വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്തു; തെലങ്കാനയിൽ മാധ്യമ പ്രവർത്തകനെ തടഞ്ഞുവെച്ച് പൊലീസ്

ഹൈദരാബാദ്: വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്തിനിടെ മാധ്യമ പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്. വെബ് പോർട്ടലായ സൗത്ത് ഫസ്റ്റിന്റെ റിപ്പോർട്ടർ സുമിത് ഝായെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെലങ്കാന സർക്കാർ ലേലത്തിന് വച്ച വനഭൂമി വെട്ടിമാറ്റുന്നതിനെതിരെ ഹൈദരാബാദ് സർവകലാശാലയിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്നു സുമിത്.
വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രതിഷേധക്കാർക്ക് ഒപ്പം സുമിത്തിനെയും കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ ഫോൺ കൈവശപ്പെടുത്തി. തന്നെ വിദ്യാർഥികളോടൊപ്പം തടഞ്ഞുവച്ചെന്നും സുമിത്ത് പറഞ്ഞു. മാധ്യമപ്രവർത്തകനാണെന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽകാർഡ് കാണിച്ചപ്പോൾ ഫോൺ തിരികെ നൽകിയെങ്കിലും വിട്ടയക്കാൻ പൊലീസ് തയാറായില്ല.
ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ 400 ഏക്കർ വനഭൂമി വെട്ടിത്തെളിക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. തെലങ്കാന ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (ടിജിഐഐസി) വഴി ഇൻഫർമേഷൻ ടെക്നോളജി (ഐടി), മിക്സഡ്-യൂസ് വികസനം എന്നിവയ്ക്കായി തെലങ്കാന സർക്കാർ ഇത് ലേലം ചെയ്യാൻ പദ്ധതിയിട്ടിരുന്നു.
എന്നാൽ വനഭൂമി വെട്ടി തെളിക്കുന്ന നടപടികൾ ഇന്ന് ആരംഭിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചുകൊണ്ട് ഫാക്കൽറ്റി അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധിച്ചു. ഈ വിഷയത്തിലുള്ള പൊതുതാൽപ്പര്യ ഹർജി (PIL) തെലങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണ്. സർക്കാരിനോട് ഏപ്രിൽ 7 നകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments