ദളിത് വിരുദ്ധ പ്രസ്‌താവനയുമായി ജെഎൻയു വിസി
print edition വിദ്യാർഥി നേതാക്കളെ തിരിച്ചെടുക്കണം ; ജെഎൻയുവിൽ സമരം ശക്തമാകുന്നു

ന്യൂഡൽഹി
സസ്‌പെൻഡ് ചെയ്ത ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാന്പസിൽ പ്രതിഷേധം ശക്തം. യൂണിയന്റെ നേതൃത്വത്തിലുള്ള സമരത്തിൽ വിദ്യാർഥികളോടൊപ്പം അധ്യാപകരും അണിനിരന്നു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി വ്യാഴാഴ്‌ച രാത്രി സമരപ്പന്തൽ സന്ദർശിച്ചു. സംയുക്ത കിസാൻ മോർച്ചയുൾപ്പെടെയുള്ള സംഘടനകളും സമരത്തിന് പിന്തുണയറിയിച്ചു.
യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര (ഐസ), വൈസ് പ്രസിഡന്റ് മലയാളിയായ കെ ഗോപിക ബാബു (എസ്‌എഫ്‌ഐ), ജനറൽ സെക്രട്ടറി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി (ഐസ), മുൻ പ്രസിഡന്റ് നിതീഷ് കുമാർ (ഐസ) എന്നിവരെയാണ് സർവകലാശാല അധികൃതർ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്‌തത്. വിദ്യാർഥികളെയാകെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെയായിരുന്നു സമരം. സംഘപരിവാർ അനുകൂലിയായ വിസി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെതിരെയും സർവകലാശാലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധത്തിൽ മുദ്രാവാക്യങ്ങളുയര്‍ന്നു. പന്തൽ കെട്ടിയുള്ള അനിശ്ചിതകാല സമരമാണ് നടക്കുന്നത്. ഞായറാഴ്‌ച മുതൽ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
ദളിത് വിരുദ്ധ പ്രസ്‌താവനയുമായി ജെഎൻയു വിസി
ദളിത് വിരുദ്ധ, വംശീയ പ്രസ്‌താവനയുമായി സംഘപരിവാർ അനുകൂലിയായ ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റ്. ആർഎസ്‌എസുമായുള്ള ബന്ധത്തിൽ താൻ അഭിമാനിക്കുന്നെന്നും അവർ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ യുക്തിരഹിതമെന്നും വിസി പറഞ്ഞു. സ്ഥിരിമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ട്. ഇൗ വാദം ഉപയോഗിച്ച് ഒരാൾക്ക് ഒരിക്കലും പുരോഗമിക്കാൻ കഴിയില്ല. കറുത്ത വംശജർ ഉയർത്തിയിരുന്ന വാദമാണത്. ഇൗ ഇരവാദം ദളിതർ ഇവിടേക്ക് കൊണ്ടുവന്നു. ഇതൊരു താൽക്കാലിക മയക്കുമരുന്നാണെന്നും വിസി പറഞ്ഞു.
പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ശാന്തിശ്രീ പണ്ഡിറ്റിന്റെ വിവാദ പ്രസ്‌താവന. നേരത്തെ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഭ്രാന്തന്മാരായി വിസി വിശേഷിപ്പിച്ചിരുന്നു. എല്ലാ സർവകലാശാലകളിലും ഭ്രാന്തന്മാർ ഉണ്ടെന്നും അവരൊന്നും ഇൗ സർവകലാശാലയുടെ സവിശേഷതയെ നിർവചിക്കുന്നില്ല എന്നായിരുന്നു പരാമർശം. വിസിയുടെ പരാമർശങ്ങൾക്കെതിരെ കാന്പസിൽ പ്രതിഷേധം ശക്തമായി.









0 comments