ജെഎൻയു പ്രക്ഷോഭം: ലോങ്‌മാർച്ചിൽ ആക്രമണം അഴിച്ചുവിട്ട് കേന്ദ്ര സേനകൾ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കുള്ള ജെഎൻയു വിദ്യാർഥികളുടെ ലോങ്‌മാർച്ചിൽ ക്രൂരമായ ആക്രമണവുമായി കേന്ദ്ര സേനകൾ. മാർച്ചിൽ അണിനിരന്ന നൂറുകണക്കിന് വിദ്യാർഥികളെ ഡൽഹി പൊലീസ്, സിആർപിഎഫ് സേനകൾ ആക്രമിച്ചു. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പരിക്കേറ്റു. യൂണിയൻ ഭാരവാഹികളെയുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു.
മന്ത്രാലയത്തിലേക്കുള്ള വിദ്യാർഥികളുടെ ലോങ്‌മാർച്ച് തടയുന്നതിനായി വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് കാന്പസിൽ അധികൃതർ സജ്ജീകരിച്ചത്. സുരക്ഷാസേനകളുടെ നിരീക്ഷണത്തിലായിരുന്നു രാവിലെ മുതൽ സർവകലാശാല. വിദ്യാർഥികൾ കാന്പസിന് പുറത്തേക്ക് കടക്കാതിരിക്കാനായി സർവകലാശാലയുടെ പ്രധാന ഗേറ്റിൽ ബാരിക്കേഡുകൾ നിരത്തി. എന്നാൽ ബാരിക്കേഡുകൾ കടന്ന് വിദ്യാർഥികൾ മുന്നോട്ടുപോയതോടെ സേനകൾ ആക്രമണം അഴിച്ചുവിട്ടു.
വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ കാന്പസിലെ എബിവിപി ഒഴികെയുള്ള മുഴുവൻ വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ പങ്കെടുത്തു.
ജാതിവിവേചനം ഇല്ലാതാക്കുന്നതിന് യുജിസി ചട്ടങ്ങൾ നടപ്പാക്കുക, ദളിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ വിസി ശാന്തിശ്രീ ദിലിപുടി പണ്ഡിറ്റ് മാപ്പ് പറഞ്ഞ് രാജിവയ്‌ക്കുക, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന ധനവിഹിതം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സർവകലാശാല അധികൃതർക്കെതിരെ പ്രതിഷേധിച്ചതിന് പുറത്താക്കിയ ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെട-ുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കാന്പസിൽ തുടരുകയാണ്.










0 comments