിന്ന് അടിയന്തരമായി ചണം ഇറക്കുമതി ചെയ്യാൻ അനുമതി നൽകുക, പൂഴ്ത്തിവെച്ച ചണം പുറത്തെത്തിക്കാൻ നടപടി സ്വീകരിക്കുക, സർക്കാർ വാങ്ങുന്ന ചണച്ചാക്കുകളുടെ വില നിലവിലെ വിപണി നിരക്കിന് അനുസരിച്ച് പുതുക്കി നിശ്ചയിക്കുക എന്നിങ്ങനെ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചതും പരിഗണിക്കപ്പെടാതെ തുടരുകയാണ്. ഇതോടെ സാഹചര്യം കൂടുതൽ ഭീഷണമായി.
പുതിയ വിളവെടുപ്പ് നടക്കാനും ചണം വിപണിയിലെത്താനും ഇനിയും പത്ത് ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. അതുവരെ മില്ലുകൾക്ക് മുന്നോട്ടു പോകണമെങ്കിൽ സർക്കാർ തലത്തിലുള്ള അടിയന്തര പാക്കേജ് അത്യാവശ്യമാണ്, അല്ലാത്തപക്ഷം ബംഗാളിന്റെ ചണ വ്യവസായം പൂർണ്ണമായും തകരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ മേഖലയിൽ നേരിട്ടും പരോക്ഷമായും തൊഴിൽ കണ്ടെത്തി ഉപജീവനം കഴിക്കുന്ന ലക്ഷകണക്കിന് തൊഴിലാളികാണ് പ്രതിസന്ധിയുടെ ആദ്യത്തെ ഇര.











0 comments