ആശുപത്രി വാഹനം നൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ചുമന്ന് വീട്ടിലെത്തിച്ചു

റാഞ്ചി: ആശുപത്രി അധികൃതർ ഗതാഗത സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ചുമന്നു വീട്ടിലെത്തിച്ച് ആദിവാസി കുടുംബം. ജാർഖണ്ഡിലെ ബൽജോരിയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൽജോരി സ്വദേശി ഡിംബ ചതോംബയുടെ കുഞ്ഞിനെ രോഗം മൂർഛിച്ചതോടെ ചൈബാസയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിയുടെ നില വഷളായി. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.
മൃതദേഹം ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് കുടുംബം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കുടുംബം മണിക്കൂറുകളോളമാണ് വാഹനത്തിനായി കാത്തിരുന്നത്. എന്നാൽ ആശുപത്രി അധികൃതർ വാഹനത്തിനുള്ള ക്രമീകരണം ചെയ്ത് നൽകിയില്ല. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ചുമന്ന് നാട്ടിലെത്തിക്കുകയായിരുന്നു.
'ആകെ നൂറ് രൂപയായിരുന്നു കയ്യിലുണ്ടായിരുന്നത്. അടുത്തുള്ള ഒരു കടയിൽ നിന്ന് 20 രൂപയ്ക്ക് ഒരു പ്ലാസ്റ്റിക് ബാഗ് വാങ്ങി. നാല് മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മൃതദേഹം അതിനുള്ളിലാക്കി. ബാക്കിയുള്ള പണം കൊണ്ട് ചൈബാസയിൽ നിന്ന് നോമുണ്ടിയിലേക്കുള്ള ബസ് പിടിച്ചു. ബഡാ ബൽജോരിയാണ് സ്വന്തം നാട്. അവിടേയ്ക്ക് മൃതദേഹം വച്ച ബാഗുമായി നടന്നു'- ഡിംബ പറയുന്നു.
'എന്നാൽ വാഹനം ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നു. കുറച്ച് മണിക്കൂർ കൂടി കാത്തിരിക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ അവർ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി കുടുംബം ആശുപത്രി വിട്ടു' എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുകൾ നൽകാറില്ലെന്നും അതിന് പ്രത്യേക സേവനമുണ്ടെന്നും ചൈബാസ സിവിൽ സർജൻ ഡോ. ഭാരതി മിഞ്ച് പറഞ്ഞു. ജില്ലയിൽ ആകെ ഒരു വാഹനമാണ് ഉള്ളത്. ആ സമയത്ത് വാഹനം മനോഹർപൂരിലാണ് ഉണ്ടായിരുന്നത്. അതിനാലാണ് കുടുംബത്തോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി അറിയിച്ചു.










0 comments