ad
Deshabhimani

ഐഷിക്കെതിരായ പൊലീസ് നീക്കം രാജ്യസഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി; കാമറയിൽ കാണിക്കാതെ ഒഴിവാക്കി

John brittas
വെബ് ഡെസ്ക്

Published on Jul 29, 2026, 12:03 PM | 1 min read

ന്യൂഡൽഹി : ഡൽഹി എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വിഷയം രാജ്യസഭയിൽ ഉന്നയിച്ച ജോൺ ബ്രിട്ടാസ് എംപിയെ കാമറയിൽ കാണിക്കാതെ ഒഴിവാക്കി. യൂണിഫോമോ വാറന്റോ ഇല്ലാതെ പാർടി ഓഫീസിൽ അതിക്രമിച്ചു കയറി ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് എംപി സംസാരിക്കുന്നത് സഭാ നടപടികൾ പ്രക്ഷേപണം ചെയ്യുന്ന സൻസദ് ടിവി കാമറയിൽ കാണിക്കാതെ ഒഴിവാക്കുകയായിരുന്നു. തന്നെ കാമറയിൽ കാണിക്കാത്തത് എംപി ചോദ്യം ചെയ്തെങ്കിലും സ്പീക്കർ മറുപടി നൽകിയില്ല.


2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി എകെജി ഭവനിൽ പൊലീസെത്തിയത്. യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാൽ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ രം​ഗത്തെത്തി. നടന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും വിദ്യാർഥി നേതാവാകുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് നദ്ദ ന്യായീകരിച്ചത്.


വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. പാർടി ഓഫീസിൽ കയറി ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്പീക്കര്‍ പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് രാജ്യസഭ 2 മണി വരെ നിര്‍ത്തിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home