print edition ജെഎൻയു പ്രക്ഷോഭം തുടരുന്നു; വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നാളെ ലോങ് മാർച്ച്


സ്വന്തം ലേഖകൻ
Published on Feb 25, 2026, 12:24 AM | 1 min read
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുമുന്നിലേക്ക് ജെഎൻയു വിദ്യാർഥികൾ ലോങ്‌മാർച്ച് സംഘടിപ്പിക്കുന്നു. വ്യാഴം പകൽ 12ന് സബർമതി ടീ പോയിന്റിൽനിന്നാണ് മാർച്ച് ആരംഭിക്കുക. ജാതിവിവേചനം ഇല്ലാതാക്കുന്നതിന് യുജിസി ചട്ടം നടപ്പാക്കുക, ദളിത് വിരുദ്ധ പരാമർശം നടത്തിയ വിസി ശാന്തിശ്രീ ദിലിപുടി പണ്ഡിറ്റ് മാപ്പ് പറഞ്ഞ് രാജിവയ്‌ക്കുക, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ധനവിഹിതം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ലോങ്‌മാർച്ചിൽ ഉന്നയിക്കും. സർവകലാശാലാ അധികൃതർക്കെതിരെ പ്രതിഷേധിച്ചതിന് പുറത്താക്കിയ ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കാന്പസിൽ തുടരുകയാണ്.
പന്തൽകെട്ടിയുള്ള സമരം പത്താം ദിവസത്തിലേക്ക് കടന്നു. ചൊവ്വാഴ്‌ച വിദ്യാർഥികൾ പഠിപ്പ് മുടക്കിയും സ്‌കൂളുകൾ അടച്ചിട്ടും പ്രതിഷേധിച്ചു. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സംഘപരിവാർ അനുകൂല സർവകലാശാല അധികൃതരും എബിവിപിയും നടത്തുന്നുണ്ട്.
ഞായറാഴ്ച രാത്രി വിദ്യാർഥി യൂണിയൻ നടത്തിയ സമത്വ മാർച്ചിനുനേരെ എബിവിപി ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ, ഡൽഹി പൊലീസ് വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കെതിരെമാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഘർഷത്തിന് നേതൃത്വം നൽകിയ എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല.









0 comments