പ്രതിപക്ഷമില്ലാത്ത ജെപിസി തട്ടിക്കൂട്ടാൻ നീക്കം

ന്യൂഡൽഹി
നിർണായക ബില്ലുകൾ പരിശോധിക്കാൻ രൂപീകരിക്കുന്ന സംയുക്ത പാർലമെന്ററി സമിതികളിൽ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കാൻ നീക്കവുമായി മോദി സർക്കാർ. പ്രതിപക്ഷ സാന്നിധ്യമില്ലാതെ സംയുക്ത പാർലമെന്ററി സമിതികൾ രൂപീകരിക്കാനാകുമോയെന്ന് കേന്ദ്രം പരിശോധന തുടങ്ങിയതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്‌തു.
മുപ്പത് ദിവസത്തിലധികം ജയിലിലാകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കുന്നതടക്കം വലിയ വിവാദമുണ്ടാക്കിയ ബില്ലുകൾ സർക്കാർ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു.
ജനാധിപത്യവിരുദ്ധമായ ബില്ലുകളുടെ പരിശോധന പ്രഹസനമാകുമെന്ന് അറിയാവുന്ന പല പ്രതിപക്ഷ പാർടികളും സമിതിയിൽ അംഗമാകണമെന്ന കേന്ദ്രസർക്കാർ നിർദേശം സ്വീകരിച്ചിട്ടില്ല. സമിതി ബഹിഷ്‌കരിക്കുമെന്ന് ചില പാർടികൾ പ്രഖ്യാപിച്ചു. ഇൗ സാഹചര്യത്തിലാണ്, പ്രതിപക്ഷ അംഗങ്ങളില്ലാത്ത സംയുക്ത പാർലമെന്ററി സമിതിയുണ്ടാക്കാന്‍ നീക്കം തുടങ്ങിയത്.
പ്രതിപക്ഷമില്ലാത്ത സംയുക്തസമിതി കടുത്ത രാഷ്ട്രീയവഞ്ചനയും ജനാധിപത്യവിരുദ്ധതയുമാണെന്ന വിമർശം ശക്തമായിട്ടുണ്ട്. ഒരോ പാർടിയുടെയും അംഗബലം ഉൾപ്പടെ കണക്കിലെടുത്താണ് സ്‌പീക്കർ സംയുക്ത പാർലമെന്ററി സമിതി അംഗങ്ങളെ തീരുമാനിക്കാറ്.
പ്രതിപക്ഷ അംഗങ്ങളില്ലാത്ത സമിതി സംയുക്ത സമിതിയാകില്ല. ഭരണകക്ഷി അംഗങ്ങൾ മാത്രമുള്ള സമിതിയെ എൻഡിഎ സമിതിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി പ്രതികരിച്ചു. അത്തരം സമിതിക്ക് വിശ്വാസ്യത ഉണ്ടാകില്ല. പ്രതിപക്ഷം സംയുക്ത പാർലമെന്ററി സമിതിയുടെ ഭാഗമാകാൻ തയ്യാറല്ലെങ്കിൽ സ്‌പീക്കർ സർവകക്ഷി സമ്മേളനം വിളിച്ചുചേർത്ത് സമവായമുണ്ടാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.








0 comments