print edition "വ്യവസായ' നിർവചനത്തിൽ ജസ്റ്റിസ് നാഗരത്‌നയുടെ ഭിന്നവിധി ശ്രദ്ധേയം; തൊഴിലാളികളെ ചൂഷണത്തിലേക്ക് തള്ളിവിടും

ന്യൂഡൽഹി: "വ്യവസായ' നിർവചനം തിരുത്തിയെഴുതിയ സുപ്രീംകോടതിയുടെ ഒന്പതംഗ ഭരണഘടനാബെഞ്ചിന്റെ വിധിയോട് ശക്തമായി വിയോജിച്ച ജസ്റ്റിസ് ബി വി നാഗരത്‌നയുടെ ഭിന്നവിധി തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നു. വ്യവസായത്തിന്റെ വിശാലമായ നിർവചനം പൊളിച്ചെഴുതിയാൽ അത് തൊഴിലാളികളെ വലിയ ചൂഷണത്തിലേക്ക് തള്ളിവിടുമെന്ന് 157 പേജുള്ള ഭിന്നവിധിയിൽ ജസ്റ്റിസ് നാഗരത്‌ന മുന്നറിയിപ്പ് നൽകി. 48 വർഷം എല്ലാ തൊഴിൽത്തർക്കങ്ങൾക്കും കേസുകൾക്കും തീർപ്പുകൽപ്പിക്കാൻ ഉപയോഗിച്ച വിധി ഇപ്പോൾ എന്തിന് പൊളിച്ചെഴുതുന്നുവെന്ന ചോദ്യവും ഉയർത്തി.
ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ 1978ൽ രചിച്ച വിധിന്യായം ഇന്നും പ്രസക്തം. 1991ൽ ആരംഭിച്ച ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നടപടികൾ രാജ്യത്തിന്റെ സന്പദ്‌ഘടനയെ മാറ്റിമറിച്ചു.
പൊതുമേഖലാസ്ഥാപനങ്ങളിലൂടെ സർക്കാർ ചെയ്‌തിരുന്ന വ്യാവസായിക പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിച്ചു. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനം ഇന്ന് സ്വകാര്യവ്യക്തികളും കോർപറേറ്റുകളുമാണ് നടത്തുന്നത്. സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ, സാമ്പത്തിക ചിന്ത, 1991ലെ പരിഷ്‌കാരങ്ങളുടെ ഗുരുതരമായ പ്രത്യാഘാതം എന്നിവ ബെഞ്ച് ആലോചിക്കേണ്ടതായിരുന്നു.
സ്വകാര്യവൽക്കരണവും സ്റ്റാറ്റ്യൂട്ടറി സംരക്ഷണത്തിന്റെ അഭാവവും തൊഴിലാളികളെ ഇതിനോടകം ദുർബലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ തന്നെ സ്വകാര്യവൽക്കരണം തീവ്രമായി നടപ്പിലാക്കുകയും സാമൂഹികക്ഷേമ പ്രവർത്തനങ്ങൾപോലും സ്വകാര്യവ്യക്തികളുടെ കൈകളിലെത്തുന്നതും കണക്കിലെടുക്കുന്പോൾ "വ്യവസായത്തെ’ വിപുലമായി നിർവചിക്കേണ്ടത് അനിവാര്യമാണ്.
ഇത് തൊഴിലാളികളെ ചൂഷണത്തിൽനിന്ന് രക്ഷിക്കാനുള്ള കവചം കൂടിയാണ്. പുതിയ നിയമനിർമാണത്തിന്റെ പേരിൽ കോടതി മുൻപ് നൽകിയ നിർവചനത്തെ മാറ്റാനാകില്ലെന്നും അതിൽ പുനഃപരിശോധന പോലും പാടില്ലായിരുന്നുവെന്നും വിധിന്യായത്തിൽ ജസ്റ്റിസ് നാഗരത്‌ന തുറന്നടിച്ചു. നിലവിൽ 1947ലെ നിയമപ്രകാരം നടക്കുന്ന കേസുകളിൽ ഭൂരിപക്ഷവിധി അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസിന്റെ ഫോർമുലയ്‌ക്ക് ഭൂരിപക്ഷമില്ല
ന്യൂഡൽഹി: തൊഴിലവകാശങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാനും ‘വ്യവസായം’ എന്ന വാക്കിനെ നിർവചിക്കാനും ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ വികസിപ്പിച്ച ട്രിപ്പിൾ ടെസ്റ്റിന് പകരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ച പുതിയ ഫോർമുലയ്‌ക്ക് ഭരണഘടനാബെഞ്ചിൽ വ്യക്തമായ ഭൂരിപക്ഷമില്ല. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പുനഃപരിശോധന നിലനിൽക്കുമെന്ന അഭിപ്രായത്തോട് രണ്ട് ജഡ്‌ജിമാർ കൂടി യോജിച്ചതിനാൽ വിധിയെ ബാധിക്കില്ല.
ഒന്പതംഗ ഭരണഘടനാബെഞ്ചിൽ ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, അലോക് ആരാധെ, വിപുൽ പഞ്ചോളി എന്നിവർ മാത്രമാണ് പൂർണമായി വിധിയെ പിന്തുണച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ദീപങ്കർ ദത്ത, ഉജ്വൽ ഭൂയാൻ, ജോയ്‌മാല്യ ബാഗ്ചി എന്നിവർ ഇൗ ഫോർമുലയോട് വിയോജിച്ചു. 1978ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസിൽ കൃഷ്‌ണയ്യർ ‘വ്യവസായ’ത്തിന് നൽകിയ നിർവചനം ശരിയാണെന്നും അത് തിരുത്തേണ്ടതില്ലെന്നുമാണ് ഇവർ നിലപാടെടുത്തത്. കൃഷ്‌ണയ്യരുടെ വിധി മുഴുവനായും മാറ്റേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ജസ്റ്റിസ് പി കെ മിശ്ര മറ്റ് ചില വശങ്ങൾ പരിഗണിച്ച് പുനഃപരിശോധനാ ഹർജി നിലനിൽക്കുമെന്ന് മാത്രം പറഞ്ഞു. പുനഃപരിശോധന നിലനിൽക്കുമെന്ന അഭിപ്രായത്തെ ജസ്റ്റിസ് ബാഗ്‌ചിയും മിശ്രയും പിന്തുണച്ചു.
1947-ലെ വ്യാവസായിക തർക്ക നിയമത്തിലെ സെക്‌ഷൻ 2(ജെ) പ്രകാരമാണ് കൃഷ്‌ണയ്യർ വ്യവസായത്തെ നിർവചിച്ചത്.










0 comments