ad
Deshabhimani

മന്ത്രവാദിനിയെന്ന് ആരോപണം; ജാർഖണ്ഡിൽ യുവതിയെയും ഒരു വയസുള്ള കുഞ്ഞിനേയും ആൾകൂട്ടം തീകൊളുത്തി കൊന്നു

...
വെബ് ഡെസ്ക്

Published on Feb 19, 2026, 02:10 PM | 1 min read

റാഞ്ചി: അന്ധവിശ്വാസം തലയ്ക്കുപിടിച്ച ആൾക്കൂട്ടം ജാർഖണ്ഡിൽ അമ്മയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും തീക്കൊളുത്തി കൊന്നു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ കുമാർദുംഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.


32 വയസ്സുകാരിയായ യുവതിയെ 'മന്ത്രവാദിനി' എന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവിനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


രാത്രിയിൽ വീട്ടിലെത്തിയ പന്ത്രണ്ടോളം വരുന്ന സംഘം ദമ്പതികളെ വിളിച്ചുപുറത്തിറക്കി മന്ത്രവാദം ആരോപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെയും കൈയിലിരുന്ന കുഞ്ഞിന്റെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.


ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗ്രാമത്തിലെ ഒരു ബന്ധു വിട്ടുമാറാത്ത രോഗത്തെത്തുടർന്ന് ചൊവ്വാഴ്ച മരിച്ചിരുന്നു. ഈ മരണത്തിന് ഉത്തരവാദി യുവതിയുടെ മന്ത്രവാദമാണെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യം.


പരിക്കേറ്റ ഭർത്താവ് രാത്രി ബന്ധുവീട്ടിൽ അഭയം തേടുകയും ബുധനാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഇയാളെ കുമാർദുംഗി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും അക്രമത്തിൽ പങ്കെടുത്ത സ്ത്രീകളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ജഗന്നാഥ്പൂർ എസ്ഡിപിഒ റാഫേൽ മുർമു അറിയിച്ചു. അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home