ad
Deshabhimani

ആംബുലൻസ് നൽകിയില്ല; നവജാത ശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് ബോക്സിലാക്കി ചുമന്ന് പിതാവ്

Jharkhand.jpg
വെബ് ഡെസ്ക്

Published on Mar 09, 2026, 03:31 PM | 1 min read

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രി അധികൃതരുടെ ക്രൂരതയിൽ പിതാവിന് നവജാത ശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വന്നു. പശ്ചിമ സിങ്ഭൂം ജില്ലയിലെ ചക്രധർപൂർ സബ് ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം. ബംഗ്രാസായ് ഗ്രാമവാസിയായ രാമകൃഷ്ണ ഹെംബ്രോയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.


പ്രസവത്തിനായി മാർച്ച് അഞ്ചിനാണ് ഹെംബ്രോ ഭാര്യ റീത്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പ്രസവം നടന്നുവെങ്കിലും കുഞ്ഞ് ജനിച്ച ഉടൻ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സൗകര്യം നൽകണമെന്ന് ഹെംബ്രോ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇത് നിരസിച്ചതായി പരാതിയുണ്ട്.


മൃതദേഹം എത്രയും വേഗം മാറ്റാൻ വാർഡ് ബോയ്മാർ സമ്മർദ്ദം ചെലുത്തിയതോടെ, ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട കാർഡ്ബോർഡ് പെട്ടിയിൽ കുഞ്ഞിനെ കിടത്തി ഹെംബ്രോ മടങ്ങുകയായിരുന്നു. കാർഡ്ബോർഡ് പെട്ടി കൈകളിൽ ഏന്തി തളർന്നു നടന്നുപോകുന്ന പിതാവിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


എന്നാൽ കുടുംബം ആംബുലൻസിനായി ആവശ്യപ്പെട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജാർഖണ്ഡ് സർക്കാർ ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അജോയ് സിങ് അറിയിച്ചു.


സമാനമായ രീതിയിൽ കഴിഞ്ഞ ഡിസംബറിലും ജാർഖണ്ഡിൽ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോകേണ്ടി വന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ശോചനീയാവസ്ഥക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home