print edition ജന്തർമന്തർ പ്രക്ഷോഭം; പെൺകുട്ടികൾക്കുനേരെ ആർഎസ്‌എസ് കൊലവിളി: എസ്‌എഫ്‌ഐ

ന്യൂഡൽഹി: ജന്തർമന്തർ സമരത്തിന്റെ മുൻനിരപ്പോരാളികളായ പെൺകുട്ടികളെ ആർഎസ്‌എസ് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് എസ്‌എഫ്‌ഐ. വനിതാ പ്രതിഷേധക്കാരെ ‘ലൈംഗിക തൊഴിലാളികൾ’ എന്ന് മുദ്രകുത്തിയുള്ള അധിക്ഷേപംവരെ നടത്തി. ശബ്‌ദമുയർത്തുന്നവർക്കെതിരെ ബലാത്സംഗ ഭീഷണിയും ശാരീരിക ആക്രമണത്തിനുള്ള ആഹ്വാനവും നടത്തുന്നു.
എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗവും ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റുമായ കെ ഗോപിക ബാബുവിന് നേരെ ഇത്തരം പരാമർശങ്ങളുണ്ടായി. 15 വയസ്സുള്ള രുചിക സിങ് എന്ന വിദ്യാർഥിക്ക് നേരെയും ആർഎസ്‌എസ് ഗുണ്ടകൾ കൊലവിളി നടത്തി. ഇതിനെ അപലപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ തയ്യാറായിട്ടില്ല. പകരം, വനിതാ പ്രതിഷേധക്കാർ "സംസ്കാരമുള്ള’ സ്ത്രീകളെപ്പോലെ പെരുമാറണമെന്ന് ഉപദേശിച്ച് റീലിടുകയുമാണ് ചെയ്‌തതെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
റാഞ്ചിയിൽ വിദ്യാർഥി പ്രതിഷേധം ശക്തം
ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്‌ക്കും എതിരെ റാഞ്ചിയിൽ വിദ്യാർഥി– യുവജന പ്രതിഷേധം ശക്തമാകുന്നു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ, ജാർഖണ്ഡ് സ്‌റ്റാഫ് സെലക്‌ഷൻ കമീഷൻ പരീക്ഷകളിലെ ക്രമക്കേടുകളിലും ചോദ്യച്ചോർച്ചയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റാഞ്ചി ജെയ്‌പാൽ സിങ് മുണ്ഡ സ്‌റ്റേഡിയത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ ആറു ദിവസമായി സമരത്തിലാണ്. പരീക്ഷാ നടത്തിപ്പിൽ വിപുലമായ മാറ്റങ്ങളും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
ജെപിഎസ്‌സി പ്രാഥമിക പരീക്ഷയിൽ 100-ൽ 48 ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകി വിജയിച്ച ഉദ്യോഗാർഥിയുടെ ഒഎംആർ ഷീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷയത്തിൽ ചോദ്യച്ചോർച്ചാ കേസിലെ പ്രധാനി ഉൾപ്പെടെ 11 പേരെ വ്യാഴാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാൽ, സംസ്ഥാന സിഐഡി അന്വേഷണം തൃപ്‌തികരമല്ലെന്നും ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ലിതെന്നും സംസ്ഥാനം രൂപീകൃതമായതുമുതൽ ഇത്തരത്തിൽ നിരവധി മത്സരപരീക്ഷകൾ മാറ്റേണ്ടിവന്നിട്ടുണ്ടെന്നും പ്രക്ഷോഭകർ പറയുന്നു.










0 comments