ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി പ്രതിപക്ഷ പാര്‍ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാര്‍ടികളുടെ പൊതുസ്ഥാനാർഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെ തീരുമാനിച്ചു. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഹൈദരാബാദ് സ്വദേശിയാണ്. തെരഞ്ഞെടുപ്പിന്റെ ആലോചനയുടെ ഭാഗമായി, പ്രതിപക്ഷ പാര്‍ടി എംപിമാർ നാളെ ഉച്ചയ്ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരും.
നാമനിര്‍ദേശ പത്രിക ഈ മാസം 21ന് സമര്‍പ്പിക്കും. 22 നാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാൻ ആഗസ്‌ത് 25 വരെ സമയമുണ്ട്. സെപ്‌തംബർ ഒമ്പതിന് പുതിയ പാർലമെന്റ് മന്ദിരത്തിൽ പകൽ 10 മുതൽ അഞ്ച് വരെയാണ് പോളിങ്.
തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര ഗവർണറുമായ സി പി രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രീതിക്ക് പാത്രമായ ജഗ്‌ദീപ് ധൻഖർ ജൂലൈ 21 നാണ് രാജിവച്ചത്. ലോക്‌സഭാ – രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്‌ട്രൽ കോളേജ് അംഗങ്ങൾ. 782 ആണ് നിലവിലെ ഇലക്‌ട്രൽ കോളേജ് സംഖ്യ. ജയിക്കാന്‍ 392 വോട്ട്. ബിജെപിക്ക് 341 എംപിമാരുണ്ട്. എൻഡിഎയില്‍ 426 പേരും.








0 comments