ad
Deshabhimani

print edition കാണാം, കാലുകൾ പറയുന്നു

messi
വെബ് ഡെസ്ക്

Published on Jul 21, 2026, 01:15 AM | 1 min read

ന്യൂജേഴ്‌സി: അവസാന നൃത്തം അതിന്റെ പൂർണതയിലെത്തിയില്ല. ഇടംകാലിൽ കൊടുങ്കാറ്റുണ്ടായില്ല. കണ്ണീരായിരുന്നു അവസാനക്കാഴ്‌ച.

എങ്കിലും ലയണൽ മെസി ഹൃദയം കീഴടക്കി മടങ്ങുന്നു. കരയുന്പോൾ ലോകവും കണ്ണീർ വാർക്കുന്നു. ന്യൂജേഴ്‌സിയിൽ മെസിയെന്ന ആരവം അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. വെള്ളയിൽ നീലവരയുള്ള കുപ്പായത്തിൽ ഇനി കാണുമോ എന്ന് ഉറപ്പില്ല. ഇതുവരെ പകർന്നുനൽകിയ ആനന്ദനിമിഷങ്ങൾക്ക് നന്ദി. മുപ്പത്തൊന്പതാംവയസിൽ ലോകകപ്പിന്‌ വീണ്ടുമെത്തുന്പോൾ വിസ്‌മയങ്ങൾ പ്രതീക്ഷിച്ചതല്ല. പക്ഷേ, പ്രായമൊരു ഘടകമല്ലെന്ന്‌ പലതവണ അർജന്റീന ക്യാപ്‌റ്റൻ തെളിയിച്ചു. മുപ്പത്തൊമ്പതാം വയസിൽ ആദ്യ ഹാട്രിക്‌ കുറിച്ചപ്പോഴും തുടർച്ചയായി ഒന്പത്‌ മത്സരങ്ങളിൽ ഗോളടിച്ചപ്പോഴും മെസിയുടെ ക‍ൗമാരകാലമാണ്‌ തെളിഞ്ഞത്‌. 21 ഗോളുമായി ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോളടിക്കാരനായാണ്‌ മടക്കം.


നാല്‌ ലോകകപ്പിനിടെ മൂന്നാം ഫൈനൽ കളിക്കുന്പോഴും കാലുകൾ തളർന്നില്ല. 2022ലെ ലോകകിരീടം പോരാളിയിൽ വീണ്ടും ഉ‍ൗർജം നിറച്ചിരുന്നിരിക്കണം. ഇക്കുറി സെമിഫൈനൽവരെ ആ കാലുകൾ അർജന്റീനയെ നയിച്ചു. ഗോളടി പ്രീ ക്വാർട്ടറിൽ അവസാനിച്ചെങ്കിലും ഗോളിലേക്കുള്ള വഴിയൊരുക്കൽ തുടർന്നു. ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ വിജയഗോളിന്‌ അവസരമൊരുക്കി. സെമിയിൽ ഇംഗ്ലണ്ടിനെതിരായ വീറുറ്റ ജയത്തിന്‌ അടിത്തറയിട്ടു. 5 മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരങ്ങൾ.

ഫൈനലിൽ പക്ഷേ, സ്‌പെയ്‌നിന്റെ അച്ചടക്കമുള്ള കളിയിൽ കാലുകൾ നിശബ്‌ദമായി. 54 തവണയാണ്‌ ആകെ പന്ത്‌ തൊട്ടത്‌. ഒറ്റ ഷോട്ടില്ല. 120 മിനിറ്റിൽ മെസി മാഞ്ഞുപോയി.


ആറ്‌ ലോകകപ്പുകൾ ആറ്‌ കാലങ്ങളായിരുന്നു മെസിക്ക്‌. 2006ൽ ജർമനിയിലെ ഗെൽസൺകിർചെൺ സ്‌റ്റേഡിയത്തിൽ ലോകവേദിയിൽ ആദ്യമായി പന്ത്‌ തട്ടാനിറങ്ങിയ നാണംകുണുങ്ങിയായ പതിനെട്ടുകാരൻ 21വർഷത്തിനുശേഷം ഹൃദയം തൊട്ട്‌ മടങ്ങുന്നു. ഒരു ലോകകപ്പ്‌, രണ്ട്‌ കോപ, ഒരു ഫൈനലിസിമ എണ്ണിയാലൊടുങ്ങാത്ത നിമിഷങ്ങൾ പകർന്നുനൽകി തിരിച്ചുപോക്ക്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home