എൻഡിഎയ്ക്ക് പ്രഹരമേൽപ്പിച്ച് ജെഡിയുവിൽ കലാപം


സ്വന്തം ലേഖകൻ
Published on Oct 27, 2025, 01:04 AM | 1 min read
ന്യൂഡൽഹി: ബിഹാറിൽ ഭരണവിരുദ്ധ വികാരം നേരിടുന്ന എൻഡിഎയ്‌ക്ക് കനത്ത പ്രഹരമേൽപ്പിച്ച് ജെഡിയുവിൽ വൻ കലാപവും കൂട്ടപ്പുറത്താക്കലും. മുൻമന്ത്രിയും എംഎൽഎമാരും ഉൾപ്പടെ 11 നേതാക്കളെ നിതീഷകുമാർ ജെഡിയുവിൽനിന്ന് പുറത്താക്കി. സീറ്റ് നിഷേധിക്കപ്പെട്ടവർ സംഘടിതമായി ജെഡിയുവിന്റെയും എൻഡിഎ ഘടകകക്ഷികളുടെയും സ്ഥാനാർഥികൾക്കെതിരെ നീങ്ങിയതോടെയാണ് കടുത്ത നടപടി.
മുൻ മന്ത്രി ശൈലേഷ് കുമാർ, മുൻ എംഎൽഎമാരായ ശ്യാംബഹദൂർ സിങ്, സുദർശൻ കുമാർ, അമർകുമാർ സിങ്, അഷ്‌മാ പർവീൺ, മുൻ എംഎൽസിമാരായ രൺവിജയ് സിങ്, സഞ്‌ജയ് പ്രസാദ് തുടങ്ങിയവരെയാണ് പാർടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയത്.
ജമാൽപുരിൽനിന്ന് നാലുവട്ടം എംഎൽഎയായ ശൈലേഷ്‌കുമാറും ബർഹാരിയ മുൻ എംഎൽഎ ശ്യാംബഹദൂർ സിങ്ങും സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. അതിനിടെ, ജെഡിയുവിനെ പരമാവധി ദുർബലപ്പെടുത്തി മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാകാനുള്ള നീക്കം ബിജെപിയിൽനിന്നുണ്ട്.
ജെഡിയുവും ബിജെപിയും തുല്യസീറ്റിൽ മത്സരിച്ചാൽ മതിയെന്നും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാനാകില്ലെന്നുമുള്ള നിലപാടുകൾ ഇതിന്റെ ഭാഗം. വിമതർ ഇടങ്കോലിട്ടാൽ ജെഡിയുവിന്റെ നില തികച്ചും ദുർബലമാകും.








0 comments