ജെഎൻയു തെരഞ്ഞെടുപ്പ്: മലയാളി വിദ്യാർഥിനി എസ്‌എഫ്ഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർഥിനി കെ ഗോപിക ബാബു എസ്‌എഫ്ഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേർണൻസിൽ ഗവേഷകയാണ്. 2023–24 കാലയളവിലെ ജെഎൻയു വിദ്യാർഥി യൂണിയനിൽ കൗൺസിലറായിരുന്നു. ജെഎൻയു യൂണിറ്റ് കമ്മറ്റിയിൽ സെക്രട്ടറിയേറ്റ് അംഗമാണ്. ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ ഭാഗമായാണ് ഗോപിക മത്സരിക്കുക.
എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് തുടങ്ങിയ സംഘടനകളാണ് സഖ്യത്തിന്റെ ഭാഗമാവുക. അതിഥി മിശ്ര (ഐസ), ഡാനിഷ് അലി (ഐസ), സുനിൽ യാദവ് (ഡിഎസ്‌എഫ്) എന്നിവരാണ് സഖ്യത്തിന്റെ മറ്റു സ്ഥാനാർഥികൾ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പോസ്റ്റുകളുൾപ്പെടുന്നതാണ് സെൻട്രൽ പാനൽ.
തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള വിവിധ ശ്രമങ്ങൾ എബിവിപിയുടെയും സർവകലാശാലയിലെ ആർഎസ്‌എസ് അനുകൂല ജീവനക്കാരുടേയും നേതൃത്വത്തിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്‌ച രാത്രി നാല് ദിവസം മുൻപത്തെ തീയതി വച്ചുള്ള നിർദേശം അധികൃതർ പുറത്തിറക്കി. സർവകലാശാലയിലെ ഐസിസി മെമ്പർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള നിർദേശമാണിത്. ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായി സെൻട്രൽ പാനലിലേക്ക് മത്സരിക്കുന്ന അതിഥിയും കൗൺസിലർ പോസ്റ്റിലേക്ക് മത്സരിക്കുന്ന ചില സ്ഥാനാർഥികളും ഐസിസി മെമ്പറായതിനാലാണ് അധികൃതരുടെ ഇൗ നീക്കം. ഇൗ നിർദേശത്തിനെതിരെ സഖ്യം കോടതിയെ സമീപിച്ചു.
എബിവിപിയുടെയും അധികൃതരുടെയും ഇത്തരത്തിലുള്ള അട്ടിമറി ശ്രമങ്ങൾ നേരിട്ടുകൊണ്ടാണ് എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. എഐഎസ്‌എഫ് ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ ഭാഗമല്ല. എൻഎസ്‌യുഐയും മത്സര രംഗത്തുണ്ട്.









0 comments