ad
Deshabhimani

ക്രിസ്മസ് കരോളിനൊപ്പം ‘ഗണഗീതവും’ വേണമെന്ന് ബിഎംഎസ്, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ് എംപി; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

BMS.jpg
വെബ് ഡെസ്ക്

Published on Dec 17, 2025, 01:39 PM | 2 min read

ന്യൂഡൽഹി: തപാൽ വകുപ്പിലെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന 'ഗണഗീതം' ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് അനുകൂല സംഘടന. തിരുവനന്തപുരത്തെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനാണ് ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ (ബിഎംഎസ്) ഇതുസംബന്ധിച്ച് കത്ത് നൽകിയത്.


സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ഗണപതി സ്തുതിയും ഗണഗീതവും ഉൾപ്പെടുത്തണമെന്നാണ് സംഘടനയുടെ വിചിത്രമായ ആവശ്യം. ഓഫീസുകളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുന്നതിനും കരോൾ ഗാനങ്ങൾ പാടുന്നതിനും പുറമെ ഗണഗീതം കൂടി ആലപിക്കണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


മതപരമായ വേർതിരിവുകളില്ലാതെ എല്ലാവരും ഒത്തുകൂടുന്ന ആഘോഷങ്ങളിൽ ബോധപൂർവ്വം വർഗീയ ധ്രുവീകരണം നടത്താനാണ് സംഘപരിവാർ അനുകൂല സംഘടന ശ്രമിക്കുന്നതെന്ന് മറ്റ് സർവീസ് സംഘടനകൾ പറഞ്ഞു.


അതേസമയം, ഈ നീക്കം ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും കത്ത് നൽകി.


നാളെ നടക്കാനിരിക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷങ്ങളിൽ ഗണഗീതം ഉൾപ്പെടുത്തണമെന്ന ബിഎംഎസ് അനുകൂല പോസ്റ്റൽ യൂണിയന്റെ ആവശ്യം ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസത്തെയും വികാരങ്ങളെയും ഹനിക്കുന്നതാണെന്ന് കത്തിൽ പറയുന്നു.


ക്രിസ്മസ് ഒരു മതപരമായ ചടങ്ങാണ്. അതിലേക്ക് ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉള്ളടക്കം കടത്തിവിടുന്നത് സമാധാനപരമായ അന്തരീക്ഷം തകർക്കാനേ സഹായിക്കൂ. സർക്കാർ വേദികളെ ഇത്തരം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു.


ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞാണ് ബിഎംഎസ് ഈ ആവശ്യത്തെ ന്യായീകരിക്കുന്നത്. എന്നാൽ യഥാർത്ഥ ദേശാഭിമാനം എന്നത് ഒരു പ്രത്യേക സംഘടനയോടുള്ള കൂറല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയോടും അതിലെ മതേതര മൂല്യങ്ങളോടും കാണിക്കുന്ന വിശ്വസ്തതയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.


ഒരു മതപരമായ ആഘോഷത്തെ മറ്റൊരു പ്രത്യയശാസ്ത്ര അജണ്ട കൊണ്ട് മറികടക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇത്തരമൊരു ആവശ്യം അംഗീകരിക്കരുതെന്ന് കേരള പോസ്റ്റൽ സർക്കിളിന് കർശന നിർദ്ദേശം നൽകണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.


രാജ്യത്തിന്റെ വൈവിധ്യവും ഐക്യവും തകർക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വന്ദേ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികൾ ഗണഗീതം ആലപിച്ചത് വലിയ വിവാദമായിരുന്നു.


ഇതിന് പിന്നാലെയാണ് പൊതുമേഖലാ സ്ഥാപനമായ തപാൽ വകുപ്പിലും സമാനമായ നീക്കവുമായി ബിഎംഎസ് രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്മസ് കരോൾ പരിപാടികളെ ഹൈന്ദവ വൽക്കരിക്കാനുള്ള നീക്കമാണ് ബിഎംഎസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home