അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപണം: മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവും പിഴയും

ഗാന്ധിനഗർ: അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പ്രമുഖ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവി നായർക്ക് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതിയാണ് രവി നായർക്ക് ഒരു വർഷം തടവും പിഴയും വിധിച്ചത്.
അദാനി എന്റർപ്രൈസസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി. അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (ട്വിറ്റർ) വ്യാജ പ്രചാരണം നടത്തിയെന്നാണ് ആരോപണം.
രവി നായരുടെ ട്വീറ്റുകൾ ന്യായമായ വിമർശനമല്ലെന്നും നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
മുൻപും ഗുജറാത്തിലെ കോടതികളെ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് തങ്ങൾക്കെതിരെ നിൽക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടിയിട്ടുണ്ട്. ദ വയർ, ന്യൂസ് ക്ലിക്ക് തുടങ്ങിയ വാർത്താ പോർട്ടലുകളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതാറുള്ള രവി നായർക്കെതിരെ അദാനി ഗ്രൂപ്പ് നേരത്തെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കോർപ്പറേറ്റ് വിമർശനങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഗുജറാത്തിലെ കോടതികൾ വഴി കടുത്ത നടപടികൾ സ്വീകരിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്. ശിക്ഷാ വിധിക്കെതിരെ രവി നായർ ഉയർന്ന കോടതിയെ സമീപിക്കുമെന്നാണ് വിവരം.










0 comments