‘ഭരണഘടനയാണ് എന്റെ സന്ദേശം’ : ബി സുദർശൻ റെഡ്ഡി

ന്യൂഡൽഹി
‘52 വർഷമായി ഭരണഘടനയെ സംരക്ഷിക്കാൻ പോരാടുന്ന ആളാണ് ഞാൻ. ഭരണഘടനയാണ് എന്റെ സന്ദേശം. ഇതിൽ കൂടുതൽ എന്നെക്കുറിച്ച് എനിക്കൊന്നും പറയാനില്ല’–ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർഥി റിട്ട. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി പറഞ്ഞു. സിപിഐ എം നൽകുന്ന പിന്തുണയ്‌ക്ക് നന്ദി പറയാൻ സുർജിത് ഭവനിലെത്തി ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്‌ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ ബി വി രാഘവുലു, ആർ അരുൺകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഇന്ത്യയെന്ന മഹത്തായ ആശയത്തെയും ഭരണഘടനാമൂല്യങ്ങളെയും സംരക്ഷിക്കാനാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ പോരാട്ടമെന്ന് ബേബി പറഞ്ഞു. ഏകാധിപത്യ, ഫാസിസ്റ്റ് ശക്തികൾക്ക് എതിരായ പോരാട്ടം രാഷ്‌ട്രീയവും ആശയപരവും സാംസ്‌കാരികവുമായ പ്രതിരോധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു. മോദി സർക്കാരിന് കീഴിൽ ജനാധിപത്യ, പാർലമെന്ററി മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് നേതാക്കൾ പറഞ്ഞു. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്‌ദമായിരുന്ന എ കെ ജി പ്രസംഗിക്കുമ്പോൾ നെഹ്‌റു ഉൾപ്പടെയുള്ളവർ സാകൂതം ചെവിയോർത്തിരുന്ന കാര്യം ബേബി ഓർമിപ്പിച്ചു. സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തി ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പടെയുള്ള നേതാക്കളെയും സുദർശൻ റെഡ്ഡി സന്ദർശിച്ചു.








0 comments