ജാതി അധിക്ഷേപം: ജെഎൻയു വിസിക്കെതിരെ സമരം ശക്തമാക്കി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ

ന്യൂഡൽഹി: ജാതി അധിക്ഷേപ പ്രസ്താവന നടത്തിയ ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർക്കെതിരെ പ്രതിഷേധം. വിസിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കി.
വിസി രാജിവെക്കണമെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. സർവകലാശാലയിലെ ഒരു പൊതുപരിപാടിക്കിടെ വിസി നടത്തിയ പരാമർശങ്ങൾ ദളിത്-പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്ന് വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടി.
ക്യാമ്പസിനകത്ത് ജാതീയമായ വിവേചനം പ്രോത്സാഹിപ്പിക്കാനാണ് വിസി ശ്രമിക്കുന്നതെന്നും ഇതിന് ആർഎസ്എസ് അജണ്ടയുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. വിസിയുടെ ഓഫീസിലേക്ക് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
സർവകലാശാലാ കവാടത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. വിസി സ്ഥാനമൊഴിയുന്നത് വരെ ക്യാമ്പസിനകത്ത് നിസ്സഹകരണ പ്രസ്ഥാനവും പഠിപ്പുമുടക്കും ഉൾപ്പെടെയുള്ള സമരമുറകളുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം.
ജെഎൻയുവിന്റെ ജനാധിപത്യ സ്വഭാവം തകർക്കാനും അക്കാദമിക് അന്തരീക്ഷത്തിൽ വർഗീയവിഷം കലർത്താനുമുള്ള നീക്കമാണിതെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ് വിസി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ഇടതുപക്ഷ സംഘടനകൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.










0 comments