print edition ജെഎൻയു പ്രക്ഷോഭം : വിദ്യാർഥികളെ ജയിലിലടച്ച് കേന്ദ്രം

ന്യൂഡൽഹി
ജാതിവിവേചനം ഇല്ലാതാക്കുന്നതിനുള്ള യുജിസി ചട്ടങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ മലയാളികളടക്കമുള്ള ജെഎൻയു വിദ്യാർഥികളെ തിഹാർ ജയിലിലടച്ച് കേന്ദ്രസർക്കാർ. വിദ്യാർഥി യൂണിയൻ ഭാരവാഹികളായ പ്രസിഡന്റ് അതിഥി മിശ്ര, വൈസ് പ്രസിഡന്റ് കെ ഗോപിക ബാബു, ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി ഉൾപ്പെടെയുള്ള 14 വിദ്യാർഥികളെയാണ് ജയിലിലടച്ചത്. മുൻ യൂണിയൻ പ്രസിഡന്റ് നിധീഷ് കുമാർ, എസ്‌എഫ്‌ഐ പ്രവർത്തകരായ ശ്യാം ശശി, വർക്കി പറക്കൽ എന്നിവരും അറസ്റ്റിലായി. പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും വിദ്യാർഥികളെ ഡൽഹി പൊലീസ് രാത്രിവരെയും മോചിപ്പിച്ചിട്ടില്ല.
വ്യാഴാഴ്ച നടന്ന മാർച്ചിൽ ആക്രമണം അഴിച്ചുവിട്ട ഡൽഹി പൊലീസും സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്രസേനകളും 51 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുണ്ടായി. ഇതോടെ വെള്ളി പുലർച്ചെ 37 വിദ്യാർഥികളെ പൊലീസിന് വിട്ടയക്കേണ്ടി വന്നു.
അതിനിടെ ജെഎൻയു, ഡൽഹി അംബേദ്‌കർ സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥി വിരുദ്ധ നടപടികൾക്കെതിരെ ശനിയാഴ്‌ച രാജ്യവ്യാപക പ്രതിഷേധത്തിന് എസ്‌എഫ്‌ഐ ആഹ്വാനം ചെയ്തു. ‘ജെഎൻയു മുതൽ അംബേദ്‌കർ സർവകലാശാല വരെ, പ്രതിരോധിക്കേണ്ടത് നമ്മളാണ്’ എന്ന മുദ്രാവാക്യം പ്രതിഷേധത്തിൽ ഉയരും.









0 comments