print edition പിടിച്ചുവാങ്ങിയ സീറ്റിലെ തോൽവി; ‘ചോർന്നത് കോൺഗ്രസ് വോട്ട്’

ദീപാങ്കർ ഭട്ടാചാര്യ

സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് കൂറുമാറി വോട്ടുചെയ്‌തെന്ന കോൺഗ്രസ് ആരോപണം തള്ളി സിപിഐ എംഎൽ. തങ്ങളുടെ രണ്ട് എംഎൽഎമാരും മുന്നണി ധാരണപ്രകാരം കോൺഗ്രസ് സ്ഥാനാർഥിക്ക് തന്നെയാണ് വോട്ടുചെയ്‌തതെന്നും ഇന്ത്യാ കൂട്ടായ്‌മയിലെ പാർടികളിലെ പരസ്‌പരവിശ്വാസം നഷ്ടപ്പെടുത്തുംവിധമുള്ള ആക്ഷേപങ്ങളിൽനിന്ന് കോൺഗ്രസ് പിന്തിരിയണമെന്നും ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടുചോർച്ച കോൺഗ്രസിലാണ് സംഭവിച്ചത്. അടിസ്ഥാനരഹിതമായ ആരോപണം കോൺഗ്രസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭട്ടാചാര്യ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കത്തയച്ചു.
ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 30 വോട്ടുനേടിയ ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബൈദ്യനാഥ് റാമും 28 വോട്ടുനേടിയ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി പരിമൾ നത്‌വാനിയുമാണ് ജയിച്ചത്. 20 വോട്ട് മാത്രം നേടിയ കോൺഗ്രസിന്റെ പ്രണവ് ഝാ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎം മുന്നണിക്ക് 56 എംഎൽഎമാരും എൻഡിഎയ്‌ക്ക് 24 എംഎൽഎമാരും ജാർഖണ്ഡ് ലോക്‌താന്ത്രിക് ക്രാന്തികാരി മോർച്ചയ്‌ക്ക് ഒരു എംഎൽഎയുമാണുള്ളത്. വ്യാഴാഴ്‌ചത്തെ തെരഞ്ഞെടുപ്പിൽ 81 എംഎൽഎമാരും വോട്ടുചെയ്‌തു. ഇതിൽ രണ്ട് ബിജെപി എംഎൽഎമാരുടെ വോട്ടും ഒരു കോൺഗ്രസ് എംഎൽഎയുടെ വോട്ടും അസാധുവായി. ആറു വോട്ടുകൾ അധികമായി നേടികൊണ്ടാണ് പരിമൾ നത്‌വാനി രണ്ടാമതെത്തിയത്. നാല് എംഎൽഎമാരുള്ള ആർജെഡിയും രണ്ട് എംഎൽഎമാരുള്ള സിപിഐ എംഎല്ലും പ്രണവ് ഝായ്‌ക്ക് വോട്ടുചെയ്‌തില്ലെന്ന ആരോപണമാണ് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഉയർത്തിയത്.









0 comments