ad
Deshabhimani

മോദി–ട്രംപ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ 
വഴിയൊരുക്കിയത്‌ ലൈംഗികകുറ്റവാളി എപ്‌സ്റ്റീനും വ്യവസായി 
അനിൽ അംബാനിയും

print edition ട്രംപിനെ മോദിയുടെ 
‘ഫ്രണ്ടാ’ക്കിയത്‌ എപ്‌സ്റ്റീൻ

jeffrey epstein modi friendship
വെബ് ഡെസ്ക്

Published on Feb 05, 2026, 03:18 AM | 1 min read


ന്യൂഡൽഹി

​പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും തമ്മിലുള്ള ബന്ധത്തിന്‌ ഇടനിലക്കാരനായത്‌ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ എന്ന്‌ റിപ്പോർട്ട്‌. 2017ൽ ഡോണൾഡ്‌ ട്രംപ്‌ ആദ്യമായി അധികാരത്തിലേറിയ അവസരത്തിൽ മോദിയുടെ അടുപ്പക്കാരനായ വ്യവസായി അനിൽ അംബാനി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ടു. ട്രംപിന്റെ അടുത്തവൃത്തങ്ങളിലെ പ്രമുഖരുമായി ചങ്ങാത്തമുണ്ടാക്കാൻ എന്താണ്‌ വഴിയെന്ന്‌ ‘നേതൃത്വം’ അന്വേഷിച്ചതായി അനിൽ അംബാനി 2017 മാർച്ച്‌ 16ന്‌ എപ്‌സ്റ്റീന്‌ അയച്ച സന്ദേശത്തിൽ പറഞ്ഞു.


ട്രംപിന്റെ മരുമകനും ഉപദേഷ്‌ടാവുമായ ജാരെഡ്‌ കുഷ്‌നർ, മറ്റൊരു ഉപദേഷ്ടാവായിരുന്ന സ്റ്റീവ്‌ ബാനോൺ എന്നിവരുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ‘നേതൃത്വം’ താൽപ്പര്യപ്പെടുന്നതായും അനിൽ അറിയിച്ചു. അടുത്തദിവസം, ‘അനിൽ അംബാനി ഏപ്രിൽ ആദ്യവാരം ന്യൂയോർക്കിലേക്ക്‌ വരുന്നുണ്ട്‌. മേയിൽ മോദിയും വരും’ എന്ന്‌ ട്രംപിന്റെ അനുയായി ടോംബറാക്കിന്‌ എപ്‌സ്റ്റീൻ സന്ദേശം അയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ അനിൽ അംബാനിയും എപ്‌സ്റ്റീനും ചർച്ച ചെയ്‌തിട്ടുള്ളത്‌.


2017 മാർച്ച്‌ 29ന്‌ അനിൽ അംബാനിക്കുള്ള സന്ദേശത്തിൽ എപ്‌സ്റ്റീൻ ഇസ്രയേൽ വിഷയം പരാമർശിച്ചു. ഇസ്രയേലിനോടുള്ള ഇന്ത്യയുടെ സമീപനം എങ്ങനെയാകുമെന്നത്‌ അമേരിക്ക ഉറ്റുനോക്കുന്നതെന്ന്‌ സൂചിപ്പിക്കുന്ന സന്ദേശമാണ്‌ എപ്‌സ്റ്റീൻ കൈമാറിയത്‌. രണ്ട്‌ ദിവസത്തിനുശേഷം ‘മോദി ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്ന്‌’ അനിൽ അംബാനി പ്രതികരിച്ചു. 2017 ജൂലൈ ആറിന്‌ മോദി ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. ജൂലൈ 26ന്‌ മോദി വാഷിങ്ടണിൽ ട്രംപുമായി കൂടിക്കാഴ്‌ച നടത്തി.


ഖത്തറിലെ പരിചയക്കാരന്‌ അയച്ച സന്ദേശത്തിൽ എപ്‌സ്റ്റീൻ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. ‘‘ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉപദേശം സ്വീകരിച്ചു. ഇസ്രയേലിൽ പോയി അമേരിക്കൻ പ്രസിഡന്റിനുവേണ്ടി ‘പാട്ടും പാടി ഡാൻസും കളിച്ചു’. സംഗതി ഏറ്റു’’ എന്നാണ്‌ ലൈംഗികകുറ്റവാളിയുടെ അവകാശവാദം.

അതേസമയം, ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ ജൽപ്പന്നങ്ങൾ മാത്രമാണിതെന്നാണ്‌ കേന്ദ്രസർക്കാരിന്റെ പ്രതികരണം. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന്‌ പിന്നാലെ ഇന്ത്യ–യുഎസ്‌ വ്യാപാരകരാറിൽ ധാരണയായതും ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home